Thursday, December 12, 2019

മറ്റുളളവരുടെ ജിവിതം കറുപ്പിക്കുന്നവര്‍

കവറില്‍ നിന്നും കത്തിനോടപ്പമുണ്ടായിരുന്ന മൂന്നു പേരടങ്ങുന്ന ഒരു ഫോട്ടോ ഉതിര്‍ന്നു വീണു. സക്കീര്‍ അതെടുത്തു. ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും. സക്കീര്‍ ആ പടം സൂക്ഷിച്ചുനോക്കി. അവളുടെ വലംതോളിലാണ് ഒരാളുടെ കൈ! അതാരുടേതാണ് ? പിറകില്‍ നില്‍ക്കുന്ന പ്രായമായ ആളുടെയോ അതോ ഇടതുവശത്തിരിക്കുന്ന ചെറുപ്പക്കാരന്റെയോ? കൃത്യതപ്പെടുത്താനാകുന്നില്ല. അവള്‍ സല്‍മ. ആകുലത ഘനീഭവിച്ച മുഖം.  എന്തോ അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി-സക്കീര്‍ ആ ചിത്രം മോഷ്ടിച്ചു.
മറ്റുളളവരുടെ സ്വകാര്യജീവിതത്തിലേക്ക് നിത്യനിരീക്ഷണം നടത്തുന്നതിന് ജനിതകമായി ചിട്ടചെയ്യപ്പെട്ട ജീവിവര്‍ഗമാണോ മനുഷ്യന്‍? അപരന്റെ വ്യവഹാരങ്ങളെ സംശയിക്കുകയും ദുഷിക്കുകയും അതിലാന്ദം കണ്ടെത്തുകയും ചെയ്യുന്നവര്‍ സാധാരണക്കാര്‍മുതല്‍ ഭരണകൂടചാരപ്പണി ചെയ്യുന്നവര്‍ വരെയുണ്ടാകും. നിങ്ങള്‍ സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ് എന്ന ബോര്‍ഡുകള്‍ പെരുകുകയും നിങ്ങളുടെ സത്യസന്ധത അവിശ്വസിക്കപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം. മുഖം തിരിച്ചറിയല്‍ സോഫ്റ്റ്വെയര്‍ നിങ്ങളുടെ സഞ്ചാരത്തെ സാന്നിധ്യത്തെ ഒറ്റുകൊടുക്കുന്നുണ്ട്. എന്തിന് കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിലെ ആപ്പുപയോഗ കരാറുകള്‍ പ്രകാരം നിങ്ങള്‍ ഏതേതിടങ്ങളില്‍ ഏതക്കെ സമയം എന്നു ചോര്‍ത്തുക മാത്രമല്ലല്ലോ അതു ചെയ്യുന്നത്. ആശയവിനിമയത്തിലെ സ്വകാര്യതയില്‍ ഇടപെടാനുളള അവകാശം കൂടി വാങ്ങിയാണ് ആപ്പു വെച്ചിരിക്കുന്നത്. അപ്പ് എന്ന വാക്കിന് മലയാളത്തിലുളള തനിയര്‍ഥം നാനാര്‍ഥമായി ഇംഗ്ലീഷ് വാക്കിന് ഭവിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ നിര്‍ദോഷമല്ല എന്നറിഞ്ഞുകൊണ്ടാണ് നാം അവയ്ക് ഹസ്തദാനം ചെയ്യുന്നത്. ഭരണകൂടം പ്രജകളെ നിരീക്ഷിക്കുന്നത് പ്രജാക്ഷേമത്തിനാണെന്ന് വ്യാഖ്യാനിക്കാം. സെന്‍സര്‍ ചെയ്യുന്നത് ഭരണകൂടപക്ഷത്തു നിന്നായിരിക്കും. അധികാരകേന്ദ്രീകരണവും അധികാരസ്ഥിരതയും അമിതാധികാരവ്യഗ്രതയിലേക്ക് നയിക്കാം. അത്തരം രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിഷേധിക്കുക എന്നത് ക്ലേശകരമായ പ്രക്രിയയാണ്. കഥകളും സിനിമകളും കവിതകളും ചിത്രങ്ങളുമെല്ലാം പ്രതിഷേധദൗത്യം ഏറ്റെടുക്കാറുണ്ട്. പൗരസ്വകാര്യതയിലേക്കുളള കടന്നുകയറ്റത്തെ പ്രമേയമാക്കിയാണ് സെന്‍സര്‍ അംഗീകരിച്ചത് ( പാസ്ഡ് ബൈ സെന്‍സര്‍) എന്ന സിനിമ തിരശീലയില്‍ നിറയുന്നത്.

