Thursday, December 12, 2013

സിദ്ധാര്‍ഥ


സിദ്ധാര്‍ഥനെന്ന പേര് ഇന്ത്യയിലാകെ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. അധികാരഹര്‍മ്യങ്ങളില്‍ പൂത്തുലയാത്ത ജീവിതസത്യം തേടി യാതനകളിലേക്കുളള യാത്രയുടെയും തപിക്കുന്ന മഹാവൃക്ഷത്തിന്റേയും സന്ദേശം എന്തായിരുന്നു? ജനജീവിതത്തിനു ശരണമാകാവുന്ന വെളിച്ചം നല്‍കാനായോ? ശിരോമുണ്ഡനം ചെയ്ത നൂറ്റാണ്ടുകളുടെ യാത്രയില്‍ ബോധിയുടെ വേദന സരയൂ പൊലെ ഒഴുകുകയാണ്.
വര്‍ഷങ്ങളിപ്പുറം നിന്ന് മറ്റൊരു സിദ്ധാര്‍ഥനിലൂടെ ഭാരതത്തെ നാം കാണുകയാണ്. ഇവിടെ ബാലവേലയ്കായി നിയോഗിക്കപ്പെടുന്ന സിദ്ധാര്‍ഥന്‍ എന്ന പന്ത്രണ്ടുകാരനാണ് കഥാപാത്രം. ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്കുളള ദുരവും ബോംബെയിലേക്കുളള ദുരവും കൂടുതലാണെന്നു തോന്നുന്നെങ്കില്‍ ആ സംശയം ഈ ഫിലം നികത്തുന്നുണ്ട്. ഒരേ മുഖമുളള ഈ നഗരങ്ങള്‍ ഒന്നു തന്നെയല്ലേ? എല്ലായിടത്തും കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. മങ്ങിയ തെരുവുജീവിതങ്ങളായി അവരെ കാമാത്തിപ്പുരത്തും ലുധിയാനയിലും പലഭാവങ്ങളില്‍ കണ്ടെത്തുന്നു. ദിവസപ്പിറവിയിലെ ആദ്യ ചായയുടെ സംതൃപ്തി അന്വേഷിച്ച് പണിയുടെ മികവറിയാനാഗ്രഹിക്കുന്നവരുടെ കൊച്ചുലോകം. അല്ലെങ്കില്‍ പലഹാരം വിറ്റു നടക്കുന്നവരുടെ വില്പനയിലെ തുച്ഛവരുമാനം നല്‍കുന്ന കണ്‍തിളക്കം. അവരെല്ലാം എന്നോ അര്‍ക്കോ നഷ്ടപ്പെട്ടവരാണ്.സ്വയം നഷ്ടപ്പെട്ടവരാണെന്നുമറിയാം.
സിദ്ധാര്‍ഥനെ വണ്ടി കയറ്റി ജോലിക്കയക്കുന്ന പിതാവ്. മൊബൈല്‍ ഫോണിലാണ് പിന്നെ മകനെ വിളിക്കുന്നത്. ഈ മനുഷ്യനു അതു പരസഹായമില്ലാതെ ഉപയോഗിക്കാനറിയുകയില്ല.ചെറിയമനുഷ്യരുടെ ജീവിതമല്ലേ? മഹേന്ദ്രയുടെ വരുമാനം വളരെ തുച്ഛം. ദരിദ്രകുടുംബങ്ങള്‍ക്ക് പണിചെയ്യാല്ലെങ്കില്‍ ആണ്‍കുട്ടികളെന്തിനാണ്? ബാലവേല എന്നൊക്കെ നാം പേരിട്ടുവിളിക്കുന്ന മാനമുളള പദാര്‍ഥം ദാരിദ്ര്യത്തിനു മനസിലാകില്ല. മഹേന്ദ്ര മകനെ വിട്ടതു തെറ്റാണെന്നു നിയമം പറയുന്നു. സിദ്ധാര്‍ഥന്റെ കൂട്ടകാരായ കുട്ടികള്‍ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുന്ന പതിവ് അവന്‍ പോയിട്ടും നിറുത്തുന്നില്ല. ബോളിനാകട്ടെ സ്വാതന്ത്ര്യം കൂടുലാണ് സിദ്ധാര്‍ഥന്റെ വീടല്ലേ? ഇടയ്ക്കിടയ്ക് അതകത്തേക്കു വരുന്നു. മഹേന്ദ്രയ്ക്ക ദേഷ്യം .കളി അവസാനിപ്പിച്ച് കുട്ടികളെ വിരട്ടിയോടിക്കുന്നു.കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ദുരന്തമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെയാണ് ബാല്യമില്ലാതെ വളര്‍ന്നവരാണെന്ന വിചാരം. കുട്ടികളുടെ പ്രായത്തിനെ മാനിക്കില്ല.ചങ്ങാത്തങ്ങളുടെ ശാഖകളൊടിച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ മഹേന്ദ്ര വരാനിരിക്കുന്ന ദുരന്തത്തിനു ദുഖത്തിന്റെ നിറം കൂട്ടുകയായിരുന്നെന്നു അറിയുന്നില്ല. കളിച്ചുനടക്കേണ്ട കുട്ടിയായിരുന്നു സിദ്ധാര്‍ഥനും. ദീപാവലിക്കു നാട്ടില്‍ പൂത്തിരി കത്തുമ്പോള്‍ മകന്‍റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് സിദ്ധാര്‍ഥന്റെ പെങ്ങള്‍ പിങ്കിയും അമ്മ സുമനും മഹേന്ദ്രയും. ദീപാവലി ആര്‍ക്കുളളതാണ്? നാട്ടിലെ കുട്ടികളുടേതാണ് എല്ലാ ഉത്സവങ്ങളും. പക്ഷേ അതില്‍ പങ്കെടുക്കാന്‍ സിദ്ധാര്‍ഥന്‍ എത്തിയില്ല. മൊബൈല്‍ഫോണിലൂടെ അന്വേഷണം തുടങ്ങുകയായി. . ഫോണിനു അപ്രത്യക്ഷമായ കുട്ടിയെക്കുറിച്ച് കുറച്ചു വാക്കുകളിലേ സംസാരിക്കാനുളളൂ. ആ യന്ത്രം അതിന്റെ പരമിതിയില്‍ നിരാശപ്പെടുത്തുന്നു. സിദ്ധാര്‍ഥന്‍ എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു!
സിപ്പര്‍ പോയ ജീവിതം 
     മഹേന്ദ്ര സിപ്പര്‍ തകരാറിലായ ബേഗുകള്‍ നന്നാക്കി കൊടുക്കുന്ന ആളാണ്. ഒരു സിപ്പര്‍ പോയാലെന്താണ് സംഭവിക്കുക. ബാഗ് ബാഗല്ലാതെയാകും. അകത്തുളളത് പുറം ലോകത്തേക്ക് വഴുതിപ്പോകും. പാന്റിന്റെ സിപ്പര്‍ നഷ്ടപ്പെട്ടാലോ? ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കുന്ന പണിക്കാരനാണ് മഹേന്ദ്ര. അയാളുടെ ജീവിതത്തിന്റെ സിപ്പര്‍ നഷ്ടപ്പെട്ട അവസ്ഥയിലായി ഇപ്പോള്‍? അതു തുറന്നിരിക്കുന്നു. അകത്തുണ്ടായിരുന്ന ഒന്ന് പുറത്തേക്ക് പോയിരിക്കുന്നു. പഴയപടിയാക്കാതെ പണിക്കാരന് മനസമാധാനം കിട്ടില്ല. ജീവിതം ഉപയോഗശൂന്യമായ ഒന്നായി മാറുകയാണ്. ബാഗു നന്നാക്കാനുണ്ടോ എന്നു വിളിച്ചു ചോദിക്കുന്നതു പോലെ സിദ്ധാര്‍ഥനെ കണ്ടുവോ എന്നു തെരുവായ തെരുവൊക്കെ അന്വേഷിച്ചു നടക്കുന്നു.
തിരിച്ചറിയാന്‍ അടായാളമില്ലെന്ന തിരിച്ചറിവ്
         പരിചയക്കാരനായ പോലീസുകാരനാണ് റോഷ്നിയെ കാണാന്‍ നിര്‍ദ്ദേശിക്കുന്നത്. ആ പോലീസുദ്യോഗസ്ഥ വിവരങ്ങളാരായുമ്പോഴാണ് മകനെക്കുറിച്ച് അത്രകൂടുതലൊന്നും തനിക്കറിയില്ലെന്നു മഹേന്ദ്രമനസിലാക്കുന്നത്. കാണാതായ കുട്ടിയെ വിവരിക്കുമ്പോള്‍ ഏതു കുട്ടിക്കും ബാധകമായ പൊതു വിവരങ്ങളേ അയാള്‍ക്കു നല്‍കാനാകുന്നുളളു. ഉയരം, പ്രായം, നിറം എന്നിവയ്ക്കപ്പുറത്തേക്കു തിരിച്ചറിയാനുളള അടയാളം പറയാനാവാതെ അയാള്‍ വിഷമിക്കുന്നു.ഇന്‍ഡ്യയിലെ എല്ലാ കുട്ടികളുടേയും അടയാളമാണയാല്‍ പറയുന്നത്. ഈ അടയാളം പറച്ചില്‍ വലിയ സൂചനകള്‍ നല്‍കുന്നുണ്ട്.മക്കളക്കുറിച്ച് ഒന്നുമറിയാത്ത രക്ഷിതാക്കളുടെ ലോകമാണിത്. കൂടുതല്‍ വിവരങ്ങള്‍ സിദ്ധാര്‍ഥന്റെ അമ്മയ്ക്ക് അറിയാമായിരിക്കുമെന്നയാള്‍. മക്കളെ പോറ്റുന്നതില്‍ അച്ഛന്മാരുടെ അശ്രദ്ധയും അമ്മമാരുടെ ശ്രദ്ധയും വെളിവാക്കുന്ന രംഗമാണിത് കുട്ടിയുടെ ഫോട്ടോ ഉണ്ടോ? എന്ന ചോദ്യത്തിനു മുമ്പില്‍ ശരിക്കും പകച്ചു പോയി മഹേന്ദ്ര. ഇല്ല, അങ്ങനെ ഒരു രേഖ സൂക്ഷിച്ചു വെക്കാനിതുവരെ തോന്നിയില്ല. മഹേന്ദ്ര പിങ്കിയുടെ ഒരു ഫോട്ടോ മൊബൈലില്‍ എടുക്കുന്നു. ഇവളും നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും അങ്ങനെ വന്നാല്‍ നല്‍കാനൊരു ഫോട്ടോ പോലുമില്ലാത്ത അരക്ഷിതാവസ്ഥ മറികടക്കാനാണത്. അല്ലാതെ വളരുന്ന ബാല്യത്തിന്റെ സുന്ദരസ്മരണയുടെ ജാലകമായി സൂക്ഷിച്ചുവെക്കാനല്ല.നഷ്ടപ്പെട്ടുപോയ കുട്ടിയുടെ ഇല്ലാത്ത ഫോട്ടോ അടയാളമാണ്.സിദ്ധാര്‌ഥന്റെ ഫോട്ടോ ഏതു കുട്ടിയുടേയും ചിത്രമാകുന്നതിലേക്കാണ് ഈ സംഭവം ചൂണ്ടുന്നത്. ആരെങ്കിലും മൊബൈല്‍ ഫോണില്‍ സിദ്ധാര്‍ഥനെ സൂക്ഷിച്ചിട്ടുണ്ടാകുമോ? പിണക്കിവിട്ട് കുട്ടികളെ മഹേന്ദ്ര വീണ്ടും മുറ്റത്ത് കളിക്കാനനുവദിക്കുന്നത് ഈ അവശ്യം മനസില്‍ കണ്ടാണ്.അല്ലാതെ അവരുടെ ബാല്യത്തെ അംഗീകരിച്ചതിനാലല്ല.കാര്യം കാണേണ്ടി വരുമ്പോള്‍ കുട്ടികളെ വേണം എല്ലാവര്‍ക്കും.
           സിദ്ധാര്‍‌ഥനെന്തിനു ഒളിച്ചോടണം? അവന്റെ വസ്ത്രങ്ങളും മറ്റും ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്. വസ്ത്രം ഉപേക്ഷിക്കുക എന്നത് മറ്റൊരു ലോകവുമായി ജിവിതത്തെ ബന്ധിപ്പിച്ചു ചിന്തിപ്പിക്കുന്ന ഭാരതീയ പ്രതീകമാണ്. പോകുന്നവര്‍ ഒന്നും കൊണ്ടുപോകുന്നില്ല. ഓര്‍മയുടെ വേദന നല്‍കുകയല്ലാതെ. കുട്ടിക്കെന്തു പറ്റി എന്നതിന് എല്ലാ സാധ്യതകളും തുറന്നിട്ടാണ് സിനിമ പുരോഗമിക്കുന്നത്. കണ്ടവരില്ല. ഊഹങ്ങളുടെയും കെട്ടുകഥകള്‍ക്കു സമാനമായ വിശദീകരണങ്ങളുടേയും ലൈംഗിക ചൂഷണം മുതല്‍ അവയവക്കച്ചവടം വരെ നീളുന്ന ഇളംശരീരത്തിന്റെ വിപണി മൂല്യത്തിന്റേയും ചിന്താപരിസരം നിറയ്ക്കുന്നതിനാണ് സംവിധായക ശ്രദ്ധിച്ചത്.
ഡോംഗ്രി 
     ഡോംഗ്രി എന്ന ഒരു അപൂര്‍വസ്ഥലനാമമാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. എന്താണ് ഡോംഗ്രി? നഷ്ടപ്പെട്ട കുട്ടികളെത്തപ്പെടുന്ന സ്ഥലം. അങ്ങനെയൊരു സ്ഥലം ഇന്ത്യയിലുണ്ടെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ പോലീസുകാര്‍ക്ക് അതറിവില്ല. അങ്ങനെ ഒരു പേരു അവര്‍ കേട്ടിട്ടുപോലുമില്ല. നഷ്ടപ്പെട്ട കുട്ടികളെവിടെപ്പോകുന്നു എന്ന ചോദ്യത്തിന് നിയമപാലകര്‍ക്കുളള അറിവില്ലായ്മയും എന്നാല്‍ തെരുവുകുട്ടികള്‍ക്കുളള വിശ്വാസവും ആണ്ഇവിടെ പ്രതിഫലിക്കുന്നത്. പുതിയ തലമുറയില്‍പെട്ടവര്‍ക്ക് മൊബൈലില്‍ സേര്‍ച്ച് ചെയ്തു കണ്ടെത്താന്‍ കഴിയുന്ന വിവരവുമാണത്.

ഒരു ഘട്ടത്തില്‍ എല്ലാ കുട്ടികളിലും സ്വന്തം കുട്ടിയെ കാണുന്ന വിഭ്രമാത്മകമായ അവസ്ഥയിലേക്ക് മഹേന്ദ്ര നിപതിക്കുന്നുണ്ട്. അയാളുടെ കുട്ടികളോടുളള പെരുമാറ്റത്തില്‍ സമീപനത്തില്‍ വലിയ മാറ്റം സംഭവിക്കുന്നു. അന്വേഷണം എങ്ങുമെത്താതെ നിരാശനായി മടങ്ങിയെത്തുന്ന മഹേന്ദ്ര. സിദ്ധാര്‍ഥന്റെ ചങ്ങാതികള്‍ ആ അറിവ് അല്പം നൊമ്പരത്തോടെയാണ് സ്വീകരിക്കുന്നത്. അല്പനേരത്തെ അനിശ്ചിതാവസ്ഥയ്ക്ക ശേഷം അവര്‍ കളി തുടരാന്‍ തീരുമാനിക്കുന്നു. മഹേന്ദ്ര ജീവിതം തുടരാനും.സിബ് പോയ ബാഗ് നന്നാക്കാനുണ്ടോ?എന്ന ചോദ്യം വീണ്ടും തെരുവില്‍ മുഴങ്ങുന്നു. ലളിതവും ശക്തവും പ്രസക്തവുമാണ് ഈ സിനിമ . അഭിനയത്തിന്റെ സ്വാഭാവികസൗന്ദര്യം ഇതിലുണ്ട്. പ്രതിവര്‍ഷം അരലക്ഷത്തോളം കുട്ടികള്‍ കാണാതാകുന്ന ഒരു രാജ്യത്ത് ഒരു കുട്ടിയെ കണ്ടെത്തുക അത്ര നിസാരമല്ല.ആ കുട്ടിയുടെ തിരോധാനം രാജ്യത്തിന്റെ പ്രശ്നമാക്കി മാറ്റുകയാണ് ഈ സിനിമ.

2 comments:

harixcd said...

now am thinking why i miss this film?
thank you for the indicators for sidartha

LATHA B said...

nashtapettathinekkal vethanippichath jeevithathilekulla thirichupokinte nirbhandhaman. oru vayananubhavam thannathinu kaladharan mashk nanni