Saturday, April 13, 2013

ആമേനും ഇടവകയിലെ സംഗീതവും


ആമേന്‍ എന്ന പേര് കൃസ്തീയമുദ്രയുളളതാണ്. എപ്പോഴാണ് ആമേന്‍ പറയുക? പരിശുദ്ധവചനസ്തുതിക്കും വിശ്വാസക്കുതിപ്പിനും മനസിന്റെ നിഷ്കളങ്കമായ പിന്തുണ കോരിപ്പകര്‍ന്ന് അപ്രകാരം അപ്രകാരം എന്നുപറഞ്ഞുറപ്പിച്ചു ഒരാളെ സത്യവിശ്വാസിയായി സ്വയം വെളിപ്പെടുത്തുന്ന വാക്കത്. ഇത്ര വിശുദ്ധദൗത്യമുളള ഒരു പദത്തെ സിനിമയുടെ പേരാക്കുക മാത്രമല്ല കോമഡിസ്വഭാവത്തിലവതരിപ്പിക്കുകയും ചെയ്യുന്നത് വെറും രസംപകരുക എന്നതിനപ്പുറം മാനവുമുളളതാണോ എന്ന ചോദ്യത്തിന് സിനിമയുടെ പൊതുസമീപനം അതേ എന്നു സാക്ഷ്യം ചെയ്യുന്നു.

സംഗീതം നാടിന്റെ ഞരമ്പിലുളള കുട്ടനാടന്‍ നാട്ടിന്‍പുറത്തെ നസ്രാണിജീവിതമാണ് പ്രമേയം.
ഈ സിനിമ കഴിഞ്ഞപ്പോല്‍ ഫാദര്‍ ഒറ്റപ്ലാക്കല്‍ എന്നോടു ചോദിച്ചു എങ്ങനെയുണ്ട് പളളിപൊളിക്കല്‍? ഞാന്‍ പറഞ്ഞു അച്ചോ, എത്ര പഴക്കവും പാരമ്പരമ്പര്യവുമുളള പളളിയാമണലും അതു പൊളിക്കാനൊരു ഉളിപ്പുമില്ലാത്തവരാ ക്രിസ്ത്യാനികള്‍ എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഇടവകാംഗങ്ങളെ ഞാന്‍ കാണുന്നല്ലോ..കോണ്‍ട്രാക്ടര്‍മാരെ ഞാന്‍ കേള്‍ക്കുന്നല്ലോ..ഈ സിനിമയില്‍. കുമരങ്കരി ഗ്രാമത്തിലെ
പളളി പൊളിക്കാന്‍ കൂട്ടു നില്‍ക്കുന്ന വികാരി ഒരു പ്രതീകമാണ്. പളളിയുടെ ജീര്‍ണതയെ ഗ്രാമ വിശ്വാസമായി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയ വിശദമായ വിശകലനം ആവശ്യപ്പെടുന്നു. പളളി പൊളിക്കുന്നത് വികാരിയുടെ നിലനില്‍പിന് അത്യാവശ്യം. കോണ്‍ട്രാക്ടറുടെ ആവശ്യം. കര്‍ത്താവിന്റെ ആവശ്യമാണോ …? കര്‍ത്താവ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടരുളിചെയ്തെന്നു പറഞ്ഞാലും അതിനു ഇക്കാലത്ത് ബലക്കുറവുണ്ടെന്നു ഫാദറിനും ഒരു പറ്റം കുഞ്ഞാടുകള്‍ക്കുമറിയാം. അതിനാലാണ് ഒരു ശാസ്ത്രത്തെ തന്നെ സാക്ഷ്യപ്പെടുത്താന്‍ സേവപിടിക്കുന്നത്. പളളിയുടെ ജീര്‍ണത എന്താണെന്ന് പരിശോധിക്കുന്ന സിനിമയാണിത്. അതു ചട്ടക്കൂടിന്റെ ജീര്‍ണതയാണോ? അതോ ആന്തരികമായ ദുഷിപ്പുകളെ പൊതിഞ്ഞു വെക്കുന്നതുമൂലുമുളള ദുര്‍ഗന്ധമാണോ? പുറം വാതില്‍ ഭയാനകമായ ശബ്ദത്തോടെ കൊട്ടിയടക്കുമ്പോഴാണല്ലോ മാല്‍ക്കൂരയില്‍ നിന്നൊരു കഷണം ഇളകിയാടിയാടി താഴേക്കു പതിക്കുന്നത്. പളളിക്ക് വികാരിയില്‍ അവിശ്വാസം ഉണ്ടെന്നും ഇടവകയില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന അവസ്ഥയിലാണ് ചെതലെടുക്കുന്ന മേല്‍ക്കൂര ഒരു സാധ്യതയുടെ അടയാളമാകുന്നത്. ദൃഷ്ടാന്തവ്യാഖ്യാനം കാലോചിതമായി നിര്‍വഹിക്കാന്‍ സഭയക്കും പൗരോഹിത്യസമൂഹത്തിനുമുളള കഴിവിനെ സിനിമ അനാവരണം ചെയ്യുന്നു.ദുഷ്ടരിലും ദുര്‍മോഹികളിലും ആശ്വാസം കണ്ടെത്തുന്നവിശ്വാസിയെന്ന നിലയില്‍ കപ്യാര്‍ സ്വയം നന്നായി വിശദീകരിക്കുന്നുണ്ട്. ചിലതൊക്കെ കണ്ടെല്ലെന്നു നടിക്കലാണ് നിലനില്പിനാധാരമെന്ന വാക്യം അര്‍ഥോല്പാദനം നടത്തിയവസാനിപ്പിക്കുന്നില്ല. ഇടവകയുടെ അര്‍ഥവും വിശ്വാസവും ആര്‍ത്തിയും അനര്‍ഥവുമാകുന്നതെങ്ങനെയാണെന്നു ചിന്തിപ്പിക്കാനാണ് ആമേന്‍.