എല്ലാം സംശയദൃഷ്ടിയോടെ നോക്കുന്ന ജോലിയാണ് സക്കീറിന്റേത്. ജയില്‍ പുളളികള്‍ക്കു വരുന്ന കത്തുകള്‍ സെന്‍സര്‍ ചെയ്യുകയാണ് തൊഴില്‍. ഈ ജോലിക്ക് സക്കീര്‍ മാത്രമല്ല രണ്ടു ജീവനക്കാര്‍ കൂടിയുണ്ട്. ഓരോ കത്തിലെയും വാക്കും വരിയും വ്യാഖ്യാനിക്കും. അപകടകരമായ സൂചനകള്‍ ഉളളവ കറുപ്പിക്കണം. വെട്ടിയാല്‍ പോര വായിക്കാനാകാത്ത വിധം കറുപ്പിക്കണം. ഒരു വാക്കിന് എത്ര അര്‍ഥതലങ്ങളുണ്ടോ അവയെല്ലാം നോക്കിയാണ് കറുപ്പിക്കല്‍. രാഷ്ട്രീയമായ ഉളളടക്കം ഒളിപ്പിച്ചു കടത്തുന്നുണ്ടോ എന്നു ഉത്കണ്ഠപ്പെടുന്ന അധികാര വര്‍ഗം. കുറ്റവാളിയുടെ ഭാര്യ എഴുതിയ സ്വകാര്യക്കത്ത് ശ്രദ്ധയോടെ വായിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജോലി. സല്‍മയുടെ ഭര്‍ത്താവിന് വന്ന കത്തിനൊപ്പമുളള ഫോട്ടോ സക്കീറിന്റെ തൊഴില്‍ ജീവിതത്തില്‍ മാറ്റം വരുത്തുകയാണ്.  അയാള്‍ ആ ഫോട്ടോയിലെ സൂചനകളില്‍ സ്വന്തം ഭാവന ചേര്‍ക്കുകയാണ്. സക്കീര്‍ വൈകിട്ട് സര്‍ഗാത്മക രചനാപരിശീലന ക്ലാസില്‍ പോകുന്നുണ്ട്. ഒരു ദിവസത്തെ അസൈന്‍മെന്റ് ഫോട്ടോകളെ അടിസ്ഥാനമാക്കിയുളള കഥ മെനയലായിരുന്നു. സക്കീറിന്റെ വശം സല്‍മയുടെ ഫോട്ടോ. സക്കീര്‍ കഥയുണ്ടാക്കി. ആ കഥ പ്രശംസ പിടിച്ചു പറ്റി.
സക്കീറിന് സല്‍മ ഭര്‍ത്താവിനയച്ച കത്തും ഫോട്ടോയും കാര്യമാക്കേണ്ടതില്ല. പക്ഷേ ആ കൈ? സല്‍മയുടെ മുഖഭാവം, ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ കൂട്ടുവന്ന ഭര്‍തൃപിതാവിനോട് സല്‍മ കയര്‍ക്കുന്നത് എല്ലാം കൂടി ചേര്‍ത്തു വായിക്കുകയാണ് സക്കീര്‍. അല്ല വ്യാഖ്യാനിക്കുകയാണ്. മറ്റുളളവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്നതിനുളള പ്രവണതയുളളവര്‍ ആ പാളത്തിലേക്ക് ചിന്തയുടെ തീവണ്ടിക്ക് പച്ചക്കൊടികാണിച്ചാല്‍ പിന്നെ ഗതിമാറ്റം സാധ്യമല്ല. അവര്‍ അവരുടേതായ യുക്തി കണ്ടെത്തും. വ്യാഖ്യാനിക്കും. കൂടുതല്‍ തുമ്പും തുരുമ്പും തേടും. ഇരയെ പ്രതിപ്പട്ടികയില്‍ സ്ഥാപിക്കുക എന്നതാണ് മാനസീകാനന്ദം. ഏതോ രക്ഷകദൗത്യം ഏറ്റെടുക്കുന്ന ഭാവത്തിലായിരിക്കും ഇടപെടല്‍.
 ഓരോ തവണ സല്‍മ ജയില്‍ സന്ദര്‍ശനത്തിനെത്തുമ്പോഴും സക്കീറിന്റെ കണ്ണുകള്‍ പിന്തുടരുന്നുണ്ട്. സര്‍മയെ സക്കീര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സല്‍മയ്കറിയാം. ജയില്‍പുളളികളെ സന്ദര്‍ശിക്കുന്നവര്‍ ദേഹപരിശോധനയ്ക് വിധേയരാകണം. സല്‍മ അത്തരം പരിശോധനയിലൂടെ കടന്നുപോകവേ സക്കീര്‍ ഞാനൊന്നുമറിഞ്ഞില്ലേ മട്ടില്‍ ആ ഇടനാഴിയിലൂടെ വരികയും മേല്‍ക്കുപ്പായം ഊരുന്ന സല്‍മ കണ്ണില്‍ പെടുകയും അടിവസ്ത്രമായി അവള്‍ വയറൊതുക്കിക്കച്ച ധരിച്ചത് കാണുകയും ചെയ്യുന്നു. സംശയത്തിന് ഒരു കാരണം കൂടിയായി. സക്കീറിന് ഒരു കൂട്ടുകാരിയുണ്ട്. അവളോട് സക്കീര്‍ എല്ലാം തുറന്നു പറയും. സല്‍മയെക്കുറിച്ചും സക്കീര്‍ അവളോടു സംസാരിക്കുന്നു. ആരാകും സല്‍മയുടെ തോളില്‍ കൈവച്ചിരിക്കുന്നത്? അത് അമ്മായിയപ്പനല്ലേ? എന്തിനാണ് സ്ത്രീകള്‍ അരമുറുക്കിയടിക്കുപ്പായം ധരിക്കുന്നത് എന്നതായിരുന്നു മറ്റൊരു ചോദ്യം. ആരോഗ്യപ്രവര്‍ത്തകയായ കൂട്ടുകാരി പറഞ്ഞ സാധ്യതകളിലൊന്ന് ഗര്‍ഭം മറച്ചുവെക്കാനുളള ഉപാധിയായിരിക്കാം എന്നതാണ്. സക്കീറിന്റെ സംശയരോഗത്തിലേക്ക് എണ്ണ ഒഴിക്കുന്ന കാര്യമായി ആ വ്യാഖ്യാനം. കുറരവാളിയുടെ ഭാര്യ ഗര്‍ഭിണി. ഗര്‍ഭം മറച്ചുവെക്കാന്‍ മേല്‍മുറുക്കിക്കുപ്പായം ധരിക്കുന്നു. അപ്പോള്‍ ആ കൈ? അത് അമ്മായിയപ്പന്റേതായിരിക്കില്ലേ? ഗര്‍ഭം?
മറ്റുളളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുകയും ശ്രദ്ധിക്കുകയും സംശയിക്കുകയും ചെയ്യുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കാന്‍ സമയമില്ലാതെ വരും. സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചാവില്ല ചിന്ത. മറ്റുളളവരെങ്ങനെ പെരുമാറുന്നു? അതിലെ പൊട്ടും പൊടിയും ചേര്‍ത്തുവെച്ച് പൊടിപ്പും തൊങ്ങലുമുളള വിശ്വസനീയമായ കഥയുണ്ടാക്കിക്കളിയും.
സല്‍മയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സക്കീറിന് സല്‍മയോടൊരു അഭിനിവേശമുണ്ടാകുന്നുണ്ടോ? വല്ലാത്ത താല്പര്യം? അയാള്‍ അവളുമായി സംസാരിക്കാനാഗ്രഹിക്കുന്നു.  യാത്രയില്‍ അനുധാവനം ചെയ്യുന്നു.
വീട്ടിലേക്കുളള വഴിയില്‍ കാത്തു നില്‍ക്കുന്നു. സന്ധ്യക്ക് ശേഷം അവളുടെ വീടിനടുത്തു ചുറ്റിക്കറങ്ങുന്നു. അസ്വാഭാവികമായ പെരുമാറ്റങ്ങള്‍. അമ്മയും കൂട്ടുകാരിയും ഈ മാറ്റം സൂചിപ്പിക്കുന്നുണ്ട്. സല്‍മയെ ചുറ്റിപ്പറ്റിയുളള ദരൂഹരഹസ്യങ്ങളുടെ കലവറ തുറക്കുകയാണ് സക്കീറിന്റെ ലക്ഷ്യം. ദരൂഹത വളര്‍ത്തിയെടുത്തതും സക്കീറാണ്. സംശയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സത്യവും മിഥ്യയും കൂടിക്കുഴയും. ഭര്‍ത്താവിനോട് സല്‍മ എന്താണ് സംസാരിക്കുന്നത്? ജയില്‍പുളളികളോട് സംസാരിക്കുന്നതെല്ലാം റിക്കാര്‍ഡ് ചെയ്യുന്നുണ്ട്. ഭരണകൂടമറിയാതെ നിങ്ങള്‍ക്ക് ഒരു ചെറു കാര്യം പോലും പരസ്പരം വിനിമയം ചെയ്യാനാവില്ല. അധികാരത്തിന്റെ അദൃശ്യതടവറയില്‍ കഴിയുന്ന സമൂഹത്തിന്റെ വിചാരം തങ്ങള്‍ക്ക് സ്വകാര്യതയനുവദിക്കുന്നുണ്ടെന്നാണ്. സല്‍മ ഭര്‍ത്താവിനോട് ജയിലിലൊരുക്കിയ കൂടിക്കാഴ്ചാമുറിയില്‍രഹസ്യമായി ഫോണില്‍കൂടി സംസാരിക്കുന്നത് ,റിക്കേര്‍ഡ് ചെയ്യുന്ന മുറിയിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സക്കീര്‍ കേള്‍ക്കുന്നു. സെക്സ് ഉണ്ടെന്ന മട്ടില്‍ സക്കീര്‍ ആസ്വദിക്കുന്നത് ഉദ്യോഗസ്ഥനും ആസ്വദിക്കുന്നു.  സല്‍മയുടെ കത്തുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആ കത്തുകള്‍ തന്റെ മേശപ്പുറത്തു തന്നെ സോര്‍ട്ട് ചെയ്യപ്പെട്ടു കിട്ടുമോ എന്നതില്‍ അദ്ദേഹം ഉത്കണ്ഠാകുലനാകുന്നു.
സക്കീര്‍ നിര്‍ബന്ധിച്ച് കൂട്ടുകാരിയെ സല്‍മയുടെ വീട്ടിലേക്ക് പറഞ്ഞുവിടുന്നു. ഗര്‍ഭയാഥാര്‍ത്ഥ്യം കണ്ടെത്തുകയാണ് ലക്ഷ്യം . പക്ഷേ  ആ വീട്ടില്‍ സല്‍മയുമായി ഇടപഴകാന്‍ അനുവദിക്കപ്പെടുന്നില്ല. ഇത് സക്കീറിന് സംശയം കൂട്ടാനുളള വളമാകുകയും ചെയ്തു.
ജയില്‍ കാരുണ്യം ചൊരിയുന്നത് പിങ്ക് റൂം ഒരുക്കിയാണ്. ഭര്‍ത്താവിനും ഭാര്യക്കുമായി കിടപ്പറ സജ്ജമാക്കും. മൂന്നാം നമ്പര്‍ റൂമിലാണ് സല്‍മ പോകേണ്ടത്. ആ മുറിയില്‍ നേരത്തെ സക്കീറെത്തുകയും കിടക്കയുടെ കമ്പനക്കഴിവില്‍ ആനന്ദിക്കുകയും കിടന്നു നോക്കുകയും ചെയ്യുന്നു. ആ മുറിയില്‍ കൈയെത്തും ദുരത്ത് അലാറവുമുണ്ട്. സത്യത്തില്‍ സക്കീറിന്റെ ജോലിയല്ല മുറിസജ്ജീകരണം പരിശോധിക്കല്‍. സംശയങ്ങള്‍ർ അയാളെക്കൊണ്ട് ചെയ്യിക്കുകയാണ്. സല്‍മ ആ മുറിയിലെത്തുകയും അകത്തേക്ക് കടക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവള്‍ കയറുമ്പോഴാകട്ടെ ശരീരം വാതിലിലുടക്കി തടസ്സമാവുകയും ചെയ്യുന്നു. ഭര്‍ത്താവിനും ഭാര്യക്കുമായി ആ മുറി അടയപ്പെടുന്നു. ഈ സമയം സക്കീര്‍ പിരിമുറുക്കത്തിലാണ്. മറ്റൊരുത്തന്റെ കാര്യത്താലാണ്. സി സി ടി വി ക്യാമറ എല്ലായിടത്തുമുണ്ടെന്ന് സക്കീറിനുമറിയാം. സക്കീറിന്റെ ചലനവും അതില്‍ പതിയുന്നുണ്ട്. അശുഭകരമായ എന്തോ സംഭവിക്കുമെന്ന് സക്കീര്‍ പ്രതീക്ഷിക്കുകയും പിങ്ക് റൂമുകളുടെ മുന്നിലുളള ഇടനാഴിയിലൂടെ നടക്കുകയും ചെയ്യുന്നു. ഈ സമയം ആ അലാറം നിലവിളിക്കുകയും ഉദ്യോഗസ്ഥര്‍ ഒടിവരികയും സല്‍മയുടെ മുറി തുറന്ന് ഭര്‍ത്താവിനെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. അയാള്‍ വിവസ്ത്രനല്ല. എന്നാല്‍ പാന്റ്സിന്റെ സിബ് അഴിച്ചിട്ടുണ്ട്. എന്താണ് സല്‍മയ്ക് സംഭവിച്ചത്. ജയിലിലില്‍ നടന്ന അനിഷ്ടസംഭവത്തില്‍ തെളിവെടുപ്പ് നടക്കുന്നു. അനാവശ്യമായ രീതിയില്‍ സക്കീറിന്റെ ഇടപെടല്‍. സല്‍മയെക്കൊണ്ട് ഭര്‍തൃപിതാവ് വര്‍ത്തമാനം പറയിക്കാന്‍ സമ്മതിക്കുന്നില്ല. എല്ലാത്തിനും ഉത്തരം അയാല്‍ തന്നെ പറയുന്നു. ഗര്‍ഭത്തിന്റെ കാര്യം സല്‍മയോട് ചോദിക്കൂ. ആ ഉദ്യോഗസ്ഥന് സക്കീറിന്റെ പെരുമാറ്റം ഇഷ്ടമായില്ല.  സദാചാരപോലീസ് ചമയുന്നോ എന്നാണ് അയാള്‍‍ ചോദിക്കുന്നത്. ഇത്തരം ചോദ്യം സദാചാരപ്പോലീസ് ചമയുന്നവര്‍ക്കിഷ്ടമാകില്ല. കാരണം അവര്‍ കരുതുന്നത് മറ്റുളളവരെ രക്ഷിക്കലാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ്.  തെളിവെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ദേഹത്ത് മുട്ടിയ അമ്മായിയപ്പനോട് തൊട്ടുപൊകരുത് എന്ന് സല്‍മ കയര്‍ക്കുന്നത് സക്കീറെന്ന സദാചാരപ്പോലീസിന് മറ്റൊരു ആശ്വാസത്തെളിവായി. മറ്റുളളവരുടെ വ്യവഹാരങ്ങളെ വിനിമയങ്ങളെ ചിന്തകളെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കറുപ്പിക്കുന്ന സക്കീര്‍ അവസാനം ഒരു കത്തിലെ എല്ലാ വരികളും വാക്കുകളും അക്ഷരങ്ങളും കറുപ്പിക്കുന്ന കാഴ്ചയോടെ സിനിമ അവസാനിക്കുന്നു.
സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത ഈ സിനിമ സദാചാരപ്പോലീസുകളുടെ മനസ് അടയാളപ്പെടുത്തുന്നുണ്ട്.
സക്കീര്‍ ജിവിതത്തില്‍ ശുദ്ധനാണ്. വ്യക്തിപരമായി സക്കീറിനെ പഴിക്കേണ്ടതായ ഒന്നും ഇല്ല. അങ്ങനെയുളള ഒരാള്‍ മറ്റൊരാളെക്കുറിച്ച് പറയുമ്പോള്‍ അതിലല്പം കഴമ്പില്ലേ എന്നു ചിന്തിക്കുക സ്വാഭാവികം.. അത്തരം ചിന്തകളെ ബലപ്പെടുത്തി കാഴ്ചക്കാരെയും സല്‍മയെ സംശയിക്കുന്നിടത്തേക്ക് വളര്‍ത്തിയെടുക്കുകയാണ് സംവിധായകന്‍. എങ്ങനെയാണ് സദാചാരപ്പോലീസിലേക്ക് ആളുകൂടുന്നതെന്നതിന് നല്ല അനുഭവത്തെളിവാണ് പ്രേക്ഷകരെക്കൂടി അതില്‍ പങ്കാളികളാക്കുന്ന തന്ത്രം. സക്കീര്‍ ഉന്നയിച്ച സംശയങ്ങളെല്ലാം സജീവമാക്കി അതിനു വളവുമിട്ടാണ് സിനിമ പുരോഗമിക്കുന്നത്.  സ്വകാര്യജീവിതത്തിലേക്കുളള ഭരണകൂടത്തിന്റെ കൈകടത്തലും വ്യക്തിജീവിതത്തിലേക്ക് സദാചാരപ്പോലീസുകാരുടെ ഇടപെടലുകളും വ്യാഖ്യാനവും വളരെ ലളിതമായി ആഖ്യാനം ചെയ്യുകയാണ് സിനിമ. സംശയങ്ങളുടെ തടവറയിലേക്ക് തടവറയിലെ സംശയങ്ങള്‍ നടന്നു പോകുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ പരിചിതമുഖങ്ങള്‍ സക്കീറില്‍ നിന്നും ഇറങ്ങിവരുന്നത് കാണാം. മറ്റുളളവരുടെ ജീവിതം കറുപ്പിക്കുന്നവര്‍.

Director:

Serhat Karaaslan

Stars:

Berkay Ates, Saadet Aksoy, Ipek Türktan

2 comments:

dietsheeja said...
This comment has been removed by the author.
dietsheeja said...

അതേ മറ്റുള്ളവരുടെ ജീവിതം കറുപ്പിക്കുന്നവർ- ഒരു ഫോട്ടോ മതി സദാചാര പോലീസിന് പുതിയ മാനങ്ങൾ കാണാൻ .സക്കീർമാരെ ഭയന്ന് നിരപരാധിയായ സൽമമാരെ ദുരിതക്കയത്തിൽ തള്ളിവിടുന്ന അല്ലെങ്കിൽ സക്കീർ മാരെ പോലുള്ള സദാചാര പോലീസിനെ ബോധ്യപ്പെടുത്താൻ സൽമമാർക്ക് ഹൃദയത്തിൽ നിന്ന് ഓടയിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന പ്രണയത്തെ എന്ത് പേരു് വിളിക്കും? ആ പ്രണയത്തേയും സദാചാര പോലീസന്ന് വിളിക്കാനാകുമോ? അതോ സക്കീർ എന്ന് തന്നെ വിളിക്കണോ?സ്വന്തം അനുഭവങ്ങൾ സിനിമകളാകുമ്പോൾ കഥാകാരാന് ഒരായിരം നന്ദി.