Sunday, December 25, 2011

അറബ് വസന്തത്തിലെ വിമോചന ചത്വരം

1928 -നൈല്‍  നദീതീരത്തുള്ള വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച ഹൂസ്നി മുബാറക് മത നിരപെക്ഷതയുടെയും ജനാധിപത്യത്തിന്റെയും പ്രവാചകനായി ആമേരിക്ക അടക്കമുള്ള പശ്ചാത്യ ശക്തികള്‍ക്കു പ്രിയംകരനായി രാജ്യം ഭരിച്ചത്  മൂന്ന് ദശകങ്ങള്‍ .മൂന്ന് പതിറ്റാണ്ട് കൊണ്ട് മുബാറക് ഉണ്ടാക്കിയ സ്വത്ത് ഏകദേശം 4000- 7000  -കോടി ഡോളര്‍ വരും. ഭരണാധികാരികള്‍ മഹാ കോടീശ്വരന്മാര്‍ ആകുന്നതു എങ്ങനെ ? ലോകത്തെവിടെയും ചോദിക്കേണ്ട ചോദ്യം ആണിത്.?
 ടുനീഷ്യില്‍ തുടങ്ങിയ ജനാധിപത്യ വിപ്ലവം ഈജിപ്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് നമ്മുടെ മുമ്പാകെ ചര്‍ച്ച ചെയ്യുകയാണ് തഹ്രിര്‍ ദി ഗുഡ്, ദി  ബാഡ്, ആന്‍ഡ് ദി  പോളിടീഷ്യന്‍ എന്ന ഡോക്കുമെന്ററി  സിനിമ.
90  മിനിട്ട്  ദൈര്‍ഘ്യമുള്ള ഈ സിനിമ മൂന്നു യുവ സംവിധായകരുടെ കൂട്ടുല്‍പ്പന്നം ആണ് .
എന്താണ് ഈ ഫിലിമിന്റെ പ്രസക്തി. മൂന്നു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു എന്നത് മാത്രമാണോ?
ചരിത്രത്തെ അടയാളപ്പെടുത്തുന്നു എന്നതാണോ?
ക്യാമറയുടെ സഹജമായ ദൃശ്യബോധത്തിനപ്പുറം പ്രകടിപ്പിക്കുന്ന ഉള്‍ക്കാഴ്ചയുടെ ഒരു സാന്നിധ്യം.
എല്ലാ രാജ്യക്കാര്‍ക്കും ഓര്‍ത്തു വെക്കേണ്ട ചില പാഠങ്ങള്‍ .
 ജനതയിലേക്ക്‌ ഇറങ്ങി  പങ്കാളിക്കാഴ്ച്ചയുടെ   അനുഭവതലം  സൃഷ്ടിക്കുന്നതിലെ  മികവു. 
വിഭിന്ന  സമര രൂപങ്ങള്‍ 
 • ഫെസ് ബുക്ക്, ട്വിട്ടര്‍ തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച പുതുതലമുറയുടെ  നെറ്റ് വര്‍കിംഗ് ലോകത്തിനു പുതിയ സാധ്യതയും ഭരണാധികാരികള്‍ക്ക് പുതിയ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. നിയമം സോഷ്യല്‍ മീഡിയ അപകടകാരിയെന്ന് വിധിക്കും. ആര്‍ക്കും എന്നും ഇപ്പോഴും സജീവമാക്കി ചര്‍ച്ചകളെ നിലനിറുത്താന്‍ കഴിയും ചര്‍ച്ചകളും സംവാദങ്ങളും ചിന്തയെ രാകി മൂര്‍ച്ച കൂട്ടും.ആശയങ്ങളുടെ സൂക്ഷ്മ പരിശോധന ,വിശകലനം, വിമര്‍ശനം ,ഐക്യപ്പെടല്‍, വിയോജിപ്പ്, തിരുത്തല്‍, സമാന മനസ്സുകളുടെ ഗ്രൂപ്പുകള്‍ ആകല്‍. ഒക്കെ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ നടക്കും. കേവലം ഉല്ലാസമല്ല. അവയെ ചെല്ലക്കിളികള്‍ തമ്മിലുള്ള പുന്നാരം പറച്ചിലായ് കാണരുത്. സമൂഹത്തില്‍ നിന്നും കിട്ടിയ അനുഭവങ്ങള്‍ പങ്കുവെക്കല്‍ അനുഭവങ്ങളെ സമാഹരിച്ചു ചില നിഗമനങ്ങളില്‍ എത്തി ചേരുന്നതിനും സഹായിക്കും.പൊതു സമൂഹത്തിനു  പരസ്പരം മനസ്സ് കൂട്ടിക്കെട്ടാനും അങ്ങനെ കരുത്തു നേടാനും കഴിയും.
 •  
 • സമരം ശക്തിപ്പെടുത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? അവര്‍ നേര്‍ക്കാഴ്ച്ചകളുടെ തീവ്രത പകര്‍ത്തി തെരുവുകളില്‍ പതിച്ചു. നെറ്റില്‍ ഇട്ടു .
 • മൊബൈല്‍ ഫോണ്‍ സ്മരായുധമായി .മെസേജ് മാത്രമല്ല, ഫോട്ടോകള്‍ ലഘു വീഡിയോകള്‍ എല്ലാം പകര്‍ത്തി നെറ്റില്‍ അപ്ലോഡ്   ചെയ്തപ്പോള്‍ അസംഖ്യം കണ്ണുകളും കാതുകളും ജാഗ്രതയോടെ സ്വന്തം കര്തവ്യ ബോധം നേരെയാക്കി.
 • സംഗീതമായിരുന്നു മറ്റൊരു ഇനം. കൂട്ടപ്പാട്ടുകള്‍ മുദ്രാഗീതങ്ങള്‍ ഇവ ആവേശം നല്‍കും.പക്ഷെ സമര വീര്യം അല്പം അടങ്ങുന്നു എന്ന് തോന്നുമ്പോള്‍ പുതിയ പാട്ടുകള്‍ ഉയരുകയായി.തല്‍സമയ സൃഷ്ടികള്‍ . അതിന്റെ ഊര്‍ജം പ്രതിരോധത്തിന്റെ സൂക്ഷ്മ കണങ്ങള്‍ പ്രസരിപ്പിക്കുന്നതും നാം കാണുന്നു ഈ സിനിമയില്‍ .
 • ചാര്‍ട്ടുകള്‍ സമരത്തില്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു. ഒരാള്‍ ഒരു ചാറ്റും മാര്കര്‍ പേനയും നിറത്തില്‍ ഇടുന്നു. നിങ്ങളുടെ നിലപാട് പ്രതിഷേധം ചുരുക്കി ഒന്നോ രണ്ടോ വാക്യങ്ങളില്‍ എഴുതുക .അത്രയേ വേണ്ടുള്ളൂ.. അത് ക്ലിക്ക് ചെയ്തു ഉള്ളിലെ തീ വാക്കായി. ചാര്ടുകളില്‍ കൊത്തിപ്പിടിക്കുന്ന വാക്യങ്ങള്‍. ചാര്ടുകളുടെ എണ്ണം കൂടി വന്നു .അവയുടെ പ്രിന്റെടുത്ത് വലിയ ബാനര്‍ ആക്കിയപ്പോള്‍ ജനതയുടെ ശബ്ദം. നേതാക്കളുടെ പ്രസംഗങ്ങലെക്കാള്‍ ശക്തം.അത് വായിച്ചു ഉണരാനും എഴുതി ഉണര്‍ത്താനും വീണ്ടും   ആളുകള്‍.
 • താമസവും  വെപ്പും കുടിയും  സമരക്കാര്‍ക്കുള്ള പിന്തുണ ആണെന്ന് കരുതുന്നവര്‍ക്ക് തെറ്റി . അതും സമരമാണ്. സമരഭൂവില്‍ ഒരു കുടുംബമായി മാറുന്നപ്രക്രിയ. ചെറിയ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആളുകള്‍ മുന്നോട്ടു വന്നു . ബാര്‍ബര്‍മാര്‍ ഫ്രീ ആയി ക്ഷൌരം ചെയ്തു കൊടുത്തു. ഡോക്ടര്‍മാര്‍ സദാ  സമയവും   സന്നദ്ധതയോടെ  ഓടി  നടന്നു  സഹായിച്ചു . ഐക്യപ്പെടലിന്റെ  ചേരുവ  .