വെളിച്ചം കൃസ്തുമതത്തില്‍.
പളളിയുടെ ഐതീഹ്യം ടിപ്പുവിനോളം പഴക്കത്തില്‍ പ്രഭചൊരിയുന്നതാണ്. ടിപ്പു വിശ്വാസത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ വന്നപ്പോള്‍ സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യവാളന്‍ പ്രത്യക്ഷനായി രക്ഷിച്ചെന്നു കഥ. അപ്പോഴുണ്ടായ പ്രഭാപൂരം ഗ്രാമത്തെ ആശ്ലേഷിച്ച് വ്യാപിക്കുകയും ഗ്രാണീരുടെ വിശ്വാസത്തിലാഴത്തിലുളള വേരുകള്‍ പടര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഈ ഐതീഹ്യം ഈ സിനിമയുടെ ആമുഖമായി അവതരിപ്പിക്കുന്നത്? വിശ്വാസത്തിനു മേല്‍ പണിതുയര്‍ത്തിയ പളളിയാണിതെന്നിട്ടും ഫാദര്‍ ഒറ്റപ്ലാക്കന്‍ ഗീവര്‍ഗീസ് പുണ്യവാളനെ ആദ്യം പൊളിക്കെടാ എന്നു പറയുന്നതു വരെ കാര്യങ്ങള്‍ എത്തിച്ചേരുന്നു. ഗീവര്‍ഗീസ് പുണ്യവാളനെന്നല്ല സാക്ഷാല്‍ കര്‍ത്താവിനെയും പൊളിച്ചടുക്കുന്ന പുരോഹിതവര്‍ഗത്തെ കാണാനുളള വെളിച്ചം വീഴാന്‍ പൊളിക്കലിന്റെ അങ്ങേയറ്റം വരെ വന്നാലേ പറ്റൂ. ഈ വെളിച്ചം കൃസ്തീയ നവോത്ഥാനത്തെ ഓര്‍മിപ്പിക്കുന്നു. യൂറോപ്പിലെ ഇരുണ്ട യുഗത്തില്‍ നിന്നും മതനവീകരണസ്വരവും വെളിച്ചത്തിന്റെ ഉയിര്‍പ്പുമുണ്ടായതുപോലെ .മതം മലിനമാകുമ്പോള്‍ ആന്തരികമായ ശുദ്ധീകരണം സംഭവിച്ചേ പറ്റൂ. ഈ സിനിമ തുടങ്ങുന്നതു തന്നെ ഇടവകയിലെ ഒരു നാറ്റക്കേസിലാണല്ലോ.സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ നാറ്റം. ബാഹ്യവും ആന്തരികവുമായ തലങ്ങളുടെ വൈരുദ്ധ്യമാണ് ആമേനില്‍ അനാവരണം ചെയ്യുന്നതെന്ന സൂചന പകരുന്നില്ലെങ്കില്‍ ആ നാറ്റക്കഥ അപ്രസക്തമാകും. ചേരി തിരിയുന്നതിന്റെ അല്ലെങ്കില്‍ സഭകള്‍ പിരിയുന്നതിന്റെ പിന്നിലെ പൊളളത്തരമിങ്ങനെ അന്തസാരശൂന്യമായ പൊതികളെ ചുറ്റിപ്പറ്റിയാണല്ലോ.
പൗരോഹിത്യത്തിന്റെ പതിവു വസ്ത്രമണിയാത്ത ഒരു ചെറുപ്പക്കാരന്‍ ഫാദര്‍ വട്ടോളിയുടെ വരവ് കോമഡിയാണോ? അങ്ങനെ തോന്നാമെങ്കിലും ഫാദര്‍ ഒറ്റപ്ലാക്കന്‍ പറയുന്നു ഈ ഇടവകയില്‍ ആവശ്യത്തിനു വിപ്ലവകാരികള്‍ ഇപ്പോള്‍തന്നെയുണ്ട്.ഇനി ളോഹയിട്ട ഒരു വിപ്ലവാകാരിയെ താങ്ങാനീ ഇടവകയ്കാകില്ലെന്ന്. അവിടെയും ഇവിടെയും സമര്‍ഥമായി ചിതറിക്കിടക്കുന്ന സംഭാഷണങ്ങളെ ചേര്‍ത്തു വെച്ചു വായിക്കണം. മാറ്റത്തെ ഭയക്കുന്ന ഇടവക സ്വയം മാറുന്നുണ്ട് അത് മാലിന്യത്തിന്റെ കുപ്പായമണിഞ്ഞാണെന്നു മാത്രം. കുഞ്ഞാടുകളെ സത്യദര്‍ശനത്തില്‍ നിന്നും വിലക്കിയാണെന്നു മാത്രം. ഭൗതികഭോഗതാല്പര്യങ്ങള്‍ക്കു വേണ്ടിയാണെന്നു മാത്രം. ളോഹയക്ക് രണ്ടു പോക്കററ് കൂടുതല്‍ വെച്ചോട്ടേ എന്ന വട്ടോളിയുടെ ചോദ്യം മുനയുളളത്.
പളളി മാത്രമാണോ വികാരിയച്ചന്‍ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നത്? പ്രണയം പൊളിക്കാനും തിരുസഭയുടെ പ്രമാണിവര്‍ഗതാല്പര്യം നിര്‍ബന്ധിക്കുന്നതു നാം കാണുന്നു. വികാരികള്‍ ആരുടെ പക്ഷത്താണെന്ന് കൃത്യമായറിയാവുന്നവരാണ് നാം. വിശുദ്ധ ദേവാലയത്തിനെ കളളന്മാരുടെ ഗുഹയാക്കിയവരെ സംരക്ഷിക്കാനാണ് ഇടവകയെ ഉപകരണമാക്കുന്നത്. അന്യന്റെ മുതല്‍ കൈവശം വെക്കുന്നവനും കാണിക്കവഞ്ചിയില്‍ നിന്നൂറ്റുന്നവനുമായ കപ്യാരും വികാരിയുടെ മനസിന്റെയുളളില്‍ ഇടം തേടിയവര്‍തന്നെ. പളളിക്കു കിട്ടിയ മീന്‍ സ്വന്തം വീട്ടിലെ രുചിഭാഗ്യമാക്കാന്‍ ശ്രമിക്കുന്ന കപ്യാര്‍ കേവലഫലിതമായി കണ്ടുകൂടാ. ഒരു മതത്തെ ആക്ഷേപഹാസ്യം കൊണ്ടു വിമര്‍ശിക്കുന്ന ഉളളടക്കമുളള സിനിമ സ്വാഭാവികമായും അതിനനുസരിച്ച രൂപം ധരിക്കേണണ്ടതുണ്ട്. ഉളളടക്കം രൂപത്തെ നിര്‍ണയിക്കുമെന്ന നിലപാടാണിവിടെ ചേര്‍ത്തു വെക്കേണ്ടത്. വട്ടോളിയുടെ കോമഡി നൃത്തം പ്രതിഷേധം തന്നെ. സാധാരണജനതയിലേക്ക് ഇത്തരം പളളിവിമര്‍ശനങ്ങളുമായി ഇറങ്ങിച്ചെല്ലുന്ന ആരും കോമഡിയായി മാറും. അല്ലെങ്കില്‍ ട്രാജഡി.
ഉടയ്ക്കുന്ന സംഗീതം
സംഗീതപാരമ്പര്യമുളള നാട്ടിലെ പൊതുമനസ് താളബദ്ധവും പരിശുദ്ധവും നിഷ്കളങ്കവുമായിരിക്കും. നാട്ടിലെ ബാന്‍ഡ് മത്സരത്തില്‍ പളളി തോല്ക്കുക വിശ്വാസികള്‍ക്കു വേദന പകരും. ഓരോ വര്‍ഷവും വിജയം ലക്ഷ്യമിടും. ഇത്തരം ഒരു സാമൂഹികവികാരം ജ്വലിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് പളളിയുടെ നേതൃത്വം വിജയത്തിന്റെ മഹാസന്തോഷം അടുക്കുന്നുവെന്നറിഞ്ഞ് ആകുലചിത്തതയോടെ സാത്താനെപ്പോലെ സംഗീതത്തെ ഉടച്ചുകളയുവാന്‍ തീരുമാനിക്കുന്നത്. സോളമന്‍ ജയിച്ചു കൂടാ. ഇടവക ജയിച്ചു കൂടാ. കൊച്ചച്ചന്‍ ജയിച്ചു കൂടാ. അനശ്വരസംഗീതം ജയിച്ചുകൂടാ. കോണ്‍ട്രാക്ടര്‍ തോറ്റുകൂടാ. പളളിക്കാരെ വര്‍ഷങ്ങളായി പരാജിതരാക്കുന്ന അക്കരക്കരായ മാര്‍ത്തമറിയം ഗ്രൂപ്പ് ജയിച്ചാലും വേണ്ടില്ല. നാടിന്റെ പ്രണയമായ വിശുദ്ധസംഗീതത്തെ പരാജയപ്പെടുത്തണം. പ്രണയത്തിന്റെ സംഗീതമായ സോളമനെയും ശോശന്നയേയും പരാജയപ്പെടുത്തണം. അച്ചന്‍ സോളമനെ നിരായുധനാക്കുന്നു. യുദ്ധഭൂമില്‍ വെച്ചു ആയുധങ്ങള്‍ തിരിച്ചെടുക്കുന്ന ഗുരുവിനെപ്പോലെ. ആര്‍ക്കു വേണ്ടി? ഇടവകയുടെ സംഗീതം ആരുടെ വകയാണ്. സാധാരണക്കാരുടെ ഹൃദയഗീതമാണത്.ഫാദര്‍ ഒറ്റപ്ലാക്കന്‍ ക്ലാര്‍നെറ്റ് വാങ്ങി തല്ലിയൊടിച്ചു കളയുന്നു. ഫാദര്‍ നല്‍കുന്ന അടയാളത്തെ കൊച്ചച്ചന്‍ പിന്നീട് വിചാരണ ചെയ്യുന്നുണ്ട്.
ശോശന്നയും ത്രേസ്യാമ്മയും പിന്നെ.
അച്ചപ്പട്ടത്തിനു പുറപ്പെട്ട സോളമനെ ശോശന്ന തടഞ്ഞു നിറുത്തുന്നത് ഒരു തടിപ്പാലത്തിന്‍ നടുവില്‍. അതെ, സോളമന്‍ ഒരു പാലം കടക്കാന്‍ തീരുമാനിച്ചിരിക്കുന്നു.കപ്യാര്‍ വഴികാട്ടിയായി കൂടെ. വഴി മുടക്കി പ്രണയം മുന്നില്‍‌..കളിക്കൂട്ടുകാരി കണക്കുപറഞ്ഞ് പ്രണയത്തിന്റെ വേദപുസ്തകം തുറക്കുകയും സോളമന്‍ അച്ചനാകാനുളള തീരുമാനം മാറ്റി അച്ഛനാകാനായി തീരുമാനിക്കുകയും ചെയ്യുന്നു. പള്ളിയിലച്ചനാകണോ അതോ കുട്ടികളുടെ അച്ഛനാകണോ' എന്നു ഒരു യുവതി ഒരോ കൃസ്തീയയുവാവിനോടും ചോദിക്കുന്നു. മാര്‍പാപ്പയും ഈ ചോദ്യത്തിന്റെ പാലം അഭിമൂഖീകരിച്ചതായി വാര്‍ത്ത. ശോശന്നയെ പോലൊരു പെണ്ണിന്റെ അഭാവം എല്ലാവരും അനുഭവിക്കുന്നുണ്ട്. ഏതായാലും എല്ലാവരേയും ശോശന്നയുടെ പക്ഷത്തു നിര്‍ത്താനും സോളമന്‍ വികാരിയാകാനെടുത്ത തീരുമാനം കളളക്കപ്യാരെ വെളളത്തില്‍ വീഴ്ത്തി ഉപേക്ഷിപ്പിക്കുന്നതും കണ്ട് മനസു കുളിര്‍ക്കുന്ന , സ്വാഗതം ചെയ്യുന്ന പ്രേക്ഷകജനത ജീവിതപക്ഷത്താണ്. വൈദികജീവിതവും ദൈവികജീവിതവും പെണ്ണിനെ മാറ്റി നിറുത്തിയാകണമെന്നില്ലല്ലോ.. ഫാദര്‍ വട്ടോളിയുടെ വരവും ചുറ്റിക്കറക്കോം റൊമാന്റിക് പരിവേഷവും മദാമ്മയുമായുളള ചങ്ങാത്തവും ദിശാസൂചന നല്‍കുന്നുണ്ട്. കുപ്പായത്തിന്റെ തടവ് പ്രധാനമാണെന്ന് ഒറ്റപ്ലാക്കന്‍ വട്ടോളിയെ ഓര്‍മിപ്പിക്കുന്നു.
അച്ചനാകുന്നതിന്റെ മറ്റൊരു രീതിയും പരഹാസ്യമാകുന്നുണ്ട്. വീട്ടില് മക്കളു കൂടിയപ്പോ നേര്‍ന്നതാണോ എന്ന ചോദ്യം കന്യാസ്ത്രീകളും വികാരിമാരും ഉണ്ടാകുന്നതെങ്ങനെ എന്നതിന്റെ പൊരുളഴിക്കുന്നതാണ്. കൊച്ചച്ചനോടാണ് ചോദ്യം . മദാമ്മപ്പെണ്ണിനെ കടത്തുന്ന കോച്ചച്ചനോട് ഞങ്ങളും ഒന്നു കടത്തിക്കോട്ടേ എന്നു ദ്വയാര്‍ഥത്തില്‍ ചോദിപ്പിക്കുന്നതും പെണ്‍വേട്ടക്കു മുതിരുന്നതും ഇടവകയിലെ സമ്പന്ന വിഭാഗത്തിന്റെ സാംസ്കാരിക ജീവിതത്തെ തുറന്നു കാട്ടാനും അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണിന്റെ രക്ഷകനായി വികാരി മാറേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും സഹായകമായി. എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ ഒര്‍മയില്‍ വന്നു. കേരളത്തില്‍ പല ഇടവകാംഗങ്ങളും എന്തിനു വികാരികള്‍ പോലും പീഡനക്കഥകളില്‍ പെട്ടപ്പോള്‍ സഭാനേതൃത്വം ആരുടെ പക്ഷത്തായിരുന്നു.? പരസ്യമായി പ്രതിരോധിക്കാന്‍ സന്നദ്ധമായില്ലെന്നു മാത്രമല്ല അത്തരം സംഭവങ്ങളെ ന്യായീകരിക്കുന്ന വിധം നിസ്സാരവത്കരിക്കുകയോ നിഷേധാത്മകനിലപാടിലൂടെ അഭിവന്ദ്യക്കുപ്പായം നിന്ദ്യാവസ്ഥയിലേക്കു സ്വയം താഴുകയോ ചെയ്തില്ലേ? അടയാളങ്ങളും അത്ഭതങ്ങളും കണ്ടുവെങ്കില്‍ മത്രമേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ (യോഹന്നാന്‍ 4:48) എന്ന വാക്യമാണ് ആമേന്‍ സിനിമ ആധാരമാക്കുന്നത്. അപ്പോള്‍ സിനിമയിലെ അടയാളങ്ങളെ വായിച്ചെടുക്കേണ്ടേ? ആ വായനയാണിവടെ നടത്തുന്നത്. അസാധാരണായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം അതിനെ അത്ഭുതമെന്നും വിളിക്കും. അത്തരം നിരവധി അത്ഭുതങ്ങള്‍ ആമേനിലുണ്ട്. ഉള്‍ക്കണ്ണിലൂടെ കാണാനാകുന്നത്ര.
സോളമനെ ഒന്നു കൈകാര്യം ചെയ്യാനേര്‍പ്പെടുത്തിയ കൊട്ടേഷന്‍ സംഘത്തെ ശോശന്ന പെരുമാറുന്നത് ശ്രദ്ധേയമായ രീതിയിലാണ്. കോഴിക്കറി തലയിലൊഴിച്ച് മുഖമടച്ചൊരടി നല്‍കി നിലം പരിശാക്കിക്കളഞ്ഞു. തന്റെ പ്രിയന്റെ മേലുളള ആക്രമണത്തെ സഹിക്കാനാവാത്ത ആ പെണ്ണ് തന്റേടത്തോടെ വീട്ടിലെ ആണ്‍കോയ്മയോടു ശബ്ദമുയര്‍ത്തി സംസാരിക്കുന്നതിനും തന്റെ ഉറച്ച തീരുമാനം എവിടെയും ഉച്ചത്തില്‍ പ്രഖ്യാപിക്കാന്‍ മടിക്കാത്തതുമായ വ്യക്തിത്വമുളളവള്‍. കൃസ്തീയഭവനങ്ങളിലെ പുരുഷാധിപത്യ വീക്ഷണങ്ങള്‍ക്കെതിരാണ് ശോശന്ന. ഇത്തരം തന്റേടമുളള കൃസ്തീയഅമ്മച്ചിമാരെ പല സിനിമകളിലും നാം പരിചയപ്പെട്ടിട്ടുണ്ടെങ്കിലും യുവതികളെ അവരുടെ ജീവിതഭാഗധേയം നിര്‍ണയിക്കുന്ന വേളകളില്‍ ആശ്രിതവിനീതരായേ കണ്ടിട്ടുളളൂ. ഫീമെയില്‍ 22 കോട്ടയം പോലുളള സിനിമകളില്‍ വേലിചാടുന്നതും കളളടിക്കുന്നതുമൊക്കെ അത്രവലിയകാര്യമല്ലെന്ന രീതിയില്‍ അവതരിപ്പിച്ച് പെണ്ണത്തനിര്‍വചനം നടത്താന്‍ ശ്രമിക്കുന്നെങ്കിലും ആ കഥാപാത്രം അവസാനം പെണ്ണുപിടിയനു വഴങ്ങി പ്രതികാരം തീര്‍ക്കാനെത്തുന്നതൊടെ ദയനീയമായി പരാജയപ്പെടുന്നതും നാം കണ്ടു. ശോശന്നയുടെ നിലപാടുകള്‍ ആത്മവിശ്വാസം നഷ്ടപ്പട്ട കാമുകഹൃദയത്തെ കുരുത്തുറ്റതാക്കുന്നു. കൂടെക്കരഞ്ഞുരുകുന്ന പെണ്ണല്ല പ്രതിസന്ധികളെ തരണം ചെയ്യാനുളള നിശ്ചയദാര്‍ഢ്യം വാതില്‍ തുറന്നു തരിക തന്നെ ചെയ്യുമെന്നു വിശ്വസിക്കുന്നവളാണ്. സോളമന്റെ പെങ്ങളും സ്വന്തം തീരുമാനമുളളവളും പ്രസക്തമായ ജീവിതവീക്ഷണമുളളവളുമാണ്. സരസമായി കാര്യങ്ങളവതരിപ്പിക്കുന്ന ത്രേസ്യാമ്മയോട് പൂവാലന്‍ ചോദിക്കുന്നു ഈ കോഴി മുട്ടയിടുമോ? മുട്ടയല്ല ഓറഞ്ചായിടുന്നച്. എന്താ രണ്ടെണ്ണം എടുക്കട്ടേ എന്നു പറയുമ്പോഴും കോഴിയോടെന്ന പോലെ പോ കോഴീ എന്നു അര്‍ഥഗര്‍ഭമായി സന്ദര്‍ഭോചിതമായി പറയുമ്പോഴും പറയേണ്ടത് പറയാതിരിക്കാതെ സഹിക്കാന്‍ തയ്യാറാവാത്ത ആ മനസ് വായിച്ചെടുക്കാം.ഈ സിനിമയിലെ മിക്ക പെണ്‍കഥാപാത്രങ്ങളും അടവും തന്ത്രവും ഉളളവര്‍തന്നെ. ശോശന്നയ്ക്കു വേണ്ടി ഹൃദയസ്തംഭനാവസ്ഥ അഭിനയിക്കുന്ന അമ്മച്ചി ഒരമ്മച്ചി തന്നെ. ഒടുവില്‍ പെണ്ണുങ്ങള്‍ ആണുങ്ങള്‍ പൂട്ടിയവാതില്‍ പൊളിച്ച് ശോശന്നയെ മോചിതയാക്കുമ്പോള്‍ തലമുറകളുടെ മാനസീക ഐക്യം പ്രകടമാകുന്നു. പ്രണയം മാത്രമല്ല വിശുദ്ധീകരിക്കപ്പെടുന്നത്. പെണ്ണിന്റെ സ്വാതന്ത്ര്യം കൂടിയാണ്.
സോളമന്റെ ഉത്തമ ഗിതം
വെഞ്ചരിക്കാന്‍ ചെന്ന വീട്ടില്‍ വെച്ച് കത്തനാരു പറഞ്ഞു ആരെങ്കിവും ബൈബിളെടുത്തൊന്നു വായിക്കൂ. അതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ ശോശന്ന അടയാളപ്പെടുത്തി വെച്ച ഭാഗം വായിക്കാനാരംഭിച്ചു. അത് സോളമന്റെ ഉത്തമഗിതമായിരുന്നു.കാരണം പ്രേമം വീഞ്ഞിലും രസകരമാകുന്നു. അപ്പോള്‍ പ്രേമത്തിന്റെ പതാക ശോശന്നയുടെ മീതെ പാറി. .ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിര പോലെയായിരുന്നു അവള്‍. അതിനാലാരെയും കൂസാതെ ഉത്തമഗീതമാണ് പ്രിയന്റെ സാന്നിദ്ധ്യത്തില്‍ ബൈബിളില്‍ വായിക്കേണ്ടത് എന്നു തീരുമാനിച്ചു. ഈ രംഗം പ്രണയത്തിനെ മാത്രമല്ല സന്ദര്‍ഭങ്ങളുടെ വിനിയോഗത്തെയും ദൈവതീരുമാനമാക്കി മാറ്റി രസംപകരുന്നു.
സോളമന്‍ ശോശന്നയെ കാണുന്ന സന്ദര്‍ഭങ്ങളത്യധികം ചാരുതയുളളത്. അവന് സംഗീതമാലപിക്കുമ്പോഴൊക്കെ പതറലും ആത്മവിശ്വാസക്കുറവും. എപ്പോഴും പരാജയപ്പെട്ടു പോകുന്നവന്‍. അവസരം നഷ്ടപ്പെടുന്നവന്‍ . സംഗീതത്തില്‍ അത്ഭുതം സൃഷ്ടിച്ച എസ്തപ്പാന്റെ മകനെന്തു പറ്റി എന്നാണെല്ലാവരും ആലോചിക്കുന്നത്. സോളമനാകട്ടെ ശോശന്നയുടെ മുമ്പാകെ പാടുമ്പോള്‍ മാത്രം ശരിക്കും അതുല്യഗായകനാണ്. അവനാര്‍ക്കുവേണ്ടിയാണ് സ്വയം സംഗീതമാകുന്നത്? അവന്റെ മനസ് കവിയുകയാണ്. അവന്‍ പാടുന്നതവള്‍ക്കു വേണ്ടി കാരണം അവന്റെ നാമം സോളമന്‍ എന്നാകുന്നല്ലോ.സംഗീതം മുട്ടിവിളിക്കുമ്പോള്‍ ജനാല തുറക്കപ്പെടുകയും ദിവ്യമായ മഞ്ഞവെളിച്ചത്തിലവള്‍ പ്രത്യക്ഷയായി ഹദയത്തിലേക്കവന്റെ സംഗീതത്തെ വാങ്ങുകയും ആകാശദൂതവനിലേക്കയക്കുകയും ചെയ്യുന്നു.അവനപ്പോള്‍ സംഗീതംപോലെ പരിശുദ്ധനാവുകയും നിറയുകയും ചെയ്യുന്നു. ആ കവാടം അവളിലേക്കുളളത്. ആ സംഗീതം അവള്‍ക്കായുളളത്. അവളോ അവനായി നീക്കിവെക്കപ്പെട്ടവള്‍. എത്ര കഠോരമായ താഴുകള്‍ കൊണ്ടു പൂട്ടിയടച്ചിട്ടാലും അവള്‍ അവനിലേക്കോടിയെത്തുക തന്നെ ചെയ്യും. അവന്റെ പാട്ടിനെ ഉത്തമഗിതം കൊണ്ടു തന്നെ വായിച്ചെടുക്കാം. അവന്റെ മനസ് പറയുന്നുണ്ടാകും
." പ്രിയേ, മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്റെ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്‌നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌സുഗന്ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.എന്റെ പ്രിയേ, നീ സുന്ദരിയാണ്;നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ്മലഞ്ചെരുവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്റെ കേശഭാരം.എന്റെ പ്രിയേ,എന്റെ മാടപ്പിറാവേ, എന്റെ പൂര്‍ണവതീ, തുറന്നു തരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍ കൊണ്ടും നനഞ്ഞിരിക്കുന്നു.സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രം …..”
പുഷ്പലതാലംകൃതമായ കവാടത്തില്‍ നിന്ന് മാളികയുടെ ഉന്നതനിലയിലുളള അവന്റെ പ്രയയോട് സംഗീതം കൊണ്ടു സംസാരിക്കുന്ന ആ രംഗങ്ങള്‍ക്ക് എത്ര മിഴിവെന്നോ? അവരുടെ സ്ഥാനം പ്രധാനം. അവന്‍ താഴെയും അവള്‍ ഉയരത്തിലും. സാമ്പത്തികമായ ഉയര്‍ച്ചയേക്കാള്‍ ആത്മവിശ്വാസത്തിന്റെയും പ്രണയതീവ്രതയുടെയും ഔന്നിത്യമാണ് ശോശന്നയ്കുളളത്. മറ്റൊരുത്തനു മനസമ്മതം പറഞ്ഞശേഷമുളള രാവില്‍ സോളമന്‍ സംഗീതമായി പ്രവഹിക്കുമ്പോള്‍ ആശങ്കകളുടെ അഴലുകളറ്റി അവളുടെ ജനാല തുറന്നുവരുന്നത് അവളിപ്പോഴും എപ്പോഴും ശോശന്നതന്നെ എന്നു പ്രഖ്യാപിക്കലാണ്.
പോത്തച്ചന്‍
ഈ പേര് അര്‍ഥവത്താണ്. പോത്തിന്റെയും അച്ചന്റെയും പ്രകൃതമുളള ഒരാളാണ് പോത്തച്ചന്‍. ആദ്യം പ്രത്യക്ഷപ്പെടുന്നതു തന്നെ കരയിലേക്കെന്ന തോന്നലില്‍ വെളളത്തിലേക്കാണ്. പോത്തിന് വെളളമല്ലേ പ്രിയം? ഈ പോത്തച്ചനും സദാസമയവും വെളളത്തിലാണ്. കളളിനു കൂട്ട്കറി കളളുകുപ്പി തന്നെ. കുപ്പിക്കഷണം ചവച്ചറച്ചിറക്കുന്ന ഈ അസാധാരണ വ്യക്തിയുടെ ഉളളില്‍‌ സംഗീതവും പകയുമുണ്ട്. പലകുറി തോറ്റതിന്റെ പക. ജയിക്കണം അതിനാണീ വരവ്. സോളമന്റെ ബാന്‍ഡ് സംഘവുമായി സംഗീതപ്പോര്. സംഗീതമത്സരത്തില്‍ തോറ്റവന്‍ വിജയിയാകുന്ന രസതന്ത്രം കാട്ടിത്തരുന്നു പോത്തച്ചന്‍. എതിര്‍ പാട്ടുസംഘം അതിശയകരമായരീതിയില്‍ സംഗീതോപാസന നിര്‍വഹിച്ച് നാദപ്രപഞ്ചത്തിന്റെ ആലൗകികവിതാനം കീഴടക്കുമ്പോള്‍ നല്ല സംഗീതജ്ഞന്‍ അതിനെ ആദരിക്കുകയല്ലേ വേണ്ടത്. പോത്തച്ചന്‍ വിളിച്ചു പറയുന്നു ഇതിനു മീതേ പാടാന്‍ പോത്തച്ചനാവില്ല. വിജയിയായ സോളമനെ വാരിപ്പുണര്‍ന്നു സന്തോഷം പങ്കിടുമ്പോള്‍ അതു നല്ല സംഗീതത്തോടു തോറ്റതിലുളള സന്തോഷം തന്നെയാണത്. സംഗീതം വിജയിച്ചല്ലോ എന്നസംതൃപ്തി ആ മുഖത്തുണ്ട്. നമ്മുടെ മത്സരങ്ങള്‍ ആഘോഷിക്കുന്ന എലിമിനേഷന്‍ റൗണ്ടുകളിലെ തോല്‍വിയുടെ ഋണാത്മകത ഇവിടെയില്ല. തോല്‍വി അംഗീകരിച്ചു കൊടുക്കുന്നത് എളിമയും ജയവും ആകുന്നു. പക മാറി പാകം വന്ന മനസിനുടമയാകുമ്പോള്‍ കളളുകുടിയനായ പോത്തച്ചനെയല്ല നാം കാണുന്നത്. തലയില്‍ വെളിച്ചമുളള ഒരു കലാകാരനെയാണ്.
മുകളില്‍ ഒരാളുണ്ട്
എല്ലാം കാണാനും കേള്‍ക്കാനും മുകളില്‍ ഒരാളുണ്ടെന്ന ധാരണയെ സിനിമ കാണാതെ പോകുന്നില്ല. പക്ഷേ ആ ആള് തെങ്ങു ചെത്തുകാരനാണെന്നു മാത്രം. അശരീരിയായി , ചിലപ്പോള്‍ ശിക്ഷകനായി, കര്‍മസാക്ഷിയായി ഒരു വേഷം അങ്ങനെ . പട്ടിയുടെ ചരമ ഫോട്ടോ ഭിത്തിയില്‍ തൂങ്ങുന്ന ഫലിതം , അള്‍ത്താരയില്‍ ഉറക്കം തൂങ്ങുന്നവരെ ഇറക്കി വിടുകയും താക്കീതു ചെയ്യുകയും ചെയ്യുന്ന രംഗം. ആഹ്ലാദത്തിന്റെയും വേദനയുടെയും വികാരങ്ങള്‍ക്കൊപ്പം ചേര്‍ത്തു വെക്കുന്ന കളളും മീനും. പളളിത്തര്‍ക്കങ്ങള്‍, വെളളക്കുപ്പായമിട്ടവരുടെ പ്രതിഷേധജാഥകളും തമ്മില്‍ത്തല്ലും. ..ഇങ്ങനെ ഇടവകജീവിതത്തിന്റെ എല്ലാ കാഴ്ചകളും സസൂക്ഷ്മം പകര്‍ത്തുന്നതിനാലാണ് ഇതു വൈവിധ്യമുളളതാകുന്നത്. വിശ്വാസപരിസരത്തെ പരിഹാസാത്മകമാക്കി മാറ്റുന്നത് വിമര്‍ശനപാഠം തീര്‍ക്കുന്നതിനാണ്.
ക്യാമറയുടെ കണ്ണ്.
കുട്ടനാടിനു സ്വതവേയുളള സൗന്ദര്യം പകര്‍ത്തുക എന്നത് ഒറു വെല്ലുവിളിയല്ല. മറഞ്ഞിരിക്കുന്ന സൗന്ദര്യം കണ്ടെത്തുക വെല്ലവിളി തന്നെ. രാത്രിയും പകലും വെളിച്ചത്തിന്റെ നേര്‍മകളിലും ആകാശവും വെളളവും പാടവും നിറം ചേര്‍ത്ത പ്രകൃതിയെ പതിവുവിട്ട രീതിയില്‍ കാണിക്കാന്‍ ശ്രമിച്ചുവന്നതിന് ഛായാഗ്രാഹകന്‍ വിജയിച്ചു. മുകളില്‍ നിന്നുളള നിരവധി ഷോട്ടുകളുണ്ട്. ഓരോന്നും മനോഹരം. ആള്‍ക്കൂട്ടമാകട്ടെ, ശവക്കുഴിയാകട്ടെ എല്ലാം വേറിട്ട കാഴ്ചയാക്കി. കോമഡി സ്വഭാവത്തിനു പൊരുത്തപ്പെടുന്ന രീതിയുളള അതിശയോക്തിപരമായ ദൃശ്യസന്നിവേശവും ലോംഗ് ഷോട്ടുകളുടെ സാധ്യതകളും ( കപ്യാരുടെ സ്കൂട്ടര്‍ യാത്ര കരയിലെ ജറ്റ് വിമാനം പോലെ) പരമാവധി പ്രയോജനപ്പെടുത്തി. ഫാന്‍റസി ടച്ച് സിനിമയുടെ ആന്തരികഭംഗി കൂട്ടി. അത്ഭുതങ്ങളാണല്ലോ ദൈവങ്ങള്‍ക്കിഷ്ടം. സിനിമയുടെ പ്രവര്‍ത്തകരാരും നിരാശപ്പെടുത്തിയില്ല. സോളമന്റെ പെങ്ങള്‍ ത്രേസ്യ കുത്തിത്തിരിപ്പു കലയാക്കിയ പാല്‍ക്കാരന്‍, കളളുഷാപ്പമ്മച്ചി എന്നു തുടങ്ങി ചെറുതും വലുതുമായി വേഷമിട്ടവരെല്ലാം കൂടി കുമരങ്കരിഗ്രാമത്തെ ധന്യമാക്കി. സംവിധായകന്‍ ലിജോ ജോസഫിനഭിമാനിക്കാം.
(ഈ സിനിമ നിങ്ങള്‍ കണ്ടതുപോലെ എനിക്കു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു സാരമാക്കേണ്ട )












5 comments:

Nidhin Jose said...

ഹൃദ്യമായിരിക്കുന്നു.... സിനിമയും ഈ റിവ്യുവും.....

Jijo Kurian said...

Review is great; but film did not come up to my expectation (even a flop?). Photography is commendable, but the same angle -bird's eye view- throughout makes it monotonous.

drkaladharantp said...

മുൻവിധിയോടെ ആണ് ഈ സിനിമ ഞാൻ കാണുന്നതു.
കോമഡി ആയതിനാൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചില്ല .
പക്ഷെ സിനയിൽ ധര്മ പുരാണ ഭാഷ ഉപയോഗിക്കുന്നതു, തുടക്കത്തിലെ രെണ്ട്‌ പൂര്വ കഥകൾ .പിന്നീട് പള്ളിയിലും അച്ചനിലും ള്ള കേന്ദ്രീകരണം സംഭാഷണത്തിലെ നാടൻ രീതി.. ഗൌരവപൂർവമല്ലാതെ ഗൗരവമുള്ള ഒരു തീം കൈകാര്യം ചെയ്യലാനെനെന്നു തൊന്നുകയും. തുടർന്ന് വേറൊരു രീതിയിൽ ഈ സിനിമ കാണാൻ തുടങ്ങുകയും ചെയ്തു.
സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ഈ സിനിമയെ കുറിച്ച് എന്റെ പ്രിയ സുഹൃത്ത്‌ ഫോണിൽ വിളിച്ചു ചൊദിചു. അപ്പോൾ ഞാൻ കൊടുത്ത മറുപടി ഇതൊരു മതവിമര്ശന സിനിമയായി ഞാൻ കണ്ടു കൊണ്ടിരിക്കുന്നു എന്നാണ് .സിനിമയ്ക്ക് കാണുവാൻ നല്ല തിരക്കു. സെക്കണ്ട് ഷോയ്ക്കും നീണ്ട ക്യൂ .
ഇതിൽ എന്തോ ഉണ്ടെന്നു നിസംശയം പരയാം.
അവാര്ഡ് സിനിമയല്ല. അതിനൊട്ടു അര്ഹതയുമില്ല. ഒഴിവാക്കാവുന്ന ഭാഗങ്ങൾ ഉണ്ട് .
എങ്കിലും എന്തോ ഉണ്ട് .കണ്ടെത്താനുള്ള ഒരു ശ്രമം
നടത്തി

പ്രേമന്‍ മാഷ്‌ said...

കലാധരന്‍ ,
വളരെ സൂക്ഷ്മമായ റിവ്യൂ. സിനിമയെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും വായിച്ചിട്ടുണ്ട്. ബൈബിള്‍ ഭാഷയും ഭാവനയും ഉപയോഗിച്ചത് ഗംഭീരം...

Payyanur Gramam said...

നന്നായിട്ടുണ്ട് ഭരണ കൂട പ്രത്യയ ശാസ്ത്രം അച്ചട്ടം നടപ്പാക്കുന്നത് വിശ്വാസത്തെ ആയുധമാക്കി ആണല്ലോ ഇടയ്ക്കു ഈ മാതിരി ഒരു ഷോക്ക് നല്ലതാണു