Thursday, September 29, 2011

ആത്മഹത്യാ കുറിപ്പിന്‍റെ അവസാനത്തെ വരി

1. പക്ഷെ
"ഇതെന്‍റെ അവസാനത്തെ രാത്രി.
ഞാന്‍ എന്‍റെ സ്വന്ത ഇഷ്ടപ്രകാരം ജീവിതം അവസാനിപ്പിക്കുകയാണ് ...
ആരോടും പരിഭവമില്ല ..ആരെയും കുറ്റപ്പെടുത്തുന്നുമില്ല  .പക്ഷെ..."
മൃണാളിനി മിത്രയുടെ അശാന്തമായ (?) മനസ്സ് വാക്കുകളിലേക്കു കുറുകി.
വിട ചോദിക്കുകയാണ്..ആരോട്?
തന്നിലേക്കുള്ള ചോദ്യങ്ങളുടെ ഇത്തരം മുഹൂര്ത്തങ്ങളിലാണ് ഓര്‍മകളുടെ തിര ..മുറിഞ്ഞും മുറിയാതെയും..

ജീവിതത്തിന്‍റെ തീരത്ത് നില്‍ക്കുമ്പോഴേ  തിര അനുഭവമാകൂ.
അഭിനയത്തിനുള്ളിലെ ജീവിതവും ജീവിതത്തിനുള്ളിലെ അഭിനയവും ഒര്‍മകള്ക്കുള്ളിലെ  ഓര്‍മകളുമായി അവളുടെ കഥ ആ  രാത്രി വീണ്ടെടുക്കുയാണ്‌..
"എന്നു സ്വന്തം മൃണാളിനി "
ഇങ്ങനെ  അവസാനിപ്പിക്കേണ്ട അവസാനത്തെ കത്ത് ..
ജീവിതത്തിന്‍റെ കണക്കെടുപ്പാണോ ഈ നിമിഷങ്ങളില്‍ നടക്കുക? സിനിമ ചെയ്യുന്നതും അതാണോ? എന്താണ് ജീവിതം എന്ന സമസ്യയ്ക്ക് ഉള്ള ഉത്തരം തേടല്‍ ?
ആരെല്ലാം അവളുടെ ജീവിതത്തിലൂടെ കടന്നു പോയി.?
അവരെന്താണ് അവശേഷിപ്പിച്ചത് ?.
ആരെയാണ് ആദ്യം ഓര്‍ക്കേണ്ടത്?
ആദ്യം പിരിഞ്ഞവനെയോ... അവസാനം ഉപേക്ഷിച്ചവനെയോ ?
2 . ഓര്‍മകളുടെ ആഖ്യാനം
ഓര്‍മകള്‍ക്ക് അടുക്കും ചിട്ടയും ഉണ്ടാകണമെന്നില്ല . അതു വരുന്ന മുറയ്ക്ക് ഒഴുകും. ചിലപ്പോള്‍ സമാനമായ ഓര്‍മകളുടെ
ഒട്ടനവധി ഫയലുകള്‍ ഒന്നിച്ചു മറിഞ്ഞു പ്രവാഹം പോലെ മുന്നിലേക്ക്‌ വീഴും  .. .കൈ കോര്‍ത്തു കോര്‍ത്ത്‌ പോകുന്നവ .മറ്റു ചിലപ്പോള്‍ തണല്‍ ദാഹിച്ച കൊമ്പില്‍  ഒറ്റയ്ക്ക് വിരിഞ്ഞ ഇല പോലെ ഒന്ന് .ഈ സിനിമയില്‍ എന്ന പോലെ ..
 സിനിമയ്ക്കുള്ളില്‍ രണ്ട് സിനിമകള്‍ ഉണ്ട്
എല്ലാത്തിലും (മൂന്നിലും ) അവള്‍  തന്നെ നായിക-.മൃണാളിനി മിത്ര.


രണ്ട് സംവിധായകര്‍ .അവര്‍ രണ്ട് പേരും അവളുടെ ജീവിതത്തെ ആണോ  സംവിധാനം ചെയ്തത്  ?
രണ്ട് കാലങ്ങളില്‍ സംഭവിക്കുന്ന രണ്ട് സിനിമകളിലെ രണ്ട് വേഷങ്ങള്‍ -അതു അവളുടെ  ജീവിതത്തിന്റെ പകര്‍പ്പുകള്‍ ..
ഒരു നദി പോലെ ഒഴുകുകയാണോ ഒരു നടി?
കാലത്തെ  മുന്നോട്ടും പിന്നോട്ടും പായിക്കുന്ന ഓര്‍മകളുടെ ആഖ്യാനത്തിലൂടെ ജീവിതത്തെ  നിര്‍വചിക്കാനുള്ള  ശ്രമമാണ് അപര്‍ണാ സെന്‍ നടത്തുന്നത്.
വളരെ കരുതലോടെയുള്ള ക്രാഫ്റ്റ് .
അപര്‍ണാ സെന്‍ എന്ന സംവിധായക നടി കൂടി ആയപ്പോള്‍ ചലച്ചിത്രത്തിന്റെ മിഴിവ് ഏറി .
മൃനാളിനിയുടെ രണ്ട് കാലങ്ങള്‍ അവതരിപ്പിക്കുന്നത്‌ അപര്‍ണയും മകളും. അഭിനയത്തികവിന്റെ പാരമ്പര്യം സിനിമയില്‍ ഉണ്ട്.

3. ചില്ലകള്‍
സിദ്ധാര്‍ഥയും പിന്നെ  ഇമ്ത്യാസും..
അവര്‍ക്ക് അവരുടെ  ലോകത്തില്‍ അസംഖ്യം ചില്ലകള്‍ ..
ചേക്കേറാന്‍ ഒറ്റചില്ല മാത്രമുള്ള മരമായിരുന്നു അവള്‍ കൊതിച്ചത്
പക്ഷെ ...സമയ മാത്രകളാണോ ശരി തീരുമാനിക്കേണ്ടത് ?
അവളുടെ ഒറ്റച്ചില്ലയില്‍ എത്ര പേര്‍ ചേക്കേറി.?
4
. വേഷം അഴിച്ചു കളയാനും കൂടി ഉള്ളതാണ്
അവള്‍ക്കു ആരായിരുന്നു സിദ്ധാര്‍ഥ?
തന്നെ കണ്ടെത്തിയവന്‍ .
അംഗീകാരം  തേടിത്തന്നവന്‍
ഒരു കലാകാരി സ്വയം അവളെ അവന്റെതാക്കി മാറ്റല്‍ . അതു സമര്‍പ്പണം ആണോ ?
കൃത്യമായ ഉത്തരം ഇല്ലാത്ത ആയിത്തീരല്‍ ..
നിയമപരമല്ലാത്ത നിയമങ്ങളിലൂടെ അവര്‍ ജീവിച്ചു- വേര്‍പിരിയും വരെ .
അവന്‍റെ നായികയാണോ ഉപ നായികയാണോ എന്ന സന്ദേഹമാണ് അവളുടെ സ്വത്വം തീരുമാനിക്കുന്നത്
അവള്‍ അവന്റെ ജീവിതത്തില്‍  കേവലം ഒരു നടിയുടെ വേഷം മാത്രമെങ്കില്‍ അതഴിച്ചു കളയാന്‍ മടിക്കുന്നതെന്തിനു ?
5 . പൂര്‍ണ വിരാമങ്ങള്‍

 
കലാലയ യൌവ്വനത്തിന്റെ തിളയ്ക്കുന്ന ചര്‍ച്ചാ കൂട്ടായ്മകളില്‍ വിപ്ലവ ചിന്തയുടെ മൂര്‍ച്ചയുമായി ഒരുവന്‍  ..
അവളുടെ ശരീരത്തില്‍ നിന്നും പിടഞ്ഞെണ്ണീറ്റ്   ഓടിയത് ഒരു വെടി ഒച്ചയുടെ നിമിഷത്തില്‍ പിടഞ്ഞു വീഴാന്‍ .
വിരഹ വിടവുകള്‍ ജീവിതം അടയ്ക്കുന്നത് എങ്ങനെയാണ് ?
യാദൃശ്ചികതയുടെ മാന്ത്രിക മുഹൂര്‍ത്തങ്ങള്‍ നീക്കി വെച്ചിട്ടുണ്ടാകും..
വെടി ഒച്ചകള്‍ പൂര്‍ണ വിരാമങ്ങളാണോ    ?
ഈ സിനിമയില്‍ സമാനമായ രണ്ട് വെടി ഒച്ചകള്‍ മുഴങ്ങുന്നുണ്ട്.
ജീവിതത്തിലേക്ക്  തുറന്നു വിടുന്നു എന്നു കരുതുമ്പോഴാണ് പിന്നില്‍ നിന്നുള്ള ഉന്നങ്ങള്‍ ..
6 . കുന്തി


അഴിച്ചു വെച്ച നടിയുടെ വേഷം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും  അണിയാന്‍ അവള്‍ തീരുമാനിച്ചത് എന്തിനായിരുന്നു.? കുന്തിയുടെ റോളോ  .കര്‍ണന്റെ  സാമീപ്യമോ അവളെ വിളിച്ചത് ?
 കുന്തി -അവളുടെ ജീവിതം ഈ വേഷമില്ലാതെ പൂര്‍ണമാകില്ല.
അവളും ജന്മം നല്‍കിയല്ലോ ആരോരുമറിയാതെ ഒരു സൂര്യ പുത്രിയെ ..
കുന്തിയും കര്‍ണനും ..
മൃനാളിനിയും ഇമ്ത്യാസും..പ്രായം മനസ്സിന്റെ യൌവ്വനത്തെ ബാധിക്കുന്നില്ല
അവര്‍ അങ്ങനെ ചേര്‍ന്നത്‌ ...അതും യാദൃശ്ചികമാകാം. യാദൃശ്ചിക സംഭാഷണങ്ങള്‍ ആണോ ജീവിതത്തിലേക്ക് പുതിയ വാതിലുകള്‍ തുറക്കാനുള്ള താക്കോല്‍ ?
സിനിമയുടെ പ്രിവ്യൂവില്‍  അവള്‍ അവനുമായുള്ള അനുഭവങ്ങള്‍ റിവ്യൂ ചെയ്യുന്നുണ്ട്.
വയലേലയുടെ നിറമുള്ള സാരി എന്തിനാണ് ആര്‍ക്കു വേണ്ടിയാണ് അവള്‍ ഉടുത്തതു ?
  7. നിഷ്കളങ്കമായ  കടല്‍ 


ഒരു  കടല്‍  തീരത്ത്  വെച്ചാണ്  കുന്തിയും  കര്‍ണനും  തമ്മിലുള്ള സംവാദരംഗം  ചിത്രീകരിച്ചത്.
അവളുടെ കണ്ണില്‍ നനവ്‌ .
അവള്‍ മകളോടൊപ്പം കടല്‍ തീരത്തെത്തുന്ന മറ്റൊരു സന്ദര്‍ഭം.ദത്ത് പുത്രിയായി വളര്‍ന്ന  മകള്‍ നേരത്തെ അറിഞ്ഞ ആ സത്യം മാമിയായ "അമ്മയോട്  " പറയുന്നു .
ജന്മരഹസ്യം വെളിപ്പെടുന്ന നിമിഷങ്ങള്‍ പകര്‍ത്താന്‍ എന്തിന് കടല്‍ത്തീരം തെരഞ്ഞെടുത്തു? .
കടല്‍ത്തീരത്തിനു കള്ളം പറയാനാവില്ല.
മനസ്സിലെ ക്ഷോഭവും ദുഖവും ശാന്തിയും സൌഹൃദവും വാത്സല്യവും പ്രണയവും പാരാവാര സമാനമായ സ്നേഹത്തില്‍ തിരായായാര്‍ത്തു  വരും
ആഴമുള്ള ബന്ധങ്ങളുടെ അനുഭവങ്ങളുടെ  കടല്‍ ..
മകള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് കുന്തിയിലേക്ക് ദൂരം വീണ്ടും കുറയുന്നതും നാം കണ്ടെത്തുന്നു.
8 . അവന്‍ സ്നേഹത്തിന്‍റെ  നിര്‍വചനം 


അവസാന നിമിഷങ്ങളിലേക്ക് രാവ് അടുക്കുകയാണ്
അപ്പോഴാണ്‌ മൊബൈലില്‍ സന്ദേശങ്ങള്‍ കാത്തു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്
തികച്ചും യാദൃശ്ചികം .
"ഞാന്‍ നിന്നിലേക്ക്‌ വരുന്നു."-ചിന്തന്‍
ചിന്തനും താനും
ചിന്തന്‍ -അവനാണ് പറഞ്ഞത് സ്നേഹത്തിന്റെ വിവിധ ധാരകളെ പറ്റി
കിളികള്‍ സംഗീതം പൊഴിക്കുന്ന ഒരു നടത്തത്തില്‍ അവന്‍ പറഞ്ഞു.."മിന്നീ, ഒന്നും പ്രതീക്ഷിക്കാത്ത  സ്നേഹം നീ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല  "
മറ്റുള്ളവരുടെ സ്നേഹ രൂപങ്ങള്‍ വായിച്ചെടുക്കാന്‍ പറ്റാത്തതിനെ കുറിച്ച്..
"ജീവിതം അതിന്റെ വഴിയെ പോകാന്‍ അനുവദിക്കുക ..ജീവിതം അതു യാദൃശ്ചികമാണ് .നമ്മുടെ നിയന്ത്രങ്ങള്‍ക്കകത്തല്ല.."
സംഗീത പോലയാണ് ചിന്തന്റെ വാക്കുകള്‍
ആശ്വാസത്തിന്റെ വെളിച്ചം
മകള്‍ മരണപ്പെട്ടപ്പോഴും ദുഃഖം ഏറ്റു വാങ്ങാന്‍ ഓഡി എത്തിയത് അച്ഛനായ സിദ്ധാര്‍ത്ഥ ആയിരുന്നില്ല-ചിന്തനായിരുന്നു
വിങ്ങുന്ന മനസ്സുകളില്‍ ചൈതന്യം  പകരാന്‍ ചിന്താണ് കഴിയും.
ചിന്തനെക്കുറിച്ചുള്ള ഓര്‍മകളില്‍ അവളുടെ നേരം പുലരുന്നത് അവള്‍ അറിഞ്ഞു.
അവസാന വരി എഴുത്തും മുമ്പ് പുലരിവെളിച്ചം രാവിന്റെ ഭാരത്തെ അഴിച്ചു മാറ്റിയിരുന്നു
അവള്‍ പ്രത്യാശയുടെ പ്രഭാതത്തിലേക്ക്‌ നടക്കാനിറങ്ങി.
9 . വെളിച്ചം
വാതില്‍ക്കല്‍ 
നഗരത്തെ കലാപത്തിന്റെ അഗ്നി വിഴുങ്ങുന്ന ചിത്രവുമായി
പത്രം കാത്തു കിടന്നു.
അവള്‍ പുറത്തേക്കിറങ്ങി
ഓ അപ്പോഴാണ്‌ ഓര്‍ത്തത് അകത്തെ വെളിച്ചം അണച്ചില്ലല്ലോ  എന്നു.
പുറംവെളിച്ചത്തിലേക്ക് ഇറങ്ങുമ്പോള്‍ അകം വെളിച്ചം കെടുത്തുക ..
സുപ്രഭാതം പറഞ്ഞു കുഞ്ഞുങ്ങള്‍ സ്നേഹം പങ്കിട്ടു. അവളില്‍  ഉന്മേഷം ..
അപ്പ്പോള്‍ ..
അവള്‍ എഴുതി  അപൂര്‍ണമാക്കി നിറുത്തിയ  ആ കത്ത്...
ആരോ  അതു പൂര്‍ത്തീകരിച്ചു.
10
 

 =================================================================
Iti Mrinalini

Theatrical release poster
Directed by Aparna Sen
Produced by Shrikant Mohta
Mahendra Soni
Written by Aparna Sen
Ranjan Ghosh
Starring Konkona Sen Sharma
Aparna Sen
Rajat Kapoor
Priyanshu Chatterjee
Koushik Sen
Music by Debajyoti Mishra
Cinematography Somak Mukherjee
Editing by Rabiranjan Moitra
Distributed by Shree Venkatesh Films
Release date(s) 27 October 2010 (MAMI)
29 July 2011 (India)
Running time 128 minutes
Country India
Language Bengali