Thursday, December 22, 2011

കമ്മ്യൂണിസ്റ്റ് ചൈനയിലെ പ്രണയം -1960-70ഒരു  പുഴ .
പുഴയില്‍  കാല്‍ നീട്ടിവെക്കാവുന്ന അകലത്തില്‍  വഴുക്കലുള്ള ചെറു പാറകള്‍ . ആഴം കുറവുള്ള സ്ഫടിക  ജലപ്രവാഹം . 

എങ്കിലും പുഴ പുഴ തന്നെ.
ആ പുഴ കടക്കണം .
അവള്‍ക്കു ആ വഴിയും പുഴയും വഴികാട്ടിയെയും അത്ര പരിചയമില്ല .
വഴികാട്ടി കൈ നീട്ടി
അവള്‍ പിന്നോട്ട് രണ്ടു ചുവടു വച്ച് .

അത് ആ തുടുത്ത പ്രായത്തിന്റെതാണ് . വീണ്ടും നിഷ്കളങ്കതയോടെ     കൈനീട്ടി. അവള്‍ കൈ കോര്‍ത്തില്ല.
ഒരു കമ്പ്  നീട്ടി. ആദ്യം മടിച്ചെങ്കിലും അതാണ്‌ പുഴ കടക്കാന്‍ അപ്പോള്‍ ചെയ്യാവുന്ന പ്രായോഗിക രീതി എന്ന് അവള്‍ തിരിച്ചറിയുന്നു.
ജലോപരിതലത്തിലെ കല്ലുകളില്‍ നിന്നും കല്ലുകളിലേക്ക് അവനു പിന്നാലെ ചുവടുകള്‍ വെക്കുമ്പോള്‍ ക്യാമറ തെളിനീരിലെ പ്രതിഫലനം പകര്‍ത്തുന്നു.
കരയില്‍ കയറിയിട്ടും അവള്‍ കമ്പില്‍ നിന്നും കൈ വിടുന്നില്ല. എന്തോ..അതും  ആ തുടുത്ത പ്രായത്തിന്റെതാകാം .
ആ കമ്പ് വിട്ടുകളഞ്ഞാല്‍ ..? അവന്റെ ശ്രദ്ധ മുന്നില്‍ അല്ല .ആ കമ്പിന്റെ  അഗ്രത്തില്‍ ഒരു കൈയും അതിന്റെ ഉടമയും  .
അവളിലേക്ക്‌ ഒരു കമ്പ് ദൂരം. ആ ദൂരം ഓരോ ചുവടു വെക്കുമ്പോഴും കുറഞ്ഞു കുറഞ്ഞു വന്നു
അവന്റെ കൈ അയയുകയും സാവധാനം ഊര്‍ന്നു ഊര്‍ന്നു അവളുടെ വിരലുകളില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ തൊടുകയും പിന്നെ  കൊരുത്തെടുക്കുകയും ചെയ്യുമ്പോള്‍ മനസ്സുകള്‍ക്കിടയിലെ അകലത്തിന്റെ ആ കമ്പ് അതിന്റെ നിയോഗം പൂര്‍ത്തിയാക്കി പിന്‍വാങ്ങുന്നു. അവന്റെ കൈകളില്‍ അവള്‍ .
മനോഹരമായ ഒരു പ്രണയ കഥയുടെ അതി ഹൃദ്യമായ ദൃശ്യാനുഭവം ആണ്‌ ഈ യാത്ര .
പുഴ അപ്പോള്‍ ജീവിത പ്രാവഹമായി സ്വയം അര്‍ഥം മാറി അണിയുന്നു.സാങ് യിമോയുവിയുടെ  'അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ' കേരളത്തിലെ  16-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്നു. .മറ്റു പല രാജ്യാന്തര മേളകളിലും ഇതിനോടകം പ്രദര്‍ശിപ്പിക്കുകയും സിനിമാ ലോകം ചര്‍ച്ച ചെയ്യുകയും ചെയ്ത ഈ സിനിമ ചൈനയില്‍ നിന്നുള്ളതാണ് . സാംസ്കാരിക വിപ്ലവകാലത്തെ സംഭവം ആയിട്ടാണ് പ്രമേയം അവതരിപ്പിക്കുന്നത്‌ .അത് കൊണ്ട് തന്നെ രാഷ്ട്രീയ  മാനം സ്വാഭാവികം.
അവളുടെ അച്ഛന്‍ ജയിലില്‍ . വലതു പക്ഷ ചിന്താഗതിയാണ് തടവ്‌  സമ്മാനിച്ചത്‌. അമ്മ അധ്യാപിക ആയിരുന്നു. തൂപ്പുകാരിയായി   തരം താഴ്ത്തി.
അവന്റെ അച്ഛന്‍ പട്ടാളത്തിലെ ഉയര്ന റാങ്കില്‍ . ( ഭരണകൂടത്തിന്റെ വിശ്വസ്തനായിരിക്കുമല്ലോ . ) അമ്മ ആത്മഹത്യ ചെയ്തു .കാരണം രാഷ്ട്രീയം .
ഇങ്ങനെ ഉള്ള രണ്ടു കുടുംബങ്ങളില്‍ പെട്ടവരുടെ പ്രണയം ആണിത്. പ്രണയത്തിനു ഇടതും വലതും ഇല്ല. നിഷ്കളങ്കതയുടെ പക്ഷം മാത്രം .
കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ പ്രണയം പ്രമേയമാകുംപോള്‍ അത് ഒരു താലിബാനിലെ പ്രണയം ആകുമെന്ന് കരുതരുത്. സങ്കുചിത യാഥാസ്ഥിതിക മതസമൂഹം പുലര്‍ത്തുന്ന ദൈവീകമായ കാപട്യങ്ങളുടെ സമാന സമ്മര്‍ദം യുവാക്കളില്‍ ചെലുത്തുന്നതാവുമോ  ചൈനയുടെ സാംസ്കാരിക വിപ്ലവ കാലത്തെ ഈ പ്രണയവും.

പെണ്ണിനോടുള്ള  സമീപനം എന്താവും ? പ്രത്യേകിച്ചും ഭരണകൂടത്തിന്റെ  അപ്രീതി നേടിയ, രാഷ്ട്രീയ പിന്‍ബലം കുറവുള്ള  ഒരു കുടുംബത്തിലെ? 

 മലഞ്ചരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ ഹാത്രോണ്‍ മരത്തിന്റെ ചുവട്ടിലെ കഥകള്‍ ഏതൊരു  ചൈനക്കാരിക്കും /കാരനും ദേശസ്നേഹപരം. ആ മരത്തിന്റെ വേരുകള്‍  രക്തസാക്ഷികളുടെ ചോര ഒപ്പിയെടുത്തു പൂക്കളില്‍ ചെഞ്ചായം പൂശി. രണ്ടാം ലോകയുദ്ധത്തിന്റെ ചെറുത്തുനില്പ്  . അതെ രക്തസാക്ഷികളുടെ ചോരയില്‍ പന്തലിച്ച മരത്തിന്റെ സൂചനകള്‍ ഈ കഥയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. 

ഷാംഗ് ജിമ്ഗു -അവള്‍ യൌവ്വനത്തിലേക്ക് കടക്കുന്നതെയുള്ളൂ. ഗ്രാമത്തിലെ വയലുകളിലും പണിശാലകളിലും പോയി തൊഴിലാളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പഠിക്കുക എന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് അവള്‍ ആ ഗ്രാമത്തില്‍ എത്തുന്നത്.  രണ്ടു പേരുടെ ടീം  ആക്കിയപ്പോള്‍ അവള്‍ ഒറ്റപ്പെട്ടു . ഗ്രാമമുഖ്യന്‍ അവളെ കൂട്ടി .ഗ്രാമീണരുടെ ഒപ്പമാണ് വിദ്യാര്തികളുടെ താമസം. അവള്‍ ഹാത്രോണ്‍ മരത്തിന്റെ ചരിത്രപാഠം കണ്ടെടുക്കുന്നതിനിടയില്‍ അവന്‍ കടന്നു വരുന്നു- ലാവോ സാന്‍ . അവിടുത്തെ ഭൂമിശാസ്ത്ര വിദ്യാര്‍ഥി കൂടിയാണ്  അവന്‍.   
അവന്‍ അവള്‍ക്കു ചെറിയ ചെറിയ ഉപഹാരങ്ങള്‍ നല്‍കുന്നു.  പേന  ലീക്ക് ചെയ്തു വിരലുകളില്‍ പടരുന്ന മഷി അവന്‍ ശ്രദ്ധിച്ചു എന്ന് അവള്‍ അറിയുന്നത് അവന്‍ ഒരു പേന നല്‍കുമ്പോഴാണ്. പിന്നെ നുണയാന്‍ ഒരു മധുരം .പ്രകാശം കൂടുതലുള്ള ബള്‍ബു ഹോള്ടരില്‍ ഇടുമ്പോള്‍ അവളുടെ ജീവിതത്തില്‍ അവന്‍ പ്രകാശമാവുകയാണ്. അവരുടെ പ്രണയ നിമിഷങ്ങളാണ് പിന്നീട് .  
 
പ്രണയികള്‍ സമൂഹത്തിനെ ഭയക്കുന്നു .അതോ ലോകം പ്രണയത്തെ ഭയക്കുന്നോ ? ആര്‍ക്കറിയാം ഈ പ്രണയ ജോടികള്‍ ആരും കാണാത്ത ഇടങ്ങള്‍ തേടുന്നു. പുറത്ത് തണുപ്പ് കൂടുമ്പോള്‍   ഒരു കമ്പിളി  കുപ്പായത്തില്‍ ചൂടറിഞ്ഞ് അവര്‍ . യാംഗ്സി  നദിയിലെ  നീന്തി  തുടിക്കല്‍ നല്ല സൂചന നല്‍കുന്നു. അവള്‍ വസ്ത്രം മാറുമ്പോള്‍ അവന്‍ ആ ഭാഗത്തേക്ക് നോക്കുന്നതു പോലുമില്ല.  ആദി മുതല്‍ തന്നെ പ്രണയത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. ഒന്നിച്ചു ഒരു രാത്രി കഴിഞ്ഞിട്ടും അവന്‍ അതിരുകള്‍ മറികടക്കുന്നില്ല. വെളിച്ചം തൊടാത്ത താഴ്വാരങ്ങളിലേക്കു വിരലുകള്‍ ഓടുമ്പോള്‍ ആദ്യ എതിര്‍പ്പിനു ശേഷം അവളുടെ മനസ്സ് സമര്‍പിത സമ്മതം നല്‍കിയിട്ട്  കൂടി ..
മുറിവിനു ചികിത്സിക്കാന്‍ മടിക്കുന്ന അവളുടെ നോവ സ്വയം മുറിവുണ്ടാക്കി ഏറ്റെടുക്കുമ്പോള്‍ പ്രണയത്തിന്റെ മറ്റൊരു തലം കൂടി ..
പണി കഠിനം .അവളുടെ പാദം പൊള്ളുന്നു.താങ്ങാനാവുന്നതില്‍ കൂടുതല്‍ ഭാരം പേറേണ്ടി വരുന്നു. ഇതൊക്കെ കാര്‍ക്കശ്യത്തിന്റെ ചിത്രങ്ങളാണ് . ദാരിദ്ര്യത്തിനെ അവിടെയും കണ്ടുമുട്ടാം. ഭയപ്പെടുന്ന കുടുംബങ്ങളെയും .ചെയര്‍മാന്‍ മാവോയുടെ ചൈനയില്‍ അതൊന്നും ഇല്ലായിരുന്നു എന്ന് ഇപ്പോള്‍ ആരും കരുതുന്നില്ല.  അറുപതുകളിലും  എഴുപതുകളിലും ഉള്ള ചൈനയുടെ വിഭിന്ന മുഖങ്ങള്‍ ഈ സിനിമയില്‍ കാണാം. അവ പശ്ചാത്തലം ആണ്. 
അവളുടെ അമ്മ എല്ലാം അറിയുകയും രണ്ടു പേരോടും കുറച്ചു കാലം കൂടി ക്ഷമിക്കാന്‍ പറയുകയും ചെയ്യുന്നു. അമ്മ പ്രണയ സ്വാതന്ത്ര്യത്തെ മാനിക്കുന്നതുപോലെ  അമ്മയുടെ ആഗ്രഹം മാനിക്കണം .ഷാംഗ് ജിമ്ഗു ഒരു അധ്യാപിക ആയി തീരണം.അതിനിടയില്‍ പൊല്ലാപ്പുകള്‍ ഒന്നും ഉണ്ടാകരുത്.പൊല്ലാപ്പുകള്‍ എന്നത് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ..
അവര്‍ അത് സമ്മതിക്കുന്നു.
പിന്നീട് അകലം . സ്ഥലപരമായ അകലം മാനസിക  അടുപ്പത്തെ തീവ്രമാക്കുമോ ദുര്‍ബലപ്പെടുത്തുമോ   ?
അവനു അസുഖമാണെന്ന് അറിഞ്ഞു അവള്‍ ഓടി എത്തുന്നു
ആശുപത്രിയില്‍   കൂട്ടിരിക്കാന്‍ . പക്ഷെ നിയമം അനുവദിക്കുന്നില്ല.രാത്രിയില്‍ അവളെ ഇറക്കി വിടുന്നു. ആശുപത്രിയുടെ പൂട്ടിയ ഗേറ്റിനു മുന്‍പില്‍ പുലരുവോളം അവള്‍ ഒറ്റയ്ക്ക്. ചൈനയിലെ ഒരു പെണ്ണിന്റെ രാത്രി . ഇവിടെ പ്രണയത്തിന്റെ ഓന്നിത്യത്തോടൊപ്പം സുരക്ഷയുടെ ഒരു മേല്പ്പന്തല്‍ കൂടി വായിച്ചെടുക്കാം. ലോകത്ത് പലയിടത്തും ആണിന് പതിച്ചു നല്കിയതാനല്ലോ രാത്രിയുടെ  പൊതു ഇടങ്ങള്‍ .
വീണ്ടും അവനെ കുറിച്ച് ഒരു വിവരവും ഇല്ല. ഒരു വിവരവും ഇല്ലെങ്കില്‍ ഉപേക്ഷിച്ചു എന്ന് കരുതാമോ?
രക്താര്‍ബുദം മറച്ചു വെച്ചുള്ള അവന്റെ ജീവിതവും ദുരന്തവും പ്രണയ കഥയെ ദുഖമയം ആക്കുന്നു.

സിനിമയുടെ പശ്ശ്ചാത്തല സംഗീതം പോലെ  യൌവ്വനത്തിന്റെ പുതുദിനങ്ങളും പ്രണയത്തിന്റെ ഭാവങ്ങളും നിഷ്കളങ്കതയുടെ ആശങ്കകളും ദാരിദ്ര്യത്തിന്റെ സഹനവും ഉത്തരവാദിത്വത്തിന്റെ കാഠിന്യവും ദുഖത്തിന്റെ ഒഴുക്കുകളും ഒക്കെ മിഴിവോടെ അവതരിപ്പിക്കുവാന്‍ നായികയ്ക്ക് കഴിഞ്ഞു.
നോവലിനെ ഉപജീവിച്ചുള്ള സിനിമ നോവലിന്റെ ആഖ്യാന ഘടന പാലിക്കുവാനാണ് ശ്രമിച്ചത്. 

 സംവിധായകനായ സാങ് യിമോയു  ജനിച്ചത്‌  ആയിരത്തി തൊള്ളായിരത്തി അന്‍പത്തി  ഒന്നില്‍.അദ്ദേഹത്തിനെ അച്ഛന്‍ ഈ സിനിമയിലെ നായകന്‍റെ എന്നപോലെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്‍ .
സാംസ്കാരികവിപ്ലവകാലത്ത് കൃഷി ഇടങ്ങളിലും വസ്ത്രനിര്‍മാണ ശാലയിലും പണി ചെയ്ത അനുഭവം ഈ കഥയിലെ നായികയുടെ ജീവിതാനുഭാവങ്ങള്‍ ആവിഷ്കരിക്കുന്നതില്‍   ശക്തി പകര്നിട്ടുണ്ട് എന്ന് കരുതാം. അദ്ദേഹത്തിന്റെ നോട്ട് വണ്‍  ലസ് എന്ന സിനിമ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി കേരളത്തില്‍ പരിചയപ്പെടുത്തിയിരുന്നു .സാങ് യിമോയുവിന്റെ സിനിമകളെ പൊതുവേ ലാളിത്യത്തിന്റെ സിനിമ എന്ന് വിശേഷിപ്പിക്കാം. ബര്‍ലിന്‍ ,കാന്‍ ഫിലിം ഫെസ്ടുകളില്‍ പുരസ്കാരങ്ങള്‍ നേടിയ വശ്യമായ ആവിഷ്കാരം .ലാന്‍ഡ് സ്കേപ് ദൃശ്യങ്ങള്‍ - ചൈനീസ് ഗ്രാമങ്ങളുടെ സ്വാഭാവിക സൌന്ദര്യം ഓരോ ഫിലിമിലും പകര്‍ത്തി വെക്കുന്നത് ചിത്യപൂര്‍വമായിട്ടാണ് .ചൈനാഭക്തരായ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അവഗണിക്കാനും വലതു പക്ഷത്തിനു ആഘോഷിക്കാനും ഉള്ളതല്ല ഈ സിനിമ . ഉദാത്തമായ ആവിഷ്കാരം എന്ന് പറയുന്നില്ല. എങ്കിലും മോശമല്ല.


Asian Film Awards
YearResultAwardCategory/Recipient(s)
2011NominatedAsian Film AwardBest Editor
Peicong Meng 
Best Newcomer
Dongyu Zhou 
Hong Kong Film Awards
YearResultAwardCategory/Recipient(s)
2011NominatedHong Kong Film AwardBest Asian Film
Oslo Films from the South Festival
YearResultAwardCategory/Recipient(s)
2011NominatedFilms from the South AwardBest Feature
Yimou Zhang 
Udine Far East Film Festival
YearResultAwardCategory/Recipient(s)
20112nd placeAudience AwardYimou Zhang 
Valladolid International Film Festival
YearResultAwardCategory/Recipient(s)
2011WonBest ActressDongyu Zhou 

No comments: