Tuesday, December 17, 2013

പ്രതീക്ഷയുടെ ജലകുംഭങ്ങളില്‍ റോക്കറ്റ് തൊടുമ്പോള്‍


അഹ്ലോ പത്ത് വയസ്. ആണ്‍കുട്ടി.ജനനം ലാവോസില്‍. അവന്റെ കഥയിലൂടെ ദേശത്തിന്റെ ഭൂതകാലവും വര്‍ത്തമാനവും പാരമ്പര്യവും പ്രകൃതിയും പ്രതിസന്ധികളും അതീവ ലളിതമായി ഏറെ ഹൃദ്യമായി വളരെ ശക്തമായി ആവിഷ്കരിക്കുകയാണ് റോക്കറ്റ് എന്ന സിനിമ. അതില്‍ കാഴ്ചയുടെ ആകാശവിതാനത്തിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന വിധം ആഖ്യാനം നിറവേറ്റിയിരിക്കുന്നു.
തുടക്കം നോക്കൂ. ഒരു കുഞ്ഞുജനിക്കുന്നു.അതിന്റെ ആദ്യരോദനത്തിന്റെ മാധുര്യത്തില്‍ അമ്മയുടെ മനസില്‍ പൊട്ടിവിരിഞ്ഞ് ആകാശം മുട്ടെ ഉയരുന്ന സന്തോഷത്തിന്റെ ദീപ്തഭാവം അടുത്ത നിമിഷം പൊലിഞ്ഞടങ്ങുകയാണ്. മാതൃത്വത്തിന്റെ അതിസങ്കീര്‍ണമായ പ്രശ്നസന്ദര്‍ഭം. ഒരു ചാപ്പിളള കൂടി .ഇരട്ടക്കുട്ടികളുടെ ജനനം ദുരന്തസൂചനയായി കരുതുന്ന സമൂഹം .ഇത്തരം ജന്മങ്ങളെ ജീവിതത്തിലേക്കു പിച്ച നടത്താറില്ല.എന്തു ചെയ്യാന്‍ കഴിയും ? കുഴിച്ചു മൂടുക തന്നെ! പൊക്കിള്‍ക്കൊടി മുറിഞ്ഞുമാറും മുമ്പേ ചോരക്കുഞ്ഞിന് മരണമുദ്ര നല്‍കേണ്ടിവരുന്ന അമ്മ. രാത്രിയില്‍ അമ്മയും അമ്മായിയമ്മയും കൂടി മണ്ണുമാന്തി ജിവനുളള ആദ്യജാതനെ മറവു ചെയ്യാന്‍ പോവുകയാണ്. കുഴിയിലേക്കിറക്കാന്‍ തുടങ്ങവേ കുട്ടി അവസാനശ്രമമെന്ന പോലെ നിലവിളിച്ചു. ഒരു നിലവിളിക്ക് പരമ്പരയായി കാത്തുസൂക്ഷിച്ച വിശ്വാസങ്ങളെ തകര്‍ക്കാന്‍ കഴിയും. മാതൃഹൃദയങ്ങള്‍ അലിഞ്ഞുപോയി. അവനെ ജീവിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഇരട്ടയാണെന്ന് ആരെയും അറിയിക്കേണ്ട. അങ്ങനെ ജനനത്തിന്റെ മുഹൂര്‍ത്തത്തില്‍ തന്നെ ജീവിതത്തിന്റയറ്റം തൊട്ടവനാണ് അഹ്ലോ.അവന്‍ ജിവിതം കരഞ്ഞുനേടിയെടുക്കുകയായിരുന്നു.