 •  പോലീസ് ആരുടെതാനെന്ന  ചോദ്യം  വളരെ  ശക്തമായി  ഉന്നയിച്ച  സമരം ആണിത്. സാമാന്യ സങ്കല്‍പം അനുസരിച്ച് ഭരണകൂടം മാറുമ്പോള്‍ പോലീസും മാറും. മര്ദനോപാധി    ആയി എക്കാലവും സേവിക്കുക മാത്രമാണ്   അവരുടെ കര്‍ത്തവ്യം. .ഇതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്കെതിരെ തിരിയില്ലെന്നു പോലീസ് നിലപാട് എടുക്കുന്നു. (പോലീസ് ജനപക്ഷത്ത് നില്‍ക്കണം എന്ന സന്ദേശത്തെ വ്യാപിപ്പിക്കുവാന്‍ കഴിയുമോ?)  ക്രമേണ പോലീസ് ഇവിടെ  സമരക്കാര്‍ക്കൊപ്പം ചേരുന്നു.
 • പതിനെട്ടു ദിവസം നീട്നു നിന്ന വിപ്ലവത്തിന്റെ പാഠങ്ങള്‍ സിനിമയുടെ ഒന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നു. ജനങ്ങളുമായുള്ള ഇനര്‍വ്യൂ , പ്രതിഷേധത്തിന്റെ വിഭിന്ന സന്ദര്‍ഭങ്ങള്‍, റിപ്പോര്‍ട്ടിംഗ് .., ക്യാമറയുടെ വേഗതയും ഉത്സാഹവും നല്‍കുന്ന സജീവത ..
 • രണ്ടാം ഭാഗം സായുധ സെനയില്കെ ഒഫീസ്ര്മാരുമായുള്ള അഭിമുഖങ്ങള്‍ ആണ്. ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍  അനുവാദമില്ല എന്ന് പറയുന്ന ഉദ്യോഗസ്ഥന്‍ മുതല്‍ മുഖം വ്യക്തമാക്കാതിരിക്കുമെങ്കില്‍   പറയാന്‍ സന്നദ്ധനാകുന്ന പോലീസ് മേധാവി വരെ. ഉള്ളറ രഹസ്യങ്ങളിലൂടെ ഒരു യാത്ര
സ്വേച്ഛാധിപതികള്‍ ഉണ്ടാകുന്നത് എങ്ങനെ ? 
ആക്ഷേപ ഹാസ്യം കൊണ്ടാണ് മൂന്നാം ഭാഗം തീര്‍ത്തിരിക്കുന്നത്.
 • ഒബാമ, മുബാറക് എന്നിവര്‍ ഒന്നിച്ചു നടക്കുന്ന ചിത്രം. ഒബാമയുടെ പിന്നിലാണ് മുബാറക്. ഈ ഫോട്ടോ ഈജിപ്തില്‍ അച്ചടിക്കപ്പെട്ടപ്പോള്‍ ഒബാമ പിന്നിലും മുബാറക് മുന്നിലും ആയി. ഒരു ഏകാധിപതി ഫോട്ടോഷോപ്പിന്റെ പിന്തുണയോടെ ജനമനസ്സില്‍ ഇമേജ് രൂപപ്പെടുത്തുന്ന രീതി ഉദാഹരണ സഹിതം അവതരിപ്പിക്കുന്നു. എണ്‍പത്തി നാല് വയസ്സുള്ള മുബാറക് അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ ,കണ്‍തടത്ത്തിലെ കറുത്ത പാടുകള്‍ ഒക്കെ ഫോട്ടോ ഷോപ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മിനുക്കി നിത്യ  നായകന്‍ ആകുന്നു.   ഈജിപ്തില്‍ മുടി കറുപ്പിക്കല്‍ ആദ്യം നടത്തിയത് മുബാറക് ആണത്രേ !
 • നേതാവിന്റെ ചിത്രങ്ങള്‍ നാടാകെ പ്രദര്‍ശിപ്പിക്കുന്നതാണ്   മറ്റൊരു നടപടി. എവിടെയും ഞാന്‍ മാത്രം.കൂറ്റന്‍ ഫ്ലക്സ് ചിത്രങ്ങള്‍ ,പ്രതിമകള്‍. ശരിയാണ് ഇന്ത്യയിലെ ചില മുഖ്യമന്ത്രിമാര്‍, ജാനാധിപത്യം കശാപ്പു ചെയ്ത നേതാക്കള്‍ ഒക്കെ ഈ വഴിയാണ് സ്വീകരിച്ചത് സ്വീകരിക്കുന്നതും.ഒരു നേതാവിന്റെ പടം ജനതയ്ക്ക് മേല്‍ ഉയര്‍ന്നു നില്‍ക്കുന്നത് നേതാവിന്റെ കാലത്ത് തന്നെ ആണെങ്കില്‍ സംശയിക്കണം.
 • അദൃശ്യരായ   ശത്രുക്കളെ സൃഷ്ടിക്കുകയാണ് മറ്റൊരു തന്ത്രം. "രാജ്യം അപകടത്തില്‍ " .അയാള്‍ രാജ്യങ്ങള്‍ അല്ലെങ്കില്‍ " ആഭ്യന്തര ശത്രുക്കള്‍ " .ഈ വിഷയം സജീവമാക്കുന്നു. ജനത ഒറ്റക്കെട്ടായി പിന്നില്‍ അണി നിയ്ക്കും. കാപട്യം തിരിച്ചറിയുകയുമില്ല. സംവിധായകന്റെ  ഈ നിരീക്ഷണം  ലോകത്ത്  ഏതു   രാജ്യത്തിലും  ഇന്ന്  കാണാന്‍  കഴിയും.
 • ഞാന്‍ നാടിനു  വേണ്ടി  എന്ന് ഇപ്പോഴും  പറഞ്ഞു  കൊണ്ടിരിക്കുക  സ്വയം  സമര്‍പ്പിച്ച  ജീവിത മാണ്.. ക്രമേണ ഞാന്‍ തന്നെ നാട്  എന്ന സമവാക്യത്തില്‍. 
 • പേരിടല്‍ ക്രമം .സ്വന്തം പേരില്‍  പൊതു  സ്ഥലങ്ങള്‍ , സ്ഥാപനങ്ങള്‍  ,വികസന പദ്ധതികള്‍ ..വികസനത്തിന്റെ ചിഹ്നങ്ങളില്‍ ഭരണാധികാരി വ്യക്തിപരമായി ആധിപത്യം സ്ഥാപിക്കുകയാണ്.
 • പുകഴ്ത്തല്‍ -സംഗീതം ചിത്രകള്‍ മീഡിയ ഇവ സമര്‍ത്ഥമായി ഉപയോഗിച്ചുള്ള ആശയ നിര്‍മിതി. അധികാരി വര്‍ഗത്തിന്റെ പുതിയ ആയുധമാണ് മനസ്സിനെ നിരായുധീകരിക്കുക എന്നത് .
 • നിയമങ്ങള്‍ പരിഷ്കരിക്കുക കലോചിതമാക്കുക എന്ന വ്യാജേന തനിക്കു തടസം നില്‍കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് അനുകൂലമാക്കുക. ഇങ്ങനെ പോകുന്നു ഭരണകൂട തന്ത്രങ്ങള്‍ .
ഇവയുടെ എല്ലാം ഉദാഹരണങ്ങള്‍ കാണിക്കുന്നുണ്ട് .അവ കാണുമ്പോള്‍ നമ്മുടെ ചില അനുഭവങ്ങള്‍ക്കുള്ള സമാനത ഓടി എത്തും. ലോകത്തിലെ ഏകാധിപത്യ ഭരണ കൂടങ്ങള്‍ ഈ സിനിമ പൊറുക്കില്ല. അത് കൊട് തന്നെ അറബ് വസന്തന്നപ്പുറം സിനിമ ഇടപെടുന്നു. 
ഒടുവില്‍ ഒരു ചോദ്യം ബാക്കി
അസംഘടിതര്‍ സംഘടിച്ചു
ജനതയുടെ കൂട്ടായ്മയില്‍ ഭരണകൂടം നിലം പൊത്തി  
ഇനി ആര് ? വാര്‍ത്തകള്‍ മത മൌലിക വാദികളുടെ കൈകളിലേക്ക് ആണ് ഈ രാജ്യങ്ങള്‍ എന്ന ദുസ്സൂചന നല്‍കുന്നു
വസന്തംജനതയെ മോചിപ്പിച്ചു
ഈ സ്വയം തിരിച്ചറിവ് തുടര്‍ന്നുള്ള ചെറുത്തു നില്പുകള്‍ക്ക് കരുതാകുമോ?ഈ വക കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നില്ല. എങ്കിലും...വിമോന ചത്വരം അവിടെ ഉണ്ടല്ലോ
സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ നല്‍കുന്ന പാഠങ്ങള്‍ അവര്‍ തന്നെ രചിച്ചവ .അവര്‍ മനസ്സിരുത്തി പഠിക്കേന്ടവ.
ഈ സിനിമ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ എങ്ങന്രെ  ഡോക്ക്യുമെന്റു  ചെയ്യണം എന്നുള്ളതിന് നല്ല തെളിവ് .
Tahrir 2011: The Good, the Bad, and the Politician

