Friday, December 16, 2016

ക്ലാഷ് ക്ഷണിച്ചു വരുത്തിയ തടവറ

ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമ
 ലോകത്തിന്റെ വർത്തമാനത്തെ ഒരു പോലീസ് വാനിനുള്ളിൽ  പിടിച്ചിടുന്നു. ആദ്യം പത്രപ്രവർത്തകനും സഹായി ഫോട്ടോഗ്രാഫറും. അകത്താക്കുന്നു. അതോടെ നിങ്ങളും അകത്തായി. ഇനി നിങ്ങൾ എട്ടു ചതുരശ്ര മീറ്റർ ചുറ്റളവിന്റെ തട വിലാണ്. അകം കാഴ്ചകൾ ജനാലയഴികൾക്കു മുകളിലെ സുരക്ഷാ കവച വലക്കണ്ണികളിലൂടെ കാണുന്ന പുറം കാഴ്ചകൾ.അതാണ് സിനിമ. ക്ലാഷ് നടക്കുന്നത് നിങ്ങളുടെ ഉള്ളിലാണോ വാനിന്റെ ഉള്ളിലാണോ രാജ്യത്തിനുള്ളിലാണോ ലോകത്തിനുളളിലാണോ എന്നു വേർതിരിക്കാനാവാത്ത വിധം ലയിപ്പിച്ചാണ് സംഭവങ്ങൾ.
മുസ്ലീം ബദർ  ഹുഡ്  (ഈ പേരു തന്നെ ചിന്തയെ കൊത്തി വലിക്കും) അധികാരത്തിലേറുകയും പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയും _ ഇത് സമൂഹത്തിൽ കനലു കോരിയിട്ടു അനുകൂലികളും പ്രതികൂലിക ളു മാ യി തോക്കും കല്ലും കമ്പും കയ്യേറ്റവുമായി നഗരങ്ങൾ വൃണപ്പെടുകയാണ്. ഇതാണ് പശ്ചാത്തലം. ചിത്രം ചരിത്രത്തിന്റെ ഒരു മുഹൂ ർത്തത്തിലേക്ക് പോലീസ് വാനിനെ കൊണ്ടു വെച്ചു കഥ പറയുന്നു.
ആദ്യം പട്ടാളപ്പോലീസിന് (ഇവർ തമ്മിലെന്താണ് വ്യത്യാസം?) ദഹിക്കാതെ വന്നത് ചോദ്യങ്ങൾ ഉന്നയിച്ചവരെയാണ്.സെൻസർഷിപ്പ് പത്രത്തിന്റെ വായടച്ചാവണമല്ലോ. ക്യാമറ പിടിച്ചു വാങ്ങി .പോലീസ്, ജനതയ്ക്കു മേൽനടത്തിയ തിരുവാതിരക്കളിയും ചവിട്ടുനാടകവും പകർത്തിയതെല്ലാം  ഞൊടിയിട കൊണ്ട് അപ്രത്യക്ഷമാവും. പോരാത്തതിന് പട്ടാളവീര്യത്തോട് പ്രതികരിച്ചതിനുള്ള പാരിതോഷികവും കൈവിലങ്ങ് അഴികളിൽ കൊരുത്ത് അകത്തിട്ടു.  അപ്പോഴല്ലേ ജനകൂട്ടം പേയിളകി വരുന്നത്. ശിക്ഷകരോ രക്ഷകരോ ... ഏതാന്നറിയlല്ല. കല്ലേറ്  തുരുതുരാ . കല്ലെറിഞ്ഞവരെയും  പട്ടാളം അനുഗ്രഹിച്ചു. വാനിന് അകത്തായി. നടുറോഡിലെ സഞ്ചരിക്കുന്ന തടവറ ഒരു പ്രതീകമാണ്.. പത്ര കൂട്ടാളികൾക്ക് തള്ളും ചവിട്ടും - വന്നവരുടെ വക സൽക്കാരം. കഥാഗതിയിൽ ഒരു നഴ്സും മകനും കൂടി :... നഗ്വയും ഫാറസും ഭർത്താ വ് ഹൊ സാമും. അവരും വന്നു പെടുകയാണ്. നീതിയും ന്യായവും ചോദിച്ചതിന് അന്യായമാണല്ലോ മറുപടി.  ഇപ്പോൾ വാനിനകത്ത് ഏഴെട്ടു പേരായി.കീരിയേയും പാമ്പിനെയും ഒരേ കൂട്ടിലിടുന്ന തന്ത്രം പട്ടാളത്തിനറിയാം. ഒരു സംഘം എംബിക്കാരും (മുസ്ലീം ബ്രദർഹുഡ് ) വാനിന്നള്ളിലേക്ക്! അക്രമോത്സുകമതബോധം പത്തി വിരി ച്ചാടി. കർമം ചെയ്യുക ഫലം നോക്കേണ്ടല്ലോ. ഇനി യാ ണ്  സിനിമ മുറുകുന്നത്. ഒരു എം ബി ക്കാരൻ സംശയമുന്നയിക്കുന്നു. നമ്മൾ വീണ്ടും അധികാരത്തിലെത്തമോ.? മറുപടി ഊഹിക്കാവുന്നതാണ്. ദൈവ പക്ഷം തോ ൽക്കില്ല. പാപികളെ വകവരുത്തും. ഒരു സാദാ വിശ്വാസിക്ക് അതു മതി. വിശ്വാസത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ വസ്തുതാപരമായ കാര്യങ്ങൾ വേണ്ടല്ലോ. പരസ്പരമുള്ള ആക്രമണ പ്രവണ ത തടവിന്റെയും അധികാര സമ്മർദ്ദത്തിന്റെയും ഫലമായി സങ്കോ ചിക്കുകയാണ്. ഒരാൾക്ക് മൂത്രം മുട്ടി. എന്താ ചെയ്യുക? ഒരു കുപ്പിയിൽ എങ്ങനെ സാധിക്കാം എന്ന് മറ്റൊരുത്തൻ ഡമോൺസ് ട്രേറ്റ് ചെയ്യുന്നു.
 ഗ്രൂപ്പിൽ ഒരു പെൺകുട്ടിയുണ്ട്.അയിസ. അവളുടെ മുത്തച്ഛനും ഉണ്ട്. ഇരു വിഭാഗങ്ങളിലുമായി രണ്ടു കൂട്ടികൾ ഒരാണ്.ഒരു പെണ്ണ്. അവർ പരസ്പരം സ്കൂളിലെ കളി രീതി പങ്കിടുന്നു. എം ബി ഗ്രൂപ്പും പട്ടാള ഗ്രൂപ്പും ... എതിർ ഗ്രൂപ്പിനെ വെടിവെച്ച് കൊല്ലുന്നതോടെ കളി തീരും. സംഘർഷഭരിത ദേശങ്ങളിലെ വിദ്യാലയ പl 0ങ്ങൾ കേവല വിനോദങ്ങളല്ല.പ്രതി സംസ്കാരം  ഉല്ലാദിപ്പിക്കുന്ന ആസൂ ത്രിത കളികൾ തന്നെ.  ഈ കുട്ടികൾ എതിർപ്പിനെറയും വിദ്വേഷത്തിന്റെയും പക്ഷത്തു തന്നെയാണ്.
പട്ടാളം  ട്രക്ക് റോഡിലൂടെ ഓടിക്കുമ്പോൾ തകർന്ന നഗരവും വിഷലിപ്ത ജനാവലിയും കാഴ്ചകളാണ്. ഈ വാ നി നുളളിൽ കാമുകൻ.നഴ്സ്, പോരാളി, തെരുവുവാസി, വിശ്വാസി, പത്രപ്രവർത്തകൻ, അച്ഛൻ , അമ്മ, മകൾ, മകൻ, ആങ്ങള തുടങ്ങി സമൂഹത്തിന്റെ പ്രാതിനിധ്യം:

പെൺകുട്ടി വിഷ മിക്കുന്നത് നഗ്വ കണ്ടു. ഒരമ്മയ്ക്ക് അത് മനസിലാകും.തട്ടമിട്ടിട്ടുണ്ടോ എം ബിക്കാരിയാണോ എന്നൊന്നും നോക്കിയില്ല. ചേർത്തു പിടിച്ച് കാര്യം തിരക്കി. മാനവികതയ്ക്ക്   എന്തു    പക്ഷം? അവൾക്ക്      മൂത്രം മുട്ടി. എന്തു ചെയ്യും. പട്ടാളക്കാർ മനുഷ്യപ്പറ്റില്ലതെ പ്രതികരിച്ചു. എല്ലാ വിദ്വേഷങ്ങളും മറന്ന് അക്രമകാരികൾ മനുഷ്യരായി. പുറംതിരിഞ്ഞു നിന്നു. അവൾ ശ്രമിച്ചിട്ടും അത്രയും ആൺ സാന്നിധ്യത്തിൽ അവൾക്കതായില്ല.
നഗ്വവയുടെ ഭർത്താവിന്റെ  ആഴമുള്ളമുറിവ് .മാംസം പിളർന്നു പോയി. സേഫ്റ്റി പിൻ വെച്ച് തുന്നിയടുപ്പിക്കാൻ നഗ്വ തീരുമാനിക്കുന്നു. മൂന്നാമത്തെ സേഫ്റ്റി പിൻ തന്റെ തട്ടമഴിച്ച് അയ്സ നൽകുമ്പോൾ യാഥാസ്ഥിഥിതികനായ മുത്തച്ഛൻ തടയുന്നില്ല അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവ് കെട്ടാൻ ന ഗ്വ ശ്രമിക്കമ്പോൾ അന്യ സ്ത്രീ തൊടരുത് എന്ന് പറഞ്ഞ മൂപ്പീന്നാ പുളളി. സ്വാർഥതയുടെയും നിസ്വാർഥതയുടെയും ബിന്ദുക്കളിലേക്ക് ദോലനം ചെയ്യുന്ന മനുഷ്യ ഭാവങ്ങൾ. .
ഒരു മൊബൈൽ ഫോൺ ഇത്തരം സന്ദർഭങ്ങളിൽ വഹിക്കുന്ന പങ്ക് അതിന്റെ ഉടയോന്റെ വില  എന്നിവ പ്രത്യേകം പറയേണ്ടല്ലോ. പെങ്ങളുടെ പ്രണയ സന്ദേശം ആ ഫോണിൽ കാണുമ്പോഴുണ്ടാക്കുന്ന അവസ്ഥയും ഊഹിക്കാം. തമാശയും പാട്ടും താളവുമെല്ലാം ആസ്വദിച്ച് മറ്റൊരു ലോകവും ഉള്ളിൽ രൂപപ്പെടുത്തുന്നുണ്ട്. മരണ വാർത്തയോടെ ദുഖമേറ്റുവാങ്ങി ആശ്വാസമാകുന്നുമുണ്ട്. ഒന്നും സ്വന്തമായിട്ടില്ലാത്ത തെരുവു ജീവിയും എങ്ങനെയോ ഇക്കൂട്ടത്തിലുണ്ട്.          
 ട്രക്ക് അക്രമക്കൂട്ടത്തിനടുത്തെത്തന്നു. എം ബി കൂട്ടമാണ്.ഒരു വിഭാഗത്തിന് സന്തോഷം .മറുപക്ഷത്തിന് ചങ്കിലിടിപ്പ് .ഇനി എന്താണ് സംഭവിക്കുക. താഴിട്ട  വാതിൽ തല്ലിപ്പൊളിച്ച് പേരു ചൊല്ലി രക്ഷപെടുത്തുമ്പോൾ അവശേഷിക്കുന്നവരുടെ ഹൃദയ ഭയം ഉന്നതിയിലെത്തുന്നു.
ഇനി എന്താണ് സംഭവിക്കുക എന്ന ചോദ്യം അവശേഷിപ്പിച്ച് ക്ലാഷ് അവസാനിക്കുന്നു, അല്ല തുടരുന്നു..
 വാനിലുളളിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സൂക്ഷമമായി പകർത്തുകയും ചെയ്തിരിക്കുന്നു.
വൈകാരികത ജ്വലിപ്പിച്ച് മനുഷ്യത്വത്തെ വറചട്ടിയിൽ പൊരിക്കുന്ന കാലത്ത് ഇത്തരം സിനിമകൾ വലിയ ഇടപെടലുകളാണ് നടത്തുന്നത്. ആൾക്കൂട്ടത്തെ പോരുകാളകളാക്കുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടണം. വിഭജനത്തിന്റെ രാഷ്ട്രീയം അയൽക്കാരൻ ശത്രു എന്ന സങ്കല്ലം നമ്മുടെ എന്ന ബ ഹു വചനത്തിനുള്ളിൽ മുള്ളുവേലി കെട്ടിയിട്ടത്... ക്ലാഷ് ഒരു ചിത്രമല്ല. ഒരു ചൂണ്ടുവിരലാണ്. അവരവരിലേക്ക് അതു ഉന്നംവെക്കുന്നു.
ഒരു വാനിന്റെ ഉള്ളിൽ ഒരു സിനിമ പിടിക്കാൻ ആർജവം കാട്ടിയ സംവിധായകനും ക്യാമറക്കാരനും നമ്മെ വിസ്മയിപ്പിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു അനുഗ്രഹം തന്നെയാണ്. നമ്മുടെ പടം പൊഴിച്ചുകളയുന്ന പടമാണിത്.
ക്ലാഷ് ഒരു പ്രദേശത്തിന്റെയോ കാലത്തിന്‍റെയോ കഥയല്ല.
മനുഷ്യർ വർഗീയതയുടെയും ഭരണകൂട ഭീകരതയുടെയും  ആഖ്യാനമാണ്.

Thursday, June 23, 2016

ഒഴിവു ദിവസത്തെ കളി അപൂര്‍വാനുഭവം തന്നെ


"ഒഴിവുദിവസത്തെ കളി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധിസിനിമകള്‍ക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തില്‍ അപൂര്‍വമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകള്‍ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഒറ്റഷോട്ടാണ്. അഭിനേതാക്കള്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോള്‍ സിനിമ കണ്ടുകഴിഞ്ഞവര്‍ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകള്‍ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കില്‍ പോലും ഒഴിവുദിവസത്തെ കളി നിലനിൽക്കുന്നത് അതില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് എക്സ്പീരിയന്‍സ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കില്‍ കണ്ടവരോട് ചോദിച്ചാല്‍ മതി.
ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാന്‍ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതല്‍ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകല്‍ നിറയട്ടെ. കൂടുതല്‍ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാന്‍ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന മറ്റുള്ളവര്‍ക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.
. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നല്‍കൂ.
ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.
സ്നേഹത്തോടെ
സനല്‍ കുമാര്‍ ശശിധരന്‍.”
ഒഴിവു ദിവസത്തെ കളി രണ്ടു നേരവും കുളിച്ച് ഉളളില്‍ കെട്ടവാടയുമായി ജീവിതം പെര്‍ഫ്യൂമടിച്ചു ആഘോഷിക്കുന്ന കേരളീയരുടെ കളിയാണ്. ടൈററില്‍ ഷോട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് തെരഞ്ഞെടുപ്പ് ആഹ്വാനങ്ങള്‍ക്കിടയിലാണ്. നാളെ സമൂഹത്തിനെ ഏത് പ്രത്യശാസ്ത്രം ഭരിക്കണമെന്ന ചോദ്യത്തിനിടയില്‍ ഒഴിവുദിവസത്തെ കളി മുന്നോട്ടുവെക്കുന്നത് ഗൗരവമുളള രാഷ്ട്രീയ പ്രശ്നമാണെന്ന് ഈ തുടക്കം തന്നെ സൂചിപ്പിക്കുന്നു. കേരളത്തിലെ സമകാലികമായ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പ്രമേയം വളരുന്നത്. നാടു മുഴുവന്‍ അതിന്റെ ലഹരിയില്‍. എന്നാല്‍ നാലഞ്ചു കൂട്ടുകാര്‍ ഒഴിവാഘോഷിക്കാന്‍ മറ്റൊരു ലഹരിക്കായി ഒഴിഞ്ഞ ഇടം തേടുകയാണ്. തെരഞ്ഞെടുപ്പിനെ ഒഴിവാക്കി ഒഴിവുദിവസത്തെ കളിക്ക് കോപ്പു കൂട്ടുകയാണ്. പൊതുപാതയുടെ ഓരത്തുളള ചെറിയ അരുവിക്കരയിലാണ് ആദ്യ മദ്യവിരുന്ന്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഒരിടത്ത് നടക്കുന്നു. മറ്റൊരിടത്ത് വെളളമടി നടക്കുന്നു. മദ്യത്തിന്റെ സാന്നിദ്ധ്യം അവസാനം വരെ നിലനിറുത്തുകയാണ് സിനിമ. അപ്പോഴാണല്ലോ ഉളളിലുളളതെല്ലാം ഛര്‍ദിക്കുക. ഈ സിനിമയില്‍ ആരും പ്രത്യക്ഷമായി ഛര്‍ദിക്കുന്നില്ലെങ്കിലും പരോക്ഷമായി ഛര്‍ദിക്കുന്നുണ്ട്. ഓരോരുരത്തരും അവരവരുടെ സ്വത്വത്തെയാണ് ഛര്‍ദിക്കുന്നത്.പലപ്പോഴും മലയാളി സ്വയം തുറന്നു കാട്ടുന്നത് ഒഴിവിടങ്ങളിലും പതിയിടങ്ങളിലും വെച്ചാണ്. മദ്യം ആരും കാണാനില്ലാത്ത സാഹചര്യവും ഒരു നിമിത്തമാകുന്നുവെന്നു മാത്രം.
സിനിമയുടെ സ്വാഭാവിക വളര്‍ച്ചയ്കുുതകും വിധം പ്രമേയത്തിന്റെ ആഖ്യാനപരിസരത്തില്‍ വെളളം നിറഞ്ഞു നില്‍ക്കുന്നു. മഴ, കെട്ടിക്കിടക്കുന്ന ജലാശയം, വെളളം എന്ന് നാം വിശേഷിപ്പിക്കുന്ന മദ്യം. കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ ഒരു ബോട്ട് മുങ്ങിക്കിടക്കുന്ന ദൃശ്യം സിനിമയിലുണ്ട്. ഒഴുക്കിനു സ്വയം തട പണിത് നിശ്ചലമാക്കിയ മലയാളി. യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ അതിദാരുണമായി മുങ്ങിപ്പോയതാകും ഈ ബോട്ട്. യാത്രകളവസാനിപ്പിച്ച കടവ്. കെട്ടിക്കിടക്കുന്ന ജലത്തിന് വെല്ലുവിളികളില്ല എന്ന് പറഞ്ഞത് ഓഷോയാണ് . കുതിച്ചൊഴുകുന്ന ജലത്തിനേ പാറക്കെട്ടുകളില്‍ തകരേണ്ടതുളളൂ. പുതുയിടങ്ങളെ തേടേണ്ടതുളളൂ. നിശ്ചലജലാശയം മലിനമാണ്. മാലിന്യങ്ങള്‍ ജലോപരിതലത്തില്‍ നിറയുകമാത്രമല്ല അത് കവിഞ്ഞ് വാതിലുകളുടെയും ജനാലകളുടെയും തുറസ്സുകളിലൂടെ മുറികളിലേക്ക് ഒഴുകിയെത്തും. അത്തരമൊരു രംഗവും ഈ സിനിമയില്‍ ഉണ്ട്. വെളളം അഭിനേതാവിന്റെ റോളിലേക്ക് ഉയരുകയാണെന്നു തോന്നും. മരണത്തിന്റെ വൈകാരികമായ സംഘര്‍ഷത്തെ ജലാശയം പ്രതിഫലിപ്പിക്കുന്നുണ്ട്. കോഴിയുടെ കഴുത്തില്‍ കുരുക്കുവീഴുമ്പോള്‍ ഓളങ്ങളിലേക്ക് ക്യാമറ കട്ട് ചെയ്യുന്നു. കാട്ടില്‍ മദിക്കാനെത്തുന്ന സംഘത്തിന്റെ തിമിര്‍പ്പിനൊപ്പവും ഇത് ജലാശയം മനസ് ചേര്‍ത്തിളകുന്നുണ്ട്. വെയിലിന്റെ വിരലുകള്‍ കൊണ്ട് ഇലച്ചാര്‍ത്തുകളില്‍ നീരിന്റെ പ്രതിഫലനചിത്രം വരച്ചുചേര്‍ക്കുന്ന കാഴ്ച വശ്യമാണെന്നു പറയാം. മൂന്നോ നാലോ തവണ വ്യത്യസ്തഭാവത്തില്‍ ജലാശയത്തിന്റെ അനുഭവം നാം ഏറ്റു വാങ്ങുന്നു. മഴയുടെ കാര്യത്തിലും ഇതാണ് അവസ്ഥ. മഴയനുഭവം അതിശക്തമാണ്. രണ്ടാംപകുതിയിലാണ് മഴ തകര്‍ക്കുന്നത്. രണ്ടു മഴക്കാലം കേരളത്തിനുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം? എത്രമഴയില്‍ കുളിച്ചാലും പോകാത്ത ജാതിബോധം നാം ജീനുകളില്‍ സൂക്ഷിക്കുന്നുണ്ടല്ലോ. നമ്പൂതിരി വെളളമടിക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം. അല്ലെങ്കില്‍ മദ്യം അകത്ത് ചെല്ലുമ്പോള്‍ മേല്‍ക്കുപ്പായം ഊരി തനിസ്വരൂപചിഹ്നമായ പൂണൂല്‍ പ്രത്യക്ഷ കാഴ്ചയാക്കി നവോത്ഥാനത്തിന്റെ ഇന്നലകളുടെ മേല്‍ പരിഹാസത്തിന്റെ ഏമ്പക്കം ചേര്‍ത്തുവെക്കുകയാണ്. നമ്പൂതിരിക്ക് നമ്പൂരിത്തം ശരീരവും പ്രാണനും പോലെയാണെന്നും ഇന്നു. റേഞ്ചില്ലാത്തയിടത്ത് റേഞ്ച് കണ്ടെത്തുന്നവനാണിതിലെ നമ്പൂതിരി. ഞാന്‍ നമ്പൂതിരിയാണ് ഞാന്‍ നമ്പൂതിരിയാണ് എന്ന് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ട്. അങ്ങേത്തലയ്കല്‍ ഒരു പക്ഷേ അത് കേള്‍ക്കുന്നത് നാം തന്നെയായിരിക്കും. കളളനും പോലീസും കളിയിലും നമ്പൂതിരി സ്വന്തം റേഞ്ച് കണ്ടെത്തി താനാരാണ് മോന്‍ എന്ന് വ്യക്തമാക്കുന്നു.
ഒഴിവു ദിനം (?) കൂടാന്‍ നാട്ടില്‍ നിന്നും കാട്ടിലേക്ക് അവരഞ്ചുപേര്‍ പോകുന്നു. പാഞ്ചാലി ആരെന്ന് അപ്പോള്‍ വ്യക്തമല്ല. പക്ഷേ ധര്‍മനെന്നു പേരായ ഒരാള്‍ അതിലുണ്ടായത് സ്വാഭാവികം. നാട് കാട് എന്നീ ദ്വന്ദങ്ങളാണ് പരിഷ്കാരവും പ്രാകൃതത്വവും അടയാളപ്പെടുത്താന്‍ സാധാരണ ഉപയോഗിക്കുന്നത്. നാട്ടില്‍ നിന്നും കാട്ടിലേക്ക്. നാട്യത്തില്‍ നിന്നും തനിമുഖം തേടി. അവരവരുടെ ഉളളിലുളള നിബിഡവനത്തിലേക്ക് പോകുന്നു. വന്യമായ തൃഷ്ണകളുടെ മുളകള്‍ പൊട്ടുന്നുണ്ട്. മുഖ്യകഥാപാത്രങ്ങളായ ധർമ്മപാലൻ, അശോകൻ, വിനയൻ, ദാസൻ, തിരുമേനി എന്നീ പേരുകള്‍ തുടക്കത്തില്‍ നമ്മെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാല്‍ സിനിമയുടെ അന്ത്യമാകുമ്പോഴേക്കും മലയാളിയുടെ ഉളളിലുളള ചാതുവര്‍ണ്യാരാധനയുടെ അവശിഷ്ടങ്ങളെ വാരിവലിച്ച് പുറത്തിട്ട് തിരുമേനിയും ദാസനും ധര്‍മനും അവരുടെ നാനാര്‍ഥങ്ങള്‍ വെളിവാക്കുന്നു. കച്ചവടക്കാരനും ഉദ്യോഗസ്ഥനും കൂടിയാകുമ്പോള്‍ പ്രാതിനിധ്യം കൃത്യമാകുന്നുമുണ്ട്. കാട്ടുപ്ലാവില്‍ ചക്ക. അതു പറിക്കണം. ആരാ കേറുക? എല്ലാവരും കൂടി ദാസനെ തളളിക്കയറ്റുന്നു. ചക്ക താഴെ. അത് വെട്ടിമുറിച്ച് തിന്നാന്‍ നേരം ദാസനേക്കാള്‍മറ്റുളളവരാണ് മുന്നില്‍. കോഴിയെക്കൊല്ലണം. ആരുകൊല്ലും? ഒടുവില്‍ദാസനു തന്നെ ആ പണിയും സ്നേഹത്തോടെ ലഭിക്കുന്നു. ഇറച്ചി കൂട്ടാന്‍ എല്ലാവര്‍ക്കും ഉത്സാഹം. ഇതാണ് ഈ ചിത്രത്തിലെ രാഷ്ട്രീയം. ദലിതന്‍ തന്റെ മേലിട്ടുതന്ന ദാസ്ദൗത്യത്തെ കുടഞ്ഞെറിഞ്ഞ് അധികാരഘടനയിലേക്ക് ഒരിക്കലും പ്രവേശിക്കുന്നില്ല. നീ എന്നു വിളിക്കാന്‍ നീയാര് എന്നു ചോദിക്കുന്നത് ഒഴിവുദിനമാണെങ്കിലും ചേതനയുടെ പ്രവൃത്തി ദിനങ്ങളാണതിന് ഉത്തരം അന്വേഷിക്കേണ്ടത്.
മുകളില്‍ നിന്നും താഴേക്കുളള നോട്ടം.
ക്യാമറപലപ്പോഴും മുകള്‍ കീഴ് ബന്ധത്തെ ഓര്‍മിപ്പിക്കും വിധം നിലതേടുന്നുണ്ട്. കാട്ടിലേക്കുളള യാത്ര തന്നെ മുകളില്‍ നിന്നാണ് ദൃശ്യപ്പെടുന്നത്. മേല്‍ക്കോയ്മയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അധസ്ഥിതത്വത്തെ സമീപിക്കുകയാണ്. ഗീതഎന്ന പാചകക്കാരിയെ ധര്‍മന്‍ തൃഷ്ണയോടെ നോക്കുന്നത് മുകളിലെ നിലയില്‍ നിന്നാണ്. ധര്‍മപാലന്‍ എപ്പോഴും ഉന്നതന്‍. പണിചെയ്യുന്ന സ്ത്രീ എപ്പോഴും താഴേക്കിട. അവള്‍ ശരീരം മാത്രം. സ്ത്രീയെ ഫോഴ്സ് മൂലം കീഴടക്കാനുളളതാണെന്ന ദര്‍ശനമാണ് കച്ചവടക്കാരനുളളത്. അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയാനുഭവം ഓര്‍മയിലുളള വിനയനാകട്ടെ അതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യയെ ബലാത്സംഗം ചെയ്യുകയാണോ എന്ന ചോദ്യം സ്വന്തം സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ എന്ന താക്കീതിലേക്ക് എത്തിച്ചേരുന്നു. സ്ത്രീ സ്വകാര്യസ്വത്തും പൊതുസ്വത്തും എന്നതിനപ്പുറം മേല്‍ക്കോയ്മാ വീക്ഷണത്തില്‍ വിലമതിക്കപ്പെടുന്നില്ല. ഗീത എന്ന പേര് വെറുതേയിട്ടതല്ല. ഗീത എല്ലാവര്‍ക്കും മോക്ഷം നല്‍കുമെന്ന് അവര്‍ കരുതുന്നുണ്ട്. ധര്‍മന്‍ ഇറച്ചി വെന്തോഎന്നറിയാന്‍ പോകുന്നത് അവളുടെ ഇറച്ചിയില്‍ മേലാണക്കണ്ണ് വീണതിനു ശേഷമാണ്. പണം കൊടുക്കുമ്പോഴും പിറകേ ഇടവഴിയിലൂടെ ചെല്ലുമ്പോഴും ധര്‍മനെന്ന പേര് നേര്‍വിപരീതത്തിലാണ് നാം മനസിലാക്കപ്പെടുന്നത്. നമ്മുടെ പേര് തിരിച്ചിട്ട് വായിക്കണമെന്നര്‍ഥം. ഗീത ഓങ്ങിയ വെട്ടുകത്തിയല്ല മറിച്ച് അരിശം തീര്‍ക്കാനവള്‍ മണ്ണില്‍ വെട്ടിയ വെട്ടുണ്ടല്ലോ അതാണ് ശക്തമായ ഗീതോപദേശം. മുന്‍പിന്‍ നോക്കാതെ അധര്‍മികളെ അരിഞ്ഞുവീഴ്ത്തുക. അത്ര തന്നെ. എന്താണ് ധര്‍‍മം, വിനയം ,ദാസ്യം എന്നെല്ലാം ചോദിക്കുന്നു ഈ സിനിമ.
എന്നും താന്‍ ദാസനാണെന്നറിയാതെ ദാസ്യപ്പണി ചെയ്യുകയാണ്. പുതിയകാലത്തിലെ ദാസ്യത്തിന് സൗഹൃദത്തിന്റെയും പ്രലോഭനങ്ങളുടെയും അകമ്പടിയുണ്ടാകും. നിങ്ങള്‍ക്ക് പന്തിഭോജനം നടത്താം. ഒന്നിച്ച് വെളളമടിക്കാം. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ നീ ദാസനാണ്.
അവസാനം ക്യാമറ ദാസന്റെ നേര്‍ക്കുനേരെ അവസാനിപ്പിക്കുകയാണ്. കളിയില്‍ പണവും പ്രതാപവും ഉളളിലുളള ജാതിബോധവും തൊഴിച്ചും ഞെരിച്ചും താഴേക്കെറിയപ്പെട്ട ദാസന്‍ മരണത്തിന്റെ രോഷം നിറഞ്ഞകണ്ണുകളോടെ കേരളത്തെ തുറിച്ചു നോക്കുന്നു
 അനുബന്ധം.

  • അഭിനേതാക്കള്‍ അവരുടെ ചുമതല കളിക്കപ്പുറത്തേക്ക് വളര്‍ത്തിയെടുത്തതിന് അഭിനന്ദനം അര്‍ഹിക്കുന്നു. ഗിരീഷ് നായർ(തിരുമേനി), ബൈജു നെറ്റോ (ദാസൻ), പ്രദീപ് കുമാർ (വിനയൻ), ശ്രീധർ (ഗണേശൻ) അരുൺ നാരായൺ (അശോകൻ), നിസ്താർ സേട്ട് (ധർമൻ)റെജു പിള്ള (നാരായണൻ) അഭിജ ശശികല (ഗീത) എന്നിവരാണ് വേഷം ചെയ്തത്.
  • എന്തായിരുന്നു കളി? അത് പറയാന്‍ വിട്ടു. നറുക്കിട്ടെടുക്കുന്ന ആ കളിയുടെ നിയമങ്ങളും പരിണാമവും സിനിമയുടെ അവസാനം നിങ്ങള്‍ അനുഭവിക്കും. അതിനാല്‍ ഇവിടെ അതൊഴിവാക്കുന്നു.

Monday, November 17, 2014

മരുഭൂമിയിലെ പെണ്‍രക്തം


മരുപുഷ്പം (ഡെസേര്‍ട്ട് ഫ്ളവര്‍) എന്ന സിനിമ നൊന്തുകൊണ്ടാണ് കണ്ടത്. എവിടെയൊക്കെയോ മുറിവുകള്‍ വീണുകൊണ്ടേയിരുന്നു. കാഴ്ചയുടെ നീറല്‍ സഹിക്കനാകാതെ ഫിലിം ചിലപ്പോള്‍ മരവിപ്പിച്ചു നിറുത്തി.
അവള്‍ ലോകത്തോടു പറയുകയാണ് .. "എന്റെ ബാല്യത്തില്‍ ഞാന്‍ ഒരു സ്ത്രീയാകരുതെന്ന് തീവ്രമായി ആഗ്രഹിച്ചു. കാരണം അവളെ കാത്തിരിക്കുന്നത് തീനോവും നൊമ്പരങ്ങളും അസ്വഥതകളും മാത്രമായിരിക്കും. "
മൂന്നാം വയസിലാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ആ മലയടിവാരത്തില്‍ വെച്ച് അവള്‍ ആ പ്രാകൃതമായ ആചാരത്തിനു വിധേയമാകുന്നത്.
തുടകള്‍ക്കിടയിലെ ലോലമായ പച്ചമാംസം ബ്ലേഡിന്റെ ചീന്തലില്‍ അറ്റുവീണു.സ്വകാര്യഭാഗങ്ങളുടെ ഉളളിലേക്ക് ആഴ്ന്നിറങ്ങിയ മുളളിന്‍ മുനകള്‍ എന്തൊക്കെോയോ കുത്തിപ്പറിച്ചു. രക്തത്തിന്റെ അലറിക്കരച്ചില്‍.ഭയപ്പെട്ടുപോകുന്ന നിസ്സഹായത. പെണ്‍കുഞ്ഞിന്റെ പെണ്ണടയാളത്തില്‍ മാത്രമല്ല ചങ്കിലും കരളിലുമെല്ലാം ആജീവനാന്തമുറിവായി.
ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ ഇളംപ്രായത്തില്‍ അവള്‍ അനുഭവിച്ച ആ ദുരാചാരം എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്.
സ്ത്രീകളുടെ ചേലാകര്‍മം-ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍- (എഫ്ജിഎം) -എന്താണത് എന്ന് പലര്‍ക്കും അറിയില്ല.
"സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും" ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ പെടും.
ലോകാരോഗ്യസംഘടന സ്ത്രീകളിലെ ചേലാകർമ്മത്തെ നാലായി വർഗ്ഗീകരിച്ചിട്ടുണ്ട്.
ടൈപ്പ് I സാധാരണഗതിയിൽ കൃസരിയും (ക്ലൈറ്റോറിഡക്റ്റമി) കൃസരിയുടെ ആവരണവും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് II- (എക്സിഷൻ) കൃസരിയും ഇന്നർ ലേബിയയും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് III (ഇൻഫിബുലേഷൻ) എന്ന പ്രക്രീയയിൽ ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൃസരിയും നീക്കം ചെയ്യപ്പെടും. ഇതിനു ശേഷം മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനിടെയും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും.
ടൈപ്പ് IV പ്രതീകാത്മകമായി കൃസരി, ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രീയയോ(ഗിഷിരി കട്ടിംഗ്) ആണ്.
നാലുവയസ്സിനും ആർത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയിൽ സ്ത്രീകളിൽ ചേലാകർമ്മം ചെയ്യപ്പെടുന്നത്. ചിലപ്പോൾ ശിശുക്കളിലും പ്രായപൂർത്തിയായ സ്ത്രീകളിലും ഈ കർമ്മം ചെയ്യപ്പെടാറുണ്ട്.ഇത് ആശുപത്രിയിൽ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയിൽ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടൻ ചേലാകർമ്മവിദഗ്ദ്ധ/ന്‍ ആണ് ഇത് ചെയ്യുക. മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോൾ നാലാഴ്ചയോളം കാലുകൾ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്. ബാത്റൂമിൽ വച്ചോ ചിലപ്പോൾ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക.
പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.
ലിംഗാസമത്ത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങൾ, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗികവാഞ്ചയെ നിയന്ത്രിക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് ഈ കർമ്മം ഊന്നിനിൽക്കുന്നത്. ഇത് നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഇതിനെ പൊതുവിൽ പിന്തുണയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഈ പ്രവൃത്തി നടക്കുന്നുണ്ട്.”( അവലംബം -വിക്കിപീഡിയ)
ഒരു ആട്ടിന്‍ കുട്ടിയുടെ പ്രസവത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കുഞ്ഞിനെ സ്വന്തം കൈകളിലേറ്റു വാങ്ങിയ വാരിസ് ദിറി പെട്ടെന്ന് ക്ലോസപ്പില്‍ നിന്നും മിഡില്‍ഷോട്ടിലോക്കും ലോംഗ് ഷോട്ടിലേക്കും മാറുന്നു. ആട്ടിടയ-മരുജീവിതത്തിന്റെ പെണ്‍മുഖം.
അവള്‍ സോമാലിയക്കാരി
പതിമൂന്നു വയസ്സുളളപ്പോള്‍ അറുപതുകാരന് വിവാഹം ഉറപ്പിക്കുന്നു. ഉള്‍ക്കൊളളാനാവാത്തതാണെല്ലാം. അമ്മയ്കാവട്ടെ എല്ലാ നന്മയ്കാണ്. അവള്‍ക്കത് ബ്ലേഡിന്റെ മൂര്‍ച്ചയുളള ഇരുളിലേക്ക് ജീവിതത്തെ വിട്ടുകൊടുക്കലാണ്. രാവിന്റെ പകുതിയില്‍ അവള്‍ പുറപ്പെടുന്നു. മൊഗാദിഷുവിലെ വല്യമ്മയുടെ വീട്ടിലേക്ക് . സങ്കടഭാരവുമായുളള ഈ യാത്ര കൊടും മരുഭൂമിയിലൂടെയാണ്. തണലും തണ്ണീരുമില്ലാത്ത , കാലം കൂര്‍പ്പിച്ചിട്ട കല്ലുകളും സൂര്യാഗ്നിയില്‍ പഴുത്ത മണല്‍ത്തരികളുമുളള ,പച്ചപ്പിന്റെ സ്വപ്നഛായ പോലും സ്വപ്നം കാണാത്ത, കരുണയുടെ കണ്ണില്ലാത്ത മരുഭൂമിയിലൂടെ അവളെ നടത്തിയത് ജീവിതമാണ്. പാദങ്ങളില്‍ ചോരയും മണലും കുഴഞ്ഞു. ജിവജാലങ്ങള്‍ ഏറ്റവും തീവ്രമായ വേദനകള്‍ പോലും സഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചിലസാഹചര്യങ്ങള്‍. അനിശ്ചിതത്വമാകാം പകരം വെക്കുന്നത്. എങ്കിലും വേട്ടയാടുന്നതിനോളം കാത്തിരിപ്പില്ല എന്ന പ്രതീക്ഷ മുന്നോട്ടു നയിക്കുന്നു.
അവള്‍ സോമാലിയയില്‍ നിന്നും ലണ്ടനിലെത്തുന്നു.
വീട്ടുവേലയെടുത്തും എച്ചില്‍ തിന്നുമുളള ജീവിതം.
അപമാനത്തിന്റെ ആത്മാഭിമാനം മൂടിയുളള ജീവിതം.
ഔദാര്യവും ദയയും യാചിച്ചു് സോമാലിയക്കാരി
ഒരു പരസ്യഫോട്ടോഗ്രാഫര്‍ അവളെ കണ്ടെത്തു്ന്നതൊടെ അവള്‍ അവളെ തിരിച്ചെടുക്കുകയാണ്.
മോഡല്‍ എന്ന നിലയില്‍ ഉയരങ്ങളിലേക്കുളള പ്രയാണത്തിലും ഒറ്റപ്പെടലിന്റെ ആവരണം.
പ്രശസ്തിയുടെ മുകളില്‍ നില്‍ക്കുമ്പോളാണ് അവള്‍ തന്റെ ദുരന്താനുഭവങ്ങള്‍ ലോകത്തോടും മറയില്ലാതെ തുറന്നു പറഞ്ഞത്.
ഓടുവില്‍ ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യല്‍ അംബാസഡര്‍- ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷന് എതിരായ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരി.

വാരിസ് ദിറിയുടെ ആത്മകഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ പൊളളുന്നതാണ്
ആ കാഴ്ചാനുഭവം ,അതെനിക്ക് പകര്‍ത്താനാവില്ല. വളരെ ഒതുക്കമുളള ആഖ്യാനം. ശക്തമായ ഛായാഗ്രഹണം. ചിത്രസംയോജനത്തിലും വേണ്ടത്ര കരുതലുകള്‍.
പെണ്‍കുഞ്ഞുങ്ങള്‍ ലോകത്ത് പിറക്കുന്നത് നോവിന്റെ ഇരകളാകാനാണോ?
മതവും മനസാക്ഷിയും മറച്ചു പിടിക്കുന്ന ഒരു ലോകം ഉണ്ട്.
അതു നിങ്ങള്‍ കാണണം. ഈ സിനിമ വലിയ ദൗത്യമാണ് വഹിക്കുന്നത്.


തമിഴ് എഴുത്തുകാരി സല്‍മയുടെ ഈ കവിത കൂടി ചേര്‍ത്തുവായിക്കുക.
വാരിസ്‌ ദിറി

ഭഗങ്ങൾ തുന്നിക്കൂട്ടുന്നിടത്ത്‌
അവരവരുടെ ഊഴത്തിനായി
അവർ ക്ഷമയോടെ കാത്തുനിന്നു,
അമ്മമാർ ഇറുക്കിച്ചേർത്ത്‌
ഒക്കത്തുവെച്ചിരിക്കുന്ന
കുഞ്ഞുപെൺകുഞ്ഞുങ്ങൾ..

ഒരു നഴ്‌സിന്റെ
പരുപരുത്ത കത്രികയാൽ
വിഛേദിക്കപ്പെട്ട്‌,
അവരുടെ തൊലിക്കഷ്ണങ്ങൾ
മരുഭൂമിയിലെ പാറപ്പുറത്ത്‌
ചിതറിത്തെറിച്ചു കിടന്നു.
കൊച്ചുകുഞ്ഞുങ്ങളുടെ
ചോരയിൽക്കുതിർന്ന നിലവിളികൾ
കാറ്റിലിടറി.

വെട്ടിമുറിച്ച്‌ തുന്നിക്കൂട്ടി വെച്ച
ഭഗദ്വാരത്തിനുള്ളിൽ
ഒരു ലിംഗത്തിനും എത്തിപ്പിടിക്കാൻ
പറ്റാത്തിടത്തുകിടന്ന്
ചലവും ചോരയും
ഒന്നുപൊട്ടിയൊഴുകാൻ പിടയ്ക്കുന്നു.

ലോകമെങ്ങും വരിവരിക്കങ്ങനെ
നിൽപ്പാണീ പുതുപുത്തൻ ഭഗങ്ങൾ,
ഏതെങ്കിലും അപരിചിതന്‌
പേടിയേതുമില്ലാതെ സുരക്ഷിതമായി
എടുത്ത്‌ പെരുമാറാൻ സൗകര്യത്തിന്‌..

ഉഴുതുമറിക്കപ്പെട്ട ഭഗങ്ങളുമായി
ചരിത്രത്തിന്റെ താളുകൾക്കുള്ളിലേക്ക്‌
മാഞ്ഞുമറഞ്ഞില്ലാതാവുകയാണിവർ,
വാരിസ്‌ ദിരിയുടെ പെങ്ങന്മാർ..

Desert Flower
Directed by Sherry Hormann
Produced by Peter Herrmann,[1] Desert Flower Filmproductions, Dor Film Majestic Filmproduktion BSI International Invest Bac Films
Written by Waris Dirie (book)
Sherry Hormann
Smita Bhide
Screenplay by Sherry Hormann (screenwriter)[2]
Smita Bhide (script revision)
Starring Liya Kebede,Sally Hawkins,Craig Parkinson
Music by Martin Todsharow
Cinematography Ken Kelsch
Edited by Clara Fabry
Release dates 5 September 2009 (Venice Film Festival), 24 September 2009 (Germany)
Running time 124 minutes
Country Germany
Language English,Somali

Thursday, November 13, 2014

സ്മരണകളുടെ മരണം


ഓര്‍മകള്‍ നഷ്ടപ്പെടുന്നത് ആത്മാവ് നഷ്ടപ്പെടുന്നതിനു തുല്യമാണ് എന്ന തുടക്കത്തോടെയാണ് ഈ പ്രണയകാവ്യം ആരംഭിക്കുന്നത്നമ്മളാരെന്ന് നമ്മെ അറിയിക്കുന്നത് നമ്മുടെ ഓര്‍മകളാണ്. ജീവന്റെ രക്തം ഓര്‍മയാണെന്നു പറയാം.
അറിവുകള്‍ ആഘാതമാണ് ചിലപ്പോള്‍
പ്രത്യേകിച്ചും പ്രണിയിച്ച് ഒന്നുചേര്‍ന്നവര്‍ ജീവിതത്തിന്റെ അദ്യതാളുകളില്‍ മധുരദിനങ്ങളെഴുതിച്ചേര്‍ക്കവേ ഒരാള്‍ തന്റെ തലച്ചോറില്‍ ഒരു തുടച്ചുമാറ്റി (ഇറേസര്‍) പ്രവര്‍ത്തിക്കുന്നുവെന്നറിയുമ്പോള്‍,
സ്മൃതിനാശം സംഭവിക്കുന്നുവെന്ന് ആധികാരികമായി ലഭിക്കുന്ന അറിവ് .  
ആദ്യം ദ്രവിക്കുന്നത് സമീപകാലസ്മരണകള്‍.. 
അതാണ് അനശ്വരമുഹൂര്‍ത്തങ്ങളെന്നവള്‍ക്കറിയാം
ഇനി എന്താണ് ചെയ്യുക?
A Moment to Remember Poster.jpgനേരിടുക
മനസിനെ പരുവപ്പെടുത്തുക
പ്രിയനില്‍ നിന്നും മറവിയെ മറച്ചുവെക്കുക.
ജോലി ഉപേക്ഷിക്കുക
തന്റെ ലോകം ചുരുക്കിക്കൊണ്ടുവരിക
ഒക്കെ അവള്‍ തയ്യാറാണ്
മറക്കാന്‍ പോകുന്ന കാര്യങ്ങളെ ഓര്‍ത്തെടുക്കും തോറും അഗാധമായ നീറലാണ്
ആ ഫോട്ടോകള്‍ കൊളുത്തി വലിക്കുന്നു.
യൗവ്വനയുക്തയായ അവള്‍ അവന്റെ അഭിലാഷം മുഴുവന്‍ നിറവേറ്റിയിട്ടില്ല.  
ഒരു കുഞ്ഞിനെ അവനാഗ്രഹിക്കുന്നുണ്ടാവില്ലേ..
കാല്പാദത്തിനടിയിലെ സ്ലാബ് നീങ്ങി ആഴമുളള ഇരുളിലേക്ക് നിപതിക്കും മാതിരി ഓര്‍മയുടെ താങ്ങ് നഷ്ടപ്പെടുകയാണ്.
അതാകട്ടെ മനമറിയാതെ നടക്കുന്ന മാനസപതനവും
ശിരസിനുളളില്‍ മൂടല്‍മഞ്ഞു നിറയുകയാണ്.
......
അവന് അവളുമാത്രമല്ലേയുളളൂ
അവന്‍ മരപ്പണിക്കാരന്‍. എപ്പോഴും പെര്‍ഫെക്ഷനില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അപരിചിതയായ അവള്‍ എന്തിനാണ് കടയില്‍ നിന്നിറങ്ങിയപ്പോള്‍ അവനില്‍ നിന്നും കൊക്കക്കോള തട്ടിപ്പറിച്ച് കുടിച്ചത്?
അവള്‍ അന്നു മറന്നതെന്തെല്ലാമായിരുന്നു?
 പേഴ്സ്, ബാക്കി പണം, പാനീയം.  
അന്നാണല്ലോ അവളുടെ ആദ്യകാമുകന്‍ അവളെ മറന്നതും.
മറവിയുടെ സ്റ്റേഷനില്‍ വെച്ചായിരുന്നല്ലോ അവനെ അവള്‍ അല്ല അവളെ അവന്‍ കണ്ടത്.
അന്ന്, അവള്‍ ഇനി ജോലിക്കു പോകുന്നില്ലെന്നു പറഞ്ഞപ്പോള്‍ അസ്വാഭാവികത തോന്നേണ്ട കാരമില്ലായിരുന്നു
ചെരുപ്പുകള്‍ ഒരുക്കി വെച്ചതില്‍ ഇടം വലം മാറിപ്പോയതും.
ഉച്ചയ്ക് ഊണിന് പാത്രം തുറന്നപ്പോള്‍ കറിപ്പാത്രത്തിലും ചോറ്!
ഡോക്ടര്‍ പറയുന്നത് ഉള്‍ക്കൊളളാന്‍ മാത്രം കാഠിന്യം അവന്റെ ഹൃദയത്തിനില്ല
അവള്‍ അവനോടും ചോദിച്ചേക്കാം നീ ആരാണ്? എന്ന്.
................
മറവിയുടെ വാതിലുകള്‍ തുറന്ന് അവളിറങ്ങിപ്പോകാതിരിക്കാന്‍ അവനെന്തെല്ലാം പാടുപെട്ടു
വീടാകെ ലേബലുകളും നിര്‍ദ്ദേശങ്ങളും കൊണ്ടു നിറച്ചു
അവളുടേയും അവന്റേയും ഫോട്ടോയ്ക് താഴെ എഴുതിവെച്ചു Su-jin and Chul-soo..!
എങ്ങനെ കലണ്ടര്‍ നോക്കണം എങ്ങനെ ഓരോരോ പ്രവൃത്തികള്‍ ചെയ്യണം എല്ലാം കുറിപ്പുകളാക്കി ഭിത്തിയില്‍ ഒട്ടിച്ചു
ഓര്‍മ്മത്താക്കോലുകളുടെ അക്ഷരങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു
അവള്‍ ഒരു ദിവസം അവനെ അവളുടെ ആദ്യകാമുകന്റെ പേരു ചൊല്ലി വിളിച്ചു.
.......
പ്രണയിനിയുടെ സ്മതിനാശം ജീവിതത്തിന്റെ വേരുപറിക്കലാണ്
കാമുകിയുടെ സ്മൃതിനാശം എതു കാമുകനോടും ചോദിച്ചേക്കാം
ആരാണ് നീ?
ആ ചോദ്യത്തെയും പ്രേമിക്കുക. 
ലാളിത്യമേറെയുളള ഈ സിനിമ കൊറിയക്കാരും ജപ്പാന്‍ കാരും ഹൃദയത്തിലേറ്റിയത് എന്തുകൊണ്ടാകും.?  
അതിനുത്തരം ഈ സിനിമ തന്നെ.

A Moment to Remember

Directed by Lee Jae-han (John H. Lee)
Produced by Cha Seung-jae
Written by Lee Jae-han
Kim Young-ha
Starring Jung Woo-sung
Son Ye-jin
Music by Kim Tae-won
Cinematography Lee Jun-gyu

 

Saturday, July 12, 2014

ബാഗ്ലൂര്‍ ഡെയ്സും ഡി വൈ എഫ് ഐയുടെ നൈറ്റ് അസംബ്ലിയും തമ്മിലെന്ത് ബന്ധം?


ഇതൊരു സിനിമനിരൂപണമാണോ? =അല്ല/അതെ.

ഡി വൈ എഫ് ഐ അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ എഴുതുന്നു."പ്രായഭേദമന്യേ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലാത്ത ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സുരക്ഷിതമായി നിരത്തുകളിലൂടെ അവര്ക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. എങ്ങും എവിടെയും എന്നും പീഡന വാര്‍ത്തകള്‍ മാത്രം. ചാനലുകളും പത്രങ്ങളും തങ്ങളുടെ പ്രചാരം വര്ദ്ധിപ്പാന്‍ മാത്രമുള്ള ഉപാധി ആയി ഇതിനെയൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പണ്ടൊരു നാള്‍ ഗോവിന്ദ ചാമി എന്നാ നരാധമന്‍ പിച്ചി ചീന്തിയ സൗമ്യ, ഡല്‍ഹിയില്‍ ഒരു ബസില്‍ വച്ച് പീഡനത്തിനു ഇരയായ പെണ്‍കുട്ടി, ഉത്തര്‍ പ്രദേശില്‍ മാനഭംഗത്തിന് ശേഷം മരത്തില്‍ കെട്ടി തൂക്കി കൊന്ന രണ്ടു സഹോദരിമാര്‍ അങ്ങനെ അനവധി നിരവധി സ്ത്രീ പീഡനങ്ങള്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ പടുവൃദ്ധര്‍ വരെ പീഡിപ്പിക്കുന്നു. എന്താണ് നമ്മുടെ നാട് ഇങ്ങനെ ?? ഇതിനു ഒരു മാറ്റം വരണ്ടേ?? മാറ്റം വരുത്തണ്ടേ നമുക്ക് ?? വികലമായ ചിന്തകള്‍ക്ക് വശംവദരായി പീഡിപ്പിക്കുന്നവരെ ഒരു ബോധാവത്ക്കരണത്തിലൂടെ പിന്തിരിപ്പിക്കാന്‍ ഡി.വൈ.എഫ്.. ശ്രമിക്കുകയാണ് ജൂലൈ 10 ന്. "പേടിച്ചരണ്ട നിന്‍ പേടമാന്‍ മിഴികള്‍... തേടുവതാരെയെന്നറിവു ഞാന്‍.. മാരനെയല്ലാ മണാളനെയല്ല... മാനം കാക്കുമൊരാങ്ങളയേ..." കവിയുടെ ഈ വരികളെ ഡി വൈ എഫ്‌ ഐ കാലികപ്രസക്തമായ മുദ്രാവാക്യമായി ഉയര്‍ത്തിപിടിച്ച്‌ കൊണ്ട്‌ ഡെല്‍ഹിയിലെ ജ്യോതി,ഉത്തര്‍പ്രദേശിലെ ദളിത്‌ സഹോദരിമാര്‍,കേരളത്തിന്റെ സൗമ്യ ഇവരുടെ പിന്മുറക്കാരായി നാളെ നമ്മുടെയും അമ്മ പെങ്ങന്മാര്‍ വരാതിരിക്കാന്‍ "രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്" എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്ത്രീകളെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളില്‍ ജൂലായ്‌ 10 നു സംഘടിപ്പിക്കുന്ന "നൈറ്റ്‌ അസംബ്ലി" യ്ക്ക്‌ കക്ഷി - രാഷ്ട്രീയ ഭേദമന്യേ നമ്മള്‍ ഒന്നിക്കേണ്ട ഒരു ജനകീയ വിഷയം ആണിത്"
ആങ്ങള സങ്കല്പം
ഡി വൈ എഫ് ഐ ഒ എന്‍ വിക്കവിതയിലെ മാനം കാക്കുന്ന ആങ്ങളസങ്കല്പത്തെ ഉയര്‍ത്തിപ്പിടിച്ച് രാത്രിസഭയുടെ പ്രചരണക്കുറിപ്പ് എഴുതിയത് ശരികേടായിപ്പോയി. പെണ്ണിന് സ്വയം സംരക്ഷിക്കാനാകില്ല എന്ന ധ്വനി.സംരക്ഷകരുടെ റോള്‍ പുരുഷമനസുകള്‍ക്ക് മാത്രം. ആണും പെണ്ണും ( സഖാക്കള്‍) എന്ന നിലയില്‍ വ്യക്തിത്തമുളള പ്രസ്ഥാനത്തില്‍ തെരഞ്ഞെടുക്കേണ്ട വാക്കിതാണോ പെങ്ങളായിട്ടെല്ലാ പെണ്ണുങ്ങളേയും കാണണം എന്നു പറയുന്നതില്‍ എന്തു തെറ്റെന്നു ചോദിച്ചേക്കാം. പരസ്പരം മാനിക്കപ്പെടേണ്ട വ്യക്തി എന്ന നിലയില്‍ പെണ്ണിനെ അംഗീകരിക്കാന്‍ കഴിയണമായിരുന്നു.സ്ത്രീയ്ക് അമ്മ,ഭാര്യ, പെങ്ങള്‍,മകള്‍ എന്നിങ്ങനെയല്ലാതെ പൗര എന്ന നിലയില്‍ അസ്തിത്വമില്ലേ. അതനുവദിച്ചു കൊടുക്കുന്നതിനെന്താ ഇത്ര മടി?എവിടെ സ്ത്രീകള്‍ക്കെതിരായ അനീതിയുണ്ടോ അവിടെ സമൂഹവും പ്രസ്ഥാനവുമുണ്ട് എന്നു ഉറക്കെ പ്രഖ്യാപിക്കുന്ന രാത്രിസഭയുടെ കാലിക പ്രസക്തി ചോദ്യം ചെയ്യാനാവാത്തത്.സംഘാടകരുടെ പ്രതിബദ്ധതയും.അതു മാനിച്ചുകൊണ്ട് വിനയപൂര്‍വം പറയട്ടെ, പക്ഷേ അറിഞ്ഞോ അറിയാതെയോ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു തിളക്കം നഷ്ടപ്പെടുന്ന പിശകുകളുണ്ടാകരുതായിരുന്നു.കസിനുകളെ അവതരിപ്പിച്ച് ബാഗ്ലൂര്‍ ഡെയ്സിലും നല്‍കുന്ന സന്ദേശം മറ്റൊന്നല്ല.
നൈറ്റ് അസംബ്ലിയും ബാഗ്ലൂര്‍ ഡേയ്സും
പേരുകളുടെ ഭാഷ നോക്കൂ.മലയാളസിനിമകളുടെ പേരുകളാകെ ഇംഗ്ലീഷിലാകുന്ന പ്രവണതയ്ക്കെതിരേ പലരും പ്രതികരിക്കുന്ന സമയമാണിത്, ശ്രേഷ്ഠമലയാളത്തിന്റെ കരുത്തില്‍ ആര്‍ക്കൊക്കെയോ സംശയം.ഇംഗ്ലീഷ് മീഡിയം തലമുറയുടെ അഭിരുചികള്‍ക്കും കമ്പോളപ്രിയ മുതല്‍മുടക്കിനും ഇംഗ്ലീഷ് വേണമെന്ന് സിനിമവ്യവസായികള്‍ തീരുമാനിക്കുന്നതു മനസിലാക്കാം.മലയാളസംരക്ഷണത്തിനായി പുരോഗമന കലാസാഹിത്യസംഘം സമരം നടത്തുന്ന കാലത്ത് തന്നെ സമരത്തിനും വേണം ആംഗലേയം എന്നു തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. രാത്രിസഭ, രാത്രിസദസ് എന്നെല്ലാം പറഞ്ഞാല്‍ നാണക്കേടാകുന്നത് ഒരു സാംസ്കാരിക പ്രശ്നമാണ്.
ആണിടങ്ങളെ പൊതു ഇടങ്ങളാക്കുക
ആണിടങ്ങളെ അവകാശമാക്കുന്ന പെണ്ണുങ്ങളുളള ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമ കാണാന്‍ കേരളത്തിലെ വലിയൊരു സംഘം പെണ്ണുങ്ങള്‍ സെക്കന്ഡ് ഷോയ്കും തിയേറ്ററുകളില്‍ ക്യൂ നില്‍ക്കുന്നുമുണ്ട്.സകുടുംബം സിനിമ കാണാം. എന്നാല്‍ സകുടുംബം സമരവേദികളിലോ പെണ്‍പക്ഷകൂട്ടായ്മകളിലോ എത്താതെയുമിരിക്കുക.പൊതു ഇടങ്ങളെല്ലാം ആണുങ്ങളുടേതാണെന്നു കരുതുന്ന മനസുളളവരാക്കി കേരളീയ സ്ത്രീകളെ മാറ്റിയെടുത്ത സാംസ്കാരിക സാഹചര്യം എന്താണ്?ചരിത്രത്തിന്റെ മറക്കുടസ്മരണകള്‍ വര്‍ത്തമാനവ്യവഹാരത്തിന്റെ സജീവതയിലേക്കു തികട്ടിവരുന്നുവോ? ഒപ്പത്തിനൊപ്പം സമൂഹത്തില്‍ പ്രകാശനം ചെയ്യാനുളള അവസരം അഭിലഷിക്കുന്നവരാണ് സ്ത്രീകള്‍. സമൂഹത്തിന്റെ വിരല്‍ചൂണ്ടല്‍ പേടിച്ച് മറുത്തു പറയാനാവാതെ എരിഞ്ഞുതീരുന്നതിനോടുളള ആത്മനിന്ദ ഉളളില്‍ വേവിച്ച് നടക്കുന്ന അവര്‍ ബാഗ്ലൂര്‍ ഡെയിസ് ഇഷ്ടപ്പെടുന്നു. അടിച്ചുപൊളിച്ച് ഊരു ചുറ്റുന്ന പെണ്ണിനെ ഇഷ്ടപ്പെടുന്നു.തനാഗ്രഹിക്കുന്ന സ്വതന്ത്രാവസ്ഥ മറ്റൊരാളിലൂടെ പ്രതീകാത്മകമായി അനുഭവിക്കുന്ന മനശാസ്ത്രമാണോ ഇതിലുളളതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ധീരമായ തീരുമാനങ്ങള്‍ക്കും സമൂഹത്തിലെ ദൃശ്യതയ്ക്കും വേണ്ടി ശബ്ദം തിരച്ചുപിടിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. അത്തരം ചിന്തകളിലേക്ക് ഈ സിനിമയുടെ ചര്‍ച്ചയെ വികസിപ്പിക്കുന്നില്ലെങ്കില്‍ സാമ്പത്തികവിജയത്തിനപ്പുറം ഈ സിനിമ വിജയിക്കാതെ പോകും.
കെട്ടുന്നത് പൂട്ടാനാണ
ബാംഗ്ലൂര്‍ ഡെയ്സിലെ ഗാനം ചിത്രത്തിന്റെ സന്ദേശം നല്‍കുന്നു.കെട്ടുന്നത് പൂട്ടാനാണെന്ന് ഉറപ്പിച്ചു പറഞ്ഞാണ് ആദ്യ ഗാനം കല്യാണ വീട്ടില്‍ ആഘോഷിക്കുന്നത്.
പച്ചക്കിളിക്കൊരു കൂട് പച്ചക്കരിമ്പഴിയുള്ള കൂട്
ആ പച്ചക്കിളിക്കൊരു കൂട് പച്ചക്കരിമ്പഴിയുള്ള കൂട്
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ
അത് നിന്നെ പൂട്ടാനാണല്ലോ
.......കേട്ടോ നീ കേട്ടോ..
ഈ കൂട്ടില്‍ പെട്ടാല്‍ പിന്നെ
നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ
കണ്ണാല്‍ എന്‍ കണ്ണാല്‍..
ഞാന്‍ കള്ളത്താക്കോല്‍ തീര്‍ക്കും
വെള്ളി പക്ഷിക്കൊപ്പം മേലേ വിണ്ണില്‍ പാറും ഞാനും
പച്ചക്കരിമ്പഴിയുളള കൂട്ടില്‍ കെട്ടിയിട്ട കിളി വെളളപ്പക്ഷിപോലെ പറക്കുന്ന കാഴ്ചയാണ് ബാംഗ്ലൂര്‍ ഡെയിസില്‍ കാണുന്നത്. കെട്ടിക്കഴിഞ്ഞാല്‍ പിന്നെ എരിപൊടിയങ്കമായിരിക്കും ജീവിതം.അതെ കലാപമനിവാര്യമാക്കുന്ന ഉടമ്പടിയാണ് വിവാഹം എന്ന നിലാണ് ഇപ്പോഴും. ആകാശം നഷ്ടപ്പെടുന്ന പറവയായി മാറാന്‍ എത്ര പെണ്ണുങ്ങള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ട്? പലപ്പോഴും യൗവ്വനത്തിന്റെ സ്വപ്നങ്ങളില്‍ അന്തര്‍സങ്കര്‍ഷങ്ങള്‍ കെട്ടിവെച്ചമര്‍ന്നു വിങ്ങുന്നതിനെയാണ് വിവാഹജീവിതം എന്നു വിളിക്കുന്നത്.അടക്കം, ഒതുക്കം, വിധേയത്വം, അനുസരണ,ക്ഷമ എല്ലാമാണ് വധു കൊണ്ടുചെല്ലേണ്ടത്. ഈ സിനിമയിലെ വെളളപ്പക്ഷി പാറിപ്പറക്കുന്ന രീതികളോട് വിയോജിക്കാം.( നിശാഭക്ഷണശാലകള്‍, മദ്യശാലകള്‍,ഉല്ലാസകേന്ദ്രങ്ങള്‍,സിഗരറ്റ് ശീലങ്ങള്‍, സാഹസിക ബൈക്ക് യാത്രകള്‍ തുടങ്ങി അടിപൊളിജീവിതം നയിക്കുന്ന യുവാക്കളുടെ എല്ലാ മേഖലകളിലും അവളെ എത്തിച്ചാണ് സംവിധായിക പാറിപ്പറക്കല്‍ കാട്ടിത്തരുന്നത്.) താമസിച്ചു വരാനും പറയാതെ പോകാനും തന്നിഷ്ടപ്രകാരമുളള തീരുമാനമെടുക്കാനും കയര്‍ത്തു സംസാരിക്കാനും ഇണയെ മാനിക്കാതിരിക്കാനും പുരുഷനു മാത്രം അവകാശം എന്നതിനെ ചോദ്യം ചെയ്യുന്ന ദിവ്യ എന്ന പെണ്ണിനെ ആ തലത്തില്‍ കൂടി കാണേണ്ടതുണ്ട്. അവഗണനയോടുളള പ്രതികരണങ്ങളും പ്രധാനം. തന്റെ ജീവിതത്തെ മാറ്റിയെടുക്കുക എന്നതിനുളള അവളുടെ പരിശ്രമങ്ങളും വിലമതിക്കപ്പെടേണ്ടത്.രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ് തെരുവുകളും എന്ന സന്ദേശം ഈ സിനിമയും അവതരിപ്പിക്കുന്നു. ആ സ്വന്തമാക്കല്‍ ഉയര്‍ന്ന പ്രത്യയശാസ്ത്രാവബോധത്തിന്റെ ഭാഗമായല്ല മറിച്ച് ആധുനികകമ്പോളജീവിതത്തിന്റെ അടിപൊളിസംസ്കാരത്തിന്റെ നിഴല്‍പറ്റിയാണെന്നു മാത്രം. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ വേഗം വിറ്റുപോകുന്ന ഒന്നായി ഈ സിനിമ മാറും. സിനിമ യുവതീയുവാക്കളുടെ സ്വപ്നഭൂമിയുടെ പ്രതീകമായി ബംഗ്ളൂരിനെ അവതരിപ്പിക്കുന്നു.
കണ്ണുംചിമ്മി.. കണ്ണുംചിമ്മി..കാണും
കനവാണീ ബാംഗ്ളൂര്‍
ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം.. ബാംഗ്ളൂര്‍
നൂലും പൊട്ടിപ്പാറും പട്ടംപോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായി ..ബാംഗ്ളൂര്‍
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
നമ്മ ഊരു.. ബാംഗ്‌ലൂരു...
എല്ലാ വിധ കെട്ടുപാടുകളേയും പൊട്ടിച്ചെറിഞ്ഞ് (ചരട് പൊട്ടിപ്പാറുന്ന പട്ടം) നാടും കൂടും വിട്ട കിളികളായി മതിമറന്നു പറക്കുകയാണത്രേ മധുരജീവിതം!
അതേ സമയം ഡി വൈ എഫ് ഐ ഉയര്‍ത്തിയ തെരുവിനേയും രാത്രികളേയും സ്ത്രീകളുടെ കൂടി ഇടമാക്കി മാറ്റുക എന്ന പ്രക്രിയ രാഷ്ട്രീയ അവബോധ നിര്‍മിതിയിലൂടെ മാത്രമേ സാധ്യമാകൂ. സാംസ്കാരിക സദസുകളായാണ് രാസഭയെ ആ യുവജനപ്രസ്ഥാനം വിഭാവനം ചെയ്തത്. വിപണിയുടെ മായാമോഹിതാനുഭവങ്ങള്‍ക്കു പകരം പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റേയും തുല്യതയ്കുവേണ്ടിയുളള പ്രയത്നത്തിന്റേയും തലങ്ങളെ കുടുംബജീവിതത്തിനകത്തു മാത്രം പരിഹരിക്കാനാകില്ല. അതിന് സാമൂഹികമായ മാനം കൂടി ലഭിക്കണം. അധികാര സ്ഥാനങ്ങളിലെയും നേതൃപദവികളിലേയും സംവരണദാനം എന്നതിനപ്പുറം തുല്യപങ്കാളിത്തം ബോധ്യപ്പെടുത്തേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്കുണ്ട്. എങ്ങനെയാണ് സ്ത്രീസാന്നിദ്ധ്യത്തെ ഉറപ്പാക്കുന്ന സംഘടനാരീതികള്‍ എന്നത് വികസിപ്പിച്ചെടുക്കേണ്ട ചുമതല മറ്റാരാണ് ചെയ്യുക?
ജ്യോതിഷിയുടെ മുമ്പിലെ കേരളം
മകളുടെ കല്യാണപ്രായം തീരുമാനിക്കുന്നത് മാതാപിതാക്കളല്ല.പെണ്ണുമല്ല. മറിച്ച് ജ്യോതിഷിയാണ്. വരും വരായ്കകള്‍ കൃത്യമായി പറയും. എത്ര പഠിപ്പുളളവരും ജ്യോതിഷിയുടെ മുന്നില്‍ യുക്തിബോധത്തെ ഒളിച്ചുവെക്കും.ദിവ്യയുടെ കല്യാണം ഉടന്‍ നടന്നില്ലെങ്കില്‍ അവളെ അടിച്ചുമാറ്റിക്കൊണ്ടുപോയേക്കാമെന്ന് ജ്യോതിഷി പറഞ്ഞാല്‍ അതിനപ്പുറം സ്ത്രീശാക്തീകരണക്കാരിക്കും വാക്കില്ല.കൊഞ്ഞനം കാട്ടുന്നുവെങ്കിലും അവള്‍ ജ്യോതിഷിയുടെ തീരുമാനമാണ് തന്റെയും എന്നതിലേക്കു ചുരുങ്ങുന്നു.നാടിന്റെ മനസു് ഇങ്ങനെയാണ്.അനിഷ്ടകരമായ ജീവിതം സംഭവിക്കാതിരിക്കാന്‍ ജാതകത്തെ ആശ്രയിക്കുക. അവരവരുടെ ജിവിതം അവരവര്‍ തന്നെയാണ് രൂപപ്പെടുത്തുക എന്ന തിരിച്ചറിവില്ലാത്ത പെണ്ണുങ്ങളും മാതാപിതാക്കളും!
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
ജോലിയില്‍ കയറുന്ന അന്ന് തന്റെ ക്യാബിനില്‍ കമ്പ്യൂട്ടര്‍ മുറിയില്‍ ദൈവത്തിന്റെ ചിത്രം വെച്ചു പൂജിക്കുന്ന കുട്ടന്‍. കുട്ടന്റെ അമ്മയുടെ ആഗ്രഹം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറിനെ തന്നെ പ്രസവിക്കണമെന്നായിരുന്നു. എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് ഇപ്പോള്‍ മറ്റൊന്നുമല്ലല്ലോ. കേരളത്തനിമയില്‍ ആവേശം കൊളളുന്ന കുട്ടന്‍, ലിഫ്റ്റില്‍ മൂന്നു നാലു പെണ്‍തരികള്‍ ഒപ്പം കയറുമ്പോള്‍ ശ്വാസം മുട്ടുന്ന കുട്ടന്‍. ഭാവി വധുവന്റെ ശാലീനത വിവരിക്കുന്ന കുട്ടന്‍. ഈ സിനിമയിലെതന്നെ ഗാനത്തിലുളളതുപോലെ കവിളത്തു കണ്ണാടിത്തുണ്ടും ചുണ്ടത്തു ചിങ്കാരച്ചെണ്ടും നീലക്കായലുപോല്‍ തോന്നും ഓമല്‍ക്കണ്ണും മുടിക്കാര്‍മുകിലും നാടന്‍ ചേലും തങ്കത്താമരപോല്‍ പൂന്തേന്‍ ചിന്തും നെഞ്ചും എല്ലാമുളള സങ്കല്പത്തിലെ തനിനാടന്‍ പെണ്ണ്. കുട്ടനെ ചേട്ടാ എന്നു വിളിക്കുന്നത് ആലോചിച്ചു മധുരിക്കുന്നുമുണ്ട്. ഈശ്വരവിശ്വാസിയായ സംസ്കാരത്തനിമയില്‍ മുറുകെ പിടിക്കുന്ന കുട്ടന്‍, അരപ്പാവാടക്കാരികളെ കണുമ്പോള്‍ ആര്‍ത്തിക്കണ്ണുകളോടെ നോക്കുന്നതും എയര്‍ഹോസ്റ്റസിനെ കാപ്പിയില്‍ ചാലിച്ചു കുടിക്കാനാഗ്രഹിക്കുന്നതും ഒടുവിലവളുടെ കൂടെ അന്തിയുറങ്ങുന്നതുമെല്ലാം സരസമായ കാഴ്ചകളായി കണ്ടിരിക്കാം. അതേ സമയം കേരളക്കരയിലെ അഭ്യസ്തവിദ്യരായ വിശ്വാസിപ്പയ്യന്‍മാരുടെ ഇരട്ട വ്യക്തിത്വമായി വ്യാഖ്യാനിക്കുകയാകും കൂടുതല്‍ ഉചിതം. കുട്ടന്റെ അപ്രത്യക്ഷനാകുന്ന അച്ഛന്‍ ഗോവയിലെത്തി അടിച്ചുപൊളി ജിവിതം നയിക്കുന്നതായി തിരിച്ചറിയുമ്പോള്‍ കളളന്‍ എന്ന മട്ടിലുളള കുട്ടന്റെ ഭാവപ്രകടനവും വായിക്കേണ്ടതുണ്ട്. ഒളിജീവിതത്തിന്റെ ഗോവയാണ് കേരളത്തിന്റെ മറ്റൊരു മനസ്. സ്നേഹിതയുടെ ഊരുചുറ്റലിനെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ തന്റെ ഭാവിവധു അടങ്ങിയൊതുങ്ങി കഴിയുന്നവളായ ശാലീനകളാകണമെന്നും കരുതുന്ന യുവാക്കളെ തുറന്നു കാട്ടുന്നതിന് കുട്ടന്‍ എന്ന കഥാപാത്രത്തിന് കഴി‍ഞ്ഞിട്ടുണ്ട്. എയര്‍ഹോസ്റ്റസായ മീനാക്ഷി മോശം പെണ്ണാണ് എന്ന ധ്വനി സിനിമകണ്ടിറങ്ങുന്നവരുടെ സംഭാഷണത്തില്‍ കേട്ടു.അവളോടാപ്പം രാവു പങ്കിട്ട കുട്ടന്‍ അത്ര മോശവുമല്ല.!? തിന്മയുടേയും നന്മയുടേയും കാര്യത്തില്‍ അവള്‍ക്ക് ബാധകമായതെല്ലാം അവനും ബാധകമാണ് എന്നു വിലയിരുത്താന്‍ കഴിയണമായിരുന്നു
ശാന്തേച്ചി
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ശാന്ത എന്ന പേരിടാറില്ല. ആ പേരില്‍ പെണ്ണിനെ അടയാളപ്പെടുത്തുന്നുണ്ട്."കുളികഴിഞ്ഞീറന്‍ പകര്‍ന്ന് വാര്‍കൂന്തല്‍ കോതി വകഞ്ഞു പുറകോട്ടു വാരിയിട്ടാ, വളക്കൈകള്‍ മെല്ലെയിളക്കി,ഉദാസീന ഭാവത്തിലാ കണ്ണിണയെഴുതി,ഇളകുമാ ചില്ലികള്‍ വീണ്ടും കറുപ്പിച്ച്
നെറ്റിയലഞ്ജനം ചാര്‍ത്തി,വിടരുന്ന പുഞ്ചിരിനാളം കൊളുത്തി വരുന്ന" ശാന്തയെ കവി അവതരിപ്പിച്ചിട്ടുണ്ട്.ഈ ശാന്ത സങ്കല്പത്തെ രൗദ്ര സങ്കല്പത്തിലേക്ക് പരിവര്‍ത്തിപ്പിച്ച രചനകളും നാം വായിക്കുന്നു. ഈ സിനിമയിലും ശാന്തയുണ്ട്. നാട്ടിലെ ശാന്ത ശാന്ത. നഗരത്തിലെത്തിയ ശാന്ത ജീവിതമാകെ തന്നിഷ്ടപ്രകാരമാക്കുന്നു. ഭര്‍ത്താവ് ഒളിച്ചോടി.( ആ പ്രയോഗം സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണോ ചേരുക?) പോയവനെ ഒര്‍ത്തും കാത്തും കണ്ണീര്‍ വാര്‍ത്തും ജീവിക്കുന്ന പെണ്ണല്ല ശാന്തേച്ചി. അവള്‍ തന്റെ ജീവിതത്തിനു സ്വയം നിറം നല്‍കാന്‍ തീരുമാനിക്കുന്നു. വേഷത്തിലും ആധുനിക ജീവിത ശൈലിയിലുമെല്ലാം വിപ്ലവകരമായ മാറ്റം. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകന്‍ അടുക്കളയില്‍ നോക്കയിപ്പോള്‍ ഒന്നും പാകം ചെയ്തിട്ടില്ല. ചീട്ടുകളിക്കിടയില്‍ സമയം കിട്ടിയില്ലെന്നമ്മയുടെ മറുപടി. ആ ഹോട്ടലുകളില്‍ ഓര്‍ഡര്‍ ചെയ്തു വരുത്താനാണ് നിര്‍ദ്ദേശം. തമാശക്കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന കല്പന ഈ കഥാപാത്രത്തെ ചെയ്തതിനാല്‍ ഇത്തരം പ്രഖ്യാപനങ്ങളെ തമാശയായി ചിരിച്ചു തളളാനാണ് അധികം പേരും ശ്രമിക്കുക.ആരാണ് പാകം ചെയ്യേണ്ടത്? വിനോദവാസരങ്ങളെ ബലികഴിക്കേണ്ടത്? വീടിനകത്തെ തൊഴില്‍ വിഭജനത്തിന്റെ മേലുളള കൊട്ടലുകള്‍ നാം കേള്‍ക്കുന്നു കാണുന്നു.പുതിയൊരു ഭവനസംസ്കാരം രൂപപ്പെടേണ്ടതുണ്ട്. അത് ജനാധിപത്യപരമായ സാധ്യതകളിലേക്ക് വികസിപ്പിച്ചില്ലെങ്കില്‍ മാധ്യമപ്രലോഭനങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം എന്ന തിരിച്ചറിവും ഈ സിനമയുടെ വായന നല്‍കുന്നു.
ഈ സിനിമ എല്ലാ ചേരുവകളുളളതാണ്. എന്നാല്‍ ചില വിശകലനാത്മക ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിടുന്നു.കല്യാണമണ്ഡപത്തില്‍ സുഗന്ധം പൂശിയെത്തേണ്ട പെണ്ണിനെ സിഗരറ്റ് മണക്കുന്നത് അസഹ്യമാകുന്നത് സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരമായതുകൊണ്ടാണെങ്കില്‍ കുഴപ്പമില്ല. അല്ലാതെ..? പലരീതികളില്‍ മാധ്യമവായന നടത്താനുളളളള ശേഷി വര്‍ദ്ധിപ്പിക്കണം .
"രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്"
"രാത്രികള്‍ ഞങ്ങള്‍ക്കും സ്വന്തമാണ്"എന്ന മുദ്രാവാക്യത്തെ സമൂഹചര്‍ച്ചയിലേക്ക് ഉയര്‍ത്തികൊണ്ടുവരണം. അത് എതുവിധത്തിലാകണമെന്ന് എല്ലാ പ്രസ്ഥാനങ്ങളും ആലോചിക്കണം. ഉപഭോഗാസക്തിയും ചാനല്‍പ്രഭയുടെ ആശിര്‍വാദങ്ങളും കമ്പോളപ്രിയതയും തുറന്നിടുന്ന രാത്രികളേയും തെരുവകളേയും അല്ല വേണ്ടതെന്ന ചിന്ത യുതലമുറയിലേക്ക് പകരാന്‍ ബാംഗ്ലൂര്‍ ഡേയ്സിനു കഴിയുന്നില്ല. എങ്കിലും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ കളങ്കരഹിത ചിത്രങ്ങള്‍ കാട്ടിത്തരുന്നുണ്ടെന്നതിനെ കാണാതെ പോവുകയുമരുത്.