ഈ സംഭവം ലാവോസെന്ന രാജ്യത്തിന്റെ അവസ്ഥയുമായി ചേര്‍ത്തുവായിക്കണം. 1963-74 കാലഘട്ടത്തില്‍ അമേരിക്ക രണ്ടുമില്യണ്‍ ടണ്‍ ബോംബുകളാണ് ആ കൊച്ചു രാജ്യത്ത് വര്‍ഷിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബുകള്‍ വീണ പ്രദേശം ലാവോസാണ്. മരണത്തെ മുന്നില്‍ കണ്ട് ഏങ്ങനെയോ അതിജീവിച്ച ജനതയുടെ ഓര്‍മ്മപ്പെടുത്തലായി അഹ്ലോയുടെ ജനനം. ചരിത്രത്തെ പലരീതിയിലാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. നടുക്കമുണ്ടാക്കുന്ന കെട്ടുകഥപോലെ ഭുതകാലത്തെ അവതരിപ്പിക്കുന്നു. പൊട്ടാതെ പോയ മുപ്പതു ശതമാനം ബോംബുകള്‍ ഇപ്പോഴും അപകടകരമായി അവിടെ ഉണ്ട്. കൃഷിക്ക് മണ്ണിളക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു ചെടി നടാന്‍ തുടങ്ങുമ്പോള്‍, കുട്ടികള്‍ കളിക്കുമ്പോള്‍ അതു പൊട്ടിത്തെറിച്ചേക്കാം. ബാലമരണങ്ങളുടെ തുടര്‍ച്ചയും റോക്കറ്റ് എന്ന സിനിമയുടെ പിറവിക്ക് കാരണമായി.
നാട്ടില്‍ വികസനം വരുന്നു. ഡാം പണിയും. ഗ്രാമം അതില്‍ മുങ്ങും.ഗ്രാമീണര്‍ ഒഴിഞ്ഞു പോവുക. ഇതിനായുളള ബോധവത്കരണക്ലാസിലേക്കു പോകുന്ന പിതാവിന്റെ കൂടെ അഹ്ലോയും കൂടുന്നു. അവന്‍ ക്ലാസില്‍ പങ്കെടുക്കാതെ അവിടെയുളള ഡാം കാണുവാന്‍ പോകുന്നു. ജലത്തിലേക്കിറങ്ങി മുങ്ങാംകുഴിയിട്ടുപോകുമ്പോള്‍ സമൃദ്ധമായ സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ അടിത്തട്ടില്‍. അതില്‍ ബുദ്ധന്റെ ശിരസുമുണ്ട്.വര്‍ത്തമാനകാല സംഭവങ്ങളെ കഥയില്‍ കോര്‍ത്തിടുകയാണ്. (2011 ല്‍ ആസ്ത്രേലിയന്‍ കമ്പനിയുടെ സഹകരണത്തോടെ മെക്കോംഗ് നദിയില്‍ സ്യാംബര്‍ഗ് ഡാം പണിയാനുളള നടപടികളാരംഭിച്ചത് വലിയ പരിസ്ഥിതി ചര്‍ച്ചയ്കാണ് ഇടം നല്‍‌കിയത്. ബോംബു വീണ് തകര്‍ന്ന സമൂഹം വികസനം വീണ് ജന്മനാട്ടില്‍ നിന്നും പറിച്ചെറിയപ്പെടുന്ന അവസ്ഥ) വികസനത്തെ ഭയക്കുന്നത് ഗ്രാമീണരാണ്. അട്ടിയോടിക്കാന്‍ എളുപ്പമണല്ലോ‍ ലോകത്തെവിടെയും ഇതാണ് സ്ഥിതി. ആ നിലയ്ക്ക വികസനത്തിന്റെ ഇരകളാക്കപ്പെടുന്നവരും യുദ്ധത്തിന്റെ ബാക്കിപത്രമായി ജീവിക്കുന്നവരുമായ ലോകത്തെ എല്ലാവരുടേയും സിനിമയാണ് റോക്കറ്റ് എന്നു നിസംശയം പറയാം.