-Tamer Ezzat, Ayten Amin, Amr Salama

Still from

---------------------------------------------------------------------------------

ചലച്ചിത്രമേളയില്‍  ഒരു ക്ലിക്ക്Thursday, December 22, 2011

കമ്മ്യൂണിസ്റ്റ് ചൈനയിലെ പ്രണയം -1960-70ഒരു  പുഴ .
പുഴയില്‍  കാല്‍ നീട്ടിവെക്കാവുന്ന അകലത്തില്‍  വഴുക്കലുള്ള ചെറു പാറകള്‍ . ആഴം കുറവുള്ള സ്ഫടിക  ജലപ്രവാഹം . 

എങ്കിലും പുഴ പുഴ തന്നെ.
ആ പുഴ കടക്കണം .
അവള്‍ക്കു ആ വഴിയും പുഴയും വഴികാട്ടിയെയും അത്ര പരിചയമില്ല .
വഴികാട്ടി കൈ നീട്ടി
അവള്‍ പിന്നോട്ട് രണ്ടു ചുവടു വച്ച് .

അത് ആ തുടുത്ത പ്രായത്തിന്റെതാണ് . വീണ്ടും നിഷ്കളങ്കതയോടെ     കൈനീട്ടി. അവള്‍ കൈ കോര്‍ത്തില്ല.
ഒരു കമ്പ്  നീട്ടി. ആദ്യം മടിച്ചെങ്കിലും അതാണ്‌ പുഴ കടക്കാന്‍ അപ്പോള്‍ ചെയ്യാവുന്ന പ്രായോഗിക രീതി എന്ന് അവള്‍ തിരിച്ചറിയുന്നു.
ജലോപരിതലത്തിലെ കല്ലുകളില്‍ നിന്നും കല്ലുകളിലേക്ക് അവനു പിന്നാലെ ചുവടുകള്‍ വെക്കുമ്പോള്‍ ക്യാമറ തെളിനീരിലെ പ്രതിഫലനം പകര്‍ത്തുന്നു.
കരയില്‍ കയറിയിട്ടും അവള്‍ കമ്പില്‍ നിന്നും കൈ വിടുന്നില്ല. എന്തോ..അതും  ആ തുടുത്ത പ്രായത്തിന്റെതാകാം .
ആ കമ്പ് വിട്ടുകളഞ്ഞാല്‍ ..? അവന്റെ ശ്രദ്ധ മുന്നില്‍ അല്ല .ആ കമ്പിന്റെ  അഗ്രത്തില്‍ ഒരു കൈയും അതിന്റെ ഉടമയും  .
അവളിലേക്ക്‌ ഒരു കമ്പ് ദൂരം. ആ ദൂരം ഓരോ ചുവടു വെക്കുമ്പോഴും കുറഞ്ഞു കുറഞ്ഞു വന്നു
അവന്റെ കൈ അയയുകയും സാവധാനം ഊര്‍ന്നു ഊര്‍ന്നു അവളുടെ വിരലുകളില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ തൊടുകയും പിന്നെ  കൊരുത്തെടുക്കുകയും ചെയ്യുമ്പോള്‍ മനസ്സുകള്‍ക്കിടയിലെ അകലത്തിന്റെ ആ കമ്പ് അതിന്റെ നിയോഗം പൂര്‍ത്തിയാക്കി പിന്‍വാങ്ങുന്നു. അവന്റെ കൈകളില്‍ അവള്‍ .
മനോഹരമായ ഒരു പ്രണയ കഥയുടെ അതി ഹൃദ്യമായ ദൃശ്യാനുഭവം ആണ്‌ ഈ യാത്ര .
പുഴ അപ്പോള്‍ ജീവിത പ്രാവഹമായി സ്വയം അര്‍ഥം മാറി അണിയുന്നു.സാങ് യിമോയുവിയുടെ  'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' കേരളത്തിലെ  16-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്നു. .മറ്റു പല രാജ്യാന്തര മേളകളിലും ഇതിനോടകം പ്രദര്‍ശിപ്പിക്കുകയും സിനിമാ ലോകം ചര്‍ച്ച ചെയ്യുകയും ചെയ്ത ഈ സിനിമ ചൈനയില്‍ നിന്നുള്ളതാണ് . സാംസ്കാരിക വിപ്ലവകാലത്തെ സംഭവം ആയിട്ടാണ് പ്രമേയം അവതരിപ്പിക്കുന്നത്‌ .അത് കൊണ്ട് തന്നെ രാഷ്ട്രീയ  മാനം സ്വാഭാവികം.
അവളുടെ അച്ഛന്‍ ജയിലില്‍ . വലതു പക്ഷ ചിന്താഗതിയാണ് തടവ്‌  സമ്മാനിച്ചത്‌. അമ്മ അധ്യാപിക ആയിരുന്നു. തൂപ്പുകാരിയായി   തരം താഴ്ത്തി.
അവന്റെ അച്ഛന്‍ പട്ടാളത്തിലെ ഉയര്ന റാങ്കില്‍ . ( ഭരണകൂടത്തിന്റെ വിശ്വസ്തനായിരിക്കുമല്ലോ . ) അമ്മ ആത്മഹത്യ ചെയ്തു .കാരണം രാഷ്ട്രീയം .
ഇങ്ങനെ ഉള്ള രണ്ടു കുടുംബങ്ങളില്‍ പെട്ടവരുടെ പ്രണയം ആണിത്. പ്രണയത്തിനു ഇടതും വലതും ഇല്ല. നിഷ്കളങ്കതയുടെ പക്ഷം മാത്രം .
കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ പ്രണയം പ്രമേയമാകുംപോള്‍ അത് ഒരു താലിബാനിലെ പ്രണയം ആകുമെന്ന് കരുതരുത്. സങ്കുചിത യാഥാസ്ഥിതിക മതസമൂഹം പുലര്‍ത്തുന്ന ദൈവീകമായ കാപട്യങ്ങളുടെ സമാന സമ്മര്‍ദം യുവാക്കളില്‍ ചെലുത്തുന്നതാവുമോ  ചൈനയുടെ സാംസ്കാരിക വിപ്ലവ കാലത്തെ ഈ പ്രണയവും.

പെണ്ണിനോടുള്ള  സമീപനം എന്താവും ? പ്രത്യേകിച്ചും ഭരണകൂടത്തിന്റെ  അപ്രീതി നേടിയ, രാഷ്ട്രീയ പിന്‍ബലം കുറവുള്ള  ഒരു കുടുംബത്തിലെ? 

 മലഞ്ചരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ ഹാത്രോണ്‍ മരത്തിന്റെ ചുവട്ടിലെ കഥകള്‍ ഏതൊരു  ചൈനക്കാരിക്കും /കാരനും ദേശസ്നേഹപരം. ആ മരത്തിന്റെ വേരുകള്‍  രക്തസാക്ഷികളുടെ ചോര ഒപ്പിയെടുത്തു പൂക്കളില്‍ ചെഞ്ചായം പൂശി. രണ്ടാം ലോകയുദ്ധത്തിന്റെ ചെറുത്തുനില്പ്  . അതെ രക്തസാക്ഷികളുടെ ചോരയില്‍ പന്തലിച്ച മരത്തിന്റെ സൂചനകള്‍ ഈ കഥയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. 

ഷാംഗ് ജിമ്ഗു -അവള്‍ യൌവ്വനത്തിലേക്ക് കടക്കുന്നതെയുള്ളൂ. ഗ്രാമത്തിലെ വയലുകളിലും പണിശാലകളിലും പോയി തൊഴിലാളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പഠിക്കുക എന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് അവള്‍ ആ ഗ്രാമത്തില്‍ എത്തുന്നത്.  രണ്ടു പേരുടെ ടീം  ആക്കിയപ്പോള്‍ അവള്‍ ഒറ്റപ്പെട്ടു . ഗ്രാമമുഖ്യന്‍ അവളെ കൂട്ടി .ഗ്രാമീണരുടെ ഒപ്പമാണ് വിദ്യാര്തികളുടെ താമസം. അവള്‍ ഹാത്രോണ്‍ മരത്തിന്റെ ചരിത്രപാഠം കണ്ടെടുക്കുന്നതിനിടയില്‍ അവന്‍ കടന്നു വരുന്നു- ലാവോ സാന്‍ . അവിടുത്തെ ഭൂമിശാസ്ത്ര വിദ്യാര്‍ഥി കൂടിയാണ്  അവന്‍.   
അവന്‍ അവള്‍ക്കു ചെറിയ ചെറിയ ഉപഹാരങ്ങള്‍ നല്‍കുന്നു.  പേന  ലീക്ക് ചെയ്തു വിരലുകളില്‍ പടരുന്ന മഷി അവന്‍ ശ്രദ്ധിച്ചു എന്ന് അവള്‍ അറിയുന്നത് അവന്‍ ഒരു പേന നല്‍കുമ്പോഴാണ്. പിന്നെ നുണയാന്‍ ഒരു മധുരം .പ്രകാശം കൂടുതലുള്ള ബള്‍ബു ഹോള്ടരില്‍ ഇടുമ്പോള്‍ അവളുടെ ജീവിതത്തില്‍ അവന്‍ പ്രകാശമാവുകയാണ്. അവരുടെ പ്രണയ നിമിഷങ്ങളാണ് പിന്നീട് .  
 
പ്രണയികള്‍ സമൂഹത്തിനെ ഭയക്കുന്നു .അതോ ലോകം പ്രണയത്തെ ഭയക്കുന്നോ ? ആര്‍ക്കറിയാം ഈ പ്രണയ ജോടികള്‍ ആരും കാണാത്ത ഇടങ്ങള്‍ തേടുന്നു. പുറത്ത് തണുപ്പ് കൂടുമ്പോള്‍   ഒരു കമ്പിളി  കുപ്പായത്തില്‍ ചൂടറിഞ്ഞ് അവര്‍ . യാംഗ്സി  നദിയിലെ  നീന്തി  തുടിക്കല്‍ നല്ല സൂചന നല്‍കുന്നു. അവള്‍ വസ്ത്രം മാറുമ്പോള്‍ അവന്‍ ആ ഭാഗത്തേക്ക് നോക്കുന്നതു പോലുമില്ല.  ആദി മുതല്‍ തന്നെ പ്രണയത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. ഒന്നിച്ചു ഒരു രാത്രി കഴിഞ്ഞിട്ടും അവന്‍ അതിരുകള്‍ മറികടക്കുന്നില്ല. വെളിച്ചം തൊടാത്ത താഴ്വാരങ്ങളിലേക്കു വിരലുകള്‍ ഓടുമ്പോള്‍ ആദ്യ എതിര്‍പ്പിനു ശേഷം അവളുടെ മനസ്സ് സമര്‍പിത സമ്മതം നല്‍കിയിട്ട്  കൂടി ..
മുറിവിനു ചികിത്സിക്കാന്‍ മടിക്കുന്ന അവളുടെ നോവ സ്വയം മുറിവുണ്ടാക്കി ഏറ്റെടുക്കുമ്പോള്‍ പ്രണയത്തിന്റെ മറ്റൊരു തലം കൂടി ..
പണി കഠിനം .അവളുടെ പാദം പൊള്ളുന്നു.താങ്ങാനാവുന്നതില്‍ കൂടുതല്‍ ഭാരം പേറേണ്ടി വരുന്നു. ഇതൊക്കെ കാര്‍ക്കശ്യത്തിന്റെ ചിത്രങ്ങളാണ് . ദാരിദ്ര്യത്തിനെ അവിടെയും കണ്ടുമുട്ടാം. ഭയപ്പെടുന്ന കുടുംബങ്ങളെയും .ചെയര്‍മാന്‍ മാവോയുടെ ചൈനയില്‍ അതൊന്നും ഇല്ലായിരുന്നു എന്ന് ഇപ്പോള്‍ ആരും കരുതുന്നില്ല.  അറുപതുകളിലും  എഴുപതുകളിലും ഉള്ള ചൈനയുടെ വിഭിന്ന മുഖങ്ങള്‍ ഈ സിനിമയില്‍ കാണാം. അവ പശ്ചാത്തലം ആണ്. 
അവളുടെ അമ്മ എല്ലാം അറിയുകയും രണ്ടു പേരോടും കുറച്ചു കാലം കൂടി ക്ഷമിക്കാന്‍ പറയുകയും ചെയ്യുന്നു. അമ്മ പ്രണയ സ്വാതന്ത്ര്യത്തെ മാനിക്കുന്നതുപോലെ  അമ്മയുടെ ആഗ്രഹം മാനിക്കണം .ഷാംഗ് ജിമ്ഗു ഒരു അധ്യാപിക ആയി തീരണം.അതിനിടയില്‍ പൊല്ലാപ്പുകള്‍ ഒന്നും ഉണ്ടാകരുത്.പൊല്ലാപ്പുകള്‍ എന്നത് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ..
അവര്‍ അത് സമ്മതിക്കുന്നു.
പിന്നീട് അകലം . സ്ഥലപരമായ അകലം മാനസിക  അടുപ്പത്തെ തീവ്രമാക്കുമോ ദുര്‍ബലപ്പെടുത്തുമോ   ?
അവനു അസുഖമാണെന്ന് അറിഞ്ഞു അവള്‍ ഓടി എത്തുന്നു
ആശുപത്രിയില്‍   കൂട്ടിരിക്കാന്‍ . പക്ഷെ നിയമം അനുവദിക്കുന്നില്ല.രാത്രിയില്‍ അവളെ ഇറക്കി വിടുന്നു. ആശുപത്രിയുടെ പൂട്ടിയ ഗേറ്റിനു മുന്‍പില്‍ പുലരുവോളം അവള്‍ ഒറ്റയ്ക്ക്. ചൈനയിലെ ഒരു പെണ്ണിന്റെ രാത്രി . ഇവിടെ പ്രണയത്തിന്റെ ഓന്നിത്യത്തോടൊപ്പം സുരക്ഷയുടെ ഒരു മേല്പ്പന്തല്‍ കൂടി വായിച്ചെടുക്കാം. ലോകത്ത് പലയിടത്തും ആണിന് പതിച്ചു നല്കിയതാനല്ലോ രാത്രിയുടെ  പൊതു ഇടങ്ങള്‍ .
വീണ്ടും അവനെ കുറിച്ച് ഒരു വിവരവും ഇല്ല. ഒരു വിവരവും ഇല്ലെങ്കില്‍ ഉപേക്ഷിച്ചു എന്ന് കരുതാമോ?
രക്താര്‍ബുദം മറച്ചു വെച്ചുള്ള അവന്റെ ജീവിതവും ദുരന്തവും പ്രണയ കഥയെ ദുഖമയം ആക്കുന്നു.

