Friday, March 29, 2013

സെല്ലുലോയിഡിലെ അഗ്നി


(സ്ത്രീശബ്ദം 2013 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
ഒരു സിനിമ പലരീതിയില്‍ കാണാന്‍ കഴിയുന്നു എങ്കില്‍ അതിനെ സിനിമ എന്നു വിളിക്കാം. ഒരേ കാഴ്ചയെ നല്‍കുന്നുളളവെങ്കില്‍ അത്തരം സിനിമാ വെറും പടമാണ്, കേവലം കഥപറച്ചിലും ആട്ടുപാട്ടുനടനവുമാണ്. സെല്ലുലോയിഡ് എന്ന സിനിമ സിനിമയാണെന്നു നിസംശയം പറയാം.
നഷ്ടപ്പെട്ട കുട്ടിയെക്കുറിച്ചുളള സിനിമയാണ് സെല്ലുലോയിഡ് നഷ്ടപ്പെട്ട കുട്ടി വിഗതകുമാരനിലെ കുട്ടിയാകാം. മലയാളചലച്ചിത്രത്തിനു നഷ്ടപ്പെട്ട ആദ്യകുട്ടിയായ വിഗതകുമാരനെന്ന സിനമയാകാം രണ്ടായാലും അവ സെല്ലുലോയിഡില്‍ വീണ്ടെടുത്തു. സിനിമയ്ക്കുളളില്‍ സിനിമ സന്നിവേശിപ്പിച്ച് ഒരേ സമയം തിരശീലയില്‍ രണ്ടു സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് കമലിന്റെ കലാപരമായ ഇടപെടല്‍.
നഷ്ടപ്പെട്ട കുട്ടി ആരെന്ന ചോദ്യത്തിനു വീണ്ടും ഉത്തരമുണ്ട്. ആദ്യനായികയായ റോസി .മലയാളത്തിന്റെ അഭിനയപുത്രിയെ നമ്മള്‍ക്കു നഷ്ടമായതെങ്ങനെയെന്നും ഈ സിനിമ പറയുന്നു.രണ്ടാം സിനിമയായ മാര്‍ത്താണ്ഡവര്‍മയുടെ നഷ്ടക്കണക്കും ചരിത്രത്തില്‍ നിന്നെത്തി നമ്മോടു വര്‍ത്തമാനം പറയുന്നു. ഒരു നിശബ്ദസിനിമെയ നിശബ്ദമാക്കിയതിന്റെ കഥ പറയുമ്പോള്‍ നിശബ്ദരാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സാമൂഹിക ജീവിതവും കടന്നു വരുന്നു. ചരിത്രത്തോടു മൂഖം തിരിഞ്ഞു നില്‍ക്കുന്ന ആധുനിക മലയാളിയുടെ സാംസ്കാരിക കാപട്യവും സെല്ലുലോയിഡ് പകര്‍ത്തുന്നുണ്ട്. സദാചാരത്തെ സംബന്ധിച്ച മാമൂല്‍ സങ്കല്പത്തെ വര്‍ത്തമാനസമാനതകളുമായി പരോക്ഷമായി കണ്ണിചേര്‍ക്കാനും സെല്ലുലോയിഡിനു സാധിച്ചിട്ടുണ്ട്. വിവിധമാനങ്ങളുളള ഈ സിനിമയെ അതിന്റെ ലാളിത്യം കൊണ്ട് സാമാന്യജനവിഭാഗത്തിനും സംവദിക്കാന്‍ കഴിയുന്ന രീതിയിലാക്കിയതു വഴി മറ്റൊരു ദൗത്യവും നിറവേറ്റുന്നുണ്ട്. സംസ്കൃതകാവ്യപാരമ്പര്യത്തില്‍ നിന്നും കവിതയെ മോചിപ്പിച്ചതു പോലെ ബുദ്ധിജീവിജാഡകളില്‍ നിന്നും സിനിമയെ നിലത്തിറക്കുന്ന സമീപനം, പക്ഷെ ചിന്തയുടെയും കാഴ്ചയുടെയും തലത്തില്‍ ഒത്തു തീര്‍പ്പു നടത്തുന്നില്ല.
റോസിയും നായികമാരും
റോസിയുടെ ജീവിതം ഈ സിനിമ ചര്‍ച്ചയ്ക്കു വെക്കുന്നു. അതിന്റെ മേല്‍ മിണ്ടാതെ പോവുന്നതെങ്ങനെ?
സിനിമയില്‍ അഭിനയിക്കുക എന്നത് സദാചാരത്തിനു നിരക്കാത്ത ഒന്നായി സമൂഹം വിലയിരുത്തിയിരുന്നു. ഇങ്ങനെ പറയുമ്പോള്‍ അതെല്ലാം പണ്ട് ഇപ്പോഴങ്ങനെയല്ലല്ലോ എന്നു ചോദിച്ചേക്കാം. വിവാഹിതരാകുന്ന നടികള്‍ക്കന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഭര്‍തൃനടന്‍മാര്‍ അഭിനയജീവിതം തുടരുകയും ഭാര്യമാര്‍ പൂര്‍വനടികളായി വീടിനുളളിലകപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വൈരുദ്ധ്യവും തോന്നുന്നില്ലേ? ചലച്ചിത്രമണ്ഡലത്തില്‍ നിന്നും കല്യാണമണ്ഡപത്തിലെത്തിയാല്‍ നിര്‍ബന്ധിതാഭിനയ പെന്‍ഷന്‍ പുടവ കൊടുക്കുന്നതിന്റെ പിന്നിലെ മനോഘടന സദാചാരസങ്കലപവുമായി ചേര്‍ന്നു നില്‍ക്കുന്നില്ലെന്നു ആര്‍ക്കു പറയാനാകും. കരുത്തുറ്റ തന്റേടി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജുവാര്യരും സംയുക്താവര്‍മയും പാര്‍വതിയുമൊക്കെ അഭിനയവിരക്തി വന്നതു കൊണ്ടുമാത്രം മാറിനില്‍ക്കുകയാണോ? ദിലീപിനും ജയറാമിനും ബിജുവിനും ആ വിരക്തിയോ സ്വയം രൂപപ്പെടുത്തുന്ന വിലക്കോ സംഭവിക്കുന്നുമില്ല.
റോസിക്ക് മലയാള ദേശത്തു നിന്നും ഓടിരക്ഷപെടേണ്ടിവന്നു. വെളളിനക്ഷത്രം, നീലക്കുയില്‍, നല്ല തങ്ക, മുടിയനായ പുത്രന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ആദ്യകാല നടി മിസ് കുമാരി എന്ന ത്രേസ്യമാ ജോസഫിനും പ്രശ്നങ്ങളെ നേരിടേണ്ടിവന്നതായി പറയപ്പെടുന്നു. അവരുടെ വ്യക്തിജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നു. മരണം ദുരൂഹവും. മാര്‍ത്താണ്ഡവര്‍മയിലഭിനയിച്ച മറ്റൊരു ആദ്യകാലനടി ദേവകീഭായി കുടുബത്തില്‍ നിന്നും അന്യയാക്കപ്പെടുന്നത് നായകനായ സുന്ദര്‍രാജിനെ പ്രേമിച്ചുവിവാഹം കഴിച്ചതിന്റെ പേരിലാണ്. നാടു നീളെ അലഞ്ഞു നടക്കേണ്ട അവസ്ഥ ആ നടിക്കുണ്ടായി. അഭിനയജീവിതത്തെ അനുഗൃഹിത ജീവിതമായിക്കാണാത്തവരുടെ വംശാവലിയില്‍പ്പെട്ടവരിന്നുമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. സ്ത്രീപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അപ്രത്യക്ഷമാകുന്ന സര്ഗാത്മകതയെയും കൊണ്ടുവരേണ്ടതുണ്ട്. റോസി നാട്ടില്‍ നിന്നും ഒളിച്ചോടി സ്വസ്ഥമായ കുടുംബജീവിതം നയിച്ചു. പൊതു ഇടങ്ങളില്‍ നിന്നുമുളള ഓടിക്കല്‍ പ്രക്രിയയാണ് പുതുരൂപങ്ങളില്‍ ഇപ്പോഴുമുളളത്. അതിന് ഓമനപ്പേരുകളേറെയുണ്ടാകാമെങ്കിലും.

അധസ്ഥിതാവസ്ഥ അരക്ഷിതമാണെന്നും
മതം മാറിയാല്‍ അധസ്ഥിതി മാറുമോ? റോസി പരിവര്‍ത്തിതകൃസ്ത്യാനിയാണ്. അവള്‍ കാക്കരശിക്കു സ്റ്റേജില്‍ കയറുമ്പോള്‍ വല്ലാത്ത പ്രശ്നം . തുടങ്ങും മുന്പ് ഏതു ദൈവത്തെ വിളിക്കണം? ഭഗവാനെയോ കര്‍ത്താവിനെയോ? ഈ ഇരട്ട അസ്തിത്വം പേറുന്ന ജനതയെ സെല്ലുലോയിഡ് അവതരിപ്പിക്കുന്നു. അടിമയല്ലെന്നു പുതുവിശ്വാസം എന്നാല്‍ അധസ്ഥിതാനുഭവം നല്‍കുന്ന അപമാനമാണ് എപ്പോഴും പ്രതിഫലം. കാക്കരശിയില്‍ പാര്‍വതിയുടെ വേഷമിട്ടാലും കുറത്തി തന്നെ. ജന്മിമാരുടെ സമീപനത്തില്‍ മാറ്റമില്ല. അവര്‍ അടിയാന്‍മാര്‍ തന്നെ. അടിമതുല്യര്‍ മതം മാറിയതു കൊണ്ടെന്തു ഫലം. ദാനിയേലാണല്ലോ ഇതിനെ മനുഷ്യപ്പറ്റുളള കഥാപാത്രം. അയാളുടെ ചിന്ത നോക്കാം. ബോംബെയില്‍ നിന്നും നായികയെ ഇറക്കുമതി ചെയ്യാന്‍ അഞ്ഞൂറു രൂപാ വെച്ചു പ്രതിഫലവും ഒന്നാം ക്ലാസ് തീവണ്ടിയാത്രയും പിന്നെ വാടകക്കാറും ഒക്കെ കൊടുക്കാന്‍ തയ്യാറാകുന്ന അയാള്‍ മുറ്റത്തെ മുല്ലയ്ക്ക് കൊടുക്കുന്നത് കേവലം അഞ്ചുരൂപാ. കൂലിപ്പണിക്കോ പുല്ലരയിലിനോ കിട്ടുന്നതിനേക്കാള്‍ കൂടുതലല്ലേ എന്നു ചോദിച്ചേക്കാം. പക്ഷേ അയാള്‍ക്ക് കരാര്‍ വെച്ച ബോംബെക്കാരിയുടെ പ്രതിഫലവുമായി ഒത്തു വെച്ചാലോചിക്കാന്‍ മനസനുവദിച്ചില്ലല്ലോ? റോസമ്മയെ റോസിയാക്കുമ്പോഴും ഒരിക്കല്‍ പേരു തെറ്റിപ്പോകുന്നുണ്ട് .റോസമ്മയാണ് നാവില്‍ വരുന്നത്. അതായത് ഉളളില്‍ ഇപ്പോഴും അവള്‍ താഴ്ന ജാതിപ്പെണ്ണു തന്നെ. നടിയല്ല. കൂലിയഭിനയക്കാരി. ജാതിയോടുളള ഇതേ സമീപനമാണ് ഇപ്പോഴും സാഹിത്യനായകരും രാഷട്രീയക്കാരും പുലര്‍ത്തുന്നതെന്നും സൂചിപ്പിക്കാന്‍ മലയാറ്റൂരും കരുണാകരനും നിമിത്തമായി എന്നു മാത്രം. ഒരു കാലത്തു നിലനിന്നിരുന്ന ജാതിയെ അല്ല എക്കാലത്തും സമൂഹത്തെ ജീര്‍ണവായു പോലെ ദുഷിപ്പിക്കുന്ന ജാതീയതയെ അതിന്റെ ആള്‍ രൂപങ്ങളെ പരമാര്‍ശിക്കുമ്പോള്‍ സാംസ്കാരികമായ കീഴ്ശ്വാസം എന്ന വാക്കുപയോഗിച്ച് സ്വയം നാറുകയും നാടിനെ നാറ്റിക്കുകയും ചെയ്യുന്നവര്‍ എന്നു കവിയെക്കൊണ്ടു കമല്‍ പറയിക്കുന്നു. നവോത്ഥാനചിന്തയുടെ കിരണമുളളതുകൊണ്ടാണ് സിനിമ മനുഷ്യജാതിയെക്കുറിച്ച്- (വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട് )സിനിമയില്‍ വീണ്ടും ചൊല്ലിക്കുന്നത്. അരങ്ങിലെ വേഷം വെറും ചായമിടലാണെന്നും കറുപ്പിന്റെ മേല്‍ പൂശുന്ന വെളളയല്ല നിലനില്‍ക്കുന്നതെന്നും ചിത്രം സൂചിപ്പിക്കുന്നു. ഒടുവില്‍ അത്തരം വേഷംകെട്ടലുകള്‍ പഴന്തുണിയായി മാറും. അതാകട്ടെ വലിയവേദന നല്‍കുകയും ചെയ്യും.റോസി ധരിച്ച നായര്‍സ്ത്രീയുടെ വസ്ത്രങ്ങള്‍ അവള്‍ക്കു തന്നെ കൊടുക്കുകയാണ്. ജാനറ്റ് അതു കൊടുക്കുമ്പോള്‍ വിലകൂടിയ ആഭരണങ്ങള്‍ തിരികെ വാങ്ങി വെക്കാന്‍ മറക്കുന്നുമില്ല. ഉടുത്തുമുഷിഞ്ഞ വസ്ത്രം ഒരു ചിഹ്നമാണ്. അതു ആഭരണമാകില്ല. ജാനറ്റിന്റെ ഔദാര്യമല്ല മനസിന്റെ തനിനിറമാണ് ഇവിടെ കാണുന്നത്. റോസിയാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പെണ്‍പക്ഷത്തു നിന്നും കീഴാള പക്ഷത്തു നിന്നും അധസ്ഥിതിയെ നോക്കിക്കാണണം. ഈ വിഭാഗങ്ങളില്‍ ആത്മബോധമുണരേണ്ടതിന്റെ ആവശ്യകതയിലേക്കു് റോസി ശ്രദ്ധക്ഷണിക്കുന്നു. ഒരു സമൂഹം ഒരു പെണ്ണിനെ വഴിയാധാരമാക്കുന്നുവെങ്കില്‍ ആ സമൂഹം പ്രായച്ഛിത്തം ചെയ്യേണ്ടതുണ്ട്. ജാനറ്റ് എന്ന സ്ത്രീകഥാപാത്രവും റോള്‍മോഡലാണ്. കൃസ്തീയഭവനത്തിലെ ഭാര്യ. ഭര്‍ത്താവിനു വേണ്ടിയാണ് ഭാര്യ എന്നതിനെ അരക്കിട്ടുറപ്പിക്കുന്ന കഥാപാത്രമാണ് ജാനറ്റ്. വഴങ്ങുക സഹിക്കുക , പെറ്റുകൂട്ടുക ഇതത്രേ ജാനറ്റ്. നടിയെക്കിട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ സ്വയം സന്നദ്ധയാകാന്‍ മടിക്കുന്നവളാണ് ജാനറ്റ്. ഭര്‍ത്താവിനും മകനും നടിക്കാമെങ്കില്‍ എന്തു കൊണ്ടു ഭാര്യയ്ക്ക നടിച്ചു കൂടാ എന്ന ചിന്ത ജാനറ്റിലുണ്ടാകാത്തത് നടികളെക്കുറിച്ചുളളിലുളള സങ്കല്പം മൂലമാകണം. മനോഭാവങ്ങളെ സ്വാധീനിക്കുന്ന സമൂഹികവും മതപരവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം ഒതുങ്ങലല്ല. വിത്തുകാളയ്ക്കു സമാനമായ പുരുഷശരീരങ്ങളെ തേടുന്ന പെണ്‍മലയാളത്തെ പരിചിയപ്പെടുത്തുന്ന ഒഴിമുറിയുടെ കാപട്യം സെല്ലുലോയിഡിനില്ല.

സിനിമയിലെ ഗാനം.
അമ്പിളിച്ചന്തവും മാമഴച്ചന്തവും മാരിവില്‍ച്ചന്തവും തനിക്കുണ്ടോ എന്നു റോസി അവിശ്വസനീയതയോടെ പൊട്ടക്കണ്ണാടിയിലൂടെ നോക്കുകയാണ്.
ഏനുണ്ടോടീ അമ്പിളിച്ചന്തം
ഏനുണ്ടോടീ താമരച്ചന്തം
ഏനുണ്ടോടീ മാരിവില്‍ ചന്തം
ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ? പൊട്ടു തൊട്ടോ?ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ......

കാവളം കിളി കാതില് ചൊല്ലണ്‌
കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്‌
കുമ്പിളില്‍ പൂമണവുമായെത്തണ
കാറ്റു മൂളണു കരിവള വേണ്ടേന്ന്‌
എന്തിനാവോ ഏതിനാവോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പഞ്ചാരപ്പൂങ്കുയിലേ.........
(
ഏനുണ്ടോടീ)
അവളുടെ ആഹ്ലാദത്തെ വളരെ മകവോടെ പങ്കിടാന്‍ ഈ ഗാനവും ഈണവും ക്യാമറക്കണ്ണുമെല്ലാം സഹായകമായി. ഇത്തരമൊരു സുവര്‍ണമുഹൂര്‍ത്തമൊരുക്കിയാലേ ദുരന്തത്തിന്റെ താളിലേക്കു അവളെ പിന്നീട് ഒട്ടിച്ചു വെക്കാനാകൂ. പഴയ ആലാപനസൗന്ദ്യര്യത്തില്‍ മധുരമായി ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളും വല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.
കാഴ്ചയും ശബ്ദവും
യൗവ്വനകാലത്ത് സൂര്യവെളിച്ചത്തില്‍ പടം പിടിച്ചു പൊളിഞ്ഞുപോയവന് വാര്‍ദ്ധക്യത്തില്‍ അന്ധത ബാധിക്കുന്നു. എന്തു കാണാന്‍ എന്തിനു കാണാന്‍ എന്നു ശരീരം തീരുമാനിക്കുന്നതാകും. (ചരിത്രപരമെന്ന വിശേഷണം ഇങ്ങനെയുളള കഥാവികാസവ്യാഖ്യാനത്തെ തടയിടുന്നതാകരുത്. )
ആരെയും കാണാനിഷ്ടപ്പെടാതെ കഴിയുന്നതാണല്ലോ അന്ധത.ദാനിയേലിന് ലോകം കാണാന്‍കൊളളരുതാത്തതാണ് . അയാള്‍ ഒരു മുറിയില്‍ ഇരുളുവിരിച്ച കട്ടിലില്‍ കിടക്കുന്നു. ഈ രംഗം വളരെ സ്പര്‍ശിയായി ഔചിത്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. കണ്ണു പ്രവര്‍ത്തിക്കാത്തയാള്‍ക്കു ശബ്ധമാണ് കാഴ്ച. നാട്ടിലിപ്പോള്‍ ചെമ്മീനും നീലക്കുയിലുമൊക്കെ നന്നായി ഒടുന്നല്ലോ എന്നു ജാനറ്റ് സൂചിപ്പിക്കുകയും ചെയ്യുന്നു. അകത്തു ഒരു മനുഷ്യന്‍ കിടക്കുമ്പോള്‍ പുറത്തുനിന്നും പൂട്ടിയ വീടിന്റെ അവസ്ഥ ഭീകരമാണ്.. ആ താഴ് പുറംവെളിച്ചതിനു അരുതിട്ടു പൂട്ടിയതാണ്.എങ്കിലും അഴികള്‍ക്കുളളിലൂടെ ഒരു പ്രകാശരശ്മിപോലെ പത്രപ്രവര്‍ത്തകന്‍ (ലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ )കടന്നു ചെല്ലുന്നു. വീണ്ടും ലോകം ഇഷ്ടപ്പെടാനും മനസുതുറക്കാനും നല്ല വാക്കുകള്‍ വഴിയൊരുക്കുന്നു. നന്മയുടെ നേരിയ സാന്നിദ്ധ്യം വലിയ ആശ്വാസം പകരും.
സിനിമ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന സമയം. റോസിക്കു അധസ്ഥിതയായതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ദാനിയേലിനു പ്രമാണിവിധേയത്വം .അയാളും റോസിയെ മാറ്റി നിറുത്തി. സിനിമ തുടങ്ങുകയും നിശബ്ദസിനിമയുടെ രംഗവിശദീകരണം പുറത്തേക്കു വന്നു റോസിയെ വിളിക്കുകയും ചെയ്യുന്നു. അവളുടെ മനസ് പിടയുകയാണ്. കാഴ്ച ഇവിടെയും ശബ്ദമായി മാറുന്നു.
പ്രേമവും സദാചാരവും
ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്ന രംഗത്തോടെയാണ് വിഗതകുമാരനില്‍ റോസി ആരംഭിക്കുന്നത്. നിലവിളക്കുമായി നായര്‍ വേഷമണിഞ്ഞെത്തുന്ന കീഴാളപ്പെണ്ണ്. കേരളത്തിന്റെ ഉമ്മറത്ത് കൊളുത്തിയ ആ ദീപം പ്രസക്തമാണ്. അപ്പോഴാണല്ലോ ജയചന്ദ്രന്‍ എത്തുന്നത്. പ്രണയദീപമാണോ അത്. അതെ എന്നുത്തരം. ആദ്യാഭിനയത്തിന്റെ തിരുവെളിച്ചമാണോ അത്? അതെ എന്നു തന്നെ ഉത്തരം. ആദ്യസിനിമയുടെ വെളിച്ചം. വിളക്കുമായി വരുന്ന റോസിയുടെ ദൃശ്യമുളള ഫിലിം റോള്‍ വീണ്ടും വീണ്ടും കാണിക്കുന്നുണ്ട്.സെല്ലുലോയിഡിലെ വിളക്ക് നല്ല ബിംബമാണ്. തന്റെ സിനിമയ്ക്കു പുരാണ കഥകള്‍ വേണ്ട സോഷ്യല്‍ഡ്രാമ മതി പ്രമേയം എന്നു ദാനിയേല്‍ തീരുമാനിക്കുന്നു. അതിലാണ് പ്രേമം കടന്നു വരുന്നത്. സരോജിനിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട റോസിയുടെ മുടിയിലെ പൂവ് നായകന്‍ എടുത്തു മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികള്‍ക്കിടയില്‍ നിന്ന് കൂക്കുവിളിയും ആര്‍ത്തട്ടഹാസങ്ങളും കല്ലേറുമുണ്ടായി എന്ന് സനിമയുടെ ചരിത്രകാരന്‍ എഴുതുന്നു. കമല്‍ അല്പം കൂടി മുറുക്കി. പ്രേമത്തിന്റെ പൂമണം സഹിച്ചുകൂടാത്ത ഇന്നത്തെ സദാചാരപ്പോലീസുകാരുടെ വല്യതന്തമാരായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പുരാണത്തിലെ പെണ്‍വേട്ടയും പ്രേമവും ഒക്കെയാണെങ്കില്‍ ആസ്വാദ്യകരമായി കരുതുന്ന കാലത്ത് രംഗാവിഷ്കാരങ്ങള്‍ പുരാണകഥകളെ ചുറ്റിപ്പറ്റി നിന്നു. കാക്കരശിപോലുളളവ ആക്ഷേപഹാസ്യത്തില്‍ സമകാലിക സംഭവങ്ങളെ, സാമാന്യജനജീവിതത്തെ ശിവപാര്‍വതിമാരിലൂടെ അവതരിപ്പിച്ചു.റോസി കാക്കരശിയിലെ ആദ്യത്തെ സ്ത്രീനടിയാണ്. അവളുടെ അമ്മ പുഴുത്ത വാക്കുകള്‍ കൊണ്ടാണ് അവളെ അഭിഷേകം ചെയ്യുന്നത്. അകത്തും പുറത്തും നിന്നുളള അധിക്ഷേപങ്ങളെ നേരിടാന്‍ മനക്കരുത്ത് വളരെ വേണം.1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചതെന്നോര്‍ക്കണം .വിഗതകുമാരന്‍ ആയിരത്തിത്തൊളളായിരത്തി ഇരുപതുകളിലും. സമൂഹത്തിന്റെ ചിന്തയില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ദുഷിപ്പുകളെ അലക്കിയെടുക്കാനേറെ നാള്‍ വേണ്ടി വരും. നായികയുടെ തലയിലെ ഒരു പൂവ് അല്ല കാതലായ പ്രശ്നം മനസിനുളളിലെ പൊന്തക്കാടുകളാണ്. അതില്‍ എല്ലാ വിഷജീവികളും പാര്‍ക്കുന്നുണ്ടാകും.
സിനിമയിലെ അഗ്നി
വിഗതകുമാരന്‍ അവസാനകാഴ്ചയിലേക്കു വീണ്ടെടുത്താണ് ദാനിയേല്‍ മരിക്കുന്നത്. ഭിത്തിയിലെ നിഴലാട്ടത്തെ മനോഹരമായി മനപ്പകര്‍പ്പാക്കാന്‍ കമലിനു കഴിഞ്ഞു. മക്കളാരും അടുത്തില്ല .ഉളളില്‍ കളിക്കുന്ന ഉണ്ണി തന്റെ സിനിമ തന്നെയാണ്. അപ്പോള്‍ വേറെ ഉണ്ണികളുടെ ആവശ്യമില്ല. വിഗതകുമാരന്റെ പ്രദര്‍ശനം തിരശീലയില്‍ മായാക്കാഴ്ചയായി അനുഭവിച്ചുളള ആ മരണം പൊളളും.

അഗ്നി രണ്ടു തവണ പ്രധാനവേഷമിടുന്നുണ്ട്. വിഗതകുമാരന്‍ എന്നസിനിമയുടെ ഫിലിം തീകത്തി എന്നന്നേക്കുമായി നശിപ്പിക്കുന്ന ജ്വാല തിരശീലനിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരുകുട്ടിയുടെ കൈപ്പിഴ മൂലമുളള നഷ്ടഫലത്തെ നിര്‍വികാരമായി കാണുന്ന അവസ്ഥയും അഗ്നിപൊലെയാണ്. രണ്ടാമത് അഗ്നി വരുന്നത് റോസിയുടെ വീടിനെ വിഴുങ്ങുന്നതിനാണ്.. ഇവിടെ സമൂഹത്തിന്റെ കൈത്തെറ്റ് ഒരു നടിയുടെ സര്‍ഗപ്രതിഭയെ എന്നന്നേക്കുമായി ചാരമാക്കുന്നു. ഫിലിം കത്തുമ്പോളാദ്യം കത്തുന്നത് നിലവിളക്കേന്തിയ റോസിയാണ്. അഗ്നിനാളങ്ങള്‍ക്കിടയിലൂടെ പ്രാണനും കൊണ്ടോടുന്ന റോസി കേരളത്തിന്റെ ഹൃദയത്തില്‍ ദീപം തെളിയുന്നത് പ്രതീക്ഷിക്കുന്നുണ്ടാകണം. സിനിമയുടെ അന്ത്യത്തില്‍ കേരളത്തിലെ പ്രമുഖചലച്ചിത്രപ്രതിഭകളുടെ സാന്നിദ്ധ്യമുളള വേദിയില്‍ വെച്ച് മാപ്പ് പറയുന്ന ദാനിയേലിന്റെ മകന്‍. ആ വേദി റോസിയെപ്പോലെ ഒരാളുടെ ആസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്നു കൂടി നിരീക്ഷിക്കാം.6 comments:

Prasannakumary Raghavan said...

പടം കണ്ടില്ല, ഇനി ഒരു കാലത്തേ കാണാൻ പറ്റു, എന്നലും ഈ കുറിപ്പ് നന്നായി, കമലിന്റെ സെലുലോയിഡ് മാറ്റത്തിന്റെ അടയാളങ്ങളായി കണക്കാക്കം
പക്ഷെ ഒരു വിയോജനമുള്ളത്, മലയാള നടികൾ മ്ഞു, പാർവതി, സംയുക്ത, ഇവരൊക്കെ വിവാഹത്തോടെ അഭിനയം നിർത്തി എന്നുള്ള ത്, സ്ത്രീയൊടുള്ള തരം താഴ്ത്തലായി എങ്ങനെ കാണാനാകും. അതവരുടെ സ്വകാര്യ ത്രീ‍രുമാ‍നങ്ങളല്ലേ? ഒരു പക്ഷെ ഭർത്താക്കർന്മാർക്കവരെ വിശ്വാസമില്ലായിരിക്കാം,ഭാര്യ ജോലികുപോക്കുന്നതിഷ്ടമില്ലായിരിക്കാം, അങ്ങനെയൊക്കെ. അതായത് അതിൽ ഏതെങ്കിലും ഭാര്യമാർ പരാതിപ്പെട്ടിട്ടുണ്ടോ? തങ്ങളോട് ഭർത്താക്കന്മാർ അനീതികാട്ടുന്നതായി എനിക്കറിവില്ല, ഇല്ലാത്തിടത്തോളം കാലം അതു കേരളത്തിന്റെ സ്ത്രീ വിവേചന പ്രശ്നമാണോ?
റോസി എന്ന ദളിത യുവതി അനുഭവിച്ച വംശ വെറിയെ പരാമർശിക്കുന്നിടത്ത് ഈ നടികളെ പരാമർശിച്ചത് കല്ലുകടിയായി തോന്നുന്നു.

Kaladharan TP said...

ബഹുമാനപ്പെട്ട ടീച്ചര്‍
അഭിനയസര്‍ഗാത്മകത്ക്ക് വിവാഹം തടസ്സമാകുന്നുവോ?
സംയുക്തയും മറ്റും എഴുത്തുകാരികളായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നവോ?
അധ്യാപികരായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ? സ്ത്രീകളുടെ പദവി സ്വാതന്ത്ര്യം,സംശുദ്ധി എന്നിവയെ ക്കുറിച്ചുള പരമ്പരാഗതബോധം ഈ നടികളെ പരാതിപ്പെടാനനുവദിക്കുന്നുണ്ടാകില്ല. എന്നു വെച്ച് അവരുടെ അസാന്നിദ്ധ്യത്തെ ന്യായീകിരിച്ചു കൂടാ. കല്ലുടി വളരെ പ്രധാനമാണ്. കുടുംബം പോറ്റാനുളള ചുമതലാ വിഭജനത്തേക്കാള് കുടംബനാഥ/ നാഥന്‍ സങ്കല്പങ്ങളി‍ല്‍ വരുത്തേണ്ട ജനാധിപത്യപരമായ മാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രസന്നടീച്ചര്‍ക്കും കഴിയുന്നില്ല. സമത്വത്തെക്കുറിച്ചുളള വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പറയുന്നതല്ലല്ലോ ഇവിടെ പ്രതിഫലിക്കുന്നത്. ബോധനിര്‍മിതി എങ്ങനെയാണ് നടക്കുന്നത്? വിവാഹശേഷം അഭിനയമില്ല എന്നിവരെക്കൊമ്ടു പറയിക്കുന്നതെന്താണ്. കാവ്യ അനുഭവിച്ച പ്രശ്നം അഭിനയജീവിതത്തെ അപഹസിച്ചതുമായി ബന്ധപ്പെട്ടാണെന്നതും മറക്കരുത്. നടിയെ ശരീരമായി കാണുന്ന സമീപനം..ചര്‍ച്ച തുടരാം. സിനിമ നമ്മില്‍ പ്രവര്‍ത്തിക്കുന്നതിങ്ങനെയാണ്.സംവാദത്തിനു വഴിയൊരുക്കി

Prasannakumary Raghavan said...

ഞാൻ പറഞ്ഞത് കുറച്ചുകൂടെ വ്യക്തമാക്കട്ടെ മാഷേ.

''രണ്ടു പ്രതിഭകള്‍ വിവാഹിതരാകുമ്പോള്‍ അതില് ഒരു പ്രതിഭയെ നശിക്കാനനുവദിക്കണമെന്നു കരുതുന്ന ഭര്‍തൃ ധര്മം അല്ലെങ്കില്‍ ഭാര്യാധര്‍മം ഒരു പ്രശനവും അല്ലെന്നുളള തോന്നല്‍ തന്നെ പ്രശ്നമാണ്''.

ആർക്കാണിതു പ്രശ്നം? പ്രശ്നമുള്ളവർ അതു പറയണം.യദ്ധാ‍ർഥത്തിൽ ഒരു മാനവികതലത്തിൽ ഇതു പ്രശ്നമല്ല, എന്നല്ല എന്റെ അഭിപ്രായം അതെ ആ മാനവിക തലത്തിൽ ഇതു പ്രശ്നമാണ്.

ആ തലത്തിൽ എത്തട്ടെ. കേരളത്തിൽ സ്ത്രീകൾക്ക് ജൻഡർ തലത്തിലും ജാതി തലത്തിലും മറ്റും മറ്റും തലത്തിൽ പ്രശ്നങ്ങളുണ്ട്. ഇതിനു സ്ത്രീ എന്നുള്ള ഒരു കോമൺ ഡിനോമിനേറ്റർ ഉണ്ട്, എന്നു സമ്മതിക്കുന്നതോടോപ്പം ഈ ഡിനോമിനേറ്റർ പല പല സ്രേണികളിലാണ് കിടക്കുന്നത് എന്നുള്ള സൂക്ഷനിരീക്ഷണം ആവശ്യമാണ്.

സെലുലോയിഡിന്റെ പശ്ചാത്തലത്തിൽ റോസി എന്ന നടി /സ്ത്രീ അനുഭവിച്ചത് ജാതി-ജെൻഡർ ഒക്കെ കൂടിയ തലത്തിലാണ്. റോസിയുടെ പ്രശ്നത്തെക്കുറിച്ചു ഇന്നു കേരളത്തിന്റെ പൊതു രംഗ്ഗത്തു ചർച്ചകൾ ധാരാളമുണ്ട്. അവരുടെ പ്രശ്നങ്ങളെ അവർ ഐഡെന്റിഫൈ ചെയ്യുന്നുണ്ട്.
എന്റെ കാഴ്ച്ചപ്പാടിൽ ഏതൊരു വ്യക്തിക്കും പ്രശ്നമുണ്ടെങ്കിൽ ആദ്യം അതു ഐഡെന്റിഫൈ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഈ ഒരു രീതി ഇൻഡ്യയിൽ സ്ത്രീ പ്രശ്നത്തിൽ പ്രത്യേകിച്ച് ഉണ്ടായിട്ടില്ല..

നിർഭാഗ്യകരമായ ക്ലാസ് സ്മീപനമാണ് ഇതിനു കാരണം; പ്രശ്നങ്ങളും, അതിനു പരിഹാരം കാണാനുള്ള് പ്രതിഷേധങ്ങളും അതിനെ കുറിച്ചു സംസാരിക്കുന്നതും താണനിലവാരത്തിലുള്ള സ്ത്രീകൾ മാത്രമേ‘ ചെയ്യൂം ഞങ്ങൾ സ്റ്റാറ്റസുകാർ ഇതൊന്നു ചെയ്തു മാനം കളയില്ല എന്ന കേരളത്തിലെ;ഇന്ത്യയിലെ ‘ക്ലാസ് സ്ത്രീകളുടെ മനോഭാവം. ഇതു വളരെ ശക്തമാണ്; ഇവർ യദ്ധാർത്തത്തിൽ പുരുഷാധിപത്യത്തിന്റെ വാക്താക്കളാണ്; അവർ പുരുഷാധിപത്യത്തിന്റെ ആധിപത്യ രീതികളുടെ തിക്തത അനുഭവിക്ക്ന്നില്ല എന്നു പറയുന്നില്ല; പക്ഷെ മനപൂർവം, ചേർന്നു നിൽക്കുന്നത് ഈ പാട്രിയാർക്കിയോടൂ തന്നെയാണ്.

അത്തരക്കാർക്ക് കൊടിപിടിക്കേണ്ട് ആവശ്യം ഞാൻ കാണുന്നില്ല; ഞാൻ എന്റെ കഴിഞ്ഞ ഒരു ബൊഗ്ഗു പോസ്റ്റിൽ ഇതു വളരെ വ്യക്തമായി എഴുതിയിരുന്നു.
അതെ കാവ്യ തനിക്കു പ്രശ്നങ്ങളുണ്ട് എന്നു പറയാനുള്ള മനോഭാവം കാട്ടി; അതു വഴി മാറ്റങ്ങൾക്ക് തനിക്കു കഴിയുന്ന അനുകൂല സമീപനമുണ്ടാക്കി.

തുല്യതയെ കുറിച്ച് എന്താണ് സങ്കല്പം. മറ്റുള്ള വരെ കുറിച്ചു കൂടി ചിന്തിക്കുമ്പോൾ അവരുടെ അനീതികളിൽ ഞാനും ഭാഗമാകണം എന്ന ബോധമാണ് തുല്യതയുടെ തുടക്കമായി ഞാൻ കാണുന്നത്;
ജെൻഡർ ഞങ്ങളുടെ പൊതു പ്രശ്നമാണ് അതു ഞങ്ങലുടെ സാമൂഹ്യ സാമ്പത്തിക ഇഷ്യ് കുടിയാണ് എന്ന പൊതു ബോധം സ്രിഷ്ടിച്ച് അമേരിക്കയിലും സൌത്താഫ്രിക്കയിലുമൊക്കെ സ്ത്രീകൾ ഒന്നിച്ചു പുറത്തു വന്നു അവിടെയാണ് സ്ത്രീ ശക്തിക്കു ശക്തിയുണ്ടായത്; ഉണ്ടാകുന്നത്, ഞങ്ങൾ ക്ലാസുള്ളവർ നിങ്ങൾ കറുത്ത വർഗക്കാർ നിങ്ങളുടെ പ്രശ്നത്തെ ഞങ്ങലുടേതുമായി കൂട്ടികൂഴക്കയോ ശെ ശെ എന്നു പറഞ്ഞ്രുന്നു എങ്കിൽ തുല്യത അവരുറ്റെ ഇഷ്യ് ആകില്ല്ലായിരുന്നു. അവർ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. പക്ഷെ പ്രശ്നം അവർ അംഗീകരിച്ചു.

ഈ അ വസ്ഥ കേരളത്തിൽ എന്റെ കാഴ്ച്ചപ്പാടിൽ ഇല്ല; അതു കൊണ്ട്, പാട്രിയാർക്കിയോടു ചേർന്നു നിൽക്കുന്ന സ്ത്രീകൾ സ്ത്രീ പ്രശ്നത്തെ അംഗീകരിക്കുന്നവരല്ല, പിന്നെ എന്താണ വർക്കു പ്രശം അവർക്കു പ്രശ്നം ഉണ്ട് എന്നു അവർ പറയട്ടെ. അവർക്കില്ലാത്ത പ്രശ്നം ഉണ്ടെന്നു ഞാൻ പറയണോ?

Prasannakumary Raghavan said...

‘തങ്ങള്‍ ഒരുവിധത്തിലുമുളള അധമത്വം അനുഭവിക്കുന്നില്ലെന്ന ബോധം പണ്ട് കീഴാളരും പുലര്‍ത്തിയിരുന്നു.‘
അതേതു കാലഘട്ടത്തിൽ മാഷേ? അങ്ങനെ വച്ചു നോക്കുമ്പോൾ ഈ റോസിക്കും ഡാനിയേലിനുമൊന്നും തങ്ങൾ അധമത്തം അനുഭവിച്ചതായി ബോധമേ ഇല്ല എന്നാണല്ലോ ന്നു മാഷു പറയുന്നത്. അപ്പോൾ സ്എലുലോയുഡ് എന്ന സിനിമതന്നെ ഒരനാവശ്യമാണല്ലൊ” അപ്പോൾ മാഷിന്റെ പോസ്റ്റിന്റെ വിഷയം തന്നെ എന്താ?
‘പ്രശ്നം തിരിച്ചറിയാന്‍ സഹായിക്കല്‍ എങ്ങനെ നടക്കുമെന്നതിനെക്കുറിച്ചാ‘ അതിനെ കുറിച്ച് ഇന്ന് ദളിതർ നന്നായി തിരിച്ചറിയുന്നുണ്ട്, അവരോടു സഹതാപമുള്ള വർ അതിൽ പങ്കു ചേരുന്നുമുണ്ട്.

‘തത്സ്ഥിതി തുടരട്ടെ എന്ന സമാപനത്തോടു യോജിപ്പില്ലെന്നു പറയാനാഗ്രഹിക്കുന്നു‘

അങ്ങനെയാരു പറഞ്ഞു മാഷേ? ഞാൻ പറഞ്ഞോ എന്റെ കമന്റ് ഒന്നുകൂടി വായിക്കുക.

Prasannakumary Raghavan said...

'സ്വന്തം വീട്ടിലും അതിലും താഴ്ന ജാതിക്കാരോടുളള സമാപനം ഇതു തന്നെ. നാട്ടു നടപ്പ് എന്നു മാതരമേ കരുതിയിട്ടുളളൂ. സവര്‍ണര്‍ ചെയ്യുന്നതില്‍ തെറ്റു കണ്ടെത്താനാകാത്തതു കൊണ്ടാണ് അതേ തെറ്റ് ശരിയായി ധരിച്ച് അവരുടേതായതലത്തില്‍ ആവര്‍ത്തിച്ചത്'.

അതെ, മനസിലാക്കാം. അന്ന് അനീതിക്കുനേരെ നിലവിളിയില്ലാതിരുന്ന കാലഘട്ടത്തിലെ,അജ്ഞതയെ ഇന്നത്തെ അനീതിക്കുനേരെ അഹ്വാനം ശക്തമാകുന്ന ഈ കാലത്തെ ബോധപൂർവമായ ഒഴിഞ്ഞുമാറലിനോട് താരത്മ്യം ചെയ്യാൻ എങ്ങനെ കഴിയും മാഷേ? എന്റെ കമന്റിൽ ഞാൻ ക്ലാസ് എന്നാണ് ഉപയോഗിച്ചത്. അത് ജാതിയുമായും സവർണതയുമായും ശക്തമായി ബന്ധപ്പെട്ടു കിടക്കുന്നു എന്കിലും ഇന്ന് അത് ഒരു ക്ലാസാണ്; അതായത്, ജാതിക്കുള്ളിലും ജാതിക്ക് പുറത്തും ഈ വിവേചനമാണ്. ജാതിക്കുള്ളീൽ സാമ്പത്തിക രാഷ്ടീയ, മേഘലകളീൽ ഉന്നതി നേടിയവർ ബ്രാഹ്മണവൽക്കരണത്തിലൂടെ തങ്ങഉടെ പ്രാപ്സ്തി കാണിക്കുന്നതും അതിന്റെ പേരിൽ മറ്റുള്ളവരെ തരം താഴ്ത്തുന്നതും കാണാം..ഇതു വീട്ടിനുള്ളവരോടും സ്വയം ജാതിക്കാരോടും കാണുന്നുണ്ട്. അതിൽ ഞാൻ പൂർണമായും യോജിക്കുന്നു.

എന്നു പറയുമ്പോൾ തന്നെ, സമൂഹത്തിന്റെ പ്രശ്നങ്ങൾ മുമ്പു ഞാൻ പറഞ്ഞതു പോലെ ഒരു ഏക ശിലാ പ്രശ്നമല്ല; സ്ത്രീ പ്രശ്നം ഇതിനോടെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതാണ്; ഈ പ്രശ്നങ്ങളെ ഒരു ഏക ശിലാ പ്രശ്നമാക്കി കൊണ്ടൂ വരേണ്ടതുണ്ട്; എന്നാൽ അതിനിന്നു ധാരാളം വിഘാതങ്ങളാണ്. അതിലൊന്നായാണ് ഞാൻ ചൂണ്ടീ കാട്ടിയത്, ക്ലാസ് സ്ത്രീകളുടെ ഡിനയൽ/പ്രശ്ന നിഷേധം; ബോധമുണ്ടായ അവസരത്തിൽ മാഷിന്റെ അമ്മ ഡിനയലിലേക്കു പോയോ? ഇല്ലല്ലോ? എന്നാൽ ഇന്നത്ത് ഈ ക്ലാസ് സ്ത്രീകൾ.,(അവരിൽ ഭൂരിപക്ഷവും ഒരു പ്രത്യേക ജാതിക്കാരല്ലം എല്ലാ ജാതി,മത, രാഷ്ടീയ വിഭാഗത്തിലും മേൽക്കോയ്യ്മ ഭാവിക്കുന്നവരാണ്) ഈ ഡിനയലിന് അടിപ്പെട്ടവരാണ്; ഇവരുടെ മനോഭാവം കേരളത്തിന്റെ സ്ത്രീ പ്രശ്നപരിഹാരത്തിന്റെ കടക്കൽ കത്തിവക്കുകയാണ് ഇന്നു വരെ ചെയ്തിട്ടുള്ളത്.. അവർ ഉറക്കം നടിക്കുന്നവരാണ് , ഉണരാൻ കൂട്ടാക്കത്തവരാണ്.

അവരുടെ നിസംഗത വെടിയുന്ന കാലത്തുമാത്രമേ അവരെ അംഗീകരിക്കാൻ എനിക്കു കഴിയൂ. ഇതു കേരളത്തിന്റെ അതി ജീർണമായ ഒരു സാമൂഹ്യ ,രാഷ്ടീയ, സാമ്പത്തിക പ്രശ്നത്തിന്റെ ഭാഗം കൂടിയാണ്.

അതി ദാരുണമായ പീഡനത്തിനിരയായ് സൂര്യനെല്ലിപെൺകുട്ടിക്കു പോലും മുഖവും ക്ലാസും, സമൂഹവും സമുദായവും രാഷ്ടീയവുമൊക്കെ നോക്കി പുലമ്പുന്ന മഹിളാമണീകൾ ഹാ ഹാ ഞാനെങ്ങനെ അവരെ ഇരകളായി അംഗീകരിക്കണം. ബിന്ദു കൃഷ്ണ എന്നു പറയുന്ന കോൺഗ്രസിന്റെ ഒരു സ്ത്രീ, അവരുടെ പല പ്രസ്ഥാവനകൾ പല ചാനലിലൂടെയും മറ്റും കണ്ടു കാണുമല്ലോ. അവരുടെ വായിൽ നിന്നു വീഴുന്നതു കേട്ടപ്പോൾ ഒരു സ്ത്രീ ആയതിൽ ഞാൻ ലജ്ജിക്കുന്നു.

Kaladharan TP said...

സജിതമഠത്തില്‍ ഗൃഹലക്ഷിയുെട ഏബ്രില്‍ ലക്കത്തില്‍ ഇങ്ങനെ പറയുന്നു- ഇമോഷണല്‍ ഷെയറിഗ് ആവശ്യമുളള പണിയാണ് അഭിനയം, നമ്മള്‍ക്കൊരാളെ ഇ‍ഷ്ടമാണെങ്കിലേ അയാളെ കെട്ടിപ്പിടിക്കാന്‍‍ പറ്റൂ. ഇമോഷണ്ല‍ സീനുകള്‍ ഭംഗിയാകണമെങ്കില്‍ നടനും നടിയും തമ്മിലൊരു കെമിസ്ട്രി രൂപപ്പെടണം. ഇങ്ങനെയുളള ഇമോഷണല്‌ എക്സേചേഞ്ചിന്റെ പേരില്‍ നടി ചൂ‍ഷണത്തിനു ഇരയാകാനുളള സാധ്യത വളരെക്കൂടുതലാണ്.യ ഭയങ്കര ശ്രദ്ധയോടെ ജീവിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് ഈ രംഗത്ത് ചൂഷണത്തിന് ഇരയാകാതെ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.
പെണ്ണിനു നിയന്ത്രണങ്ങളോ പോയി പണിനോക്ക് എന്നാണ് സജിത പറയുന്നത്. സജിതയെ സജിതയാക്കിയത് അവര് പ്രവര്‍ത്തിച്ച പുരോഗമനപ്രസ്ഥാനങ്ങളുടെ വീക്ഷണങ്ങള്‍കൂടിയാണ്. വിമര്‍ശനപമായി സ്ത്രീപദവിയെ നോക്കിക്കാണാന്‍ ചു‍ഷണത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകാത്തതെന്തു കൊണ്ട് എന്ന ചോദ്യം സമൂഹം ചോദിച്ചു കൊണ്ടിരിക്കണം.
സെല്ലുലൊയിജിനാധാരമാക്കിയ നോവലിന്റെ (നഷ്ടനായിക ) അവതാരിക എഴുതിയ കെ ജി ജോര്‍ജ് പറയുന്നു. സ്ത്രീകള്‍ ,പ്രത്യേകിച്ച് അബിനേത്രികള്‍ ഭോഗവസ്തുക്കള്‍ എന്ന നിലയില്‍ മുഖ്യമായും വീക്ഷിക്കപ്പെടുന്ന ഒരു പുരുഷാധിപ്ത്യസമൂഹം തന്നെയാണിന്നും കേരളത്തിലുളളത്.. .അപ്പോള്‍ അന്നത്തെ അവസ്ഥ ഇന്നത്തേതിനേക്കാള്‍ എത്ര രൂക്ഷമായിരിക്കണം. നടികളെ കൂത്തിച്ചികളായിട്ടാണ് കരുതിയത്...നടിയുടെ മാധ്യമം നാടകമോ സിനമയോ എന്തു തന്നെയായാലും ഒരു അഴിഞ്ഞാട്ടക്കാരിയുടെ സ്ഥനമേ ഉണ്ടായിരുന്നുളളൂ.
ഇവിടെ സിനിമാകൃരംഗത്തുളള അദ്ദേങത്തിന്റെ ആശയം പങ്കിടുന്നത് പുരുഷാധിപത്യസമൂഹത്തിന്റെ ( അതില്‍ സനിമാനടന്മാരടക്കമുളളവരുടെ വീക്ഷണം ) വ്യക്തമാക്കാനാണ്. ആ വീക്ഷണം ശിരോഭൂഷണമായി കരുതുന്ന ആണായാലും പെണ്ണായാലും അതിനെ നാം നീതീകരിക്കരുതെന്ന സന്ദേശം സെല്ലുലോയിഡില്‍ നിന്നും പ്രസരിക്കുന്നുണ്ട്