അഹ്ലോയും അമ്മയും തമ്മിലുളള ചിലസന്ദര്‍ഭങ്ങള്‍ മനസില്‍ നിന്നും മായില്ല.പ്രത്യേകിച്ചും ഊഞ്ഞാലാട്ടം. ഉയരത്തിലേക്ക് ആകാശത്തിലേക്ക് ആടിപ്പോകുന്ന അഹ്ലോ. സിനിമയുടെ അന്ത്യത്തില്‍ അഹ്ലോ മാനത്തേക്ക് വിടുന്ന റോക്കറ്റ് നല്‍കുന്ന അതേ ആഹ്ലാദാനുഭവത്തോട് ഈ ഊഞ്ഞാല്‍യാത്ര ചേര്‍ത്തുവെക്കണം. നാടൊഴിയാന്‍ പോകുന്ന സമയം അവര്‍ രണ്ടുപേരും കൂടി മാവിന്റെ ചുവട്ടിലെത്തുന്ന രംഗവും പ്രധാനം തന്നെ.നാനൂറു വര്‍ഷത്തോളം പഴക്കമുളള മാവ് നാളെ ജലസമാധിയാവുകയാണ്. അതിന് ഇനി കനികളില്ല മാധുര്യമില്ല. ഈ മാവ‍ പ്രകൃതിയുടെ ബിംബമായി നില്‍ക്കുന്നു. അതില്‍ കയറി മാമ്പഴം ഇറുക്കുന്ന അമ്മയും പ്രകൃതി തന്നെ. അമ്മ മാമ്പഴം മകനു നല്‍കുന്നു. ഇനി എത്തപ്പെടുന്ന ഏതോ സ്ഥലത്ത് നട്ടു വളര്‍ത്താന്‍.നശിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ മാതൃഭാവം വളരെ മനോഹരമായി പകര്‍ത്തുകയാണ്. ഈ പ്രകൃതിയില്‍ നിന്നും മാതൃത്വത്തെ പറിച്ചെടുക്കാനാകുമോ? അല്ലെങ്കില്‍ മാതൃത്വം വിട്ടൊഴിയാന്‍ സമ്മതിക്കുമോ? അഹ്ലോയുടെ അമ്മ തന്റെ വേരുകള്‍ പറിച്ചെടുക്കാന്‍ സമ്മതിച്ചില്ല.
പത്തുവയസുവരെ അഹ്ലോ തന്റെ ജന്മത്തെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഡത മനസിലാക്കിയില്ല. അവന്റെ അമ്മ മാലി സ്വന്തം മരണം കൊണ്ട് അത് വെളിവാക്കി. നാടൊഴിയാനുളള യാത്രക്കിടയിലെ ആകസ്മികമായുണ്ടായ ആ അപകടമരണത്തെ ഉള്‍ക്കൊളളാനാകാതെ അമ്മായിയമ്മ ടെയ്ടോക്ക് അഹ്ലോയെ നോക്കി ശപിച്ചു. ഇരട്ട പിറന്ന അമ്മക്കാലന്‍! അപ്പോഴാണ് അച്ഛന്‍ ആ രഹസ്യം അറിയുന്നത്. അഹ്ലോ പകച്ചുപോയി, പിതാവിന്റെ മുഖത്തെ രൗദ്രഭാവം അവനു ഭീതിയുടെ നിമിഷങ്ങളായി. അമ്മ മരിച്ചു കിടക്കുന്നു. താനോ ശപിക്കപ്പെട്ട ജന്മം, പിതാവ് ക്രൂരമായി നോക്കുന്നു. പത്തു വയസുകാരന് താങ്ങാവുന്നതിലധികമാണ് ഈ സന്ദര്‍ഭം. വളരെ തീവ്രമായി ഇത്തരം വൈകാരിക നിമഷങ്ങള്‍ അവതിരിപ്പിക്കാന്‍ അഹ്ലോയായി വേഷമിട്ട ആ കൊച്ചു നടന് (Sitthiphon Disamoe) കഴിഞ്ഞു.
