Monday, November 17, 2014

മരുഭൂമിയിലെ പെണ്‍രക്തം


മരുപുഷ്പം (ഡെസേര്‍ട്ട് ഫ്ളവര്‍) എന്ന സിനിമ നൊന്തുകൊണ്ടാണ് കണ്ടത്. എവിടെയൊക്കെയോ മുറിവുകള്‍ വീണുകൊണ്ടേയിരുന്നു. കാഴ്ചയുടെ നീറല്‍ സഹിക്കനാകാതെ ഫിലിം ചിലപ്പോള്‍ മരവിപ്പിച്ചു നിറുത്തി.
അവള്‍ ലോകത്തോടു പറയുകയാണ് .. "എന്റെ ബാല്യത്തില്‍ ഞാന്‍ ഒരു സ്ത്രീയാകരുതെന്ന് തീവ്രമായി ആഗ്രഹിച്ചു. കാരണം അവളെ കാത്തിരിക്കുന്നത് തീനോവും നൊമ്പരങ്ങളും അസ്വഥതകളും മാത്രമായിരിക്കും. "
മൂന്നാം വയസിലാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ആ മലയടിവാരത്തില്‍ വെച്ച് അവള്‍ ആ പ്രാകൃതമായ ആചാരത്തിനു വിധേയമാകുന്നത്.
തുടകള്‍ക്കിടയിലെ ലോലമായ പച്ചമാംസം ബ്ലേഡിന്റെ ചീന്തലില്‍ അറ്റുവീണു.സ്വകാര്യഭാഗങ്ങളുടെ ഉളളിലേക്ക് ആഴ്ന്നിറങ്ങിയ മുളളിന്‍ മുനകള്‍ എന്തൊക്കെോയോ കുത്തിപ്പറിച്ചു. രക്തത്തിന്റെ അലറിക്കരച്ചില്‍.ഭയപ്പെട്ടുപോകുന്ന നിസ്സഹായത. പെണ്‍കുഞ്ഞിന്റെ പെണ്ണടയാളത്തില്‍ മാത്രമല്ല ചങ്കിലും കരളിലുമെല്ലാം ആജീവനാന്തമുറിവായി.
ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ ഇളംപ്രായത്തില്‍ അവള്‍ അനുഭവിച്ച ആ ദുരാചാരം എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്.
സ്ത്രീകളുടെ ചേലാകര്‍മം-ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍- (എഫ്ജിഎം) -എന്താണത് എന്ന് പലര്‍ക്കും അറിയില്ല.
"സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും" ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ പെടും.
ലോകാരോഗ്യസംഘടന സ്ത്രീകളിലെ ചേലാകർമ്മത്തെ നാലായി വർഗ്ഗീകരിച്ചിട്ടുണ്ട്.
ടൈപ്പ് I സാധാരണഗതിയിൽ കൃസരിയും (ക്ലൈറ്റോറിഡക്റ്റമി) കൃസരിയുടെ ആവരണവും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് II- (എക്സിഷൻ) കൃസരിയും ഇന്നർ ലേബിയയും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് III (ഇൻഫിബുലേഷൻ) എന്ന പ്രക്രീയയിൽ ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൃസരിയും നീക്കം ചെയ്യപ്പെടും. ഇതിനു ശേഷം മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനിടെയും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും.
ടൈപ്പ് IV പ്രതീകാത്മകമായി കൃസരി, ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രീയയോ(ഗിഷിരി കട്ടിംഗ്) ആണ്.
നാലുവയസ്സിനും ആർത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയിൽ സ്ത്രീകളിൽ ചേലാകർമ്മം ചെയ്യപ്പെടുന്നത്. ചിലപ്പോൾ ശിശുക്കളിലും പ്രായപൂർത്തിയായ സ്ത്രീകളിലും ഈ കർമ്മം ചെയ്യപ്പെടാറുണ്ട്.ഇത് ആശുപത്രിയിൽ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയിൽ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടൻ ചേലാകർമ്മവിദഗ്ദ്ധ/ന്‍ ആണ് ഇത് ചെയ്യുക. മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോൾ നാലാഴ്ചയോളം കാലുകൾ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്. ബാത്റൂമിൽ വച്ചോ ചിലപ്പോൾ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക.
പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.
ലിംഗാസമത്ത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങൾ, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗികവാഞ്ചയെ നിയന്ത്രിക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് ഈ കർമ്മം ഊന്നിനിൽക്കുന്നത്. ഇത് നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഇതിനെ പൊതുവിൽ പിന്തുണയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഈ പ്രവൃത്തി നടക്കുന്നുണ്ട്.”( അവലംബം -വിക്കിപീഡിയ)
ഒരു ആട്ടിന്‍ കുട്ടിയുടെ പ്രസവത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കുഞ്ഞിനെ സ്വന്തം കൈകളിലേറ്റു വാങ്ങിയ വാരിസ് ദിറി പെട്ടെന്ന് ക്ലോസപ്പില്‍ നിന്നും മിഡില്‍ഷോട്ടിലോക്കും ലോംഗ് ഷോട്ടിലേക്കും മാറുന്നു. ആട്ടിടയ-മരുജീവിതത്തിന്റെ പെണ്‍മുഖം.
അവള്‍ സോമാലിയക്കാരി
പതിമൂന്നു വയസ്സുളളപ്പോള്‍ അറുപതുകാരന് വിവാഹം ഉറപ്പിക്കുന്നു. ഉള്‍ക്കൊളളാനാവാത്തതാണെല്ലാം. അമ്മയ്കാവട്ടെ എല്ലാ നന്മയ്കാണ്. അവള്‍ക്കത് ബ്ലേഡിന്റെ മൂര്‍ച്ചയുളള ഇരുളിലേക്ക് ജീവിതത്തെ വിട്ടുകൊടുക്കലാണ്. രാവിന്റെ പകുതിയില്‍ അവള്‍ പുറപ്പെടുന്നു. മൊഗാദിഷുവിലെ വല്യമ്മയുടെ വീട്ടിലേക്ക് . സങ്കടഭാരവുമായുളള ഈ യാത്ര കൊടും മരുഭൂമിയിലൂടെയാണ്. തണലും തണ്ണീരുമില്ലാത്ത , കാലം കൂര്‍പ്പിച്ചിട്ട കല്ലുകളും സൂര്യാഗ്നിയില്‍ പഴുത്ത മണല്‍ത്തരികളുമുളള ,പച്ചപ്പിന്റെ സ്വപ്നഛായ പോലും സ്വപ്നം കാണാത്ത, കരുണയുടെ കണ്ണില്ലാത്ത മരുഭൂമിയിലൂടെ അവളെ നടത്തിയത് ജീവിതമാണ്. പാദങ്ങളില്‍ ചോരയും മണലും കുഴഞ്ഞു. ജിവജാലങ്ങള്‍ ഏറ്റവും തീവ്രമായ വേദനകള്‍ പോലും സഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചിലസാഹചര്യങ്ങള്‍. അനിശ്ചിതത്വമാകാം പകരം വെക്കുന്നത്. എങ്കിലും വേട്ടയാടുന്നതിനോളം കാത്തിരിപ്പില്ല എന്ന പ്രതീക്ഷ മുന്നോട്ടു നയിക്കുന്നു.
അവള്‍ സോമാലിയയില്‍ നിന്നും ലണ്ടനിലെത്തുന്നു.
വീട്ടുവേലയെടുത്തും എച്ചില്‍ തിന്നുമുളള ജീവിതം.
അപമാനത്തിന്റെ ആത്മാഭിമാനം മൂടിയുളള ജീവിതം.
ഔദാര്യവും ദയയും യാചിച്ചു് സോമാലിയക്കാരി
ഒരു പരസ്യഫോട്ടോഗ്രാഫര്‍ അവളെ കണ്ടെത്തു്ന്നതൊടെ അവള്‍ അവളെ തിരിച്ചെടുക്കുകയാണ്.
മോഡല്‍ എന്ന നിലയില്‍ ഉയരങ്ങളിലേക്കുളള പ്രയാണത്തിലും ഒറ്റപ്പെടലിന്റെ ആവരണം.
പ്രശസ്തിയുടെ മുകളില്‍ നില്‍ക്കുമ്പോളാണ് അവള്‍ തന്റെ ദുരന്താനുഭവങ്ങള്‍ ലോകത്തോടും മറയില്ലാതെ തുറന്നു പറഞ്ഞത്.
ഓടുവില്‍ ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യല്‍ അംബാസഡര്‍- ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷന് എതിരായ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരി.

വാരിസ് ദിറിയുടെ ആത്മകഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ പൊളളുന്നതാണ്
ആ കാഴ്ചാനുഭവം ,അതെനിക്ക് പകര്‍ത്താനാവില്ല. വളരെ ഒതുക്കമുളള ആഖ്യാനം. ശക്തമായ ഛായാഗ്രഹണം. ചിത്രസംയോജനത്തിലും വേണ്ടത്ര കരുതലുകള്‍.
പെണ്‍കുഞ്ഞുങ്ങള്‍ ലോകത്ത് പിറക്കുന്നത് നോവിന്റെ ഇരകളാകാനാണോ?
മതവും മനസാക്ഷിയും മറച്ചു പിടിക്കുന്ന ഒരു ലോകം ഉണ്ട്.
അതു നിങ്ങള്‍ കാണണം. ഈ സിനിമ വലിയ ദൗത്യമാണ് വഹിക്കുന്നത്.


തമിഴ് എഴുത്തുകാരി സല്‍മയുടെ ഈ കവിത കൂടി ചേര്‍ത്തുവായിക്കുക.
വാരിസ്‌ ദിറി

ഭഗങ്ങൾ തുന്നിക്കൂട്ടുന്നിടത്ത്‌
അവരവരുടെ ഊഴത്തിനായി
അവർ ക്ഷമയോടെ കാത്തുനിന്നു,
അമ്മമാർ ഇറുക്കിച്ചേർത്ത്‌
ഒക്കത്തുവെച്ചിരിക്കുന്ന
കുഞ്ഞുപെൺകുഞ്ഞുങ്ങൾ..

ഒരു നഴ്‌സിന്റെ
പരുപരുത്ത കത്രികയാൽ
വിഛേദിക്കപ്പെട്ട്‌,
അവരുടെ തൊലിക്കഷ്ണങ്ങൾ
മരുഭൂമിയിലെ പാറപ്പുറത്ത്‌
ചിതറിത്തെറിച്ചു കിടന്നു.
കൊച്ചുകുഞ്ഞുങ്ങളുടെ
ചോരയിൽക്കുതിർന്ന നിലവിളികൾ
കാറ്റിലിടറി.

വെട്ടിമുറിച്ച്‌ തുന്നിക്കൂട്ടി വെച്ച
ഭഗദ്വാരത്തിനുള്ളിൽ
ഒരു ലിംഗത്തിനും എത്തിപ്പിടിക്കാൻ
പറ്റാത്തിടത്തുകിടന്ന്
ചലവും ചോരയും
ഒന്നുപൊട്ടിയൊഴുകാൻ പിടയ്ക്കുന്നു.

ലോകമെങ്ങും വരിവരിക്കങ്ങനെ
നിൽപ്പാണീ പുതുപുത്തൻ ഭഗങ്ങൾ,
ഏതെങ്കിലും അപരിചിതന്‌
പേടിയേതുമില്ലാതെ സുരക്ഷിതമായി
എടുത്ത്‌ പെരുമാറാൻ സൗകര്യത്തിന്‌..

ഉഴുതുമറിക്കപ്പെട്ട ഭഗങ്ങളുമായി
ചരിത്രത്തിന്റെ താളുകൾക്കുള്ളിലേക്ക്‌
മാഞ്ഞുമറഞ്ഞില്ലാതാവുകയാണിവർ,
വാരിസ്‌ ദിരിയുടെ പെങ്ങന്മാർ..

Desert Flower
Directed by Sherry Hormann
Produced by Peter Herrmann,[1] Desert Flower Filmproductions, Dor Film Majestic Filmproduktion BSI International Invest Bac Films
Written by Waris Dirie (book)
Sherry Hormann
Smita Bhide
Screenplay by Sherry Hormann (screenwriter)[2]
Smita Bhide (script revision)
Starring Liya Kebede,Sally Hawkins,Craig Parkinson
Music by Martin Todsharow
Cinematography Ken Kelsch
Edited by Clara Fabry
Release dates 5 September 2009 (Venice Film Festival), 24 September 2009 (Germany)
Running time 124 minutes
Country Germany
Language English,Somali

Thursday, November 13, 2014

സ്മരണകളുടെ മരണം


ഓര്‍മകള്‍ നഷ്ടപ്പെടുന്നത് ആത്മാവ് നഷ്ടപ്പെടുന്നതിനു തുല്യമാണ് എന്ന തുടക്കത്തോടെയാണ് ഈ പ്രണയകാവ്യം ആരംഭിക്കുന്നത്നമ്മളാരെന്ന് നമ്മെ അറിയിക്കുന്നത് നമ്മുടെ ഓര്‍മകളാണ്. ജീവന്റെ രക്തം ഓര്‍മയാണെന്നു പറയാം.




അറിവുകള്‍ ആഘാതമാണ് ചിലപ്പോള്‍
പ്രത്യേകിച്ചും പ്രണിയിച്ച് ഒന്നുചേര്‍ന്നവര്‍ ജീവിതത്തിന്റെ അദ്യതാളുകളില്‍ മധുരദിനങ്ങളെഴുതിച്ചേര്‍ക്കവേ ഒരാള്‍ തന്റെ തലച്ചോറില്‍ ഒരു തുടച്ചുമാറ്റി (ഇറേസര്‍) പ്രവര്‍ത്തിക്കുന്നുവെന്നറിയുമ്പോള്‍,
സ്മൃതിനാശം സംഭവിക്കുന്നുവെന്ന് ആധികാരികമായി ലഭിക്കുന്ന അറിവ് .  
ആദ്യം ദ്രവിക്കുന്നത് സമീപകാലസ്മരണകള്‍.. 
അതാണ് അനശ്വരമുഹൂര്‍ത്തങ്ങളെന്നവള്‍ക്കറിയാം
ഇനി എന്താണ് ചെയ്യുക?
A Moment to Remember Poster.jpgനേരിടുക
മനസിനെ പരുവപ്പെടുത്തുക
പ്രിയനില്‍ നിന്നും മറവിയെ മറച്ചുവെക്കുക.
ജോലി ഉപേക്ഷിക്കുക
തന്റെ ലോകം ചുരുക്കിക്കൊണ്ടുവരിക
ഒക്കെ അവള്‍ തയ്യാറാണ്
മറക്കാന്‍ പോകുന്ന കാര്യങ്ങളെ ഓര്‍ത്തെടുക്കും തോറും അഗാധമായ നീറലാണ്
ആ ഫോട്ടോകള്‍ കൊളുത്തി വലിക്കുന്നു.
യൗവ്വനയുക്തയായ അവള്‍ അവന്റെ അഭിലാഷം മുഴുവന്‍ നിറവേറ്റിയിട്ടില്ല.  
ഒരു കുഞ്ഞിനെ അവനാഗ്രഹിക്കുന്നുണ്ടാവില്ലേ..
കാല്പാദത്തിനടിയിലെ സ്ലാബ് നീങ്ങി ആഴമുളള ഇരുളിലേക്ക് നിപതിക്കും മാതിരി ഓര്‍മയുടെ താങ്ങ് നഷ്ടപ്പെടുകയാണ്.
അതാകട്ടെ മനമറിയാതെ നടക്കുന്ന മാനസപതനവും
ശിരസിനുളളില്‍ മൂടല്‍മഞ്ഞു നിറയുകയാണ്.
......
അവന് അവളുമാത്രമല്ലേയുളളൂ
അവന്‍ മരപ്പണിക്കാരന്‍. എപ്പോഴും പെര്‍ഫെക്ഷനില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അപരിചിതയായ അവള്‍ എന്തിനാണ് കടയില്‍ നിന്നിറങ്ങിയപ്പോള്‍ അവനില്‍ നിന്നും കൊക്കക്കോള തട്ടിപ്പറിച്ച് കുടിച്ചത്?
അവള്‍ അന്നു മറന്നതെന്തെല്ലാമായിരുന്നു?
 പേഴ്സ്, ബാക്കി പണം, പാനീയം.  
അന്നാണല്ലോ അവളുടെ ആദ്യകാമുകന്‍ അവളെ മറന്നതും.
മറവിയുടെ സ്റ്റേഷനില്‍ വെച്ചായിരുന്നല്ലോ അവനെ അവള്‍ അല്ല അവളെ അവന്‍ കണ്ടത്.
അന്ന്, അവള്‍ ഇനി ജോലിക്കു പോകുന്നില്ലെന്നു പറഞ്ഞപ്പോള്‍ അസ്വാഭാവികത തോന്നേണ്ട കാരമില്ലായിരുന്നു
ചെരുപ്പുകള്‍ ഒരുക്കി വെച്ചതില്‍ ഇടം വലം മാറിപ്പോയതും.
ഉച്ചയ്ക് ഊണിന് പാത്രം തുറന്നപ്പോള്‍ കറിപ്പാത്രത്തിലും ചോറ്!
ഡോക്ടര്‍ പറയുന്നത് ഉള്‍ക്കൊളളാന്‍ മാത്രം കാഠിന്യം അവന്റെ ഹൃദയത്തിനില്ല
അവള്‍ അവനോടും ചോദിച്ചേക്കാം നീ ആരാണ്? എന്ന്.
................
മറവിയുടെ വാതിലുകള്‍ തുറന്ന് അവളിറങ്ങിപ്പോകാതിരിക്കാന്‍ അവനെന്തെല്ലാം പാടുപെട്ടു
വീടാകെ ലേബലുകളും നിര്‍ദ്ദേശങ്ങളും കൊണ്ടു നിറച്ചു
അവളുടേയും അവന്റേയും ഫോട്ടോയ്ക് താഴെ എഴുതിവെച്ചു Su-jin and Chul-soo..!
എങ്ങനെ കലണ്ടര്‍ നോക്കണം എങ്ങനെ ഓരോരോ പ്രവൃത്തികള്‍ ചെയ്യണം എല്ലാം കുറിപ്പുകളാക്കി ഭിത്തിയില്‍ ഒട്ടിച്ചു
ഓര്‍മ്മത്താക്കോലുകളുടെ അക്ഷരങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു
അവള്‍ ഒരു ദിവസം അവനെ അവളുടെ ആദ്യകാമുകന്റെ പേരു ചൊല്ലി വിളിച്ചു.
.......
പ്രണയിനിയുടെ സ്മതിനാശം ജീവിതത്തിന്റെ വേരുപറിക്കലാണ്
കാമുകിയുടെ സ്മൃതിനാശം എതു കാമുകനോടും ചോദിച്ചേക്കാം
ആരാണ് നീ?
ആ ചോദ്യത്തെയും പ്രേമിക്കുക. 
ലാളിത്യമേറെയുളള ഈ സിനിമ കൊറിയക്കാരും ജപ്പാന്‍ കാരും ഹൃദയത്തിലേറ്റിയത് എന്തുകൊണ്ടാകും.?  
അതിനുത്തരം ഈ സിനിമ തന്നെ.

A Moment to Remember

Directed by Lee Jae-han (John H. Lee)
Produced by Cha Seung-jae
Written by Lee Jae-han
Kim Young-ha
Starring Jung Woo-sung
Son Ye-jin
Music by Kim Tae-won
Cinematography Lee Jun-gyu

 





Saturday, July 12, 2014

ബാഗ്ലൂര്‍ ഡെയ്സും ഡി വൈ എഫ് ഐയുടെ നൈറ്റ് അസംബ്ലിയും തമ്മിലെന്ത് ബന്ധം?


ഇതൊരു സിനിമനിരൂപണമാണോ? =അല്ല/അതെ.

ഡി വൈ എഫ് ഐ അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ എഴുതുന്നു."പ്രായഭേദമന്യേ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലാത്ത ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സുരക്ഷിതമായി നിരത്തുകളിലൂടെ അവര്ക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. എങ്ങും എവിടെയും എന്നും പീഡന വാര്‍ത്തകള്‍ മാത്രം. ചാനലുകളും പത്രങ്ങളും തങ്ങളുടെ പ്രചാരം വര്ദ്ധിപ്പാന്‍ മാത്രമുള്ള ഉപാധി ആയി ഇതിനെയൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പണ്ടൊരു നാള്‍ ഗോവിന്ദ ചാമി എന്നാ നരാധമന്‍ പിച്ചി ചീന്തിയ സൗമ്യ, ഡല്‍ഹിയില്‍ ഒരു ബസില്‍ വച്ച് പീഡനത്തിനു ഇരയായ പെണ്‍കുട്ടി, ഉത്തര്‍ പ്രദേശില്‍ മാനഭംഗത്തിന് ശേഷം മരത്തില്‍ കെട്ടി തൂക്കി കൊന്ന രണ്ടു സഹോദരിമാര്‍ അങ്ങനെ അനവധി നിരവധി സ്ത്രീ പീഡനങ്ങള്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ പടുവൃദ്ധര്‍ വരെ പീഡിപ്പിക്കുന്നു. എന്താണ് നമ്മുടെ നാട് ഇങ്ങനെ ?? ഇതിനു ഒരു മാറ്റം വരണ്ടേ?? മാറ്റം വരുത്തണ്ടേ നമുക്ക് ?? വികലമായ ചിന്തകള്‍ക്ക് വശംവദരായി പീഡിപ്പിക്കുന്നവരെ ഒരു ബോധാവത്ക്കരണത്തിലൂടെ പിന്തിരിപ്പിക്കാന്‍ ഡി.വൈ.എഫ്.. ശ്രമിക്കുകയാണ് ജൂലൈ 10 ന്. "പേടിച്ചരണ്ട നിന്‍ പേടമാന്‍ മിഴികള്‍... തേടുവതാരെയെന്നറിവു ഞാന്‍.. മാരനെയല്ലാ മണാളനെയല്ല... മാനം കാക്കുമൊരാങ്ങളയേ..." കവിയുടെ ഈ വരികളെ ഡി വൈ എഫ്‌ ഐ കാലികപ്രസക്തമായ മുദ്രാവാക്യമായി ഉയര്‍ത്തിപിടിച്ച്‌ കൊണ്ട്‌ ഡെല്‍ഹിയിലെ ജ്യോതി,ഉത്തര്‍പ്രദേശിലെ ദളിത്‌ സഹോദരിമാര്‍,കേരളത്തിന്റെ സൗമ്യ ഇവരുടെ പിന്മുറക്കാരായി നാളെ നമ്മുടെയും അമ്മ പെങ്ങന്മാര്‍ വരാതിരിക്കാന്‍ "രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്" എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്ത്രീകളെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളില്‍ ജൂലായ്‌ 10 നു സംഘടിപ്പിക്കുന്ന "നൈറ്റ്‌ അസംബ്ലി" യ്ക്ക്‌ കക്ഷി - രാഷ്ട്രീയ ഭേദമന്യേ നമ്മള്‍ ഒന്നിക്കേണ്ട ഒരു ജനകീയ വിഷയം ആണിത്"
ആങ്ങള സങ്കല്പം
ഡി വൈ എഫ് ഐ ഒ എന്‍ വിക്കവിതയിലെ മാനം കാക്കുന്ന ആങ്ങളസങ്കല്പത്തെ ഉയര്‍ത്തിപ്പിടിച്ച് രാത്രിസഭയുടെ പ്രചരണക്കുറിപ്പ് എഴുതിയത് ശരികേടായിപ്പോയി. പെണ്ണിന് സ്വയം സംരക്ഷിക്കാനാകില്ല എന്ന ധ്വനി.സംരക്ഷകരുടെ റോള്‍ പുരുഷമനസുകള്‍ക്ക് മാത്രം. ആണും പെണ്ണും ( സഖാക്കള്‍) എന്ന നിലയില്‍ വ്യക്തിത്തമുളള പ്രസ്ഥാനത്തില്‍ തെരഞ്ഞെടുക്കേണ്ട വാക്കിതാണോ പെങ്ങളായിട്ടെല്ലാ പെണ്ണുങ്ങളേയും കാണണം എന്നു പറയുന്നതില്‍ എന്തു തെറ്റെന്നു ചോദിച്ചേക്കാം. പരസ്പരം മാനിക്കപ്പെടേണ്ട വ്യക്തി എന്ന നിലയില്‍ പെണ്ണിനെ അംഗീകരിക്കാന്‍ കഴിയണമായിരുന്നു.സ്ത്രീയ്ക് അമ്മ,ഭാര്യ, പെങ്ങള്‍,മകള്‍ എന്നിങ്ങനെയല്ലാതെ പൗര എന്ന നിലയില്‍ അസ്തിത്വമില്ലേ. അതനുവദിച്ചു കൊടുക്കുന്നതിനെന്താ ഇത്ര മടി?എവിടെ സ്ത്രീകള്‍ക്കെതിരായ അനീതിയുണ്ടോ അവിടെ സമൂഹവും പ്രസ്ഥാനവുമുണ്ട് എന്നു ഉറക്കെ പ്രഖ്യാപിക്കുന്ന രാത്രിസഭയുടെ കാലിക പ്രസക്തി ചോദ്യം ചെയ്യാനാവാത്തത്.സംഘാടകരുടെ പ്രതിബദ്ധതയും.അതു മാനിച്ചുകൊണ്ട് വിനയപൂര്‍വം പറയട്ടെ, പക്ഷേ അറിഞ്ഞോ അറിയാതെയോ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു തിളക്കം നഷ്ടപ്പെടുന്ന പിശകുകളുണ്ടാകരുതായിരുന്നു.കസിനുകളെ അവതരിപ്പിച്ച് ബാഗ്ലൂര്‍ ഡെയ്സിലും നല്‍കുന്ന സന്ദേശം മറ്റൊന്നല്ല.
നൈറ്റ് അസംബ്ലിയും ബാഗ്ലൂര്‍ ഡേയ്സും
പേരുകളുടെ ഭാഷ നോക്കൂ.മലയാളസിനിമകളുടെ പേരുകളാകെ ഇംഗ്ലീഷിലാകുന്ന പ്രവണതയ്ക്കെതിരേ പലരും പ്രതികരിക്കുന്ന സമയമാണിത്, ശ്രേഷ്ഠമലയാളത്തിന്റെ കരുത്തില്‍ ആര്‍ക്കൊക്കെയോ സംശയം.ഇംഗ്ലീഷ് മീഡിയം തലമുറയുടെ അഭിരുചികള്‍ക്കും കമ്പോളപ്രിയ മുതല്‍മുടക്കിനും ഇംഗ്ലീഷ് വേണമെന്ന് സിനിമവ്യവസായികള്‍ തീരുമാനിക്കുന്നതു മനസിലാക്കാം.മലയാളസംരക്ഷണത്തിനായി പുരോഗമന കലാസാഹിത്യസംഘം സമരം നടത്തുന്ന കാലത്ത് തന്നെ സമരത്തിനും വേണം ആംഗലേയം എന്നു തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. രാത്രിസഭ, രാത്രിസദസ് എന്നെല്ലാം പറഞ്ഞാല്‍ നാണക്കേടാകുന്നത് ഒരു സാംസ്കാരിക പ്രശ്നമാണ്.
ആണിടങ്ങളെ പൊതു ഇടങ്ങളാക്കുക
ആണിടങ്ങളെ അവകാശമാക്കുന്ന പെണ്ണുങ്ങളുളള ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമ കാണാന്‍ കേരളത്തിലെ വലിയൊരു സംഘം പെണ്ണുങ്ങള്‍ സെക്കന്ഡ് ഷോയ്കും തിയേറ്ററുകളില്‍ ക്യൂ നില്‍ക്കുന്നുമുണ്ട്.സകുടുംബം സിനിമ കാണാം. എന്നാല്‍ സകുടുംബം സമരവേദികളിലോ പെണ്‍പക്ഷകൂട്ടായ്മകളിലോ എത്താതെയുമിരിക്കുക.പൊതു ഇടങ്ങളെല്ലാം ആണുങ്ങളുടേതാണെന്നു കരുതുന്ന മനസുളളവരാക്കി കേരളീയ സ്ത്രീകളെ മാറ്റിയെടുത്ത സാംസ്കാരിക സാഹചര്യം എന്താണ്?ചരിത്രത്തിന്റെ മറക്കുടസ്മരണകള്‍ വര്‍ത്തമാനവ്യവഹാരത്തിന്റെ സജീവതയിലേക്കു തികട്ടിവരുന്നുവോ? ഒപ്പത്തിനൊപ്പം സമൂഹത്തില്‍ പ്രകാശനം ചെയ്യാനുളള അവസരം അഭിലഷിക്കുന്നവരാണ് സ്ത്രീകള്‍. സമൂഹത്തിന്റെ വിരല്‍ചൂണ്ടല്‍ പേടിച്ച് മറുത്തു പറയാനാവാതെ എരിഞ്ഞുതീരുന്നതിനോടുളള ആത്മനിന്ദ ഉളളില്‍ വേവിച്ച് നടക്കുന്ന അവര്‍ ബാഗ്ലൂര്‍ ഡെയിസ് ഇഷ്ടപ്പെടുന്നു. അടിച്ചുപൊളിച്ച് ഊരു ചുറ്റുന്ന പെണ്ണിനെ ഇഷ്ടപ്പെടുന്നു.തനാഗ്രഹിക്കുന്ന സ്വതന്ത്രാവസ്ഥ മറ്റൊരാളിലൂടെ പ്രതീകാത്മകമായി അനുഭവിക്കുന്ന മനശാസ്ത്രമാണോ ഇതിലുളളതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ധീരമായ തീരുമാനങ്ങള്‍ക്കും സമൂഹത്തിലെ ദൃശ്യതയ്ക്കും വേണ്ടി ശബ്ദം തിരച്ചുപിടിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. അത്തരം ചിന്തകളിലേക്ക് ഈ സിനിമയുടെ ചര്‍ച്ചയെ വികസിപ്പിക്കുന്നില്ലെങ്കില്‍ സാമ്പത്തികവിജയത്തിനപ്പുറം ഈ സിനിമ വിജയിക്കാതെ പോകും.
കെട്ടുന്നത് പൂട്ടാനാണ
ബാംഗ്ലൂര്‍ ഡെയ്സിലെ ഗാനം ചിത്രത്തിന്റെ സന്ദേശം നല്‍കുന്നു.കെട്ടുന്നത് പൂട്ടാനാണെന്ന് ഉറപ്പിച്ചു പറഞ്ഞാണ് ആദ്യ ഗാനം കല്യാണ വീട്ടില്‍ ആഘോഷിക്കുന്നത്.
പച്ചക്കിളിക്കൊരു കൂട് പച്ചക്കരിമ്പഴിയുള്ള കൂട്
ആ പച്ചക്കിളിക്കൊരു കൂട് പച്ചക്കരിമ്പഴിയുള്ള കൂട്
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ
അത് നിന്നെ പൂട്ടാനാണല്ലോ
.......കേട്ടോ നീ കേട്ടോ..
ഈ കൂട്ടില്‍ പെട്ടാല്‍ പിന്നെ
നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ
കണ്ണാല്‍ എന്‍ കണ്ണാല്‍..
ഞാന്‍ കള്ളത്താക്കോല്‍ തീര്‍ക്കും
വെള്ളി പക്ഷിക്കൊപ്പം മേലേ വിണ്ണില്‍ പാറും ഞാനും
പച്ചക്കരിമ്പഴിയുളള കൂട്ടില്‍ കെട്ടിയിട്ട കിളി വെളളപ്പക്ഷിപോലെ പറക്കുന്ന കാഴ്ചയാണ് ബാംഗ്ലൂര്‍ ഡെയിസില്‍ കാണുന്നത്. കെട്ടിക്കഴിഞ്ഞാല്‍ പിന്നെ എരിപൊടിയങ്കമായിരിക്കും ജീവിതം.അതെ കലാപമനിവാര്യമാക്കുന്ന ഉടമ്പടിയാണ് വിവാഹം എന്ന നിലാണ് ഇപ്പോഴും. ആകാശം നഷ്ടപ്പെടുന്ന പറവയായി മാറാന്‍ എത്ര പെണ്ണുങ്ങള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ട്? പലപ്പോഴും യൗവ്വനത്തിന്റെ സ്വപ്നങ്ങളില്‍ അന്തര്‍സങ്കര്‍ഷങ്ങള്‍ കെട്ടിവെച്ചമര്‍ന്നു വിങ്ങുന്നതിനെയാണ് വിവാഹജീവിതം എന്നു വിളിക്കുന്നത്.അടക്കം, ഒതുക്കം, വിധേയത്വം, അനുസരണ,ക്ഷമ എല്ലാമാണ് വധു കൊണ്ടുചെല്ലേണ്ടത്. ഈ സിനിമയിലെ വെളളപ്പക്ഷി പാറിപ്പറക്കുന്ന രീതികളോട് വിയോജിക്കാം.( നിശാഭക്ഷണശാലകള്‍, മദ്യശാലകള്‍,ഉല്ലാസകേന്ദ്രങ്ങള്‍,സിഗരറ്റ് ശീലങ്ങള്‍, സാഹസിക ബൈക്ക് യാത്രകള്‍ തുടങ്ങി അടിപൊളിജീവിതം നയിക്കുന്ന യുവാക്കളുടെ എല്ലാ മേഖലകളിലും അവളെ എത്തിച്ചാണ് സംവിധായിക പാറിപ്പറക്കല്‍ കാട്ടിത്തരുന്നത്.) താമസിച്ചു വരാനും പറയാതെ പോകാനും തന്നിഷ്ടപ്രകാരമുളള തീരുമാനമെടുക്കാനും കയര്‍ത്തു സംസാരിക്കാനും ഇണയെ മാനിക്കാതിരിക്കാനും പുരുഷനു മാത്രം അവകാശം എന്നതിനെ ചോദ്യം ചെയ്യുന്ന ദിവ്യ എന്ന പെണ്ണിനെ ആ തലത്തില്‍ കൂടി കാണേണ്ടതുണ്ട്. അവഗണനയോടുളള പ്രതികരണങ്ങളും പ്രധാനം. തന്റെ ജീവിതത്തെ മാറ്റിയെടുക്കുക എന്നതിനുളള അവളുടെ പരിശ്രമങ്ങളും വിലമതിക്കപ്പെടേണ്ടത്.രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ് തെരുവുകളും എന്ന സന്ദേശം ഈ സിനിമയും അവതരിപ്പിക്കുന്നു. ആ സ്വന്തമാക്കല്‍ ഉയര്‍ന്ന പ്രത്യയശാസ്ത്രാവബോധത്തിന്റെ ഭാഗമായല്ല മറിച്ച് ആധുനികകമ്പോളജീവിതത്തിന്റെ അടിപൊളിസംസ്കാരത്തിന്റെ നിഴല്‍പറ്റിയാണെന്നു മാത്രം. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ വേഗം വിറ്റുപോകുന്ന ഒന്നായി ഈ സിനിമ മാറും. സിനിമ യുവതീയുവാക്കളുടെ സ്വപ്നഭൂമിയുടെ പ്രതീകമായി ബംഗ്ളൂരിനെ അവതരിപ്പിക്കുന്നു.
കണ്ണുംചിമ്മി.. കണ്ണുംചിമ്മി..കാണും
കനവാണീ ബാംഗ്ളൂര്‍
ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം.. ബാംഗ്ളൂര്‍
നൂലും പൊട്ടിപ്പാറും പട്ടംപോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായി ..ബാംഗ്ളൂര്‍
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
എല്ലാ വിധ കെട്ടുപാടുകളേയും പൊട്ടിച്ചെറിഞ്ഞ് (ചരട് പൊട്ടിപ്പാറുന്ന പട്ടം) നാടും കൂടും വിട്ട കിളികളായി മതിമറന്നു പറക്കുകയാണത്രേ മധുരജീവിതം!
അതേ സമയം ഡി വൈ എഫ് ഐ ഉയര്‍ത്തിയ തെരുവിനേയും രാത്രികളേയും സ്ത്രീകളുടെ കൂടി ഇടമാക്കി മാറ്റുക എന്ന പ്രക്രിയ രാഷ്ട്രീയ അവബോധ നിര്‍മിതിയിലൂടെ മാത്രമേ സാധ്യമാകൂ. സാംസ്കാരിക സദസുകളായാണ് രാസഭയെ ആ യുവജനപ്രസ്ഥാനം വിഭാവനം ചെയ്തത്. വിപണിയുടെ മായാമോഹിതാനുഭവങ്ങള്‍ക്കു പകരം പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റേയും തുല്യതയ്കുവേണ്ടിയുളള പ്രയത്നത്തിന്റേയും തലങ്ങളെ കുടുംബജീവിതത്തിനകത്തു മാത്രം പരിഹരിക്കാനാകില്ല. അതിന് സാമൂഹികമായ മാനം കൂടി ലഭിക്കണം. അധികാര സ്ഥാനങ്ങളിലെയും നേതൃപദവികളിലേയും സംവരണദാനം എന്നതിനപ്പുറം തുല്യപങ്കാളിത്തം ബോധ്യപ്പെടുത്തേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്കുണ്ട്. എങ്ങനെയാണ് സ്ത്രീസാന്നിദ്ധ്യത്തെ ഉറപ്പാക്കുന്ന സംഘടനാരീതികള്‍ എന്നത് വികസിപ്പിച്ചെടുക്കേണ്ട ചുമതല മറ്റാരാണ് ചെയ്യുക?
ജ്യോതിഷിയുടെ മുമ്പിലെ കേരളം
മകളുടെ കല്യാണപ്രായം തീരുമാനിക്കുന്നത് മാതാപിതാക്കളല്ല.പെണ്ണുമല്ല. മറിച്ച് ജ്യോതിഷിയാണ്. വരും വരായ്കകള്‍ കൃത്യമായി പറയും. എത്ര പഠിപ്പുളളവരും ജ്യോതിഷിയുടെ മുന്നില്‍ യുക്തിബോധത്തെ ഒളിച്ചുവെക്കും.ദിവ്യയുടെ കല്യാണം ഉടന്‍ നടന്നില്ലെങ്കില്‍ അവളെ അടിച്ചുമാറ്റിക്കൊണ്ടുപോയേക്കാമെന്ന് ജ്യോതിഷി പറഞ്ഞാല്‍ അതിനപ്പുറം സ്ത്രീശാക്തീകരണക്കാരിക്കും വാക്കില്ല.കൊഞ്ഞനം കാട്ടുന്നുവെങ്കിലും അവള്‍ ജ്യോതിഷിയുടെ തീരുമാനമാണ് തന്റെയും എന്നതിലേക്കു ചുരുങ്ങുന്നു.നാടിന്റെ മനസു് ഇങ്ങനെയാണ്.അനിഷ്ടകരമായ ജീവിതം സംഭവിക്കാതിരിക്കാന്‍ ജാതകത്തെ ആശ്രയിക്കുക. അവരവരുടെ ജിവിതം അവരവര്‍ തന്നെയാണ് രൂപപ്പെടുത്തുക എന്ന തിരിച്ചറിവില്ലാത്ത പെണ്ണുങ്ങളും മാതാപിതാക്കളും!
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
ജോലിയില്‍ കയറുന്ന അന്ന് തന്റെ ക്യാബിനില്‍ കമ്പ്യൂട്ടര്‍ മുറിയില്‍ ദൈവത്തിന്റെ ചിത്രം വെച്ചു പൂജിക്കുന്ന കുട്ടന്‍. കുട്ടന്റെ അമ്മയുടെ ആഗ്രഹം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറിനെ തന്നെ പ്രസവിക്കണമെന്നായിരുന്നു. എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് ഇപ്പോള്‍ മറ്റൊന്നുമല്ലല്ലോ. കേരളത്തനിമയില്‍ ആവേശം കൊളളുന്ന കുട്ടന്‍, ലിഫ്റ്റില്‍ മൂന്നു നാലു പെണ്‍തരികള്‍ ഒപ്പം കയറുമ്പോള്‍ ശ്വാസം മുട്ടുന്ന കുട്ടന്‍. ഭാവി വധുവന്റെ ശാലീനത വിവരിക്കുന്ന കുട്ടന്‍. ഈ സിനിമയിലെതന്നെ ഗാനത്തിലുളളതുപോലെ കവിളത്തു കണ്ണാടിത്തുണ്ടും ചുണ്ടത്തു ചിങ്കാരച്ചെണ്ടും നീലക്കായലുപോല്‍ തോന്നും ഓമല്‍ക്കണ്ണും മുടിക്കാര്‍മുകിലും നാടന്‍ ചേലും തങ്കത്താമരപോല്‍ പൂന്തേന്‍ ചിന്തും നെഞ്ചും എല്ലാമുളള സങ്കല്പത്തിലെ തനിനാടന്‍ പെണ്ണ്. കുട്ടനെ ചേട്ടാ എന്നു വിളിക്കുന്നത് ആലോചിച്ചു മധുരിക്കുന്നുമുണ്ട്. ഈശ്വരവിശ്വാസിയായ സംസ്കാരത്തനിമയില്‍ മുറുകെ പിടിക്കുന്ന കുട്ടന്‍, അരപ്പാവാടക്കാരികളെ കണുമ്പോള്‍ ആര്‍ത്തിക്കണ്ണുകളോടെ നോക്കുന്നതും എയര്‍ഹോസ്റ്റസിനെ കാപ്പിയില്‍ ചാലിച്ചു കുടിക്കാനാഗ്രഹിക്കുന്നതും ഒടുവിലവളുടെ കൂടെ അന്തിയുറങ്ങുന്നതുമെല്ലാം സരസമായ കാഴ്ചകളായി കണ്ടിരിക്കാം. അതേ സമയം കേരളക്കരയിലെ അഭ്യസ്തവിദ്യരായ വിശ്വാസിപ്പയ്യന്‍മാരുടെ ഇരട്ട വ്യക്തിത്വമായി വ്യാഖ്യാനിക്കുകയാകും കൂടുതല്‍ ഉചിതം. കുട്ടന്റെ അപ്രത്യക്ഷനാകുന്ന അച്ഛന്‍ ഗോവയിലെത്തി അടിച്ചുപൊളി ജിവിതം നയിക്കുന്നതായി തിരിച്ചറിയുമ്പോള്‍ കളളന്‍ എന്ന മട്ടിലുളള കുട്ടന്റെ ഭാവപ്രകടനവും വായിക്കേണ്ടതുണ്ട്. ഒളിജീവിതത്തിന്റെ ഗോവയാണ് കേരളത്തിന്റെ മറ്റൊരു മനസ്. സ്നേഹിതയുടെ ഊരുചുറ്റലിനെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ തന്റെ ഭാവിവധു അടങ്ങിയൊതുങ്ങി കഴിയുന്നവളായ ശാലീനകളാകണമെന്നും കരുതുന്ന യുവാക്കളെ തുറന്നു കാട്ടുന്നതിന് കുട്ടന്‍ എന്ന കഥാപാത്രത്തിന് കഴി‍ഞ്ഞിട്ടുണ്ട്. എയര്‍ഹോസ്റ്റസായ മീനാക്ഷി മോശം പെണ്ണാണ് എന്ന ധ്വനി സിനിമകണ്ടിറങ്ങുന്നവരുടെ സംഭാഷണത്തില്‍ കേട്ടു.അവളോടാപ്പം രാവു പങ്കിട്ട കുട്ടന്‍ അത്ര മോശവുമല്ല.!? തിന്മയുടേയും നന്മയുടേയും കാര്യത്തില്‍ അവള്‍ക്ക് ബാധകമായതെല്ലാം അവനും ബാധകമാണ് എന്നു വിലയിരുത്താന്‍ കഴിയണമായിരുന്നു
ശാന്തേച്ചി
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ശാന്ത എന്ന പേരിടാറില്ല. ആ പേരില്‍ പെണ്ണിനെ അടയാളപ്പെടുത്തുന്നുണ്ട്."കുളികഴിഞ്ഞീറന്‍ പകര്‍ന്ന് വാര്‍കൂന്തല്‍ കോതി വകഞ്ഞു പുറകോട്ടു വാരിയിട്ടാ, വളക്കൈകള്‍ മെല്ലെയിളക്കി,ഉദാസീന ഭാവത്തിലാ കണ്ണിണയെഴുതി,ഇളകുമാ ചില്ലികള്‍ വീണ്ടും കറുപ്പിച്ച്
നെറ്റിയലഞ്ജനം ചാര്‍ത്തി,വിടരുന്ന പുഞ്ചിരിനാളം കൊളുത്തി വരുന്ന" ശാന്തയെ കവി അവതരിപ്പിച്ചിട്ടുണ്ട്.ഈ ശാന്ത സങ്കല്പത്തെ രൗദ്ര സങ്കല്പത്തിലേക്ക് പരിവര്‍ത്തിപ്പിച്ച രചനകളും നാം വായിക്കുന്നു. ഈ സിനിമയിലും ശാന്തയുണ്ട്. നാട്ടിലെ ശാന്ത ശാന്ത. നഗരത്തിലെത്തിയ ശാന്ത ജീവിതമാകെ തന്നിഷ്ടപ്രകാരമാക്കുന്നു. ഭര്‍ത്താവ് ഒളിച്ചോടി.( ആ പ്രയോഗം സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണോ ചേരുക?) പോയവനെ ഒര്‍ത്തും കാത്തും കണ്ണീര്‍ വാര്‍ത്തും ജീവിക്കുന്ന പെണ്ണല്ല ശാന്തേച്ചി. അവള്‍ തന്റെ ജീവിതത്തിനു സ്വയം നിറം നല്‍കാന്‍ തീരുമാനിക്കുന്നു. വേഷത്തിലും ആധുനിക ജീവിത ശൈലിയിലുമെല്ലാം വിപ്ലവകരമായ മാറ്റം. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകന്‍ അടുക്കളയില്‍ നോക്കയിപ്പോള്‍ ഒന്നും പാകം ചെയ്തിട്ടില്ല. ചീട്ടുകളിക്കിടയില്‍ സമയം കിട്ടിയില്ലെന്നമ്മയുടെ മറുപടി. ആ ഹോട്ടലുകളില്‍ ഓര്‍ഡര്‍ ചെയ്തു വരുത്താനാണ് നിര്‍ദ്ദേശം. തമാശക്കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന കല്പന ഈ കഥാപാത്രത്തെ ചെയ്തതിനാല്‍ ഇത്തരം പ്രഖ്യാപനങ്ങളെ തമാശയായി ചിരിച്ചു തളളാനാണ് അധികം പേരും ശ്രമിക്കുക.ആരാണ് പാകം ചെയ്യേണ്ടത്? വിനോദവാസരങ്ങളെ ബലികഴിക്കേണ്ടത്? വീടിനകത്തെ തൊഴില്‍ വിഭജനത്തിന്റെ മേലുളള കൊട്ടലുകള്‍ നാം കേള്‍ക്കുന്നു കാണുന്നു.പുതിയൊരു ഭവനസംസ്കാരം രൂപപ്പെടേണ്ടതുണ്ട്. അത് ജനാധിപത്യപരമായ സാധ്യതകളിലേക്ക് വികസിപ്പിച്ചില്ലെങ്കില്‍ മാധ്യമപ്രലോഭനങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം എന്ന തിരിച്ചറിവും ഈ സിനമയുടെ വായന നല്‍കുന്നു.
ഈ സിനിമ എല്ലാ ചേരുവകളുളളതാണ്. എന്നാല്‍ ചില വിശകലനാത്മക ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിടുന്നു.കല്യാണമണ്ഡപത്തില്‍ സുഗന്ധം പൂശിയെത്തേണ്ട പെണ്ണിനെ സിഗരറ്റ് മണക്കുന്നത് അസഹ്യമാകുന്നത് സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരമായതുകൊണ്ടാണെങ്കില്‍ കുഴപ്പമില്ല. അല്ലാതെ..? പലരീതികളില്‍ മാധ്യമവായന നടത്താനുളളളള ശേഷി വര്‍ദ്ധിപ്പിക്കണം .
"രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്"
"രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്"എന്ന മുദ്രാവാക്യത്തെ സമൂഹചര്‍ച്ചയിലേക്ക് ഉയര്‍ത്തികൊണ്ടുവരണം. അത് എതുവിധത്തിലാകണമെന്ന് എല്ലാ പ്രസ്ഥാനങ്ങളും ആലോചിക്കണം. ഉപഭോഗാസക്തിയും ചാനല്‍പ്രഭയുടെ ആശിര്‍വാദങ്ങളും കമ്പോളപ്രിയതയും തുറന്നിടുന്ന രാത്രികളേയും തെരുവകളേയും അല്ല വേണ്ടതെന്ന ചിന്ത യുതലമുറയിലേക്ക് പകരാന്‍ ബാംഗ്ലൂര്‍ ഡേയ്സിനു കഴിയുന്നില്ല. എങ്കിലും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ കളങ്കരഹിത ചിത്രങ്ങള്‍ കാട്ടിത്തരുന്നുണ്ടെന്നതിനെ കാണാതെ പോവുകയുമരുത്.

Saturday, March 15, 2014

സിനിമയുടെ ഹൃദയത്താക്കോലുമായി ഹ്യൂഗോ


സിനിമയെക്കുറിച്ചുളള , സിനിമയ്ക്കുള്ളില്‍ സിനിമയുളള , ജീവിത സമസ്യകളഉളള സിനിമയാണ് ഹ്യൂഗോ. അനാഥനായ ഒരു പന്ത്രണ്ടുവയസുകാരന്‍ യന്ത്രചക്രങ്ങളുടെയിടയില്‍ ഒളിച്ചു പാര്‍ക്കുകയാണ്. ഈ പാര്‍പ്പിടത്തിലേക്കുളള ആദ്യ രംഗത്തില്‍ , നമ്മുടെ കാഴ്ച അതിഭീമാകരാമായ പല്‍ച്ചക്രങ്ങളുടെ പിത്തളത്തിളക്കത്തില്‍ തിരിയുന്ന യന്ത്രങ്ങളുടെ ആന്തരഭാഗങ്ങളില്‍ നിന്നും മങ്ങിലയിച്ച് തെളിയുന്നത് പാരീസ് നഗരത്തിന്റെ യാന്ത്രികജീവിതത്തിന്റെ മഞ്ഞത്തിളക്കത്തിലേക്കു്. ആ വിദൂരക്കാഴ്ചയില്‍ നിന്നും നമ്മേയും കൊണ്ടു ക്യാമറ അതിവേഗതയുടെ കാക്കത്തൊളളായിരം മൈല്‍ സ്പീഡിലെന്ന വണ്ണം കൂപ്പുകുത്തുകയാണ് പാരീസ് നഗരത്തിലെ തീവണ്ടിയാഫീസിലേക്ക്. പാളങ്ങളിലെ കിതയ്ക്കുന്ന പായുന്ന തീവണ്ടികളും പരസ്പരമറിയാതെ ജീവിതത്തിന്റെ കെട്ടും ഭാണ്ഡവും പേറി ദേശവും കാലവും ദുരവും കൊണ്ടു വ്യത്യസ്തരമായ യാത്രക്കാരുടെ മുറുകിയ തിരക്കുകളിലൂടെ അവരെ വകഞ്ഞുമാറ്റി, മുട്ടിമുട്ടാതെ തട്ടി വീഴാതെ ,എന്നാല്‍ സ്റ്റേഷനിലെ പരക്കംപാച്ചിലിന്‍റെ അനുഭവതീവ്രതയെ പാരമ്യതയിലെത്തിച്ച്, ഊഞ്ഞാലാടി ഉയരുന്നതുപോലെ മേലെയുളള ടവറിന്റെ തലപ്പിലേക്കുയര്‍ന്ന് ക്ലോക്കിലെ നാലാമക്കത്തിന്റെ ഫ്രെയിമിനുളളിലൂടെ പുറത്തേക്കു നോക്കുന്ന ഒരു ബാലന്റെ മുഖത്തെത്തിച്ചേരുന്നു.അവന്റെ പേരാണ് ഹ്യൂഗോ.( പാരീസിന്റെ വിദൂരദൃശ്യത്തില്‍ നിന്ന് ഹ്യൂഗോയുടെ ക്ലോസപ്പ് ഷോട്ടിലേക്ക് എത്താന്‍ 1000 കമ്പ്യൂട്ടറുകളാണ് ഉപയോഗിച്ചത്!) ത്രി ഡി ചിത്രമാണിതെന്നോര്‍ക്കണം.( ഞാന്‍ ത്ര ഡിയിലല്ല കണ്ടതെങ്കിലും തുടക്കം ഗംഭീരമെന്ന് കൂട്ടാളിയോടു അപ്പോള്‍ തന്നെ പറഞ്ഞു)
തുടക്കത്തിന്റെ ഈ ഗംഭീരസാന്നിദ്ധ്യത്തുടര്‍ച്ച സിനിമയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയുടെ ദാര്‍ശനിക തലം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
എന്റെ ഭാഷയുടെ പരിമിതിയും ചലച്ചിത്ര ഭാഷയുടെ പരിധിയില്ലായ്മയും ബോധ്യപ്പെടുന്നത് നല്ല സിനിമകളെക്കുറിച്ചെഴുതുമ്പോഴാണ്. എങ്കിലും എഴുതാതിരിക്കാനാവാത്തത്ര സമമര്‍ദ്ദം ഈ കലാസൃഷ്ടികള്‍ നമ്മളില്‍ ചെലുത്തുന്നു എന്നതാണ് ‌വിസ്മയം.
വളരെ ലളിതമാണ് ഈ സിനിമ. ഏതു കുട്ടിക്കും ആസ്വാദ്യകരം. കുട്ടികള്‍ ദാര്‍ശിനകരാകുന്ന ഈ ഫിലിമില്‍ ഈ പ്രസ്താവന പരിഹാസ്യമാണെന്നറിയാം. അതിസങ്കീര്‍‌ണതകളുടെ കുരുക്കഴിക്കുന്ന കുട്ടികള്‍ ഭാവികാലത്തെ പ്രതിനീധീകരിക്കുന്നു.
ലോകം ഒരു യന്ത്രമാണെന്നും ഒരു യന്ത്രത്തിലും അധികപ്പറ്റായ ഘടകങ്ങളൊന്നുമില്ലെന്നും ( എക്സ്ട്രാ പാര്‍ട്സ്) അനിവാര്യ ഘടകങ്ങളേയുളളുവെന്നും ഹ്യൂഗോ ഇസബല്ലയോടു പറയുന്നു. അതിനാല്‍ത്തന്നെ ഈ ലോകത്തു പിറക്കുന്ന ആരും അധികപ്പറ്റല്ല.ഓരോരുത്തര്‍ക്കും അവരരുടേതായ ദൗത്യങ്ങളുണ്ട്. ഇങ്ങനെ പറയുന്നത് അനാഥനും ഏകാകിയും പലരാലും പലതാലും വേട്ടയാടപ്പെടുന്നവനുമായ ഹ്യൂഗോ ആണെന്നോര്‍ക്കണം. എനിക്കാരുമില്ല എന്നൊക്കെ വിലപിക്കുന്നവരുണ്ടാകും അവര്‍ ലോകത്തിന്റെ സത്യം തിരിച്ചറിയാത്തവരണെന്നു ചുരുക്കം.
നഷ്ടപ്പെട്ടാലും ഒന്നും നഷ്ടപ്പെടില്ലെന്നും മറന്നു മങ്ങിയചിത്രങ്ങളില്‍ പോലും ഓര്‍മയുടെ ജീവന്‍ കാലത്തെ കവിഞ്ഞ് പിറന്നു തിങ്ങിത്തുടിച്ചുകൊണ്ടേയിരിക്കുമെന്നും ഒര്‍മിപ്പിക്കാന്‍ ഈ സിനിമയ്ക്കു കഴിയുന്നുണ്ട്. നവജാതത്വത്തിന്റെ അത്ഭുതസിദ്ധിയായ, ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുന്ന സെല്ലുലോയിഡിന്റെ മഹിമയെ ആഖ്യാനം ചെയ്യുകയാണ് ഹ്യൂഗോ.
ഹ്യൂഗോ ക്ലോക്കിന്റെ അക്കവിടിവൂടെ പ്ലാറ്റ് ഫോമിലേക്കു നോക്കുന്നു. അവിടെ പലരുമുണ്ട്. പാവക്കച്ചവടക്കാരന്‍ ഉറക്കും തൂങ്ങുന്നു. അയാളുടെ മുന്നില്‍ യന്ത്രപ്പാവയെലി. അടിച്ചു മാറ്റുക എന്നത് ഹ്യൂഗോയുടെ സ്വഭാവമാണ്. ഭക്ഷണശാലയും പാവക്കടക്കാരന്റെ കടയിലെ യന്ത്രോപകരണങ്ങളും അതില്‍‌പെടും. അതു കൊണ്ടു തന്നെ പോലീസുകാരനെ ശ്രദ്ധിക്കണം.പോലീസുകാരനാകട്ടെ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.സുന്ദരിയായ പൂക്കാരിയെ അടക്കം .അയാളുടെ ഒരു കാലു് വെപ്പുകാലാണ്. അതിന്റെ നട്ടും ബോള്‍ട്ടും അത്യാവശ്യസന്ദര്‍ഭത്തില്‍ പിണങ്ങും.വെപ്പുകാലു വലിച്ചുളള ഔദ്യോഗികകൃത്യനിര്‍വഹണശുഷ്കാന്തി ആശ്ചര്യം സൃഷ്ടിക്കും. റെയില്‍വേ സ്റ്റേഷനിലേക്കു പറ്റിയ കാവലാളാണ് അയാള്‍. അയാളുടെ നായ അതിനെ ശരിക്കും പേടിക്കണം. ഇതിനിടയില്‍ വേണം ഹ്യൂഗോയ്ക്കു മോഷ്ടിക്കുവാന്‍. അവന്‍ ഭക്ഷണം മോഷ്ടിക്കുന്നതു മനസിലാക്കാം, യന്ത്രക്കളിപ്പാട്ടങ്ങള്‍ മോഷ്ടിക്കുന്നത് കേവലം ഒരു കുട്ടിയുടെ വിനോദദാഹം മൂലമാണോ? അല്ലെങ്കില്‍ പിന്നെ? ഡിക്‌ടറ്റീവ് നോവലിന്റെ നിഗൂഡാത്മകതയോടെയാണ് കാര്യങ്ങളുടെ കിടപ്പ്.

അവന്‍ പമ്മിപ്പമ്മി ഉറക്കം തൂങ്ങുന്ന പാവക്കടക്കാരന്റെ യന്ത്രപ്പാവയെലിയില്‍ തക്കം നോക്കി മെല്ലെ കൈവെക്കുന്നു. ടപ്പ്.ലക്ഷ്യ സാധനം കൈക്കുളളില്‍.അവന്‍ പിടിക്കപ്പെടുന്നു. എലിപ്പാവ താഴെ വിണു ചിതറിത്തകരുന്നു. നിന്നെ എനിക്കറിയാം പെരുങ്കളളന്‍, സ്ഥിരം ഇതാണ് പണി.നിന്നെ ഞാന്‍..എന്തൊക്കെ മോഷ്ടിച്ചു. പോക്കറ്റിലെന്തെല്ലാം. എടുക്കിവിടെ. അവന്‍ പോക്കറ്റില്‍ നിന്നും ഓരോന്നായി പുറത്തെടുത്തു. അതില്‍ ഒരു ചെറുചിത്രപ്പുസ്തകം! കടക്കാരന്‍ അതു മറിച്ചു നോക്കി. അതുമായി അയാള്‍ വീട്ടിലേക്കു പോയി .അവന്‍ എത്ര കെഞ്ചിയിട്ടും കൊടുക്കാതെ? കല്ലില്‍ തീര്‍ത്ത മനസാണ് ആ കടക്കാരന്റേത്. അവന്‍ വീടുവരെ പിന്തുടര്‍ന്നിട്ടും അയാളലിഞ്ഞില്ല.
ഇവിടെ രണ്ടു ബിന്ദുക്കളെ മുഖാമുഖം നിറുത്തുകയാണ്. ഹ്യൂഗോ കണ്ടെത്താന്‍ ശ്രമിക്കുന്നതും കടക്കാരന്‍ മറക്കാന്‍ ശ്രമിക്കുന്നതും ആ ചെറുപുസ്തകത്തില്‍ അടക്കം ചെയ്തിട്ടുണ്ട്.
സിനിമ പകുതി പിന്നീടുമ്പോഴാണ് സിനിമയുടെ ചരിത്രാന്വേഷണമാകുന്നത്. വളരെ സൗമ്യമായി മുഖ്യകഥാഘടനയില്‍ ലയിപ്പിച്ചെടുത്തുളള ഈ അവതരണം ആരെയും സന്തോഷിപ്പിക്കും. ചരിത്രം എത്ര സംക്ഷിപ്തമായി ചോര്‍ച്ചയില്ലാതെ അവതരിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ്. ലുമയര്‍ സഹോദരങ്ങളുടെ പ്രസിദ്ധമായ "Arrival of a Train at La Ciotat" (1897), ഈ സിനിമയില്‍ പുനസൃഷ്ടിക്കുന്നുണ്ട്. തീവണ്ടി സ്ക്രീനിലൂടെ ചൂളം വിളിച്ചെത്തുമ്പോള്‍ യാഥാര്‍‌ഥ്യപ്രതീതിയുടെ ആദ്യാനുഭവങ്ങള്‍ രപുചിക്കുന്ന പഴയതലമുറ ട്രെയിന്‍ മുട്ടുമെന്നു ഭയന്ന് പിന്നോട്ട് നിലവിളിച്ചു മാറുന്നതും അത്യാഹിതമില്ലെന്നറിയുമ്പോള്‍ ആശ്ചര്യാഹ്ലാദചിത്തരാകുന്നതും .ഇപ്പോള്‍ ത്രി ഡി സങ്കേതത്തില്‍ ഇത്തരം അനുഭവം തന്നെയാണല്ലോ സംഭവിക്കുന്നത്. സിനിമയുടെ വികാസത്തിന്റെ വിവധഘട്ടങ്ങളിലൂടെ ഹ്യൂഗോ കടന്നു പോകുന്നു. മലയാളത്തില്‍ സെല്ലുലോയിഡ് അവതരിപ്പിച്ച പ്രമേയത്തിന്റെ മറ്റൊരു ഉയര്‍ന്ന തലം ഇവിടെ കാണാം.
ഹ്യൂഗോയുടെ പിതാവിനു കിട്ടിയ ഒരു യന്ത്രമനുഷ്യനെ പ്രവര്‍ത്തിപ്പിക്കാനുളള അന്വേഷണത്തിന്റെ ഭാഗമായാണ് അവന്‍ ചെറിയ യന്ത്രഘടകങ്ങള്‍ മോഷ്ടിക്കുന്നത്. യന്ത്രത്തിന്റെ താക്കോല്‍ അതു കൂടി കിട്ടാനുണ്ട്. ഹൃദയാകൃതിയുളള താക്കോല്‍ദ്വാരം ഹൃദയസ്ഥാനത്തു തന്നെയാണ്. ഇസബെല്ലയുടെ കഴുത്തിലെ അമൂല്യമായ മാലയില്‍ ആ താക്കോല്‍ കണ്ടെത്തുന്നതോടെ സംഭവങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങുന്നു. താക്കോല്‍, യന്ത്രം, ഹൃദയം , ചലനാത്മകത എന്നിവയെ ചേര്‍ത്തു വെച്ചുളള ചില പര്യാലോചനകള്‍ക്ക് ഇതു വക നല്‍കുന്നുണ്ട്.ഹൃദയത്താക്കോല്‍ വെച്ചു പ്രവര്‍ത്തിക്കുമ്പോള്‍ യന്ത്രം വരച്ചു കാട്ടുന്നതാകട്ടെ സര്‍ഗാത്മക ചിന്തയുടെ തെളിവും. പ്രസിദ്ധ ചലച്ചിത്രകാരനായ ജോര്‍ജ് മിലീസിന്റെ ചാന്ദ്രയാത്ര എന്ന സിനിമയിലെ നിര്‍മായക രംഗമാണത് . ഇടം കണ്ണില്‍ റോക്കറ്റ് തറച്ച് വേദനിക്കുന്ന ചന്ദന്റെ മുഖം.ശാസ്ത്രം ചന്ദ്രനെ വേദനിപ്പിച്ചുവോ എന്നൊരു നിഗൂഡചോദ്യം ഈ ചിത്രം ഉന്നയിക്കുന്നുണ്ട്. ദുഖഹാസ്യം എന്ന ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം വരച്ച യന്ത്രമനുഷ്യന്‍ അതിന്റെ ശില്പിയുടെ പേരും വെളിപ്പെടുത്തുന്നു. പാവക്കച്ചവടക്കാരന്‍ തന്നെയാണ് ആ അത്ഭുതപ്രതിഭ എന്ന് ഹ്യൂഗോയും ഇസബെല്ലയും മനസിലാക്കുന്നു. പക്ഷേ ജോര്‍ജ് മെലീസ് അദ്ദേഹം ഭൂതകാലം ഇല്ലാത്ത മനുഷ്യനായി തന്നെ വിശ്വസിച്ചു ജീവിക്കുകയാണ്.
കലയും യുദ്ധവും തമ്മിലുളള സംഘര്‍ഷത്തെക്കുറിച്ച് സിനിമ ചര്‍ച്ച ചെയ്യുന്നു. യുദ്ധം ചിരിക്കാനും നിഷ്കളങ്കമായി ആസ്വദിക്കാനുനുമുളള മനുഷ്യന്റെ സഹജമായ കഴിവിനെ ചോര്‍ത്തിക്കളഞ്ഞപ്പോള്‍ ജോര്‍ജ് മെലീസിന്റെ സിനിമ കാണുവാന്‍ ആളുകളില്ലാതെയായി. കലകളുടെ സ്ഥാനം ആയുധങ്ങള്‍ അപഹരിച്ചാല്‍ സംഭവിക്കുന്നത് സര്‍ഗാത്മകതയുടെ മരണമാണ്. കലാസാഹിത്യപ്രവര്‍ത്തകരുടെ ഹൃദയം ഭേദിച്ചാണ് ഓരോ യുദ്ധവും അവസാനിക്കുന്നത്. ജോര്‍ജ് മെലീസ് സ്വന്തം സര്‍ഗാത്മക ജിവിതത്തിന്റെ ചിത ഒരുക്കുന്നു. യുദ്ധത്തിലാണ് നിയമപാലകന് കാലിന് ക്ഷതം സംഭവിച്ചത്. പൂക്കാരിക്ക് സഹോദരനെ നഷ്ടപ്പെട്ടത്. യുദ്ധത്തെ പരോക്ഷമായി മാനവസംസ്കൃതിയുടെ ഭാഗത്തു നിന്നും വിലയിരുത്തുകയാണ് സിനിമ.
വാര്‍ധക്യം അഭിനിവേശങ്ങളുടെ അഗ്നി കെടുത്തുന്നില്ല. രണ്ടു വൃദ്ധര്‍ പരസ്പരം ആകര്‍ഷിക്കുന്നു. സ്ത്രീയുടെ കയ്യില്‍ അവരുടെ വളര്‍ത്തു നായ ഉണ്ട്. എപ്പോഴൊക്കെ വൃദ്ധന്‍ സ്നേഹപ്രകടനങ്ങളുമായി അടുക്കുന്നുവോ അപ്പോഴൊക്കെ നായ തടസ്സപ്പെടുത്തുന്നു. സമ്മാനങ്ങളേയും വര്‍ത്തമാനങ്ങളേയും നിയന്ത്രിക്കുന്ന കാവല്‍ നായ വളര്‍ത്തുമൃഗമാണ്. നാം വളര്‍ത്തിയെടുക്കുന്നവ തന്നെ നമ്മളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്. ഒടുവില്‍ നായയുടെ പക്ഷത്തു നിന്നും ചിന്തിക്കുന്ന വൃദ്ധന്റെ കണ്ടെത്തല്‍ അല്ലെങ്കില്‍ പരിഹാരം തൃഷ്ണകളെ വിലങ്ങിട്ടു വളര്‍ത്തുന്ന വീക്ഷണം തിരുത്തണമെന്നാണ്. അയാള്‍ ഒരു എതിര്‍ലിംഗനായയെ പുറത്തെടുക്കുന്നതോയെ നായകള്‍ അവരുടെ ലോകം കണ്ടെത്തുകയും വൃദ്ധകാമനകള്‍ യൗവ്വനം തേടുകയും ചെയ്യുന്നു. ഇതുപൊലെയാണ് നിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നും പ്രണയത്തിന്റെ മൊട്ടുകള്‍ വിരിയിക്കുന്ന പോലീസുകാരനും.
പുസ്തകങ്ങളുടെ ലോകവും ചലച്ചിത്രപ്രമേയമാണ്. ക്ലോക്കിലെ സൂചികള്‍, നായയുടെ ക്ലോസപ്പുകള്‍, ഹ്യൂഗോയുടെ സ്വപ്നദര്‍ശനങ്ങള്‍, സാഹസികതയോടുളള ഇസബെല്ലയുടെ ആദരവ്... പറയാനൊത്തിരിയുണ്ട്. നഷ്ടങ്ങള്‍, വീണ്ടെടുക്കാനുളള അവസരം കാത്തു കിടക്കുന്ന നിധികളാണെന്ന് അടിവരയിട്ട് സിനിമ അവസാനിക്കുന്നു
....................................................................................
ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ 'ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്' എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് 'ഹ്യൂഗോ'.
  • മികച്ച വിഷ്വല്‍ ഇഫക്ട്‌സ്,
  • സൗണ്ട് മിക്‌സിങ്,
  • സൗണ്ട് എഡിറ്റിങ്,
  • കലാസംവിധാനം,
  • ചിത്രീകരണം എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകളാണ് 'ഹ്യൂഗോ' നേടിയത്. ഇത്തവണ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രവും 'ഹ്യൂഗോ'യായിരുന്നു - 11 എണ്ണം.
  • മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചു.