Friday, September 8, 2017

മിന്നാമിനുങ്ങിനെ കാണാതെ പോയില്ലേ നിങ്ങള്‍?വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു മിന്നാമിനുങ്ങ് കാണാൻ ഉണ്ടായിരുന്നത്

നായിക പ്രധാനമായ ഒരു സിനിമ ഉൾക്കൊള്ളാനുള്ള മാനവിക വളർച്ച മുരടിച്ചതാവാം കാരണം. പതിവു ചേരുവകളിലതെ അടിത്തട്ടിലെ ജീവിതം ആവിഷ്കരിച്ച സിനിമകളോട് അത്ര പുറം തിരിഞ്ഞുനില്‍ക്കാത്ത മലയാളി ഈ സിനിമയോട് മമത കാട്ടാത്തതിനു മറ്റെന്തു ന്യായീകരണമാണ് പറയാവുന്നത്?
വിധവ
പെണ്‍കുട്ടിയുടെ അമ്മ
വീട്ടുവേലക്കാരി
അച്ചാറു വില്പനക്കാരി
പാല്‍ക്കാരി
മകള്‍
പട്ടയംകിട്ടിയ വീട്ടിലെ താമസക്കാരി
പുലരും മുമ്പേ ഉദിക്കുന്നവള്‍
സമയസൂചിക്കുമുമ്പേ ഓടുന്നവള്‍
ശരീരതൃഷ്ണകളെ നിര്‍വികാരതയ്ക് ഏറിഞ്ഞുകൊടുത്ത് പ്രതീക്ഷയുടെ തിരിനാളവുമായി വിശ്രമമില്ലാതെ പറക്കുവോള്‍
പുഴയുടെയും വയലിന്റെയും വിശുദ്ധിയേറ്റവള്‍
പാമ്പിന്റെ രൗദ്രഭാവപ്പകര്‍ച്ച അന്യമല്ലാത്തവള്‍
ഇതെല്ലാമാണിതിലെ മിന്നാമിനുങ്ങ്.
തന്റെ ലോകത്ത് നിന്നും മൈഗ്രേറ്റ് ചെയ്യുന്ന പുതിയ തലമുറയുടെ കഥയാണ് മിന്നാമിനുങ്ങ് അതു മാത്രമല്ല സാസ്കാരികഭൂമികയില്‍ നിന്നുളള ദേശാടനങ്ങളാണ് ഇതില്‍ കാണുന്നതെല്ലാം. ജനപ്രതിനിധി റിയല്‍ എസ്റ്റേറ്റ് സംവിധാനത്തിന് ഇടനിലനില്‍ക്കുന്നവനാണിന്ന്, വിറ്റൊഴിയാന്‍ പ്രയാസപ്പെടുന്ന ദുരിതജിവിതങ്ങള്‍ക്ക് ആശ്വാസമേകുന്നവനായിട്ടാണ് അവതാരം. ആരു വിചാരിച്ചാലും ഇല്ലാത്ത രേഖകള്‍ അവര്‍ വിചാരിച്ചാല്‍ സാധ്യമാണ്.
നാം കണ്ടു മുട്ടുന്ന മറ്റൊരാള്‍ പലിശക്കാശിന്റെ ദൈവ വിശ്വാസിയാണ്. അയാളെ കണ്ടു കിട്ടണമെങ്കില്‍ പ്രാര്‍ഥനാലയത്തിനു ഒഴിവു വരണം.നിസ്കാരത്തഴമ്പിന്റെ മേല്‍ അറക്കപ്പലിശയാണ് മുദ്രണം ചെയ്തിരിക്കുന്നത്.
മൂന്നാമത്തെ കഥാപാത്രം കന്യാസ്തീയാണ്. പണ്ട് അയ്യപ്പനെഴുതിയതാണ്. കത്തുന്ന കണ്ണുകളോട് കര്‍ത്താവിനെ നോക്കുന്നവള്‍ കന്യാസ്ത്രീ എന്ന്. ഇവളുടെയും മനസില്‍ ഒരുത്തനിരുന്ന് കറുത്ത പാമ്പിന്റെ പടം വരയ്കുന്നുണ്ട്. പ്രണയജീവിതത്തിലേക്ക് പോകുന്നതിനു മുമ്പും കര്‍ത്താവിന്റെ മണവാട്ടിയുടെ ദീര്‍ഘ പ്രാര്‍ഥനയുണ്ട്. ആ വേഷം അത് ഏതു നിഷ്കളങ്കരെയും എളുപ്പത്തില്‍ പറ്റിക്കാനാകുന്നതുമാണെന്ന് ഈ സിനിമ ബോധ്യപ്പെടുത്തുന്നു
നാലാമതായി ഒരു ഡോക്ടര്‍. അയാള്‍ രോഗികളോട് അനുതാപമുളളവന്‍. നായികയുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് സഹായിക്കുന്നവന്‍. മരുന്നിനു വാഗ്ദാനം. വീട്ടിലേക്ക് ക്ഷണം. ഭാര്യ പര്യടനത്തില്‍. അവള്‍ക്ക് വിളര്‍ച്ചയുണ്ടോ എന്ന് ഡോക്ടര്‍ക്ക് ശങ്ക. കിടത്തി പരിശോധിക്കണം. വയറിന്റെ തണുപ്പിനാണ് വിരലുകള്‍ പരതിയത്. അഗ്നിയായി സംഹാരമൂര്‍ത്തിയായി അവളുയിര്‍ക്കുമെന്ന് അയാള്‍കരുതിക്കാണില്ല. അഭ്യസ്തവിദ്യരുടെ മനസ്സിലിരുപ്പാണ് . ചികിത്സകന് ചികിത്സ വേണം. ആ പഠിപ്പ് പോര. കേരളത്തില്‍ ഇത്തരം വിഭാഗങ്ങള്‍ കൂടി വരുന്ന സ്ഥിതിക്ക്
മക്കളുടെ പേര് പട്ടിക്കിടാങ്ങള്‍ക്കിട്ടുകൊടുത്ത് ഓമനിച്ചു വളര്‍ത്തുന്ന ഒരാള്‍
പരുക്കനായ തൊഴിൽ ദാതാവ് മറ്റൊരു മുഖമാണ്. അയാളുടെ കണ്ണുകള്‍ എവിടെയൊക്കയാണ് സഞ്ചരിക്കാതിരിക്കുക എന്നാണ് നോക്കേണ്ടത്. പണിയെടുക്കാന്‍ ചെല്ലുന്ന പുഴുക്കളാണ് തൊഴിലാളികള്‍ എന്ന മനോഭാവം. എങ്കിലും ആ ശിലാഹൃദയത്തിലും അനുകമ്പയുടെ ഒരു തുളളി ഉണ്ടായിരുന്നു.
ഇനി ഒരു വാച്ചര്‍. ദരിദ്രയായ സ്ത്രീക്ക് കൂലിപ്പണി ഒപ്പിച്ചുകൊടുക്കുന്നതിലും കമ്മീഷന്‍ പറ്റുന്നവന്‍
അച്ഛൻ, വീട്ടില്‍ സഹായിക്കാനെത്തുന്ന ചെക്കന്‍, പിന്നെ എം എന്‍ എന്ന
എഴുത്തുകാരനും പ്രസാധകനും. അതാണ് ഏറ്റവും സങ്കീര്‍ണമായ വേഷങ്ങള്‍
നിങ്ങളറിയാതെ നിങ്ങളുടെ ജീവിതം മുന്നേകൂട്ടി പ്രസാധകര്‍ ഏറ്റെടുത്തിട്ടുണ്ടാകാം. അതിന്റെ പ്രതിഫലവും പറ്റിയെന്നിരിക്കാം. അതും അറിയണമെന്നില്ല.
ഭര്‍ത്താവില്ലാത്തവള്‍ക്ക് ഒരാണ്‍തുണ വേണ്ടിവരും എന്ന നിരീക്ഷണത്തിന് നല്‍കുന്ന മറുപടിയാണ് വിലപ്പെട്ടത്. അതെ ചെറിയ സമയത്തിനുളളില്‍ ജീവിതത്തിന്റെ ബഹുമുഖതയെ കുത്തിവാരിയിടാന്‍ മിന്നാമിനുങ്ങിനു കഴിഞ്ഞു
എല്ലാം അറിഞ്ഞുകൊണ്ട് മകളുടെ സന്തോഷത്തിനായി എല്ലാ ത്യജിക്കുന്ന ഒരു അമ്മ
കാലാതീതമായ എന്തെല്ലാമോ സന്നിവേശിപ്പിച്ചാണ് മിന്നാമിനുങ്ങ് പറക്കുന്നത്
ഇരുട്ടു കീറുന്നൊരു വജ്രസൂചിപോൽ എന്നു കവി വിശേഷിപ്പിച്ചത് ഇവളെത്തന്നെ.
ദേശീയ പുരസ്കാരം അഭിനയസുരഭിക്ക് ലഭിച്ചതില്‍ അത്ഭുതമില്ല. അത്രയ്ക് ശക്തമായി കഥാപാത്രത്തില്‍ അവര്‍ സ്വയം സമര്‍പ്പിതയായിരിക്കുന്നു
സിനിമ തീരുമ്പോള്‍ മനസിന്റെ മേലെ ഭാരമുളള ഒരു കല്ല് കയറ്റി വെച്ച അനുഭവം
No comments: