Saturday, March 9, 2013

ഷട്ടര്‍


ജോണ്‍ ആബ്രഹാമിന്റെ സിനിമയിലെ നായകന്‍ സംവിധാനം ചെയ്ത സിനിമ ജോണിന്റെ സ്മരണയുണയോടെ പ്രതീക്ഷയുടെ കൊടിപ്പടമുയര്‍ത്തിയാണാരംഭിക്കുന്നത്.പക്ഷേ...
കോഴിക്കോട് നഗരത്തിലേക്കു ക്യാമറ ഉണരുകയാണ്.പരസ്പരബന്ധമില്ലാത്ത ചില ദൃശ്യങ്ങള്‍, വ്യക്തികള്‍ . ഒരു ഓട്ടോ ഫോക്കസ് ചെയ്യപ്പെടുന്നു. പിന്നീട് റഷീദിന്റെ വീട്. ഓട്ടോ യാത്ര.സിനിമ ലൊക്കേഷന്‍.. സിനിമാസംവിധായകന്‍. ഓട്ടോയില്‍ റിട്ടേണ്‍ ട്രിപ്പ്. ഇത്തരം സംഭവങ്ങളെ കോര്‍ത്തിണക്കുകയാണ് ഷട്ടര്‍.
മറ്റുളളവര്‍ക്കായി ഷട്ടറു പോക്കാനും താഴ്ത്താനും ചില ജിവിതങ്ങള്‍
ആശ്രിതമായ ചില ചെറു ജീവിതങ്ങളുണ്ട്. അവരാര്‍ക്കു വേണ്ടി ജീവിക്കുന്നവെന്നു പോലും അന്വേഷിക്കാതെ ഓളത്തിലൂടെ ഒഴുകുകയാണ്. നിഷ്കളങ്കമായ മനസുളള ,പ്രതിഫലം ആഗ്രഹിക്കാത്ത ഉപകാരികള്‍. നഗരത്തിലെ ഓട്ടോ ഡ്രൈവറായ സുര (വിനയ് ഫോര്‍ട്ട്) അത്തരം ഒരാളാണ്. സത്യത്തില്‍ ഈ സിനിമയിലെ ഉജ്വലകഥാപാത്രമാണയാള്‍. ഇദ്ദേഹത്തെ നായകുപക്ഷത്തു നിറുത്തി ഈ ചിത്രം കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ ഗതിവിഗതികളെയും നിയന്ത്രിക്കുന്ന ഓട്ടോക്കാരനാണ് ഈ സുരന്‍. ജീവിതത്തിലാര്‍ക്കും അയാള്‍ അസുരനല്ലെന്നു സാരം.
ആരാണീ മനുഷ്യന്‍ ?പകല്‍മാന്യന്മാരുടെ അന്തിക്കൂട്ട വെളളമടിക്ക് വേണ്ടി ബിവറേജസില്‍ ക്യൂനില്‍ക്കുന്നവന്‍, മൊബൈലിലെ രതിക്കാഴ്ചകള്ക്കു കൂട്ടുകാഴ്ചക്കാരനാകുന്നവന്‍, കൂട്ടിക്കൊടുപ്പുകാരനോടും സാംസ്കാരിക പ്രവര്‍ത്തകരോടും ആരാധനകലര്‍ന്ന ചങ്ങാത്തം.നിറഞ്ഞ സത്യസന്ധത. ഫുഡ്ബോള്‍ കളിക്കാരോടും സാംസ്കാരിക പ്രവര്‍ത്തകരോടും ഓട്ടോക്കൂലി ചോദിക്കാതെ കൊടുക്കുന്നത് മാത്രം വാങ്ങുന്നവന്‍.. എല്ലാ കസ്റ്റമേഴ്സിനെയും തൃപ്തിപ്പെടുത്താന്‍ ആത്മാര്‍ഥമായി സന്നദ്ധനാകുന്നവന്‍, റഷീദിനു വേണ്ടി തെരുവില്‍ നിന്ന പെണ്ണിനെ ഒപ്പിച്ചെടുക്കാന്‍ ദുതുപോകുന്നവന്‍, റഷീദിനു വേശ്യാവേഴ്ചയ്ക് വളരെപ്പണിപ്പെട്ടു പറ്റിയ ഇടം ഒരുക്കാന്‍ ഉത്തരവാദിത്വമേറ്റെടുക്കുന്നവന്‍,വേശ്യയ്ക്കു വേണ്ടി ഭക്ഷണം വാങ്ങാന്‍ പോകുന്നവന്‍, അയാള് ഒരു സന്ദര്‍ഭത്തില്‍ പിമ്പില്‍ നിന്നും പെണ്ണിന്റെ റേറ്റ് ചോദിച്ചറിഞ്ഞു വെക്കുന്നെങ്കിലും തരപ്പെട്ടപ്പോള്‍ താല്പര്യം പ്രകടിപ്പിക്കാത്തവന്‍.... ആകെക്കൂടി തനിമായാര്‍ന്ന കഥാപാത്രം. ഓട്ടോയില്‍ ആളുകള്‍ കയറുന്നു ഇറങ്ങുന്നു. കൗതുകം. നൈമിഷിക സൗഹൃദം. കുശലം. പിന്‍സീറ്റിലെ പെണ്‍ചന്തത്തിലേക്കു റിയര്‍മിറര്‍ ഫോക്കസ് ചെയ്യലും ആസ്വദിക്കലും. ഓട്ടം ..വീണു കിട്ടുന്ന എല്ലാ സാധ്യതകളിലും സന്തേഷം കണ്ടെത്തുന്നവനാണ് സുര. തട്ടുകടയിലെ പാട്ടിനു താളം പിടിക്കുന്ന ആ രംഗവും പിന്നെ നിര്‍ബന്ധത്തിനു വഴങ്ങി ഹൃദയപൂര്‍വം അല്പം വീശുന്ന രംഗവും അയാളുടെ ആസ്വാദനനിഷ്കളങ്കത വ്യക്തമാക്കും.
മറ്റുളളവര്‍ക്കുവേണ്ടി ആത്മസംഘര്‍ഷത്തിന്റെ കനലുവാരിയുണ്ണുന്ന മനുഷ്യന്‍. കെണികളില്‍ നിന്നും കെണികളിലേക്കു വീഴുമ്പോഴും അതന്റെ പേരില്‍ വേദനിക്കുമ്പോഴും അതിനെ വേഗം മറന്ന് പഴയരീതിയിലേക്കു പോകുന്നു ഈ കഥാപാത്രം. അഭിനയത്തിന്റെ തികവ് കൊണ്ടാദരവു പിടിച്ചു പറ്റി എന്നു ഉറക്കപ്പറയാം. ഈ അഭിനയം കാണാന്‍ വേണ്ടി ഷട്ടര്‍ കാണാന്‍ പോകാം.
ഈ മനുഷ്യമനസ് വായിച്ചെടുക്കാന്‍ കാണികള്‍ പരാജയപ്പെട്ടാലോ എന്നു കരുതിയകണം ഒരിക്കല്‍ സുരയുടെ ഓട്ടോയുടെ പേര് ('നന്മയില്‍' ) വ്യക്തമാക്കുന്ന വിധം ക്യാമറ പിടിപ്പിച്ചത്. സംവിധായകന്റെ ഈ തോന്ന്യാസം വേണ്ടായിരുന്നു.
ഇനി ഈ സിനിമയുടെ പേരു് ഏത്രമാത്രം അനുയോജ്യമാണെന്നുളള പരിശോധനയാണ് നടത്തുന്നത്..അതു സിനിമയുടെ അവകാശവാദങ്ങളെ ഇഴകീറും. ഉളളടക്കപരമായ നോട്ടം ആദ്യം നടത്താം.
വിദ്യാര്‍ഥിനിയുംഷട്ടറും
കോഴിക്കോട്ടെ ലൈല കോളേജ് വിദ്യാര്‍ഥിനിയാണ്. അവള്‍ക്ക് ചങ്ങാതിമാരായി ആണ്‍കുട്ടികള്‍, മൊബൈലും മെസേജും ഫോണ്‍വിളിയും.. അവളുടെ പോക്ക് അതിരുവിടുന്നെന്നു അവളുടെ ഉമ്മ കരുതുന്നു, പിതാവ് റഷീദ് കരുതുന്നു. അതിരരാണ് നിശ്ചയിക്കുക? അമ്മയെ നിക്കാഹ് കഴിച്ചത് പതിനാലാം വയസില്‍. അപ്പോള്‍ മകളുടെ പ്രായം പരമ്പരാഗത ചിന്താഗതിപ്രകാരം അതിരു വിട്ടിരിക്കുന്നു. പിന്നെ തട്ടോം പര്‍ദ്ദേം ഒന്നുമില്ലാത്ത അവളുടെ രീതികളും ..വയസു തികഞ്ഞോ ഇല്ലയോ എന്നാരാ തീരുമാനിക്കേണ്ടത്. സര്‍ക്കാരോ? സമൂഹമോ? അതൊന്നും റഷീദിനു ബാധകമല്ല. അയാള്‍ അവളുടെ പഠനത്തിനും പുറത്തേക്കുളള സൗഹൃദത്തിനും ഷട്ടറിടുന്നു. യ്ഥാസ്ഥിതികതയുടെ ഈ ഷട്ടര്‍ തുറക്കുമോ? (സിനിമയുടെ അവസാനം ലൈലയെ കൊണ്ട് ഒരു പ്രസംഗം നടത്തിയതോടെ ജോയ് മാത്യു ദൃശ്യഭാഷയിലെ തന്റെ പരിമിതി വീണ്ടും വെളിവാക്കി.ഷട്ടര്‍ കുത്തിപ്പൊളിക്കാനുളള സിനിമയിലെ ശ്രമം പോലെ തന്നെ അതു തോന്നിച്ചു.) പെണ്‍കുട്ടികളുടെ പഠനജീവിതം മൂലം അനാവശ്യമായി അസ്വസ്ഥമാകുന്ന മുതിര്‍ന്ന തലമുറ. വ്യാഖ്യാനങ്ങളുടെയും മുന്‍വിധികളുടെയും തടവുകാരായ ഈ സമൂഹം ഷട്ടറുമായി നടക്കുകയാണ്.പെണ്ണിനെ ഭദ്രമാക്കാന്‍...
സദാചാരത്തിന്റെ ഷട്ടര്‍
സദാചാരപ്പോലീസിന്റെയും അവരുടെ മതബോധത്തിന്റെയും ഇര എപ്പോഴും ആദ്യം സ്ത്രീകളായിരിക്കും. അടച്ചിടുക. പൊതിഞ്ഞു മൂടുക, വായ് മൂടുക, സഞ്ചാരം മൂടുക ,സ്വപ്നങ്ങള്‍ മൂടുക, ചങ്ങാത്തങ്ങള്‍ മൂടുക. ചിന്തിക്കുന്ന പെണ്ണിനെ അവളുടെ ശരീരത്തില്‍ കുഴിച്ചുമൂടുന്ന അവസ്ഥയിലാണ് കേരളം. പരിഷ്കാരമണ്, അധുനികസാങ്കേതിക വിദ്യയുടെ അനുഗ്രഹമാണ് സദാചാരപ്രശ്നകാരണം എന്നു ലളിതവത്കരിക്കുന്ന കേരളം. ആധുനികതയും യുക്തിവാദവും വിപ്ലവോന്മുഖതയും വേരുപിടിപ്പിച്ച കാലത്തില്‍ വളര്‍ന്ന മധ്യവയസ്സിലെത്തിയവര്‍ എങ്ങനെ പിന്തിരിപ്പന്മാരായി മാറി എന്നു പരിശോധിക്കപ്പെടാന്‍ ഈ സിനിമ നിമിത്തമാകുന്നു. തങ്ങളുടെ പൂപ്പല്‍ പിടിച്ച ,വെളിച്ചവും ശുദ്ധവായുവും കടക്കാത്ത വീക്ഷണമാണ് യഥാര്‍ഥ പ്രശ്നമെന്നറിയാന്‍ സദാചാരപ്രതിസന്ധിയെക്കുറിച്ചു ഉത്കണ്ഠപ്പെടുന്നവര്‍ അവരുടെ സ്വാകാര്യജീവിതത്തിന്റെ ഷട്ടറുയര്‍ത്തി നോക്കിയാല്‍ മതി. അവരുടെ മനസാകുന്ന കുടുസു മുറിക്കുളളില്‍ ഒരു വേശ്യാഭോഗാസക്തി ചാരം മൂടിക്കിടപ്പുണ്ട്. തരം കിട്ടിയാല്‍... റഷീദിന് അല്പം മദ്യം അകത്തു ചെന്നപ്പോള്‍ വഴിയിരികില്‍ നിന്ന നിശാസുന്ദരിയില്‍ മോഹം. ആ റഷീദാണ് മകളെ നല്ലനടപ്പിനായി പ്രായമാകുംമുമ്പേ കെട്ടിക്കാന്‍ തീരുമാനിക്കുന്നത്.! സദാചാരത്തിന്റെ ഷട്ടര്‍ ഉയര്‍ത്തി നോക്കുകയാണ് ഈ സിനിമ. വെളിച്ചത്തിലെ യുവതയുടെ സാഹൃദവും ഇരുളിലെ ഥാഥാസ്ഥിതിക സദാചാരവും തുലാസിലിടാന്‍ സിനിമ തയ്യാറാകുന്നു.
സൗഹൃദത്തിന്റെ ഷട്ടര്‍
റഷീദിന് വൈകിട്ടു കൂടലുണ്ട്. ആത്മാര്‍ഥ ചങ്ങാതികള്‍. അവര്‍ക്കു എന്നും കൂടാതിരിക്കാനാകില്ല. ഒരു കടമുറിക്കുളളിലാണ് കുടി. തെരുവു പുറത്ത്. ഷട്ടര്‍ മുക്കാലും താഴ്ത്തി അകത്ത് വെളളമടി. ഇതാണ് മാന്യത. ആരും കാണുന്നില്ലല്ലോ? ഈ കുടിക്കൂട്ടായ്മില്‍ മറച്ചുവെക്കാനൊന്നുമില്ല. പെണ്ണിനെ വേട്ടയാടിയതും വിലപേശിയതുമെല്ലാം...തോരാ തോരാ അടിക്കുക.അടിച്ചു രസിക്കുക. അക്കൂട്ടത്തില്‍ മക്കളുടെ സന്മാര്‍ഗജീവിതത്തിനു വേണ്ടിയുളള വര്‍ത്തമാനങ്ങള്‍.!?
തരം കിട്ടിയപ്പോള്‍ ഒരു കൂട്ടുകാരന്‍ റഷീദിന്റെ വീട്ടിലെ കുളിമുറിക്കാഴ്ചക്കായി പതുങ്ങി പോകുന്നത് റഷീദ് കാണുന്നുണ്ട്. പക്ഷെ ഒന്നും ചെയ്യാനാകാത്ത നിസഹായാവസ്ഥയിലാണയാളപ്പോള്‍. ചങ്ങാതി കേള്‍ക്കുന്നില്ലെന്നു കരുതി പറയുന്നതെല്ലാം കേള്‍ക്കാനിട വരുമ്പോഴാണ് സൗഹൃദത്തിന്റെ തനി രൂപം മനസ്സിലാവുക. ഷട്ടറിട്ട മുറിക്കുളളിലിരുന്നു പുറത്തെ സൗഹൃദസത്യം മനസിലാക്കാന്‍ റഷീദിനു (ദൗര്‍)ഭാഗ്യമുണ്ടാകുന്നു. മനുഷ്യന്റെ അകവും പുറവും രണ്ടാണെന്ന സത്യം. അകം വൃത്തിയാക്കിയാലും വൃത്തിയാകുന്നില്ലെന്നു സിനിമയില്‍ വെളളത്താടിയുളള വൃദ്ധന്‍ പറയുന്നുണ്ടല്ലോ‍
ഷട്ടറിനകത്തു പെട്ട കഥ
സിനിമാ സംവിധായകനയ മനോഹരന് വീണ്ടും സിനിമാപിടുത്തത്തിന്റെ ഷട്ടര്‍ തുറക്കണമെന്നാഗ്രഹം. അയാളതിനു പലരുടേയും ഡേറ്റു ചോദിച്ചു നടക്കുകയാണ്. ഒരു ലൊക്കേഷനില്‍ നിന്നും ഓട്ടോയില്‍ കയറുന്ന മനോഹരന്റെ ബാഗ് നഷ്ടമാകുന്നു. ഈ ബാഗിലാണ് സിനിമയുടെ കഥയുളളത്. ഈ ബാഗ് ഓട്ടോ റിക്ഷക്കാരനിലൂടെ ഷട്ടറിട്ട കടയുടെ ഉളളില്‍ പെടുന്നു. ഷട്ടറിന്റെ താക്കോല്‍ കൈവശമുളളയാളെ മദ്യപിച്ചു വണ്ടിയോടിച്ചതിനു പോലീസ് പിടിച്ചകത്താക്കുന്നു. ആ സമയം ഷട്ടറിനകത്തുളളത് സദാചാരമാന്യന്‍, മനോഹരന്റെ കാമുകിയും മറ്റുളളവരുടെ വേശ്യയുമായ പെണ്ണ്.(അവള്‍ അത്തരക്കാരിയാണെന്നു മനോഹരനറിയില്ല). മനോഹരന്റെ സിനിമക്കഥ. ആ തിരക്കഥ അവള്‍ വായിക്കുന്നുമുണ്ട്. മനോഹരന് നഷ്ടപ്പെട്ട കഥ തിരിച്ചു കിട്ടണം. ആ ഉദ്യമത്തിന്റെ അവസാനം അകച്ചു പെട്ടവര്‍ക്കെന്ന പോലെ പുറത്തുളള അയാള്‍ക്കും ഷട്ടര്‍ തുറന്നു കിട്ടണം. പുറത്തു വരുന്നത് അയാളുടെ കാമുകിയുടെ ജീവിതം . ഷട്ടറിട്ടു നടക്കുകയാണ് പലരും.പൂട്ടു തുറക്കാനുളള താക്കോല് അജ്ഞാതകരങ്ങളിലാണല്ലോ? മനോഹരന്‍ കഥ വീണ്ടെടുക്കുകയല്ല കണ്ടെത്തുകയാണ്. അങ്ങനെ ഷട്ടര്‍ തുറക്കുന്നതില്‍ മനോഹരനും പങ്കാളിയായി.
ലൗവ് ഉളള ലൈംഗികത്തൊഴിലാളി
സ്വന്തമായി പേരില്ലാത്തവള്‍, അവളെ തങ്കമെന്നു വിളിച്ചോളൂ..തങ്കം എന്ന പെണ്ണ് ശരീരം കൊണ്ടു നേടുന്നതെന്താണ്? അവള്‍ ആ പണം തന്റെ സിനിമക്കാരനു നല്‍കുന്നു. സിനിമക്കാരനാകട്ടെ അവളുടെ നല്ല മനുഷ്യനാണ്. ദുരാഗ്രഹങ്ങളുടെ ബന്ധമല്ലത്. അയാള്‍ക്കു കുപ്പായം വാങ്ങിക്കൊടുക്കും. കുപ്പായം ഓര്‍മയുടെയും സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമാണ്. പുതുവസ്ത്രങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കുമാത്രമാണ് നാം നല്‍കുന്നത്. അങ്ങനെ മനോഹരനു വേണ്ടി വാങ്ങിയ കുപ്പായം അവള്‍ റഷീദിനു നല്‍കുന്നു.ഒരു രാത്രച്ചങ്ങാത്തം. സുര പണ്ടു പിമ്പായിരുന്ന വാസുവില്‍ നിന്നറിഞ്ഞ പെണ്ണുവിശേഷങ്ങളും സുഹൃത്തിന്റെ വീരേതിഹാസവും കേട്ട റഷീദിനു തെരുവില്‍ വശംകെട്ട നിലപുകണ്ടപ്പോഴേ മനസിളകി. അങ്ങനെയാണ് അവളെ കടമുറിക്കുളളിലെത്തിച്ചത്. ഷട്ടറിട്ടത്. അടുത്ത് വിളികേള്‍ക്കാവുന്ന ദൂരത്തില്‍ കാഴ്ചവട്ടത്തില്‍ സ്വന്തം വീട്. ഭാര്യ, മക്കള്‍. ഇപ്പുറം വേശ്യുടെ ശരീരം. റഷീദിന്റെ മനസു പിടഞ്ഞു. അയാള്‍ക്ക് അവളെ ഒന്നും ചെയ്യാന്‍ തോന്നിയില്ല എന്നു മാത്രമല്ല ആത്മസങ്കര്‍‌ഷത്തില്‍ പെട്ടു വെന്തു പോയി.അയാളിലെ നന്മ തിരിച്ചറിയുന്ന തങ്കം അയാള്‍ക്കു പുതുക്കുപ്പായം നല്കുമ്പോള്‍ അത് മറ്റൊരു നിഷ്കളങ്കപുരുഷനെ കണ്ടെത്തിയതിന്റെ ഇഷ്ടമുദ്രയാണെന്നു കരുതാം. ഉള്ളില്‍ നന്മയുംപ്രണയവും ഉളളവളാണവള്‍. സജിത മഠത്തില്‍ അനായാസം ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ഷട്ടര്‍ പുറത്തു നിന്നും പൂട്ടി താക്കേലുമായി പോയ സുര വരാതിരുന്നപ്പോള്‍ പുറത്തുപൊകാനാകാതെ അവര്‍ എലികളെപ്പോലെ ഷട്ടറിനുളളില്‍ പതുങ്ങിക്കഴിഞ്ഞപ്പോള്‍ സജിത ഒരു വേശ്യയുടെ ഭാവഭേദങ്ങളുടെ വൈശിഷ്ട്യം പ്രതിഫലിപ്പിക്കുക തന്നെ ചെയ്തു. ഷര്‍ട്ടല്ലേ കൊടുത്തുളളൂ. പൂക്കളാര്‍ക്കും കൊടുക്കാറില്ല എന്നു പറഞ്ഞ് മനോഹരമായി മനോഹരനില്‍ നിന്നും പിന്‍വാങ്ങുന്ന രംഗം വരെ ഈ നടി അഭിനയസാധ്യതയെല്ലാം സഫലമാക്കി.
വിശ്വസ്ത ചങ്ങാതി
നാടുനീളെ മറ്റുളളവരെ സഹായിക്കുന്നയാളാണ് സുര. പ്രതിസന്ധിയില്‍ പെട്ടപ്പട്ട സുരനോടു മനോഹരന്‍ ചോദിക്കുന്നു നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന ചങ്ങാതിമരാരെങ്കിലും ? അപ്പോഴാണ് സുരന്‍ തിരിച്ചറിയുന്നത് അങ്ങനെ ഒരാള്‍ ഇല്ലെന്ന്. റഷീദിനോടു തങ്കവും സമാനമായ ചോദ്യം ഉന്നയിക്കുന്നു .ഉത്തരം സമാനം തന്നെ. നഗരജീവിതത്തിലെ സൈഹൃദങ്ങളില്‍ നിന്നും വിശ്വസ്തരെ കണ്ടെത്താനാകാത്ത നിസഹായത ഒറ്റപ്പെട്ടവരുടെ കൂട്ടവും കൂടലുമായി നഗരത്തെ ലേബലു ചെയ്യുന്നു. ഏതു പ്രതിസന്ധിയിലും താങ്ങാവുന്ന ഒരാള്‍ നമ്മള്‍ക്കുമില്ലേ എന്നു ചോദിക്കുകയാണ് ..
വ്യത്യസ്തമായ കഥ പറയാന്‍ ശ്രമിച്ചു. നല്ല നടീനടന്മാരെ പരമാവധി പ്രയോജനപ്പെടുത്തിയതും സംഭാഷണത്തിലെ ഔചിത്യവും എടുത്തു പറയാം.
ശബ്ദം, വെളിച്ചം എന്നിവയുടെ കാര്യത്തില്‍ എനിക്ക് അസ്വാഭാവികത അനുഭവപ്പെട്ടു. കടയുടെ അകത്ത് പിടിക്കപ്പെട്ടാല്‍ മാനം പൊളിയുന്ന മാന്യനും വേശ്യയും കുടുങ്ങി.പാതിരാ സമയം. തൊട്ടടുത്തു ഉടമയുടെ വീട്.അവിടെ ഭാര്യ. കുടുങ്ങിപ്പോയ സദാചാരം കമ്പിവെച്ചു കടയുടെ ഷട്ടര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നു.ശബ്ദത്തിന്റെ തീവ്രതയെക്കുറിച്ച് സഞ്ചാരദൂരത്തെക്കുറിച്ച് ഒരു വിവരവുമില്ലാത്തവരോ ഈ സിനിമയുടെ അണിയറശില്പികള്‍? വര്‍ത്തമാനം പറച്ചിലിനും മയമില്ല. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പതിഞ്ഞ സ്വരത്തില്‍ വര്‍ത്തമാനിപ്പിച്ചിരുന്നെങ്കില്‍. പകലും സ്ഥിതി മാറിയില്ല. അടീം പീടീം. പാട്ടകള്‍ മറിച്ചിടീലും എല്ലാം..
ഒരു ചെറിയ വെന്റലേറ്റര്‍ മാത്രമുളള ഒറ്റമുറിക്കടയുടെ ഉള്‍വശം പകലു പോലും ഇരുട്ടായിരിക്കുമെന്ന് നമ്മുടെ അനുഭവം. പിന്നെ രാത്രിയില്‍ പറയാനുണ്ടോ? ഇവിടെ അടച്ചിട്ട കടമുറിയില്‍ പാതിരാവിലും നല്ല വെളിച്ചം വേണമെങ്കില്‍ എലിയെ വരെ കാണാവുന്നത്ര. കമ്പനി കൂടി വെളളമടിച്ചു പൂസായ റഷീദ് വീണ്ടും വെളളമടിക്കാന്‍ പുറപ്പെടുന്നു. പക്ഷെ തുടര്‍ന്നുളള രംഗങ്ങളിലൊന്നും നേരത്തെ വെളളമടിച്ചതിന്റെ യാതൊരു ഇഫക്ടുമില്ല! സുരയും മോന്തിയിരുന്നു. അതും ശരീരത്തില്‍ പിടിച്ചില്ലെന്നോ?
അവാര്‍ഡു കിട്ടിയില്ലേ കിട്ടിയില്ലേ എന്നു വിലപിക്കുന്ന സംവിധായകന്‍ മനസിലാക്കണം ഈ പടം അതിനു പോരാ.ആഗ്രഹിക്കാനുളള അവകാശത്തെ മാനിക്കുന്നു. സിനിമ മോശമാണെന്നഭിപ്രായവുമില്ല
ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ ശരിയും തെറ്റും വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണെന്ന് ഷട്ടര്‍ സൂചിപ്പിക്കുന്നു, മനുഷ്യര്‍ എലികളാകുന്ന അവസ്ഥയുടെ മറ്റരാഖ്യാനം.


സംവിധാനം
ജോയ് മാത്യു

നിര്‍മ്മാണം
സരിത ആന്‍ തോമസ്

രചന
ജോയ് മാത്യു

ഛായാഗ്രഹണം
ഹരി നായര്‍

ചിത്രസംയോജനം
ബിജിത് ബാല

അഭിനേതാക്കള്‍

2 comments:

mynews said...

പ്രിയ സുഹൃത്തെ, എന്നെപോലെ തന്നെ സിനിമാ മോശമല്ലെന്ന അഭിപ്രായമാണ് താങ്കള്‍ക്കും. ഒരു വ്യത്യാസമെന്താണെന്നുവെച്ചാല്‍ ഇത്തവണത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ എന്തുകൊണ്ടും അര്‍ഹമായ ചിത്രമാണ് ഇതെന്നതാണ്. നമ്മുടെ രണ്ടുപേരുടെയും കാഴ്ച്ചപാടുകള്‍ വ്യത്യാസമാണ്. അതുകൊണ്ടു തര്‍ക്കിക്കാന്‍ നില്‍ക്കുന്നില്ല. സിനിമ പ്രഫഷണലാകണമെന്നാണ് പറയുന്നത്. എന്നാല്‍, അങ്ങനെയല്ലാത്തവയെ സിനിമയെന്നു വിളിക്കരുതെന്നു പറയുന്നതിനോടു എനിക്കു യോജിപ്പില്ല. സുഹൃത്തെ.... ഈ ചിത്രത്തിനൊരു പ്രമേയമുണ്ട്. മുമ്പാരും പറഞ്ഞിട്ടില്ലാത്ത, പറയാന്‍ ധൈര്യപ്പെടാത്ത പ്രമേയം. അതു സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ സൃഷിട്ടിയാണ്. ഇല്ലാത്തതിനെ സൃഷ്ടിക്കല്‍. താങ്കള്‍ ചൂണ്ടിക്കാട്ടിയ പിഴവുകളൊക്കെത്തന്നെ ശരിയാണ്. എന്നാല്‍ അവയൊന്നും ഈ സിനിമയുടെ മികവ് ഇല്ലാതാക്കുന്നില്ല. പാതിരാത്രിയിലും പകലുപോലെ എല്ലാം തെളിഞ്ഞു കാണിക്കുന്ന സിനിമകള്‍ നമ്മള്‍ സ്വീകരിച്ചില്ലെ. സ്വന്തം അയല്‍വക്കത്തു നടക്കുന്ന ഒച്ചപ്പാടും ബഹളങ്ങളും എന്നെ ബാധിക്കുന്നതല്ലെന്നു കരുതി ശ്രദ്ധക്കൊടുക്കാത്ത ഒരു സമൂഹത്തിലല്ലെ നമ്മള്‍ ജീവിക്കുന്നത്. പിന്നെ എന്തിനാണ് പരിമിതികളുടെ കലയായ സിനിമയെ ഇങ്ങനെ കാണുന്നതു. യുക്തി ആവാം. അതു തൊട്ടതിനും പിടിച്ചതിനും വേണമെന്ന് വാശിപിടിക്കരുതെ. ഇതിന്റെ അപേക്ഷയാണ്.

Kaladharan TP said...

സിനിമയുടെ വ്യത്യസ്തത അംഗീകരിക്കുമ്പോള്‍ത്തന്നെ സിനിമയുടെ ആവിഷ്കാരശ്രദ്ധ അവഗണിക്കണമെന്നു പറയുന്നതിനോടു വിയോജിക്കാമല്ലോ.ഞാന്‍ സെല്ലുലോയിഡ് കണ്ടു. അതിനു ശേഷമാണ് ഷട്ടറ് കണ്ടത്. പുരസ്കാരം കിട്ടാനുളള സിനിമ സെല്ലുലോയിഡു തന്നെ. കാരണം അതിന്റെ മാനങ്ങളുെ കയ്യടക്കവും മുറിച്ചുമാറ്റാനാകാത്ത വിധമുളള അംശങ്ങളുടെ ചേരുവയും മുഴച്ചു നില്‍ക്കാത്ത രംഗങ്ങളും വിളിച്ചുപറയിപ്പിക്കാതെയുളള അഴതരണവും പ്രമേയത്തിന്റെ ശക്തിയും ഇങ്ങനെ ..ധാരാളം. പരിമിതികളുടെ കലയാണെന്ന തിരിച്ചറിവ് പരിമിതികല്‍ക്കു പരിധി നിശ്ചയിക്കാനും സഹായിക്കണം. സാധൂകരണത്തിനു പകരം സാധ്യത ഉപയോഗിക്കണമെന്നു പറയുന്നത് അവിവേകമാകില്ലെന്നു കരുതട്ടെ