Tuesday, January 8, 2013

അന്നയും റസൂലും അഥവാ പ്രണയത്തിന്റെ മതം.


                    ഒരു പയ്യന്‍ യദൃശ്ചികമായി ഒരു പെണ്ണിനെ കാണുന്നു. വല്ലാത്ത ആകര്‍ഷണം. അവളുടെ പിന്നാലേ കൂടുന്നു. പതുക്കെ അവളുടെ മനസ്സില്‍ കയറുന്നു.പ്രതിസന്ധികള്‍. അവരിരുവരും ഒളിച്ചോടുന്നു. ജീവിതം തുടങ്ങുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് അവന്‍ പോലീസിന്റെ പിടിയിലാകുന്നു. അവളെ വീട്ടുകാര്‍ മറ്റൊരുത്തനു വിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു. ആ ദിവസം അവന്‍ പോലീസിനെ കബളിപ്പിച്ച് അവളെ വീണ്ടെടുക്കാനായി ശ്രമിക്കുന്നു. ഒരുവിധം അവളുടെ വീട്ടില്‍ എത്തിയപ്പോള്‍ അവള്‍ കൈവിട്ടു പോയിരുന്നു. മരണത്തിലേക്ക്.
ഇതാണ് അന്നയും റസൂലും. ഇതു മാത്രമല്ല സിനിമ.
                       രണ്ടു മതക്കാര്‍. വിവാഹവും മതവും. മതം മാറണോ? റസൂല്‍ ആദ്യം മുതല്‍ ഉറപ്പിച്ചു പറയുന്നു. ഞാന്‍ മതം മാറില്ല. അന്നയും മാറേണ്ട. അന്നക്കെന്നെ ഇഷ്ടമാണ്. എനിക്കു അന്നയേയും.മതാതീത പ്രണയത്തിന്റെ മുഖമാണ് ഈ സിനിമയ്ക്കു കാലിക പ്രസക്തി നല്‍കുന്നത്. അത്തരമൊരു വിശുദ്ധപ്രണയം രൂപപ്പെട്ടു വരുന്നതിന്റെ പതിഞ്ഞ രീതി പലര്‍ക്കും സുഖിച്ചെന്നു വരില്ല. കാരണം പ്രണയം കോലാഹലങ്ങളില്ലാത്ത ദാഹവും മോഹവും ആണ്. ചിലപ്പോള്‍ അതിരു വിടും .സ്ഥലകാലങ്ങള്‍ മറക്കും. കാത്തിരിക്കുക എന്നത് പ്രണയത്തിന്റെ നാള്‍വഴിയില്‍ പൂത്തു നില്‍ക്കുന്ന സുഗന്ധം തന്നെ.മൊബൈല്‍ ഫോണ്‍ കാലത്തെ പ്രണയത്തിനു കൊച്ചു കൊച്ചു സന്ദേശത്തുടക്കംശുഭരാത്രിയും മധുരസ്വപ്നങ്ങളും ആശംസിക്കുമ്പോള്‍ അറിയാം അതൊന്നുമല്ല ആ കുറുകിയ സന്ദേശങ്ങളുടെ ഹൃദയത്തിലുളളതെന്ന്. ആ വൈകാരികാവസ്ഥ മനോഹരമായി ആവിഷ്കരിക്കാന്‍ ചിത്രത്തിനു കഴിഞ്ഞു. പ്രണയത്തിന്റെ മതമേതെന്ന് വളരെ വശ്യമായി ഈ സിനിമ പറയുന്നു.
                അന്ന ഒരു സെയില്‍സ് ഗേളാണ്.അന്ന സാമ്പത്തികമായി ബുദ്ധിമുട്ടുളളവള്‍.വളരെ നിറം മങ്ങിയ കുടുംബബന്ധങ്ങള്‍. അവള്‍ക്കാശ്വസിക്കാനായി എന്തെങ്കിലും ഉണ്ടോ? ഇല്ലെന്നു പറയാം. സദാ വിഷാദം തളം കെട്ടി നില്‍ക്കുന്നു .നടത്തവും നോട്ടവും ശബ്ദവും എല്ലാം സൗമ്യമായ നിഴല്‍ വീണു മെലിഞ്ഞവള്‍.. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ നിര്‍വിചിക്കുമ്പോള്‍ മറന്നു പോകുന്ന വിഭാഗം. പ്രശ്നസങ്കീര്‍ണമായ ഇത്തരം കുട്ടികള്‍ എങ്ങനെ ജീവിക്കുന്നു. അവര്‍ക്കെന്താണ് പ്രതീക്ഷിക്കാനുളളത്? വരുന്നതു പോലെ അനുഭവിക്കുക എന്നതിനപ്പുറം? നിര്‍വികാരമായ ഭാരം എന്നു വിശേഷിപ്പിക്കാവുന്ന ജീവിതം സ്വന്തം ശബ്ദത്തിനു വിലയുണ്ടെന്നു തിരിച്ചറിയുന്നില്ല. അവള്‍ മെഴുകുതിരിപോലെ എരിഞ്ഞു തീരും. ഉരുകുന്ന മെഴുതിരികള്‍ക്ക് പരിഭവമോ പ്രതിഷേധമോ ഇല്ലല്ലോ?അച്ഛന്റെ നിര്‍വികാരതയ്ക്കും ആങ്ങളയുടെ പകയ്ക്കും അമ്മയുടെ നിസ്സഹായതയ്ക്കും ഇടയില്‍ മകള്‍ എന്താണ് ?സങ്കടജീവിതങ്ങളുടെ മുഖമുളള ഒരു നടി അന്നയെ മികവുറ്റതാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ അവള്‍ പാലിക്കുന്ന ഒതുക്കം(ഞെരുക്കം) അതാണ് കേരളത്തിലെ പെണ്‍ജീവിതത്തിന്റെ ദരിദ്രമായ വര്‍ത്തമാനം. പളളി വികാരിക്ക് പെണ്‍മനസ്സുകള്‍ വായിക്കാനാവാതെ മനസ്സമ്മതം യാന്ത്രികമായി പറയിക്കുന്ന ദൗത്യമാണോ ഉളളത്? ഇവിടെ മതത്തിന്റെ മതം സ്വയം പരിഹാസ്യമാകുന്നുണ്ട്. അതെ അന്ന മതത്തോട് മരണം കൊണ്ടു പോരാടി എന്നു പറയാം. എങ്കിലും അതു തിരിച്ചറിയാന്‍ മതത്തിനു കഴിഞ്ഞോ ?
                      മട്ടാഞ്ചേരിയുടെ മനസ്സ് പളളിക്കും കൊളളയ്ക്കും കാവല്‍ നില്‍ക്കുന്നു. നീതിരഹിതമായ ഇടപാടുകള്‍ക്ക് പങ്കാളിയാകുന്നതില്‍ ആര്‍ക്കും മനസ്സാക്ഷിക്കുത്തില്ല. ഒരു പെണ്ണിനെ മനസ്സിലാക്കാന്‍ കഴിയാത്ത ഇടം മാത്രമല്ലത്. ഭരണകൂടവും മതവും പ്രതിപക്ഷത്തു നിന്നു സംസാരിക്കുന്നു. യൂണിഫോമിട്ടവര്‍ മനുഷ്യനെ അറിയാതെ പോകുന്നു. ഒരു പ്രതിഷേധയോഗത്തില്‍ കൗതുകം കൊണ്ട് എത്തി നോക്കിയാല്‍ അതാരുടെയെങ്കിലും ക്യാമറയില്‍ പതിഞ്ഞാല്‍ ഭീകരബന്ധം എന്ന ലേബല്‍അല്ലെങ്കില്‍ സുഹൃത്തിന് നാമറിയാത്ത അധോലാകബന്ധമുളളതിനാല്‍ നാമോരോരുത്തരും പ്രതിപ്പട്ടികയിലാകേണ്ടിവരും ഇന്നോ നാളെയോ എന്ന അവസ്ഥ. മാറുന്ന കേരളം .സൂക്ഷിക്കുക യൗവ്വനമേ, നിന്റെ പിറകേ നീയറിയതെ ഒരു കൈവിലങ്ങ് എപ്പോഴുമുണ്ട്. ഈ അവസ്ഥ ചിത്രീകരിക്കാനായി സിനിമ സ്വീകരിച്ച സമീപനം വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല എന്നു വേണം കരുതാന്‍.
അഭിനയത്തന് അഭിനയം എന്നു പേരു പറഞ്ഞു കൂടാ എന്നു ഈ സിനിമ വ്യക്തമാക്കിത്തരുന്നു.ആന്‍ഡ്രിയയുടെ അന്നയും ഫഹദ് ഫാസില്നറെ റസൂലും എത്ര സ്വാഭാവികവും നിഷ്കളങ്കവുമായി കഥാപാത്രജീവതത്തിലൂടെ കടന്നു പോകുന്നു. കഥാപാത്രങ്ങളുടെആത്മാവിലൂടെയുളള പ്രയാണമാണ് അഭിനയം എന്നു വിശേഷിപ്പിക്കാമെങ്കില്‍ അതിന്റെ ആസ്വാദ്യത ഈ സിനിമയിലുണ്ട്. ഗാനങ്ങള്‍ അനാവശ്യമായ അലങ്കാരമാണെന്ന സത്യം ഓര്‍മിപ്പിക്കുകയും ചെയ്യും. സാധാരണക്കാരുടെ ജീവിതം അതു കാണാനൊരുമ്പെട്ടു എന്നതും വലിയ കാര്യം തന്നെ,

പ്രമുഖ ഛായാഗ്രാഹകൻ രാജീവ് രവിയുടേ ആദ്യ ചിത്രമാണ് - ‘അന്നയും റസൂലും. പ്രതീക്ഷ എന്ന വാക്ക് ഉപയോഗിക്കട്ടെ.