സിനിമയുടെ പശ്ശ്ചാത്തല സംഗീതം പോലെ  യൌവ്വനത്തിന്റെ പുതുദിനങ്ങളും പ്രണയത്തിന്റെ ഭാവങ്ങളും നിഷ്കളങ്കതയുടെ ആശങ്കകളും ദാരിദ്ര്യത്തിന്റെ സഹനവും ഉത്തരവാദിത്വത്തിന്റെ കാഠിന്യവും ദുഖത്തിന്റെ ഒഴുക്കുകളും ഒക്കെ മിഴിവോടെ അവതരിപ്പിക്കുവാന്‍ നായികയ്ക്ക് കഴിഞ്ഞു.
നോവലിനെ ഉപജീവിച്ചുള്ള സിനിമ നോവലിന്റെ ആഖ്യാന ഘടന പാലിക്കുവാനാണ് ശ്രമിച്ചത്. 

 സംവിധായകനായ സാങ് യിമോയു  ജനിച്ചത്‌  ആയിരത്തി തൊള്ളായിരത്തി അന്‍പത്തി  ഒന്നില്‍.അദ്ദേഹത്തിനെ അച്ഛന്‍ ഈ സിനിമയിലെ നായകന്‍റെ എന്നപോലെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്‍ .
സാംസ്കാരികവിപ്ലവകാലത്ത് കൃഷി ഇടങ്ങളിലും വസ്ത്രനിര്‍മാണ ശാലയിലും പണി ചെയ്ത അനുഭവം ഈ കഥയിലെ നായികയുടെ ജീവിതാനുഭാവങ്ങള്‍ ആവിഷ്കരിക്കുന്നതില്‍   ശക്തി പകര്നിട്ടുണ്ട് എന്ന് കരുതാം. അദ്ദേഹത്തിന്റെ നോട്ട് വണ്‍  ലസ് എന്ന സിനിമ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി കേരളത്തില്‍ പരിചയപ്പെടുത്തിയിരുന്നു .സാങ് യിമോയുവിന്റെ സിനിമകളെ പൊതുവേ ലാളിത്യത്തിന്റെ സിനിമ എന്ന് വിശേഷിപ്പിക്കാം. ബര്‍ലിന്‍ ,കാന്‍ ഫിലിം ഫെസ്ടുകളില്‍ പുരസ്കാരങ്ങള്‍ നേടിയ വശ്യമായ ആവിഷ്കാരം .ലാന്‍ഡ് സ്കേപ് ദൃശ്യങ്ങള്‍ - ചൈനീസ് ഗ്രാമങ്ങളുടെ സ്വാഭാവിക സൌന്ദര്യം ഓരോ ഫിലിമിലും പകര്‍ത്തി വെക്കുന്നത് ചിത്യപൂര്‍വമായിട്ടാണ് .ചൈനാഭക്തരായ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അവഗണിക്കാനും വലതു പക്ഷത്തിനു ആഘോഷിക്കാനും ഉള്ളതല്ല ഈ സിനിമ . ഉദാത്തമായ ആവിഷ്കാരം എന്ന് പറയുന്നില്ല. എങ്കിലും മോശമല്ല.


Asian Film Awards
YearResultAwardCategory/Recipient(s)
2011NominatedAsian Film AwardBest Editor
Peicong Meng 
Best Newcomer
Dongyu Zhou 
Hong Kong Film Awards
YearResultAwardCategory/Recipient(s)
2011NominatedHong Kong Film AwardBest Asian Film
Oslo Films from the South Festival
YearResultAwardCategory/Recipient(s)
2011NominatedFilms from the South AwardBest Feature
Yimou Zhang 
Udine Far East Film Festival
YearResultAwardCategory/Recipient(s)
20112nd placeAudience AwardYimou Zhang 
Valladolid International Film Festival
YearResultAwardCategory/Recipient(s)
2011WonBest ActressDongyu Zhou 

Sunday, December 18, 2011

പര്‍വത വര്‍ണങ്ങളിലെ ജീവിതം

 (കളേഴ്‌സ് ഓഫ് ദ മൗണ്ടന്‍  )
ഒരു കാല്‍പന്തിനു എന്ത് നിയോഗമാനുള്ളത്?
നിശ്ചലമായിരിക്കുക എന്നത് പന്തിന്റെ ധര്‍മമല്ല. നിശ്ചലത മരണമാണ്.
ചടുലചലനങ്ങളുടെ   കുതിപ്പിനുള്ളിലെ വെട്ടിത്തിരിയലുകളും ഒഴിഞ്ഞു നീങ്ങലുകളും ഗതിവിഗതികളും കൊണ്ട് അപ്രതീക്ഷിതവും ആവേശകരവുമായ സാന്നിധ്യമായി കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കേണ്ട ഒരു പന്താണ് നിശ്ചലത കൊണ്ട് ഈ സിനിമയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
കൂട്ടായ്മയുണ്ടാക്കുന്ന വര്‍ണങ്ങളിലാണ് പന്തിന്റെ വേഗജാതകം എഴുതപ്പെട്ടിരിക്കുന്നത്.
                            ഗോള്‍മുഖം ഉന്നം വെച്ച്  പറന്നു വരുന്ന പന്തിനെ  കയ്യിലൊതുക്കുക -അത് ആഹ്ലാദവും അഭിമാനവും ആണ് ഒരു ഗോള്‍ കീപ്പര്‍ക്ക് . നല്ല ഒരു ഗോള്‍ കീപ്പര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാനുവല്‍ എന്ന ഒമ്പത് വയസ്സുകാരന്‍ വീട്ടില്‍ നിന്ന് പന്തുമായി പുറത്തേക്ക് വരുന്ന കാഴ്ചയോടെ കളേഴ്സ് ഓഫ് ദി മൌണ്ടന്‍ ആരംഭിക്കുന്നു. പര്‍വതം ദാനം നല്‍കിയ ഹരിത സമൃദ്ധിയില്‍ കൊളംബിയയിലെ ഗ്രാമം പുലരിയിലേക്ക് ഉണരുകയാണ് . പച്ച ഇരു വശത്തും ഒതുങ്ങിക്കൊടുത്ത നടപ്പാതയിലൂടെ മാനുവല്‍ മുന്നോട്ടു. നെഞ്ചോട്‌ ചേര്‍ത്ത്   കാല്‍പ്പന്ത്. കളിക്കളത്തിലേക്ക് കൂട്ടുകാരെ കൂട്ടിക്കൊണ്ടു പോകേണ്ട  കുശലം കുട്ടികള്‍ക്കറിയാം .ഹൂലിയന്റെ വീട്ടില്‍ നിന്നും വിലക്കുകളുടെ വേലി ചാടി അവര്‍ പോകുന്നു. അച്ഛന്‍ ,ഹോം വര്‍ക്ക് ഇതൊക്കെയാണല്ലോ കുട്ടികള്‍ നേരിടുന്ന ഭീഷണി. ഇത്തരം ഭീഷണികള്‍ക്കിടയിലൂടെ ഒരു പന്ത് വെട്ടിച്ചുരുണ്ട് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്‌ പോലെ കുട്ടികള്‍ . കളിക്കളത്തില്‍ കുട്ടികളുടെ ഉത്സവം ഗ്രാമത്തിന്റെ നിഷ്കളങ്കമായ സന്തോഷത്തെ അനാവരണം ചെയ്യുകയാണ്. 
ഈ ദൃശ്യം വിട്ടു സംവിധായകന്‍ മാന്വലിന്റെ വീട്ടിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു
ഏനെസ്റ്റോ മകനുമൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങള്‍ . അച്ഛന്‍ പശുവിനെ കറക്കുവാനുള്ള ഒരുക്കത്തിലാണ്. കൂടെ സഹായിക്കാന്‍ മാനുവലും. "പശുവിന്റെ പള്ള ഇന്ന് നിറഞ്ഞിട്ടുണ്ട്‌"-അച്ഛന്‍ ." ഈ കിടാവിനു ഞാന്‍ പേരിടും"-മകന്‍ ..ഇങ്ങനെ കൊച്ചു കൊച്ചു വര്‍തമാനങ്ങളിലൂടെ ഗ്രാമീണ കര്‍ഷക   കുടുംബത്തിലെ സൌമ്യവും സ്നേഹോഷ്മളവുമായ  ജീവിതം പകര്‍ത്തുമ്പോള്‍ മറ്റൊരു ഒരു ഗ്രാമവിശുദ്ധിയെ കൂടി പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ഇപ്പോള്‍ രണ്ടു കാര്യങ്ങള്‍ കൊണ്ട് ഗ്രാമം എന്താണെന്ന് നിര്‍വചിച്ചു കഴിഞ്ഞു. പറയാതെ പറഞ്ഞ ഒരു സംഗതി കൂടി  ഉണ്ട്. അത് മനോഹരമായ പ്രകൃതിയാണ്. പര്‍വതത്തിന്റെ മടക്കുകളും  താഴ്വാരവും ഉയരങ്ങളുടെ ഉയരവും  വെളിച്ചത്തിന്റെ രൂപ ഭാവങ്ങളും മാമരങ്ങളും വാനവും മത്സരിച്ചു വിരിയിക്കുന്ന നിറങ്ങളും..

വെട്ടി മുറിച്ച പോലെ മകനും അച്ഛനും തമ്മിലുള്ള കുശലം പറച്ചിലുകള്‍ നിലക്കുക!. മകന്റെ വര്‍ത്തമാനം തടഞ്ഞു വായ്‌ പൊത്തുക. ഇതൊരിക്കലും ഒരു കുട്ടിക്ക് മനസ്സിലാകില്ല. എങ്കിലും അത് സംഭവിക്കുന്നു. അച്ഛന്റെ ഭയം മാനുവല്‍ കാണുന്നു. വര്‍ത്തമാനം വീണ്ടെടുക്കാനുള്ള അവന്റെ ശ്രമം അച്ഛന്റെ കരുതല്‍ കാരണം വിജയിക്കുന്നില്ല. നോവ്‌ അനുഭവിക്കുന്ന മാനുവല്‍ .(ഈ രംഗം എത്ര ലളിതമനോഹരം). ഗ്രാമം ഭീതിയുടെ സാന്നിധ്യം അറിയുന്നു. രണ്ടു തടികളുടെ ഇടയിലൂടെ അച്ഛനും മകനും ഒളിഞ്ഞു നോക്കുന്നു . ഗറില്ലകള്‍ അയാളെ അന്വേഷിച്ചു വീട്ടില്‍ വന്നിരിക്കുന്നു. കൂട്ടത്തില്‍ ചേര്‍ക്കാന്‍ . മിറിയ അവരോടു കള്ളം പറയുന്നു. അമ്മ കള്ളം പറയുന്നതും കുട്ടി കേള്‍ക്കുന്നു. ഇപ്പോഴും എവിടെയും നിലനില്‍പ്പിന്റെ  ദുരന്തമാണ് നിഷ്കളങ്കരായവരെ കൊണ്ട് കള്ളം പറയിക്കുന്നത്. അവര്‍ ആ അവസ്ഥയില്‍ നിന്നും മോചിതരാകാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവരുടെ സത്ത ഉയര്‍ത്തിപ്പിടിക്കുന്നത് . രാഷ്ട്രീയ /മത ഭീകര വാദികളും തീവ്ര വാദികളും ഉള്ള ഏതു പ്രദേശത്തും അധിവസിക്കുന്ന ജനതയുടെ സ്വതന്ത്രമായ ജീവിതതാളം മരണഭയം  ഇഴഞ്ഞെത്തി ചുറ്റി വരിഞ്ഞു  കൊണ്ട് വിഷലിപ്തമാക്കുന്നു.  സമകാലീന സാര്‍വദേശീയ  പ്രവണതയെ ലളിതമായി കയ്യൊതുക്കത്തോടെ സിനിമ ചര്‍ച്ച ചെയ്യുന്നു.