പിതാവും അമ്മയില്ലാത്ത മകനും. അമ്മയുടെ മരണഹേതുവാണവന്‍.എന്തായിരിക്കാം തുടര്‍ന്നു സംഭവിക്കുക. തളളാനും കൊളളാനും വയ്യാത്ത അവസ്ഥ. പരമ്പരാഗത വിശ്വാസത്തെ ഊട്ടി ഉറപ്പിക്കും വിധം അഹ്ലോയുടെ പ്രവൃത്തികള്‍ ദുരിതങ്ങള്‍ സമ്മാനിക്കുന്നു. നാട്ടുകാരുടെ ചീത്ത വിളിക്കും നിന്ദയ്ക്കും കാരണമാകുന്നു. അഹ്ലോ ഒറ്റപ്പെട്ടുപോകുന്നു. കുടുംബബന്ധങ്ങളുടെ കഥ കൂടിയാണ് റോക്കറ്റ്. കുട്ടികളുടെ പക്ഷത്തു നിന്നും ബന്ധുത്വത്തെ വീക്ഷിക്കാനാണ് സംവിധായകന് ഇഷ്ടം. എപ്പോഴാണ് ബന്ധം വിലപ്പെട്ടതാവുക? എന്തെങ്കിലും ഉപകാരം ഉണ്ടെങ്കില്‍ മാത്രമോ? ഈ ചോദ്യം കഥയുടെ അവസാനം ഉയരുന്നുണ്ട്. അഹ്ലോ ചെന്നുപെടുന്നതെല്ലാം ഓരോരോ പ്രശ്നങ്ങളില്‍.ഒന്നില്‍ നിന്നും രക്ഷപെടുമ്പോഴേക്കും അടുത്തത് വരവായി. അവന്റെ ജന്മവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തെ പ്രബലപ്പെടുത്തുന്ന വിധമാണ് സംഭവങ്ങള്‍ പുരോഗമിക്കുന്നത്. അവന് വീടിനെ പേടിയായി.
മരത്തിന്റെ മുകളില്‍ നിന്നും പാറിവീഴുന്ന നീലപ്പൂക്കള്‍ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങുമ്പോള്‍ അതൊരു ചങ്ങാത്തത്തിന്റെ തുടക്കമാകുമെന്ന് അവന്‍ വിചാരിച്ചിരുന്നില്ല. മരമുകളില്‍ പൂപറിക്കാന്‍ കയറിയ കിയാ എന്ന ഒമ്പതു വയസുകാരിയുടെ നിഷ്കളങ്കതയും അഭിനയത്തികവും ശ്രദ്ധപിടിച്ചു പറ്റു. അവള്‍ അനാഥയാണ്. അമ്മാവനായ പര്‍പ്പിളുമൊത്താണ് വാസം. പര്‍പ്പിളാകട്ടെ സദാസമയവും പൂസായിരിക്കും. ഈ മുന്‍പട്ടാളക്കാരനെ നാട്ടുകാര്‍ക്കിഷ്ടമല്ല.ഭരണാധികാരികള്‍ അറിയിപ്പു നല്‍കുമ്പോള്‍ വിമിതസംഗീതം കൊണ്ടു പരിഹസിക്കുന്ന പര്‍പ്പിള്‍ മനുഷ്യത്വം ഉളളവനാണ്.ആ മനസില്‍ സംഗീതവും നൃത്തവും ഉണ്ട്.അഹ്ലോ തെമ്മാടിപ്പട്ടികയിലെ തന്റെ സ്ഥാനം രണ്ടാമതാക്കി എന്നു പര്‍പ്പിള്‍ പറയുന്നുണ്ട്.അയാളെ അഹ്ലോയുടെ അച്ഛനു ഇഷ്ടമില്ലായിരുന്നു. പക്ഷേ കാലം തീരുമാനങ്ങളെ മാറ്റി മറിക്കും.വീടും കൂടുമില്ലാത്തവരുടെ ചെറിയ പ്രതീക്ഷകളില്‍ സൗഹൃദങ്ങളുടെ തുമ്പികള്‍ പാറിക്കളിക്കുന്നത് നാം കാണുന്നു.
അഹ്ലോയും കിയായും തമ്മിലുളള ആത്മബന്ധം അവന്റെ അമ്മ നല്‍കിയ മാമ്പഴങ്ങള്‍ നടുവാനുളള സ്ഥലം കൂട്ടായി അന്വേഷിക്കുന്നതിലേക്ക് വളരുന്നു. അവളുടെ കൂടി ആവശ്യമായി അതു മാറുന്നു. യാത്രയിലെ എല്ലാ പ്രതിസന്ധികളിലും ആ മാമ്പഴങ്ങള്‍ നഷ്ടപ്പെടാതെ അഹ്ലോ സൂക്ഷിക്കുന്നു.അതൊരു പ്രതീകമാണ്.മാതൃപ്രകൃതിയുടെ മധുരവിത്തുകള്‍.
പ്രയാണത്തിനിടയില്‍ വരണ്ട ഒരു പാടത്ത് താല്കാലിക വസതിയൊരുക്കാന്‍ ശ്രമിക്കുന്ന ആവരെ നാട്ടുകാര്‍ വിലക്കുന്നു.ഒടുവില്‍ ഔദാര്യം. റോക്കറ്റുത്സവം വരെ കഴിയാന്‍ അനുവാദം കിട്ടുന്നു.അങ്ങനെയാണ് കൗതുകകരമായ ആ ഉത്സവത്തെക്കുറിച്ചറിയുന്നത്.നാട്ടിലെ മറ്റൊരു വിശ്വാസവും ആഘോഷവും. അതവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആകാശത്തിന്റെ മര്‍മത്തിലേക്ക് ഏറ്റവും ഉയരത്തിലേക്ക് മേഘജാലങ്ങളുടെ ഹൃദയത്തിലേക്ക് റോക്കറ്റ് പായിക്കുന്നവരെ പാരിതോഷികം നല്‍കി അംഗീകരിക്കുന്ന ഉത്സവമാണത്. റോക്കറ്റ് മേഘങ്ങളില്‍ മുട്ടിപ്പൊട്ടിയാല്‍ മഴപെയ്യുമെന്നാണ് വിശ്വാസം. മഴ മടിച്ചു നില്‍ക്കുമ്പോള്‍ ഭൂമി വരണ്ടുണങ്ങുമ്പോള്‍ ഓരോരോ സമൂഹവും മഴയെ താഴേക്കു കൊണ്ടുവരാന്‍ ഓരോരോ രീതികള്‍ സ്വീകരിക്കുന്നു. ആകാശത്തു നിന്നും ബോംബുകളുടെ പേമാരി പെയ്ത നാട്ടില്‍ മഴ കൂടി കിട്ടാതായാലോ? പ്രാരാബ്ദങ്ങളെല്ലാം മാറിക്കിട്ടും ഈ മത്സരത്തില്‍ വിജയിച്ചാല്‍. അഹ്ലോയ്ക്ക് ആഗ്രഹം റോക്കറ്റുണ്ടാക്കണം. അച്ഛനാദ്യം സമ്മതിക്കുന്നില്ല. മത്സരത്തില്‍ പങ്കെടുക്കാനുളള ഒരുക്കത്തിലാണ് നാടു മുഴുവന്‍. ഗ്രാമത്തിന്റെ ഉത്സവത്തിമിര്‍പ്പും കോലാഹലങ്ങളും അഹ്ലോയുടെ അന്വേഷണവും. പര്‍പ്പിളിന്റെ പട്ടാളക്കാലത്തെ അനുഭവങ്ങള്‍ ചെമ്പും ഗന്ധകവും ഒക്കെ ചേര്‍‌ത്ത് റോക്കറ്റുണ്ടാക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അറിവു നല്‍കുന്നു. റോക്കറ്റ് നിര്‍മാണത്തിന് ഒറ്റയ്ക്കു തയ്യാറാകുന്ന അഹ്ലോയുടെ പ്രയത്നകാഠിന്യം ജീവന്‍ പണയം വെച്ചുളളതാണ്. ഉറങ്ങിക്കിടന്ന ഒരു ബോംബിനെ വിലക്കപ്പെട്ട പ്രദേശത്തു കയറി കുലുക്കി ഉണര്‍ത്തിയപ്പോള്‍ കാതടപ്പിച്ച് അതു പൊട്ടിത്തെറിച്ചു.അവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.റോക്കറ്റ് നിര്‍മാണ സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനിടയിലെ ചെറുമോഷണം കൗതുകകരമാണ്. കരിമരുന്നുതിരി മോഷ്ടിക്കാനായി മറ്റൊരു സംഘം റോക്കറ്റ് നിര്‍മാതാക്കളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനുളള ചുമതല കിയാ ഏറ്റെടുക്കുന്നു. ആ കൊച്ചുപെണ്ണ് ഇളം ശരീരം കുലുക്കി നൃത്തം ചെയ്യുന്നു. പാശ്ചാത്യമാതൃകയിലുളള നൃത്തച്ചുവടുകള്‍.ഈ മോഷണത്തിനു പിന്നില്‍ ചെറുകുട്ടികളില്‍ പോലും പെണ്‍ശരീരത്തെ ഉപയോഗിച്ചുളള മോഹിപ്പിച്ച് മയക്കലിന്റെ തന്ത്രത്തെക്കുറിച്ചുളള ധാരണ കിടപ്പുണ്ടെന്നു സൂചിപ്പിക്കുന്നു. ലക്ഷ്യം നേടാനുളള വഴികളില്‍ പെണ്‍ശരീരം എല്ലാ കാലത്തും ആയുധമാക്കിയിട്ടുണ്ടല്ലോ‍
പലതവണ പരീക്ഷിച്ചിട്ടും നല്ല കുതിപ്പുളള റോക്കറ്റ് മാതൃകയുണ്ടാക്കാന്‍ അവന് കഴിയുന്നില്ല. ഉത്സവം ആരംഭിച്ചു കഴിഞ്ഞു. എല്ലാവരും ആകാശത്തിലേക്കു ചീറി ഉയരുന്ന റോക്കറ്റുകളുടെ പിന്നാലെയാണ്. ഓരോ റോക്കറ്റു പ്രതീക്ഷയോടെയാണുയരുക. ചിലത് നാണം കെട്ട് കുഴഞ്ഞു വീഴും. അതിന്റെ ഉടമയെ ചെളിവെളലത്തില്‍ താരാട്ടിക്കുളിപ്പിക്കുകയാണ് ഒരു ചടങ്ങ്. അഹ്ലോയുടെ അച്ഛനും ആ മുങ്ങിക്കുളിക്കവസരം കിട്ടി. ഈ സമയവും അഹ്ലോ പ്രയത്നത്തിലാണ്. ഉത്സവം തീര്‍ന്നാലും അവന്റെ റോക്കറ്റ് പൂര്‍ത്തിയാകുമോ?ഒടുവില്‍ ഒരു കൂട്ടര്‍ റോക്കറ്റ് വളരെ ഉയരത്തിലേക്ക് പായിച്ചു. കാണികളുടെ കണ്ണില്‍ അത്ഭുതം. ഇനി ആരെങ്കിലും ഉണ്ടോ മത്സരിക്കാന്‍? ചോദ്യം മൂന്നാം തവണയിലെത്തി കണ്ണും കാതും കൂര്‍പ്പിച്ചപ്പോള്‍ ഒരാള്‍ വരവായി. പ്രത്യേകരീതിയില്‍ നിര്‍മിച്ച റോക്കറ്റുമായി. കുട്ടികള്‍ക്ക് ആ ലോഞ്ചിംഗ് മേഖലയില്‍ കയറാനനുവാദമില്ല. അഹ്ലോ അച്ഛനോട് സഹായം ചോദിക്കുന്നു. അയാള്‍ സന്നദ്ധമാകുന്നില്ല. അവിടെ കൂടി നിന്ന എല്ലാവരോടും കേഴുന്നു.ഈ റോക്കറ്റ് ഒന്നു വിക്ഷേപിക്കുമോ? ആരും തയ്യാറാകുന്നില്ല. അവന്‍ നിരാശമായി കൃഷിയിടത്തിലേക്ക് ഓടിപ്പോകുന്നു. അനിശ്ചിതാവസ്ഥ.ഓര്‍മകള്‍.ഭാര്യ,ഇരട്ടക്കുട്ടികള്‍,ദുരിതം,മകന്‍,പാരിതോഷികം, മകന്റെ ദുഖം..ആ അച്ഛന് മകന്റെ മനസിനോടൊപ്പം നില്ക്കാതെ വയ്യ. അയാല്‍ അവന്റെ റോക്കറ്റ് വിക്ഷേപിക്കാന്‍ തീരുമാനിക്കുന്നു.അതിഗംഭിരമായ ദൃശ്യാനുഭവമാണ് തുടര്‍ന്നുളളത്. വാക്കുകള്‍കൊണ്ടസാധ്യമായ ആ രംഗത്തെ പൊലിപ്പിച്ചെടുത്തത് സംവിധായകപ്രതിഭ തന്നെ. അഹ്ലോയുടെ റോക്കറ്റ് ആകാശജലകുംഭങ്ങളെ പൊട്ടിച്ച് മഴത്തുളളികളായി പൊഴിയുമ്പോള്‍ നാടിന്റെ മനം കോരിത്തരിച്ചു. പാപജന്മത്തെക്കുറിച്ചുളള വിശ്വാസം ആ മഴയില്‍ ഒലിച്ചുപോയി. മകന്‍ പാരിതോഷികം പിതാവിന്റെ കയ്യില്‍ വക്കുമ്പോള്‍ അവരന്നു താമസിച്ച ആ പാടം ഇനി സ്വന്തമെന്നറിയുമ്പോള്‍ മറ്റൊരറിവുകൂടി .അതു മറ്റൊന്നുമല്ല കിയോ വിത്തുമാങ്ങള്‍ക്ക് മുളപൊട്ടിയ വിവരം കാട്ടിക്കൊടുക്കുന്നു. ആ മുളകള്‍ അവന്റെ അമ്മയാണല്ലോ.
ഛായാഗ്രഹണത്തിലെ മിഴിവ് സിനിമയുടെ കരുത്താണ്.പച്ച ജീവിതത്തിന്റെ പകര്‍പ്പാണിത് വ്യക്തിജിവിതത്തിലൂടെ സമൂഹസംസ്കൃതിയിലേക്കും ജീവിതത്തിന്റെ രാഷ്ട്രീയത്തിലേക്കും മനുഷ്യമനസിന്റെ സങ്കീര്‍ണതകളിലേക്കുമെല്ലാം പലമാനങ്ങളില്‍ കടന്നു ചെല്ലുന്ന ഈ സിനിമ ഏത്ര തവണ വേണമെങ്കിലും കാണാന്‍ പ്രലോഭിപ്പിക്കും







  • Directed by Kim Mordaunt
  • Produced by Sylvia Wilczynski
  • Written by Kim Mordaunt
  • Cinematography Andrew Commis Release dates
    • 10 February 2013 (Berlin)
    • 8 June 2013 (Australia)
  • Running time- 96 minutes
  • Country -Australian
  • Language -Lao


cast
  • Sitthiphon Disamoe - Ahlo
  • Loungnam Kaosainam - Kia
  • Suthep Po-ngam -Purple
  • Bunsri Yindi -Taitok
  • Sumrit Warin -Toma
  • Alice Keohavong - Mali

3 comments:

ബിന്ദു .വി എസ് said...

മനോഹരമായ ചിത്രം .ഒരിക്കലും നിറയില്ലെന്ന വാശി സൂക്ഷിക്കുന്ന കണ്ണുകളില്‍പ്പോലും നനവു പടരുന്നതു കണ്ടു .പ്രതിരോധ രാഷ്ട്രീയം സര്‍ഗാത്മകമായി ജീവിതത്തെ വിജയിപ്പിക്കുന്നതാണ് ഈ സിനിമ നല്‍കുന്ന അനുഭവം

Unknown said...

excellent movie..! i felt it was the best film in the iffk..great experience.

NIdhi Dathan said...

this was one of the best films screened in iffk..