സിനിമ കാവ്യാത്മകം   ആകുക എന്നാല്‍ ദൃശ്യങ്ങളുടെ ബാഹ്യസൌന്ദര്യം നിറയ്ക്കുക എന്നല്ല . വ്യാഖ്യാനങ്ങള്‍ക്കും ചിന്തയ്ക്കും ഇടം നല്‍കുന്ന ആഴമുള്ള ദൃശ്യങ്ങളും സംഭവങ്ങളും കൊണ്ട് അനുഭവത്തിന്റെ സമൃദ്ധി ഒരുക്കുക എന്നതാണ് എങ്കില്‍ ഈ സിനിമ കാവ്യാത്മകം തന്നെ . ഒരേ സമയം പല പാഠങ്ങള്‍ തുറന്നിടുന്നത് കൊണ്ട് വ്യത്യസ്ത മാനങ്ങളില്‍ കാണാന്‍ കഴിയും . അഭിരുചികളുടെ വിഭിന്നതകളെ തൃപ്തിപ്പെടുത്തുകയും ചെയ്യും. സംവിധായകന്റെ  കലാ സൂക്ഷ്മതയുടെ വിജയം എന്ന് വിളിക്കാവുന്ന ഒരു സിനിമയാണിത്.
ഗറില്ലകള്‍ ഉള്ളിടങ്ങളില്‍ സായുധ സേനയും ഉണ്ടായിരിക്കണം എന്നതാണ് ആധുനിക ഭരണ കൂടസങ്കല്‍പ്പം. വിമോചനവും സംരക്ഷണവും എതിര്‍ വാക്കുകളാകുന്ന സാമൂഹിക പ്രതിസന്ധി .
ഇരു കൂട്ടരും ജനത്തെ സംരക്ഷിക്കാന്‍ വേണ്ടി  സംശയിക്കുന്നു.!? 
ആരും ഒറ്റുകാരനോ   രാജ്യ ദ്രോഹിയോ   ആയി മുദ്രകുത്തപ്പെടാം. ആയുധത്തിന്റെ നിഴല്‍ തണലാക്കി വിശ്രമം കൊള്ളാന്‍ ആര്‍ക്കാണ് കഴിയുക?. ഗ്രാമീണ   ജനതയുടെ സംഘര്‍ഷങ്ങള്‍ അതാണ് തുടര്‍ന്ന് നാം കാണുന്നത്. ഹൂലിയന്റെ അച്ഛന്‍ -അയാള്‍ അനുഭവിക്കുന്ന ഭീതി. ഒടുവില്‍ രക്ഷപെടാനുള്ള അവസാന യത്നത്തിനിടയില്‍ വളയപ്പെട്ടു.ശരീരം തിരിച്ചു വരുന്നത് പ്രിയപ്പെട്ട കുതിരയുടെ മേലെ കിടത്തി വെട്ടി നുറുക്കപ്പെട്ട അവസ്ഥയില്‍ .ഹൂലിയന്റെ സഹോദരനാകട്ടെ പര്‍വതനിരകളിലെ ഒളിത്താവളങ്ങളില്‍ വെടിയുണ്ടകളുടെ സമുദ്രത്തിലേക്ക് കപ്പല്‍ ഇറക്കാന്‍ പോയി.
മിറിയ വരുമ്പോള്‍ നാടോഴിഞ്ഞു പോകുന്നവരെ കാണുന്നു. പിറന്ന നാട്ടില്‍ നിന്നും ജീവനും കൊണ്ട് പോകേണ്ടി വരുന്ന ആ കാഴ്ച അവളെയും ചിന്തിപ്പിക്കുന്നു. എന്നാല്‍ എണസ്റ്റോ  സമ്മതിക്കുന്നില്ല.
ഈ സംഭവങ്ങളുടെയെല്ലാം സാക്ഷികളാണ് കുട്ടികള്‍ . അവരുടെ കണ്ണിലൂടെയാണ് ഗ്രാമത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങള്‍ പറയുന്നത്.
ഒരു ദിനം പിടിവിട്ടു കുതിച്ചു പാഞ്ഞ ഒരു വളര്‍ത്തു പന്നി പുല്തടത്തില്‍  വെച്ച് പൊട്ടിത്തെറിച്ചുയരുന്നു. മൈന്‍ വിതറിയിരിക്കുകയാണ്. ജന്മദിന സമ്മാനമായി കിട്ടിയ മാന്വലിന്റെ കാല്‍പ്പന്തു ആ സ്ഥലത്തേക്ക് ഉരുണ്ടുപോയി നിശ്ചലമാകുംപോള്‍ കുട്ടികള്‍ സ്തബ്ദരാകുന്നു. മരണത്തിന്റെ ഗോള്‍ മുഖത്താണ് ഇപ്പോള്‍ തങ്ങളുടെ പന്ത്., കളിക്കളത്തില്‍ നിന്നും പന്തു സാമൂഹിക രാഷ്ട്രീയ മാനമുള്ള   ഒരിടത്തേക്ക് സ്ഥാനം പിടിക്കുമ്പോള്‍ പന്തിന്റെ മാനം മാറുന്നു. പന്തിന്റെ അതിദാരുണമായ ഈ അവസ്ഥയാണ് ആ ജനതയുടെ അവസ്ഥയും. ജീവിതത്തിന്റെ അര്‍ഥം മറ്റാരോ ആണ് നിര്‍ണയിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നു.
ഇനി സ്കൂള്‍ വിശേഷങ്ങളിലേക്ക് വരാം 
സ്കൂളില്‍ പുതിയ ഒരു ടീച്ചര്‍ വരുന്നു.
ചെറുപ്പക്കാരി. 
ഹാജര്‍ വിളിയോടെ ക്ലാസ് ആരഭിക്കുകയാണ്. പിന്നീട് ഹാജര്‍ ബുക്കില്‍ നിന്നും പല പേരുകള്‍ ടീച്ചര്‍ക്ക് വെട്ടി മാറ്റേണ്ടി വരുന്നു. ഹൂലിയനും അങ്ങനെ പോയി. നടുക്കുന്ന ഭീതിയുടെ സംസാരിക്കുന്ന രേഖയായി ഒരു നാട്ടിലെ സ്കൂള്‍ ഹാജര്‍ ബുക്ക് മാറുകയാണ്. അല്ലെങ്കിലും ജീവിതത്തില്‍  നിന്നുള്ള പേര് വെട്ടല്‍ സംഘര്‍ഷ ഭൂമികളില്‍ കൂടും. കുട്ടികളുടെ പേര് വെട്ടേണ്ടി വരുന്ന അധ്യാപികയുടെ മനസ്സാലോചിക്കാം. ബഞ്ചുകള്‍ ശൂന്യമാകുംപോള്‍ സഹപാഠികള്‍ അനുഭവിക്കുന്ന നിശബ്ദതയുടെ അര്‍ത്ഥവും .
ടീച്ചര്‍ മാന്വലിന്റെ കഴിവുകള്‍ കണ്ടെത്തി. പന്ത് കളിയില്‍ മാത്രമല്ല ചിത്രം വരയിലും അവന്‍ സമര്‍ത്ഥന്‍ . പര്‍വതങ്ങളുടെ നിറങ്ങള്‍ അവന്റെ ബുക്കില്‍ വിരിയുമ്പോള്‍  കണക്കു ചെയ്യാന്‍ ടീച്ചര്‍ നിര്‍ബന്ധിക്കുന്നുവെങ്കിലും ഒരു പായ്കറ്റ് കളര്‍  നല്‍കി അവനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഒരു ദിവസം സ്കൂളിന്റെ ഭിത്തിയില്‍   ഗറില്ലകള്‍ എഴുതിയ   മുദ്രാവാക്യങ്ങള്‍ ."സായുധരാകുക. വിജയം അല്ലെങ്കില്‍ മരണം " ഈ ആഹ്വാനം സ്കൂളില്‍  നല്‍കുന്ന പാഠം എന്താണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികളെ സ്നേഹിക്കുന്ന ടീച്ചര്‍ ആ  ഭിത്തിയില്‍ അവരുടെ ഗ്രാമത്തിന്റെ ചിത്രം വരയ്ക്കാന്‍ തീരുമാനിക്കുന്നു. ആദ്യം കുട്ടികള്‍ കൂടാന്‍ മടിച്ചു. അധ്യാപിക വെള്ളയടിച്ചു തുടങ്ങിയപ്പോള്‍ ഒപ്പം കൂടാതിരിക്കാന്‍ കുട്ടികള്‍ക്ക് ആയില്ല . മാന്വലിന്റെ മേല്‍നോട്ടത്തില്‍ പര്‍വത പശ്ചാത്തലത്തില്‍ അവരുടെ സ്കൂളിന്റെ ചിത്രം .പര്‍വതത്തിന്റെ വര്‍ണങ്ങള്‍ കൊണ്ട് ഗറില്ലകളുടെ ആഹ്വാനത്തെ മായ്ച്ചു .
തീവ്രവാദത്തിന് പകരം കുട്ടികള്‍ വര്‍ണങ്ങളുടെ ലോകം സൃഷ്ടിക്കുകയാണ്. പ്രതിരോധം കൂടിയാണ് ഇതെന്ന് പറയാം. എല്ലാ കുട്ടികളുടെയും കൂട്ടായ്മയിലാല്ലോ ഒരു മുദ്രാവാക്യം മാഞ്ഞു പോയത്. അതിനു കൊടുത്ത വില വലുതായിരുന്നു.സ്കൂള്‍ അസമയത്ത് അവസാനിപ്പിച്ചു  അധ്യാപികയ്ക്ക് നാട് വിടേണ്ടി വന്നു. അവരുടെ പേരും കാലം വെട്ടി മാറ്റി. മാന്വല്‍ അവരെ പിന്നില്‍ നിന്നും വിളിക്കുന്നുവെങ്കിലും കേള്‍ക്കുന്നില്ല . ഒരു വിളി .. അത് എങ്ങും എത്താതെ അലഞ്ഞു തിരിയുകയാണ്

ആ  പന്ത് ഇപ്പോഴും അവിടെ കിടക്കുയാണ്. മൈന്‍ വിതറിയ , മരണത്തിന്റെ വാഗ്ദാനമുള്ള തടത്തില്‍ പാറയുടെയും മരത്തിന്റെയും ചുവട്ടില്‍ . അത് ഉപേക്ഷിക്കാം. അങ്ങനെ അങ്ങ് തോറ്റു  കൊടുത്താലോ .. കുട്ടികള്‍ സാഹസികമായ ഇടപെടല്‍ നടത്തുന്നു. ഹൂലിയനും പോക്ക ലൂസും മാനുവലും .ആരും കാണാതെ  പ്രതിസന്ധിയില്‍ അകപ്പെട്ട പന്തിന്റെ അടുത്തെത്താന്‍ നോക്കുന്നു. നായെ വിട്ടൊരു പരീക്ഷണം.അത് പൊളിഞ്ഞു പിന്നെ    അടുത്ത ശ്രമം. നീളമുള്ള ഒരു കമ്പ് കൊണ്ട് എടുക്കാന്‍ പദ്ധതി. ഒരു കയര്‍ മരത്തിന്റെ ശാഖയില്‍ കോര്‍ത്തിട്ടു ലൂസ്  -അവനാണ് മൂവരില്‍ ചെറുത്‌- ഞാന്നിറങ്ങുന്നു . കൊമ്പൊടിയുകയും ലൂസിന്റെ കണ്ണട പോവുകയും ഒന്നും കാണാന്‍ കഴിയാതെ നിലവിളിക്കുകയും ..ഒരു വിധം രക്ഷപെട്ടു എന്ന് പറഞ്ഞാല്‍  മതി പന്തു നിസഹായതയോടെ അവിടെ തന്നെ കിടന്നു.
ഉണക്കാനിട്ട തുണി എടുക്കാന്‍ മിറിയ രാത്രിയില്‍ ടോര്‍ച്ചു നല്‍കി മാന്വലിനെ അയക്കുന്നു. മുറ്റത്തിങ്ങിയപ്പോള്‍ ആകാശം ശബ്ദവും വെളിച്ചവും കൊണ്ട് ഭയാനകം ആയി. സായുധ സേനയുടെ രാത്രി നിരീക്ഷണം. ബോംബോ  വെടിയുണ്ടകളോ  പെയ്യാം .അതി  ശക്തമായ  വെളിച്ചം  കൊണ്ട് പരതി  പരതി ആകാശത്ത് കൂടി ഹെലികോപ്ടര്‍ നീങ്ങുമ്പോള്‍ മാനുവല്‍ തന്റെ ടോര്‍ച്ചു ആകാശത്തേക്ക്  അടിക്കുന്നു. രാത്രിയില്‍ ആകാശത്തേക്ക് വെളിച്ചം കൊണ്ടുള്ള ഒരു കുഞ്ഞു മറുപടിയാണിത്. പ്രത്യക്ഷത്തില്‍ കുട്ടികളുടെ സഹജമായ കുസൃതി എന്ന് തോന്നാമെങ്കിലും ജനതയുടെ നേരെയുള്ള ഇടപെടലുകള്‍ക്കെതിരെ മാന്ന്വല്‍ നിലകൊള്ളുന്നുണ്ട് .
ഒരു ദിവസം   മാനുവല്‍ വീട്ടില്‍ എത്തുമ്പോള്‍ ആകെ ഒരു പന്തികേട്‌. പശുവിന്റെ കാല്‍ച്ചുവട്ടില്‍ പാല്‍ പാത്രം മറിഞ്ഞു കിടക്കുന്നു . വീടാകെ അലംകോലപ്പെട്ടു   കിടക്കുന്നു. അച്ഛന്റെ തൊപ്പി അവിടെ ?! അച്ഛന്‍ എവിടെ? "അച്ഛന്‍ വരും" അതായിരുന്നു മിരിയയുടെ മറുപടി . അവര്‍ രണ്ടു പേരും വീടുപേക്ഷിച്ച് പോകാന്‍ തീരുമാനിക്കുന്നു. അത്യാവശ്യം വേണ്ടതെല്ലാം എടുക്കണം.  വിലപിടിപ്പുള്ള ഒന്നും ഉപേക്ഷിച്ചു  പോകാന്‍ മനസ്സ് വരില്ല .
തന്റെ പന്ത്? മാനുവല്‍ അമ്മ കാണാതെ ഒരു കയറുമായി പോകുന്നു. ചെറുകല്ലുകള്‍ പോക്കറ്റില്‍ . അവന്‍ കയറില്‍ തൂങ്ങി  താഴ്ന്നിറങ്ങി. ഓരോ കല്ലും  പോക്കറ്റില്‍ നിന്നെടുത്തു അടുത്ത ചുവടു വെക്കെണ്ടിടത്തെക്ക് ഏറിയും . മൈന്‍ ഉണ്ടെങ്കില്‍ പൊട്ടുമല്ലോ . അങ്ങനെ സശ്രദ്ധം കാലുറപ്പിച്ചു അവന്‍ പന്ത് കരസ്ഥമാക്കുന്നു. അപ്പോള്‍ ലൂസിന്റെ കണ്ണട അതാ.. അതും എടുക്കുന്നു.
പന്ത് ചലനത്തിന്റെയും  കണ്ണട കാഴ്ചയുടെയും  .നഷ്ടപ്പെടുന്നത് തിരിചെടുക്കുകയാണ് മാനുവല്‍ .
വീട് പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഗേറ്റിനു പുറത്ത് നിന്നും വീട്ടിലേക്കുള്ള   നോട്ടം  ക്യാമറയുടെ മന്ദനീക്കം കൊണ്ട് സാന്ദ്രമാക്കി . ഒഴിഞ്ഞു പോകുന്നവരുടെ വണ്ടിയില്‍ മാനുവല്‍ കയറുമ്പോഴും അവന്റെ കയ്യില്‍ ആ പന്തുണ്ട് .എതിരെ ഇരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഒരു കളിപ്പാവയും.
ഇടം നഷട്പ്പെടുന്നവരുടെ ജീവിത സങ്കീര്‍ണതകളെ  ഒരു കുട്ടിയെ കേന്ദ്ര സ്ഥാനത്ത് നിറുത്തി മുത്തശികഥയുടെ ലാളിത്യത്തോടെ എന്നാല്‍ സിനിമയുടെ സാധ്യതകളെ ബലികൊടുക്കാതെ കോര്‍ത്ത്‌ ഇണക്കിയിരിക്കുന്നു സംവിധായകന്‍ കാര്‍ലോസ് സെസാര്‍ അര്‍ബലെസ്.
വര്‍ണങ്ങളുടെ പര്‍വതം കുട്ടികളുടെ കളികളും സ്കൂളും അധ്യാപകരും അച്ചന്മാരും ഇല്ലാത്ത നിറം കെട്ട ഒരു ലോകം ആയി മാറുന്നത് എങ്ങനെ ആണ് ? ഇങ്ങനെ ..